

എപ്പോഴും സ്ഥിതി ഇതായിരുന്നില്ല.
റൂത്ത് ആദ്യമായി 2013 ജൂലൈയിൽ ഇവിടെ എത്തുമ്പോൾ, കോൺവെൻ്റ് വളരെ സജീവമായിരുന്നു. ഒരു വൃദ്ധസദനമായും യൂത്ത് ഹോസ്റ്റലായും അത് പ്രവർത്തിച്ചിരുന്നു. റൂത്തും മറ്റ് രണ്ട് കന്യാസ്ത്രീകളും ചേർന്നാണ് പിന്നീട് ഇത് നോക്കിനടത്തിയത്.
അതേ വർഷം, ഏതാണ്ട് 3,000 കിലോമീറ്റർ അകലെ, പഞ്ചാബിൽ, ഫ്രാങ്കോ അഭിമാനത്തിൻ്റെ കൊടുമുടിയിലായിരുന്നു. ജലന്ധർ രൂപതയുടെ മൂന്നാമത്തെ ബിഷപ്പായി പോപ്പ് ഫ്രാൻസിസ് അയാളെ തിരഞ്ഞെടുത്തതേ ഉണ്ടായിരുന്നുള്ളൂ.
ഫ്രാങ്കോയുമായുള്ള എന്റെ സംഭാഷണങ്ങൾ പലപ്പോഴും മണിക്കൂറുകൾ നീളും. തന്റെ കുട്ടിക്കാലം, സ്വപ്നങ്ങൾ, കേസ്, ജയിലിലെ സമയം, വിധി വന്നതിനുശേഷമുള്ള ജീവിതം എന്നിവയെക്കുറിച്ചൊക്കെ സംസാരിക്കാൻ അയാൾക്ക് ഉത്‍സാഹമാണ്.
“ദരിദ്രരെ സംഘടിപ്പിക്കുക, നീതിക്കുവേണ്ടി പോരാടുക, മർദ്ദനവും അറസ്റ്റും സഹിക്കുക, ജയിലിൽ പോവുക എന്നതൊക്കെയാണ് മിഷണറി പ്രവർത്തനത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട്. പുറത്തിറങ്ങിയാൽ, ഞാൻ വീണ്ടും ഒരു വലിയ ജനക്കൂട്ടത്തെ സംഘടിപ്പിക്കും; പോലീസ് വെടിവെക്കും, ഞാൻ കർമ്മമധ്യേ മരിക്കും. ഒരു രക്തസാക്ഷി ആകുക എന്നതാണ് എൻ്റെ സ്വപ്നം,” അയാൾ പറഞ്ഞു.
ഒരു മികച്ച കഥാകാരനാണയാൾ. ചിലപ്പോൾ അയാൾ ശബ്ദം താഴ്ത്തി സ്വകാര്യം പറയും പോലെ സംസാരിക്കും. ചിലപ്പോൾ കൈകൾ വിടർത്തി, മുഴക്കത്തോടെ. കേട്ടിരിക്കുന്നവരോട്, അത് ഞാൻ മാത്രമാണെങ്കിൽ പോലും, ഇടയ്ക്കോരോ ചോദ്യം ചോദിക്കും — കേൾക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ എന്നപോലെ.
തന്നെ ഒരു പ്രൊഫസറായി കാണുക എന്നതായിരുന്നു തൻ്റെ അച്ഛന്റെ സ്വപ്നമെന്ന് അയാൾ ഒരിക്കൽ പറഞ്ഞു. വളർന്നുവരുമ്പോൾ, ഫ്രാങ്കോയ്ക്ക് കുറച്ചുകാലം സൈന്യത്തിൽ ചേരാൻ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ, താൻ വളരെ പെട്ടെന്നു തന്നെ കത്തോലിക്കാ സാഹിത്യത്തിലേക്ക് ആകൃഷ്ടനായെന്ന് ഫ്രാങ്കോ പറഞ്ഞു.“നിങ്ങൾ മനസ്സിലാക്കണം… ഞാനൊരു കന്യാസ്ത്രീയാണ്. കന്യകയായി ജീവിക്കാൻ പ്രതിജ്ഞയെടുത്തവൾ. ബലാത്സംഗം ചെയ്യപ്പെട്ടു എന്ന് കോടതിക്കു മുമ്പാകെ പറഞ്ഞപ്പോൾ, ഞാനൊരു പാപിയാണെന്ന തോന്നലാണ് എനിക്കുണ്ടായത്,” സിസ്റ്റർ റൂത്ത് പറഞ്ഞു. “ഞാൻ ദൈവവിളി അർഹിക്കുന്നില്ല എനിക്ക് തോന്നി.”
ആ ഒരു മണിക്കൂറിൽ ഏറിയ പങ്കും ഞങ്ങൾ നിശ്ശബ്ദരായിരുന്നു. നാല് കന്യാസ്ത്രീകളുടെ സംഘം ഒരു വശത്ത് വരിയായി ഇരുന്നു. അവരുടെ മൗനത്തിൽ സംശയഭാരം തളംകെട്ടി നിന്നു. അവരിൽ ആരാണ് ബിഷപ്പിനെതിരെ ബലാത്സംഗക്കുറ്റം ഉന്നയിച്ചതെന്ന് അതുവരെ അവർ വെളിപ്പെടുത്തിയിരുന്നില്ല.
പുറത്ത്, നേരിയ ചാറ്റൽ മഴയും ഈർപ്പവും രണ്ട് പോലീസുകാരെയും മയക്കത്തിലേക്കാഴ്ത്തി. 2024 ഒക്ടോബറിലായിരുന്നു ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ച.
ചായയ്ക്ക് ശേഷം, കന്യാസ്ത്രീകളിലൊരാൾ പുഞ്ചിരിയോടെ മുന്നോട്ട് വന്ന് എന്റെ കൈപിടിച്ചു. അമ്പതു വയസ്സിൽ അവരുടെ തൊലി ചുളിഞ്ഞു തുടങ്ങിയിരുന്നു. അവർ എന്നെ ഒരു പൂന്തോട്ടത്തിലേക്ക് തുറക്കുന്ന വാതിലിനടുത്തേക്ക് നയിച്ചു. പൂത്തുലഞ്ഞു നിൽക്കുന്ന ഒരു ബോഗൻവില്ലയിലാണ് എന്റെ കണ്ണുടക്കിയത്.
“പൊലീസുകാർ ഞങ്ങളുടെ മൊഴിയെടുക്കാൻ വന്നപ്പോൾ, ഈ ബോഗൻവില്ലയുടെ കൊമ്പുകളൊടിച്ച് സ്റ്റേഷനിൽ കൊണ്ടുപോയി നട്ടിരുന്നു. ഓരോ ചെടിക്കും അവർ ഞങ്ങളുടെ പേരാണത്രേ ഇട്ടത്.” ആദ്യമായി അവർ കേസിനെക്കുറിച്ച് പരാമർശിച്ചത് അപ്പോഴായിരുന്നു.
“അതെ, ഞാൻ തന്നെയാണ് ആ വ്യക്തി.”
അവർ നിശ്ശബ്ദത ഭഞ്ജിക്കുംവരെ പൂക്കളിൽ നിന്ന് കണ്ണെടുക്കാതെ ഞങ്ങൾ നിന്നു. “അതേക്കുറിച്ച് ചിന്തിക്കാതിരിക്കാൻ കുറേ നാളായി ഞാൻ ശ്രമിക്കുകയാണ്,” പതിഞ്ഞ സ്വരത്തിൽ അവർ പറഞ്ഞു.
മൂന്ന് നിലകളും 28 മുറികളുമുള്ള കോൺവെന്റിന്റെ മുൻപിലായിരുന്നു ഞങ്ങൾ നിന്നിരുന്നത്. അതിന് ചുറ്റും കത്തോലിക്കാ സഭക്ക് കീഴിലെ ജലന്ധർ രൂപതയുടെ പേരിലുള്ള ആറേക്കർ സ്ഥലം.
അകത്ത്, റൂത്ത്, ആൽഫി, ആൻസിറ്റ, അനുപമ എന്നീ നാല് കന്യാസ്ത്രീകൾ ഇടനാഴികളിലൂടെ ധൃതിയിൽ നടക്കുന്നുണ്ടായിരുന്നു. ഹ്രസ്വവും ലക്ഷ്യബോധമുള്ളതുമായ ചുവടുകൾ. ഒരു ജോലി കഴിഞ്ഞ് മറ്റൊന്ന്, ഒരു മുറിയിൽ നിന്ന് മറ്റൊന്നിലേക്ക്. തങ്ങൾ ഒരു വൃത്തത്തിനുള്ളിലെന്ന പോലെ ചുറ്റിക്കൊണ്ടിരിക്കുകയാണെന്ന തിരിച്ചറിവ് അവർക്കുമുണ്ടായിരുന്നു.
പകൽസമയത്ത്, പ്രാർത്ഥനയ്ക്ക് ശേഷമാണ് ഭക്ഷണം പാകം ചെയ്യലും, ചാപ്പൽ വൃത്തിയാക്കലും, കോഴികൾക്ക് തീറ്റ കൊടുക്കലും. അതിനിടക്ക് വൈദ്യുതി ബന്ധം പലതവണ തടസപ്പെടും. മുട്ട, മുളക്, പച്ചക്കറികൾ എന്നിവയുടെ ശേഖരണവും പുളികുത്തലും ഇതിനിടക്ക് നടക്കുന്നുണ്ട്. പണിയൊന്ന് കുറയുമ്പോൾ, അവർ തുന്നൽ ജോലിയിൽ ഏർപ്പെടും. തുന്നൽ സൂചിയോടൊപ്പം സമയ സൂചിയും നീങ്ങുന്നതുപോലെ.
രാത്രിയിൽ, കാറ്റിൽ കെട്ടിടം ഞരങ്ങും. തലയ്ക്കകത്തെ ശബ്ദങ്ങളേക്കാൾ ഉച്ചത്തിലാണ് ചീവീടുകളുടെ ഒച്ച. ഒരു കണക്കിൽ അത് നല്ലതുമാണ്.
ചിലപ്പോഴൊക്കെ ഇടനാഴികളിൽ വെച്ച് കന്യാസ്ത്രീകൾ പരസ്പരം സംസാരിച്ചു നിൽക്കും. അവരുടെ വാക്കുകളും ചിരിയും തർക്കങ്ങളും ആ വിജനമായ കെട്ടിടത്തിൽ അലയടിക്കും. കോഴികളിലൊന്നിന്റെ പെരുമാറ്റവും, കറിയുടെ എരിവുമൊക്കെ ഒരു നീണ്ട ചർച്ചയ്ക്ക് വഴിയിട്ടെന്നുവരാം. നിസ്സാരകാര്യങ്ങൾ പലപ്പോഴും പ്രധാന ചർച്ചയാകും. അതൊന്നും വെറുതെയല്ല.
ഓരോ പുലർച്ചകളിലും, അവർ ഓരോരുത്തരും തീരുമാനമെടുക്കും. സർവസാധാരണമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും, നിസ്സാര വിഷയങ്ങളിൽ തർക്കിക്കാനും, ഒഴിവാക്കാനാവാത്ത വിഷയങ്ങളെ ഒരു പുഞ്ചിരിയോടെ നേരിടാനും.
ആ കെട്ടിടത്തിൽ — ജലന്ധർ രൂപതയുടെ മുൻ ബിഷപ്പായ ഫ്രാങ്കോ മുളയ്ക്കൽ തന്നെ പലതവണ ബലാത്കാരം ചെയ്തുവെന്ന് സിസ്റ്റർ റൂത്ത് ആരോപിക്കുന്ന അതേ കെട്ടിടത്തിൽ — തുടർന്നും ജീവിക്കാനുള്ള ഏക മാർഗം അവരുടെ ഇത്തരം തീരുമാനങ്ങളാണ്.
2014-നും 2016-നും ഇടയിലാണ് അക്രമം നടന്നതെന്നാണ് ആരോപണം. 2018-ൽ റൂത്ത് പൊലീസിൽ പരാതി നൽകി. ഇന്ത്യയുടെ ചരിത്രത്തിൽത്തന്നെ ആദ്യമായാണ് ഒരു കന്യസ്ത്രീ, ബിഷപ്പിനെതിരേ പരസ്യമായി ബലാത്സംഗ കേസുമായി മുന്നോട്ട് പോയത്.
ശക്തിയും സ്വാധീനവുമുള്ള വ്യക്തിയായിരുന്നു ഫ്രാങ്കോ. നാൽപ്പത്തിനാലാം വയസ്സിൽ ലത്തീൻ കത്തോലിക്കാ സഭയുടെ ജലന്ധർ രൂപതയെ നയിക്കാൻ പോപ്പ് നിയോഗിച്ച വ്യക്തി. നിരവധി സംസ്ഥാനങ്ങളിലും, റൂത്തടക്കമുള്ളവർ താമസിക്കുന്ന നൂറുകണക്കിന് മഠങ്ങളിലുമായി പരന്നു കിടക്കുന്ന വിശ്വാസ സമൂഹത്തിന്റെ ആത്മീയമായ നേതൃത്വവും ഭരണപരമായ അധികാരവും ഫ്രാങ്കോയ്ക്കായിരുന്നു.
സ്വത്തും അധികാരവും കയ്യാളുന്ന ഒരു വ്യക്തി എന്ന നിലയിൽ, തന്റെ കീഴിലുണ്ടായിരുന്നവരോട് ഫ്രാങ്കോ പുലർത്തേണ്ടിയിരുന്ന വിശ്വാസാധിഷ്ഠിതമായ ബന്ധമാണ് കേസിന്റേയും പിന്നീട് നടന്ന സംഭവങ്ങളുടെയും നിയമപരവും ധാർമ്മികവുമായ തലങ്ങളുടെ നിർണ്ണായകമായ ഘടകം.
വിചാരണ രണ്ടുവർഷം നീണ്ടുനിന്നു. 2022-ൽ ഫ്രാങ്കോ കുറ്റവിമുക്തനായി.
കേരളത്തിലെ അറുപത് ലക്ഷം ക്രൈസ്തവരിൽ അറുപത് ശതമാനത്തിലധികം പേരും കത്തോലിക്കരാണ്. അതുകൊണ്ടാണ് ഒരു ലൈംഗികാതിക്രമം എന്നതിലുപരി, ഒരു സമുദായത്തിന്റെ തന്നെ വിശ്വാസത്തെ പ്രതിക്കൂട്ടിൽ നിർത്തുന്ന കേസായി ഇത് മാറിയത്.
വിധി വന്നതിനുശേഷം, കേസിന് വാർത്തകളിൽ ഇടം കിട്ടാതായി. ജീവിതം പതിവുപോലെ മുന്നോട്ട് നീങ്ങി. എന്നാൽ ആ കന്യാസ്ത്രീകൾ ഒരിക്കലും
പ്രതീക്ഷിക്കാത്ത ഒരു വഴിത്തിരിവാണ് കഥയിൽ പിന്നീട് സംഭവിച്ചത്.
സാമ്പത്തികമായും മാനസികമായും ആത്മീയമായും സഭ അവരെ നിരന്തരം പരീക്ഷിക്കാനും തളർത്താനും തുടങ്ങി. തിരുവസ്ത്രം ഉപേക്ഷിക്കുന്ന നിലയിലേക്ക് അവരെ എത്തിക്കണമെന്ന പോലെയാണ് സഭാനേതൃത്വം പെരുമാറിയത്.
കേസിന്റെ തുടക്കത്തിൽ, തന്നെ പിന്തുണക്കുന്ന അഞ്ച് കന്യാസ്ത്രീകളോടൊപ്പമായിരുന്നു റൂത്ത് താമസിച്ചിരുന്നത്. 2025 ഏപ്രിൽ അവസാനത്തോടെ ഇവരിൽ രണ്ടുപേർ മാത്രം ബാക്കിയായി.
അന്വേഷണവും വിചാരണയും വിധിപ്രസ്താവവും നടക്കുന്ന നാളുകളിലും, പിന്നീടുള്ള വർഷങ്ങളിലും, റൂത്ത് ഒരിക്കൽപ്പോലും പരസ്യമായി പ്രതികരിച്ചിരുന്നില്ല.
ബലാത്സംഗം ചെയ്യപ്പെട്ടു എന്ന് പറയപ്പെടുന്നതിന് ഏകദേശം 11 വർഷങ്ങൾക്കിപ്പുറം, തന്റെ കഥ പുറം ലോകത്തോട് പറയാൻ റൂത്ത് തയ്യാറാവുകയാണ്.
ഒരു മാധ്യമപ്രവർത്തകയോട് സംസാരിക്കുക എന്നത് ഒരിക്കലും അവരുടെ പരിഗണനയിലുണ്ടായിരുന്ന കാര്യമല്ല. എന്നോട് സംസാരിക്കുന്നത് ഒരു ധൈര്യ പ്രകടനമല്ല, മറിച്ച് അവസാനത്തെ ആശ്രയമായാണ് കാണുന്നതെന്ന് പത്ത് മാസത്തോളം നീണ്ട ഞങ്ങളുടെ സംഭാഷണങ്ങളിൽ പലപ്പോഴും അവർ സൂചിപ്പിച്ചിരുന്നു.
“ഞങ്ങൾ എവിടെയും പോയിട്ടില്ല, ഇവിടെത്തന്നെയുണ്ട് എന്ന് ലോകം അറിയണം. അതിനുവേണ്ടിയാണ് ഞാൻ സംസാരിക്കുന്നത്,” റൂത്ത് ഒരിക്കലെന്നോട് പറഞ്ഞു.
കോൺവെന്റിൽ നിന്ന് നാൽപ്പത് മിനിറ്റ് അകലെയാണ് ഫ്രാങ്കോ ഇപ്പോൾ താമസിക്കുന്ന ധ്യാനകേന്ദ്രം. 2023-ൽ, അയാൾ അടുത്തിടെ അന്തരിച്ച പോപ്പ് ഫ്രാൻസിസുമായി കൂടിക്കാഴ്ച നടത്തുകയും പദവി രാജിവെക്കുകയും ചെയ്തിരുന്നു. പ്രാർത്ഥനകൾ നടത്തിയും, സ്ത്രീകൾക്കും കുട്ടികൾക്കും കൗൺസിലിങ്ങ് നൽകിയും സമയം ചിലവഴിക്കുകയാണ് അയാളിപ്പോൾ. കേരളത്തിലുടനീളം ഫ്രാങ്കോ പതിവായി ധ്യാനങ്ങളും പ്രാർത്ഥനാ സമ്മേളനങ്ങളും നടത്തുന്നുണ്ട്.
ഞാൻ ആദ്യമായി ചോദ്യങ്ങളുമായി സമീപിച്ചപ്പോൾ, കേസ് കേരള ഹൈക്കോടതിയുടെ പരിഗണനയിലായതുകൊണ്ട് സംസാരിക്കാനാവില്ലെന്നായിരുന്നു ഫ്രാങ്കോയുടെ പ്രതികരണം.
എന്നാൽ പിന്നീട് അയാൾ സമ്മതം മൂളി.
“ഞാനൊരു വൈരക്കല്ലാണ്,” സംസാരത്തിനിടെ ഫ്രാങ്കോ പ്രഖ്യാപിച്ചു. “ചളിവെള്ളത്തിലിട്ടാലും, വിക്ടോറിയാ മഹാരാജ്ഞിയുടെ കിരീടത്തിൽ വെച്ചാലും എന്റെ മൂല്യത്തിന് ഒരു കുറവും വരില്ല.”
ഒരാൾ മാത്രം ശ്രോതാവായിട്ടുള്ള ഒരു ചെറിയ മുറിയിൽ ഇരിക്കുന്ന പോലെയായിരുന്നില്ല, ഒരു പ്രസംഗപീഠത്തിൽ നിൽക്കുന്നതുപോലെയിരുന്നു ഫ്രാങ്കോയുടെ സംസാരം.
അയാളത് സമ്മതിച്ചില്ലെങ്കിലും, റൂത്തിൻ്റെ ആരോപണങ്ങളാണ് ഫ്രാങ്കോയെ പ്രവാസത്തിലേക്ക് പോകാൻ നിർബന്ധിതനാക്കിയതെന്നതാണ് യാഥാർഥ്യം.
അതേ സമയം, ഫ്രാങ്കോയുടെ കുറ്റവിമുക്തിയോടെ റൂത്തിനുണ്ടായത് അനിശ്ചിതവും പരിപൂർണ്ണവുമായ ഒറ്റപ്പെടലാണ്.
എങ്കിലും വിശ്വാസം അവർക്ക് കൂട്ടായുണ്ട്.
“ഈ സംവിധാനം ഒരു വലിയ പാറയാണെന്ന് സങ്കൽപ്പിക്കുക. ഇതിനെ രണ്ടായി പിളർത്താൻ എനിക്ക് കഴിയില്ലെന്ന് നന്നായറിയാം. എന്നാലും, നഖം ഉപയോഗിച്ച് അതിലൊരു പാട് വീഴ്ത്താൻ എനിക്ക് കഴിയും,” റൂത്ത് പറഞ്ഞു.
ഇത് അവരുടെ കഥയാണ്.
അദ്ധ്യായം 1: വിശ്വാസത്തിന്റെ കുതിച്ചുചാട്ടം
വിശിഷ്ട വസ്ത്രം ധരിച്ച സ്ത്രീകൾ, വൃത്തിയുള്ള പരിസരം, സൗമ്യരും പിതൃതുല്യരുമായ പുരുഷന്മാർ — എട്ട് വയസ്സുകാരിയായ റൂത്തിൻ്റെ മനസ്സിൽ സഭയെക്കുറിച്ച് പതിഞ്ഞ ചിത്രം ഇങ്ങനെയായിരുന്നു.
കോൺവെന്റിൽ ചേരുന്നതുവരെ, നാല് സഹോദരിമാരും ഒരു സഹോദരനുമടങ്ങുന്ന കുടുംബത്തിലെ നാണം കുണുങ്ങിയായിരുന്നു അവൾ. അച്ഛൻ കേന്ദ്ര റിസർവ് പോലീസിലെ (സി.ആർ.പി.എഫ്.) ഉദ്യോഗസ്ഥൻ. അമ്മ ഗൃഹസ്ഥയും.
അമ്മയുടെയും സഹോദരങ്ങളുടെയും സ്നേഹവായ്പുകൾ നിറഞ്ഞ, ഊഷ്മളമായ, വൈഷമ്യങ്ങൾ അലട്ടാത്ത ഒരു ബാല്യമാണ് റൂത്തിന്റെ ഓർമ്മയിൽ.
സ്കൂളിനെ വെറുത്തും, മൂത്ത സഹോദരിയുടെ വാലിൽത്തൂങ്ങിയും, അവൾ സമയം ചിലവഴിച്ചു. “എനിക്ക് ആളുകളെ നേരിടുന്നത് ഇഷ്ടമായിരുന്നില്ല. എന്റെ സഹോദരി ആൺകുട്ടികളുമായി സദാസമയവും വഴക്കിട്ടിരുന്നു. ധാരാളം സുഹൃത്തുക്കളുമുണ്ടായിരുന്നു. ഞങ്ങളുടെ രണ്ടുപേരുടേയും സ്കൂൾ ബാഗുകൾ തൂക്കി അവളുടെ പിന്നാലെ ഞാൻ ഓടും,” റൂത്ത് പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു.
നാട്ടിലെ പള്ളിയിൽ മാത്രമാണ് റൂത്ത് സങ്കോചമില്ലാതെ പെരുമാറിയിരുന്നത്. കന്യാസ്ത്രീകളുടെ മേൽനോട്ടത്തിൽ അവൾ പാട്ടുകൾ പാടുകയും നൃത്തം വെക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.
അവളുടെ ഒതുങ്ങിയ പ്രകൃതം കണ്ട് ചുറ്റുവട്ടത്തുള്ളവരെല്ലാം അമ്മയോട് പറയും, “ഓ, ഈ കൊച്ച് കന്യാസ്ത്രീയാവുമല്ലോ” എന്ന്.
ഹൈസ്കൂളിൽ എത്തിയപ്പോഴേക്കും തനിക്ക് കന്യാസ്ത്രീയാകാനാണ് ആഗ്രഹമെന്ന് റൂത്ത് എല്ലാവരോടും പറഞ്ഞു. അത് ശ്രദ്ധാപൂർവ്വം ആലോചിച്ചെടുത്ത ഒരു തീരുമാനമൊന്നുമായിരുന്നില്ല, പക്ഷേ തുടർപഠനത്തെക്കുറിച്ചുള്ള ചോദ്യങ്ങളെ നിശ്ശബ്ദമാക്കാൻ അത് സഹായിച്ചിരുന്നു.
15 വയസ്സിൽ അവളുടെ ജീവിതം പെട്ടെന്ന് മാറിമറിഞ്ഞു. കുടുംബത്തിലെ കേന്ദ്രബിന്ദുവായിരുന്ന അമ്മയ്ക്ക് ക്യാൻസർ ബാധിച്ചതായി കണ്ടെത്തി. ഒറ്റ രാത്രികൊണ്ട്, റൂത്തും സഹോദരിയും അമ്മയുടെ ശുശ്രൂഷകരായി മാറി. അസുഖം കണ്ടെത്തി രണ്ടുവർഷത്തിനുള്ളിൽ അമ്മ മരിച്ചു.
അതിനുശേഷം 35 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. അമ്മയെക്കുറിച്ച് പറയുമ്പോൾ അവരുടെ ശബ്ദത്തിൽ ഇപ്പോഴും വിറയലുണ്ട്. “എന്റെ ഈ ജീവിതം കാണാൻ നിൽക്കാതെ അവർ പോയതിൽ സന്തോഷമേയുള്ളു,” അവർ പറഞ്ഞു.
റൂത്തിനെ സംബന്ധിച്ചിടത്തോളം, അമ്മയ്ക്ക് മുമ്പും, പിമ്പും എന്ന് ജീവിതം രണ്ടായി വേർതിരിഞ്ഞിരിക്കുന്നു.
കൊച്ചുറൂത്തിന് ദൈവത്തോട് ദേഷ്യമായിരുന്നു. “ദൈവത്തിന് കണ്ണുകളില്ലെന്ന് ഞാൻ പറയാറുണ്ടായിരുന്നു. ഞങ്ങൾ കുട്ടികളായിരിക്കുമ്പോൾ എൻ്റെ അമ്മയെ എന്തിനാണ് കൊണ്ടുപോയതെന്നും, നമ്മൾ പ്രാർത്ഥിക്കുമ്പോൾ ദൈവം ശരിക്കും കേൾക്കുമോ എന്നുമൊക്കെ ഞാൻ ആലോചിക്കുമായിരുന്നു.”
അമ്മയുടെ മരണശേഷം മാസങ്ങൾ കഴിഞ്ഞപ്പോൾ, ബന്ധുവായ ഒരു പുരോഹിതൻ വീട്ടിൽ വന്നു. റൂത്തിന്റെ അവസ്ഥ കണ്ട് അദ്ദേഹം അവളെ പഞ്ചാബിലേക്ക് കൂട്ടിക്കൊണ്ടുപോകാമെന്ന് പറഞ്ഞു. അങ്ങനെ 1993-ൽ റൂത്ത് ജലന്ധറിലേക്ക് യാത്ര തിരിച്ചു.
പഞ്ചാബ് ജാഗ്രതയോടെയുള്ള ഒരു പരിവർത്തന കാലഘട്ടത്തിലായിരുന്നു.
ഖാലിസ്ഥാന് വേണ്ടിയുള്ള സിഖ് സായുധ കലാപം ഒരു പരിധിവരെ കെട്ടടങ്ങിയിരുന്നു. പ്രദേശം സമാധാനത്തിന്റെ പാതയിലേക്ക് മടങ്ങുന്ന സമയമായിരുന്നു. ജനാധിപത്യ തിരഞ്ഞെടുപ്പുകൾ ജനകീയ സർക്കാരിന് വഴിവെച്ചു. എന്നിട്ടും അക്രമങ്ങൾ പല പോക്കറ്റുകളിലും തുടർന്നു. സുരക്ഷാ ഓപ്പറേഷനുകൾ നടന്നുകൊണ്ടിരുന്നു. ഇതിനിടെ അതിഭീകരമായ ഒരു പ്രളയം വലിയ മാനുഷിക പ്രതിസന്ധിയുണ്ടാക്കിയിരുന്നു.
ഇതൊന്നും റൂത്തിന് അറിവുള്ള കാര്യങ്ങളായിരുന്നില്ല. അവളെ സംബന്ധിച്ച് ആദ്യത്തെ ശൈത്യകാലം അനുഭവിക്കാനുള്ള ആദ്യത്തെ തീവണ്ടിയാത്ര മാത്രമായിരുന്നു അത്.
ജലന്ധറിൽ, കോൺവെന്റിലേക്ക് താമസം മാറ്റുന്നതിന് മുമ്പ്
കുറച്ചുകാലം അവൾ തന്റെ കുടുംബക്കാരോടൊപ്പം താമസിച്ചു. പള്ളികളിലേക്കും പഠിപ്പിക്കാനായി ഗ്രാമങ്ങളിലെ സ്കൂളുകളിലേക്കും പോയിരുന്ന കന്യാസ്ത്രീകളെ റൂത്ത് അനുഗമിച്ചു.
കന്യാസ്ത്രീമഠത്തിലെ ശാന്തവും ചിട്ടയുള്ളതുമായ ജീവിതം അവൾക്ക് സ്ഥിരത നൽകി. കാലക്രമേണ, തനിക്ക് ഒരു കന്യാസ്ത്രീയാകണം എന്ന് റൂത്തിന് കൂടുതൽ ബോധ്യമായി.
അഞ്ചുവർഷത്തെ മതപരിശീലനത്തിനു ശേഷം അവർ തിരുവസ്ത്രം ധരിച്ചു, പുതിയൊരു പേര് സ്വീകരിച്ചു, തൻ്റെ ആത്മീയ യാത്രയിലെ അന്തിമവും സമ്പൂർണ്ണവുമായ ചുവടുവെപ്പിന് തയ്യാറെടുത്തു.
കത്തോലിക്കാ വിശ്വാസമനുസരിച്ച്, ക്രിസ്തുവിനെ പ്രതീകാത്മകമായി വിവാഹം കഴിച്ചവരാണ് കന്യാസ്ത്രീകൾ, അവർ സന്യാസ ജീവിതം നയിക്കുകയും പൂർണ്ണമായി ദൈവത്തിനും സഭയ്ക്കും സമർപ്പിതരായിരിക്കുകയും ചെയ്യുന്നു.
ഈ പ്രതിബദ്ധത ഊട്ടിയുറപ്പിക്കാൻ, 1999-ൽ റൂത്ത് അവരുടെ ശേഷിക്കുന്ന ജീവിതത്തെ നിയന്ത്രിക്കുന്ന മൂന്ന് വിശുദ്ധ പ്രതിജ്ഞകളെടുത്തു: കന്യകാത്വം, ദാരിദ്ര്യം, അച്ചടക്കം.
സങ്കൽപ്പിക്കാൻ പോലുമാകാത്ത വിധം ഈ പ്രതിജ്ഞകൾ തന്നെ ഭാവിയിൽ എത്ര അഗാധമായി നിർവ്വചിക്കുകയും പരീക്ഷിക്കുകയും ചെയ്യുമെന്ന് അന്നവർക്ക് അറിയില്ലായിരുന്നു.
തന്റെ സമയവും, ദിവസങ്ങളും, ജീവിതം തന്നെയും അവർ സഭയ്ക്ക് സമർപ്പിച്ചു.
ഒരു കന്യാസ്ത്രീക്ക്, മഠത്തിലെ ജീവിതം അധ്വാനഭരിതമാണ്. ഇവിടത്തെ കർക്കശ ജീവിതവുമായി പൊരുത്തപ്പെടാൻ പല യുവതികളും ബുദ്ധിമുട്ടാറുണ്ട്. അതിരാവിലെ എഴുന്നേൽക്കണം. പിന്നീട് പ്രാർത്ഥന, വൃത്തിയാക്കൽ, പാചകം, വീണ്ടും പ്രാർത്ഥന, ജോലി, ഉച്ചഭക്ഷണം, പ്രാർത്ഥന, വൃത്തിയാക്കൽ, പാചകം, തുടർന്ന് ഉറക്കം. ഏതെങ്കിലും പുരോഹിതനോ ബിഷപ്പോ വന്നാൽ, അവരുടെ സമയത്തിനനുസരിച്ച് പ്രവർത്തിക്കണം. ജീവിതം കർശന നിയന്ത്രണവും ആവർത്തന വിരസതയും നിറഞ്ഞതാണ്.
എന്നാൽ റൂത്ത് ഇതിനോടെല്ലാം അനായാസമായി പൊരുത്തപ്പെട്ടു. അതായിരുന്നു അവർ കാംക്ഷിച്ചതും. 2004-ൽ അവരെ മിഷണറീസ് ഓഫ് ജീസസ് സഭയുടെ മദർ സുപ്പീരിയറായി നിയമിച്ചു. വളർന്നുവരുന്ന ഒരു ചെറിയ സഭാഘടകമായിരുന്നു അത്.
പഞ്ചാബിലെ 14 ജില്ലകളിലും, ഹിമാചൽ പ്രദേശിലെ മൂന്ന് ജില്ലകളിലും, കേരളത്തിലെ ഏതാനും ജില്ലകളിലുമായി വിവിധ സഭകൾ ജലന്ധർ രൂപതയുടെ കീഴിലുണ്ട്. 2013 ജൂണിൽ, അവർ റൂത്തിനെ കോട്ടയം ജില്ലയുടെ വടക്ക് ഭാഗത്തുള്ള കുറവിലങ്ങാട് എന്ന പട്ടണത്തിലെ മിഷണറീസ് ഓഫ് ജീസസ് സഭയുടെ കീഴിലുള്ള ഒരു കോൺവെൻ്റിലേക്ക് മാറ്റി നിയമിച്ചു.
സെയിന്റ് ഫ്രാൻസിസ് മിഷൻ ഹോം കോൺവെന്റിന്റെ പ്രാദേശിക മദർ സുപ്പീരിയറായി അവർ ചുമതല ഏറ്റെടുത്തു.
ശാന്തവും പരിചിതവും ഊഷ്മളവുമായ ഈ സ്ഥലം ഇരുൾ നിറഞ്ഞതായിത്തീരുമെന്ന് അവരൊരിക്കലും കരുതിയതല്ല.
അദ്ധ്യായം 2: ബിഷപ്പിന്റെ വലയം
കോൺവെന്റിലേക്ക് പോകുന്ന ചെളി നിറഞ്ഞ പാതയുടെ ഇരുവശത്തും, വന്യവും സമൃദ്ധവുമായ പച്ചപ്പ് പടർന്ന് കിടക്കുന്നുണ്ട്. അവയിൽ ചിലതെല്ലാം കന്യാസ്ത്രീകൾ പരിപാലിക്കുന്നവയാണ്. ചില ഭാഗങ്ങൾ, പ്രകൃതിയും.
ആ വഴിയുടെ അവസാനം, തുരുമ്പ് പിടിച്ച ഒരു ഇരുമ്പുഗേറ്റിന് പിന്നിലായി കോൺവെന്റ് നിൽക്കുന്നു.
അകത്ത്, ഇടതടവില്ലാത്ത കാലവർഷത്തിന്റെ ഈർപ്പത്തിൽ നിന്ന് വിടുതി കിട്ടാത്ത ചുവരുകളുടെ ഗന്ധം. പായൽ പിടിച്ച കോൺവെന്റ് ഭിത്തികൾ കണ്ടാൽ പണ്ടെങ്ങോ ഉപേക്ഷിക്കപ്പെട്ട കെട്ടിടമെന്ന് തോന്നും.
എപ്പോഴും സ്ഥിതി ഇതായിരുന്നില്ല.
റൂത്ത് ആദ്യമായി 2013 ജൂലൈയിൽ ഇവിടെ എത്തുമ്പോൾ, കോൺവെൻ്റ് വളരെ സജീവമായിരുന്നു. ഒരു വൃദ്ധസദനമായും യൂത്ത് ഹോസ്റ്റലായും അത് പ്രവർത്തിച്ചിരുന്നു. റൂത്തും മറ്റ് രണ്ട് കന്യാസ്ത്രീകളും ചേർന്നാണ് പിന്നീട് ഇത് നോക്കിനടത്തിയത്.
അതേ വർഷം, ഏതാണ്ട് 3,000 കിലോമീറ്റർ അകലെ, പഞ്ചാബിൽ, ഫ്രാങ്കോ അഭിമാനത്തിൻ്റെ കൊടുമുടിയിലായിരുന്നു. ജലന്ധർ രൂപതയുടെ മൂന്നാമത്തെ ബിഷപ്പായി പോപ്പ് ഫ്രാൻസിസ് അയാളെ തിരഞ്ഞെടുത്തതേ ഉണ്ടായിരുന്നുള്ളൂ.
ഫ്രാങ്കോയുമായുള്ള എന്റെ സംഭാഷണങ്ങൾ പലപ്പോഴും മണിക്കൂറുകൾ നീളും. തന്റെ കുട്ടിക്കാലം, സ്വപ്നങ്ങൾ, കേസ്, ജയിലിലെ സമയം, വിധി വന്നതിനുശേഷമുള്ള ജീവിതം എന്നിവയെക്കുറിച്ചൊക്കെ സംസാരിക്കാൻ അയാൾക്ക് ഉത്‍സാഹമാണ്.
“ദരിദ്രരെ സംഘടിപ്പിക്കുക, നീതിക്കുവേണ്ടി പോരാടുക, മർദ്ദനവും അറസ്റ്റും സഹിക്കുക, ജയിലിൽ പോവുക എന്നതൊക്കെയാണ് മിഷണറി പ്രവർത്തനത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട്. പുറത്തിറങ്ങിയാൽ, ഞാൻ വീണ്ടും ഒരു വലിയ ജനക്കൂട്ടത്തെ സംഘടിപ്പിക്കും; പോലീസ് വെടിവെക്കും, ഞാൻ കർമ്മമധ്യേ മരിക്കും. ഒരു രക്തസാക്ഷി ആകുക എന്നതാണ് എൻ്റെ സ്വപ്നം,” അയാൾ പറഞ്ഞു.
ഒരു മികച്ച കഥാകാരനാണയാൾ. ചിലപ്പോൾ അയാൾ ശബ്ദം താഴ്ത്തി സ്വകാര്യം പറയും പോലെ സംസാരിക്കും. ചിലപ്പോൾ കൈകൾ വിടർത്തി, മുഴക്കത്തോടെ. കേട്ടിരിക്കുന്നവരോട്, അത് ഞാൻ മാത്രമാണെങ്കിൽ പോലും, ഇടയ്ക്കോരോ ചോദ്യം ചോദിക്കും — കേൾക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ എന്നപോലെ.
തന്നെ ഒരു പ്രൊഫസറായി കാണുക എന്നതായിരുന്നു തൻ്റെ അച്ഛന്റെ സ്വപ്നമെന്ന് അയാൾ ഒരിക്കൽ പറഞ്ഞു. വളർന്നുവരുമ്പോൾ, ഫ്രാങ്കോയ്ക്ക് കുറച്ചുകാലം സൈന്യത്തിൽ ചേരാൻ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ, താൻ വളരെ പെട്ടെന്നു തന്നെ കത്തോലിക്കാ സാഹിത്യത്തിലേക്ക് ആകൃഷ്ടനായെന്ന് ഫ്രാങ്കോ പറഞ്ഞു.
പുരോഹിതനാവാൻ തീരുമാനിക്കുമ്പോൾ 15 വയസ്സായിരുന്നു ഫ്രാങ്കോയ്ക്ക്. ക്രിസ്തു സ്വയം എടുത്ത തീരുമാനമാണതെന്നാണ് ഫ്രാങ്കോ പറയുന്നത്. “ഒരു ദിവസം, കുർബാനയ്ക്കുശേഷം മുട്ടുകുത്തിയിരിക്കുമ്പോൾ, ഞാൻ യേശുവിന്റെ ശബ്ദം കേട്ടു. അവൻ എന്നോട് പറഞ്ഞു, ‘നീ എന്റെ പുരോഹിതനാവണമെന്ന് ഞാൻ ആഗ്രഹിക്കുന്നു’,” ഫ്രാങ്കോ പറഞ്ഞു.
ജലന്ധറിലെ പരിശീലനത്തിനുശേഷം, മതപഠനത്തിനായി അയാൾ റോമിലേക്ക് പോയി. “എനിക്ക് ക്ലോണിംഗിനെക്കുറിച്ചും അതിനെക്കുറിച്ചുള്ള കത്തോലിക്കാ നിലപാടിനെക്കുറിച്ചും പഠിക്കാനായിരുന്നു ആഗ്രഹം.” എന്നാൽ, സിഖ് മതത്തെക്കുറിച്ച് മനസ്സിലാക്കാനാണ് ഉപദേശം കിട്ടിയത്.
ക്രിസ്തുമതത്തിന്റെ പശ്ചാത്തലത്തിൽ, ഗുരു നാനാക്കിന്റെ ധാർമ്മിക ഉദ്ബോധനങ്ങളെക്കുറിച്ചായിരുന്നു ഫ്രാങ്കോയുടെ പഠനം.
അതിന് ഫലമുണ്ടായി. ഇന്ത്യയിൽ തിരിച്ചെത്തിയ അയാൾ, മറ്റു മതങ്ങളുമായുള്ള ബന്ധങ്ങളെ സംബന്ധിച്ച് പോപ്പിനെ ഉപദേശിക്കുന്ന വത്തിക്കാൻ സമിതിയായ പോണ്ടിഫിക്കൽ കൗൺസിൽ ഫോർ ഇൻ്റർറിലീജിയസ് ഡയലോഗിൻ്റെ കൺസൾട്ടൻ്റായി മാറി.
ജലന്ധറിലെ ബിഷപ്പിന്റേത് ഒരു സാധാരണ പദവിയല്ല. ഇന്ത്യയിലെ റോമൻ കത്തോലിക്കാ സഭയിൽ ഏറ്റവും സ്വാധീനമുള്ള ഘടകങ്ങളിലൊന്നാണത്. 44 വയസ്സുള്ള ഫ്രാങ്കോയെ സംബന്ധിച്ചിടത്തോളം അധികാരത്തിലേക്കുള്ള അയാളുടെ പാത ഇതോടെ തെളിയുകയായിരുന്നു.
2013-ൽ ജലന്ധറിന്റെ ബിഷപ്പായി നിയമിതനായപ്പോൾ, ഏകദേശം 25,000 ആളുകൾ — 700 കന്യാസ്ത്രീകൾ, 400 പുരോഹിതന്മാർ, 27 ബിഷപ്പുമാർ, ഒരു കർദ്ദിനാൾ എന്നിവരടക്കം — സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്തിരുന്നു.
മൂന്ന് സംസ്ഥാനങ്ങളിലായി 120 പുരോഹിതന്മാർ പ്രവർത്തിക്കുന്ന 150 പള്ളികൾ, 50 സ്കൂളുകൾ, ഒരു കോളേജ്, 10 ആശുപത്രികൾ എന്നിവ ജലന്ധർ രൂപതയുടെ ചുമതലയിലാണ്.
ഫ്രാങ്കോ അതിവേഗമാണ് പ്രവർത്തിച്ചത്. അയാൾ സാമൂഹികപ്രവർത്തനങ്ങളിൽ മുഴുകി, വിധവാ പെൻഷനു വേണ്ടി ഒരു ഫണ്ട് തുടങ്ങി. ക്രിസ്തുമസ് കാലത്ത്, ദരിദ്രർക്ക് സമ്മാനങ്ങൾ നൽകാനുള്ള സംവിധാനമുണ്ടാക്കി. ഒരു ട്രാൻസ്പോർട്ട് കമ്പനിയും നിർമ്മാണ കമ്പനിയും ആരംഭിച്ചു — രണ്ടും രൂപത നൽകിയ കരാറുകൾ ഏറ്റെടുത്തവയായിരുന്നു.
മേഖലയിലെ സാമൂഹിക, രാഷ്ട്രീയ വൃത്തങ്ങളിൽ അയാളുടെ വളർച്ച വേഗത്തിലായിരുന്നു. മതസൗഹൃദവും പരസ്പരവിശ്വാസവും വളർത്തുന്നതിൽ പ്രമുഖമായ പങ്ക് വഹിച്ച മതനേതാവ് എന്ന നിലയിൽ അയാൾ പ്രശസ്തനായി. പഞ്ചാബിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല അയാളുടെ സ്വാധീനം. മിഷണറീസ് ഓഫ് ജീസസിന്റെ മുഴുവൻ പ്രാർത്ഥനാസംഘങ്ങളിലും കേരളത്തിലെ അതിന്റെ യൂണിറ്റുകളിലും അത് വ്യാപിച്ചിരുന്നു. റൂത്തിന്റെ കോൺവെന്റും അയാളുടെ ചുമതലയിലായിരുന്നു.
2013 നവംബറിൽ, നിയമനം കിട്ടി മൂന്ന് മാസം കഴിഞ്ഞപ്പോൾ, ആദ്യമായി, ഫ്രാങ്കോ റൂത്തുമായി ഫോൺവഴി സംസാരിച്ചു. കോൺവെന്റിന്റെ അടുക്കള നവീകരണം നിർത്തിവെക്കാൻ അയാൾ ആവശ്യപ്പെട്ടു, അതിനായി നിർമ്മാണ സാമഗ്രികളൊക്കെ അതിനകം വാങ്ങിക്കഴിഞ്ഞിരുന്നുവെങ്കിലും.
അദ്ധ്യായം 3: റൂം നമ്പർ 20
എന്റെ മൂന്നാമത്തെ സന്ദർശനത്തിനു ശേഷം മാത്രമാണ് റൂത്ത് ബലാൽസംഗ ആരോപണത്തെ കുറിച്ച് സംസാരിക്കാൻ തുടങ്ങിയത്. അതുവരെ, സംഭാഷണം ആ ദിശയിലേക്ക് തിരിയുമ്പോഴെല്ലാം റൂത്ത് നിശബ്ദയാകുമായിരുന്നു.
“നിങ്ങളെക്കൊണ്ടിതൊക്കെ വീണ്ടും ആവർത്തിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല,” ഞാൻ അവരോട് പറഞ്ഞു.
“ഇതൊട്ടും എളുപ്പമല്ല,” റൂത്ത് പറഞ്ഞു. അതിനെക്കുറിച്ചൊക്കെ ഓർക്കുമ്പോൾത്തന്നെ വലിയ സങ്കടം തോന്നും.
വിശദാംശങ്ങൾക്ക്, കോടതിരേഖകളെ ആശ്രയിക്കാൻ അവരെന്നോട് അഭ്യർത്ഥിച്ചു. കോടതിയോടും പ്രോസിക്യൂഷൻ സംഘത്തോടും അവർ എല്ലാം തുറന്ന് പറഞ്ഞിരുന്നു. അവരുടെ സാക്ഷ്യം 289 പേജുകളുള്ള വിധിപ്രസ്താവത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
അതിൽ നിന്ന് സംഗ്രഹിച്ചെടുത്ത വസ്തുതകളാണ് അടുത്ത ഭാഗത്തിലുള്ളത്. ആക്രമണങ്ങളെക്കുറിച്ചുള്ള അവരുടെ വിവരണത്തിന്റെ വിശദാംശങ്ങളൊന്നും ഇതിലുണ്ടാവില്ല. ആരോപിക്കപ്പെടുന്ന ബലാത്സംഗങ്ങൾ കേന്ദ്രബിന്ദുവാണെങ്കിലും, അതൊരു വലിയ കഥയുടെ തുടക്കം മാത്രമാണ്.
2014 മെയ് 5-ന്, രാത്രി 10 മണിയോടെ, ഫ്രാങ്കോ തൻ്റെ ബി.എം.ഡബ്ല്യുവിൽ കോൺവെൻ്റ് ഗേറ്റുകളിലൂടെ ഓടിച്ചു കയറിയതായി രേഖകളിൽ പറയുന്നു. ഒരു ബിഷപ്പ് കോൺവെൻ്റ് സന്ദർശിക്കുമ്പോൾ, കന്യാസ്ത്രീകൾ അദ്ദേഹത്തെ ശുശ്രൂഷിക്കുകയും അദ്ദേഹത്തിൻ്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റുകയും ചെയ്യുന്നത് ഒരു കീഴ് വഴക്കമാണ്. ഈ ‘ശുശ്രൂഷ’യിൽ പലപ്പോഴും പുരോഹിതൻ്റെ മുന്നിൽ മുട്ടുകുത്തുക, അദ്ദേഹത്തിൻ്റെ മോതിരം ചുംബിക്കുക, വസ്ത്രങ്ങൾ ഇസ്തിരിയിടുക, അദ്ദേഹത്തിന് ഇഷ്ടമുള്ള രീതിയിൽ ഭക്ഷണം തയ്യാറാക്കുക എന്നിവ ഉൾപ്പെടുന്നു.
അന്ന് രാത്രി, കോൺവെൻ്റിൻ്റെ ഓരത്തുള്ള, താരതമ്യേന ഒറ്റപ്പെട്ട, റൂം നമ്പർ 20-ലാണ് അയാൾ ഉറങ്ങേണ്ടിയിരുന്നത്. അയാളുടെ സന്ദർശനത്തിനായി ആ മുറി നന്നായി വൃത്തിയാക്കിയിരുന്നു.
എത്തി അധികം വൈകാതെ, ഫ്രാങ്കോ തൻ്റെ ളോഹ ഇസ്തിരിയിടാൻ റൂത്തിനോട് ആവശ്യപ്പെട്ടു. വൃത്തിയായി തേച്ച വസ്ത്രവുമായി ബിഷപ്പിൻ്റെ വാതിൽക്കൽ ചെന്നപ്പോൾ, അടുക്കളയുടെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട കടലാസ്സുകൾ കാണണമെന്ന് അയാൾ ആവശ്യപ്പെട്ടു.
10.45-ന് കടലാസ്സുകളുമായി റൂത്ത് തിരിച്ചെത്തി. ഇത്തവണ അവരോട് അകത്തേക്ക് വരാൻ ബിഷപ്പ് പറഞ്ഞു.
“അവർ മുറിക്കകത്തേക്ക് കടന്നതും, പ്രതി മുറി അകത്തുനിന്ന് പൂട്ടി, അവരെ കയറിപ്പിടിച്ചു. അയാൾ അവരെ ഒരു കട്ടിലിലേക്ക് വലിച്ചിട്ടു...” രേഖകൾ തുടർന്നു.
“അവർ ഭയം കൊണ്ട് മരവിച്ചുപോയിരുന്നു. ശബ്ദം പുറത്തുവന്നില്ല. എന്താണീ ചെയ്യുന്നതെന്ന് അവർ ബിഷപ്പിനോട് ചോദിച്ചു. താനാണ് അടുക്കളപ്പണിക്ക് അംഗീകാരം നൽകുന്നതെന്ന് പറഞ്ഞ് അയാൾ ഭീഷണിപ്പെടുത്തി.”
തുടർന്ന്, ആദ്യമായി നടന്നു എന്ന് ആരോപിക്കപ്പെടുന്ന ബലാത്സംഗത്തെക്കുറിച്ചുള്ള റൂത്തിൻ്റെ വിവരണം, വിശദമായി, വിധിന്യായത്തിൽ പറയുന്നുണ്ട്.
“ബിഷപ്പ് തനിക്ക് ദൈവത്തെപ്പോലെയായിരുന്നു എന്ന് സിസ്റ്റർ റൂത്ത് എടുത്ത് പറയുന്നുണ്ട്,” പ്രോസിക്യൂഷൻ പറയുന്നു. “തൻ്റെ പിതാവിൻ്റെ സ്ഥാനമാണ് അയാൾക്ക് അവർ നൽകിയിരുന്നത്. അത്തരമൊരു വ്യക്തി തന്നെ ലൈംഗികമായി ചൂഷണം ചെയ്യുമെന്ന് അവർ കരുതിയിരുന്നില്ല.”
അവരുടെ അഭിഭാഷകർ പറയുന്നതനുസരിച്ച്, സംഭവത്തിന് ശേഷം റൂത്ത് പെട്ടെന്നുതന്നെ “തറയിൽ നിന്ന് തൻ്റെ ശിരോവസ്ത്രവും മറ്റ് വസ്ത്രങ്ങളും എടുത്ത് മുറിയിൽ നിന്ന് പുറത്തിറങ്ങാൻ ശ്രമിച്ചു.” പുറത്തേക്ക് പോകുമ്പോൾ, പ്രതി അവരോട്, “ഈ സംഭവം പുറത്തറിഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാവു”മെന്ന് ദേഷ്യത്തോടെ പറഞ്ഞു എന്നും അഭിഭാഷകർ ആരോപിക്കുന്നു. “അടുക്കള നവീകരണത്തിനുള്ള പണം തടയുമെന്നും ഫ്രാങ്കോ അവരെ ഭീഷണിപ്പെടുത്തി.”
അടുത്ത ദിവസം റൂത്തിൻ്റെ മരുമകൻ്റെ ആദ്യ കുർബാനയായിരുന്നു. അവരുടെ കുടുംബത്തെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ള ഈ ചടങ്ങിൽ മുഖ്യപുരോഹിതൻ ഫ്രാങ്കോ ആയിരുന്നു.
ഫ്രാങ്കോയോടൊപ്പം അയാളുടെ കാറിൽ അക്കണ്ട ദൂരം സഞ്ചരിച്ച് പരിപാടിയിൽ പങ്കെടുക്കുകയല്ലാതെ റൂത്തിന് മറ്റൊരു വഴിയുണ്ടായിരുന്നില്ല.
വിധവയായ ചേച്ചി അവരുടെ ജീവിതം തിരിച്ചുപിടിക്കാൻ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട്, തലേ രാത്രിയിലെ സംഭവം അവരോട് പറയേണ്ടെന്ന് റൂത്ത് നിശ്ചയിച്ചു.
കോൺവെൻ്റിൽ തിരിച്ചെത്തിയപ്പോൾ ഫ്രാങ്കോ അവരെ വീണ്ടും ഭീഷണിപ്പെടുത്തുകയും, “വലിയ നാടകം കളിക്കാതെ മുറിയിൽ വരാൻ” ആവശ്യപ്പെടുകയും ചെയ്തു എന്ന് റൂത്തിന്റെ അഭിഭാഷകർ ആരോപിക്കുന്നു. ആ വാതിലിന് പിന്നിൽ തന്നെ കാത്തിരിക്കുന്നത് എന്താണെന്ന് അവർക്ക് അറിയാമായിരുന്നു. എന്നാൽ അനുസരിച്ചില്ലെങ്കിൽ, ഇതേ സഭയിലുള്ള അവരുടെ ഇളയ അനുജത്തിക്കും, കൂടെ താമസിക്കുന്ന മറ്റ് കന്യാസ്ത്രീകൾക്കും ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകൾ അവരോർത്തു.
അവർ തൻ്റെ അഭിഭാഷകരോട് പറഞ്ഞതനുസരിച്ച്, മറ്റൊരു വഴിയുമില്ലാതെ, രാത്രി ഏകദേശം 11.30-ന് അവർ ഫ്രാങ്കോയുടെ മുറിവരെ പോവുകയും, അയാൾ അവരെ മുറിക്കുള്ളിലാക്കി വാതിൽ വലിച്ചടയ്ക്കുകയും ചെയ്തു.
പ്രതി എന്നിട്ടവരെ ബലമായി കട്ടിലിൽ കിടത്തിക്കുകയായിരുന്നു എന്ന് പ്രോസിക്യൂഷ്യൻ പറയുന്നു. തുടർന്ന് ഈ ആരോപിക്കപ്പെടുന്ന ബലാത്സംഗത്തെക്കുറിച്ചുള്ള വിശദമായ വിവരണവും പ്രോസിക്യൂഷൻ നൽകുന്നുണ്ട്.
ആ രാത്രി റൂത്ത് കഠിനമായ വേദന അനുഭവിച്ചിരുന്നു. അവരുടെ മൊഴിയനുസരിച്ച്, അതിനുശേഷം ഫ്രാങ്കോ തുടർച്ചയായി ഫോൺ വിളിക്കുകയും, താൻ ആരോടെങ്കിലും സംസാരിച്ചോ, അല്ലെങ്കിൽ ഭയന്നിരിക്കുകയാണോ എന്നൊക്കെ ചോദിക്കുമായിരുന്നു. ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ പോലും അദ്ദേഹം അയച്ചതായും അവർ ആരോപിക്കുന്നു.
2014 ജൂലായ് 11-ന്, ആരോപിക്കപ്പെടുന്ന ബലാത്സംഗത്തിനിടെ, “ഇനി വേദനിപ്പിക്കരുതെന്ന്” അവർ അയാളോട് കേണപേക്ഷിച്ചു എന്നും, ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞതായും റൂത്ത് അഭിഭാഷകരോട് പറഞ്ഞു. ഇതു കേട്ട് പ്രതി ചിരിക്കുകയായിരുന്നുവത്രേ.
മറ്റൊരവസരത്തിൽ അയാൾ അവരെ വിളിച്ചപ്പോൾ, അവർ പോകാൻ വിസമ്മതിച്ചിരുന്നെന്നും റൂത്ത് പറയുന്നു. എന്നാൽ അയാളവരെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും, നിവൃത്തിയില്ലാതെ അവർ വഴങ്ങുകയും ചെയ്തു എന്നവർ ആരോപിക്കുന്നു. “കാരണം, തന്നെ കൊല്ലാൻ പോലും പ്രതി മടിക്കില്ലെന്ന് അവർക്ക് അറിയാമായിരുന്നു.”
2014-നും 2016-നുമിടയിൽ തന്നെ പല പ്രാവശ്യം അയാൾ ബലാത്സംഗം ചെയ്തതായി റൂത്ത് ആരോപിക്കുന്നു.
ഒരു വൈകുന്നേരം, സ്യൂട്ട്കേസുകളും ഒരു മേശയും തുണിക്കെട്ടുകളുമൊക്കെ നിറഞ്ഞ ഒരു ചെറിയ മുറിയിലിരിക്കുകയായിരുന്നു റൂത്തും ഞാനും. ആ മുറിയിൽ വായുസഞ്ചാരം കുറവായിരുന്നു, സൂര്യപ്രകാശം തീരെയില്ല. ചായ
കുടിച്ചുകൊണ്ടിരിക്കവെ, കെട്ടിടത്തിൻ്റെ ഈ ഭാഗത്തേക്ക് പാമ്പുകൾ പലപ്പോഴും കടന്നുവരാറുണ്ടെന്ന് അവർ എന്നോട് പറഞ്ഞു.
സംഭാഷണത്തിനിടയിൽ, റൂം നമ്പർ ഇരുപത് ഏതാണെന്ന് ഞാൻ അവരോട് ചോദിച്ചു. അവർ എന്നെ നോക്കി പറഞ്ഞു: “ഇതുതന്നെ. അതേ മുറിയിലാണ് നമ്മളിപ്പോൾ ഇരിക്കുന്നത്.”
അദ്ധ്യായം 4: ഏറ്റുപറച്ചിലുകൾ
2014 ഡിസംബറിൽ, ആരോപിക്കപ്പെടുന്ന സംഭവങ്ങൾ തുടങ്ങിയിട്ട് ഏഴുമാസം കഴിഞ്ഞപ്പോൾ, സിസ്റ്റർ ലിസ്സി വടക്കേൽ ക്രിസ്തുമസ്സിന് കോൺവെന്റ് സന്ദർശിച്ചു.
റൂത്തിന്റെ ആത്മീയ മാതാവായിരുന്നു ലിസ്സി. ഇളയ തലമുറയിലെ കന്യാസ്ത്രീകൾക്ക് പിന്തുണ നൽകാനും പരിശീലിപ്പിക്കാനും നിയോഗിക്കപ്പെട്ടവരാണ് ആത്മീയമാതാക്കൾ. 16 വർഷമായി പരസ്പരം അറിയുന്നവരായിരുന്നു റൂത്തും ലിസ്സിയും.
2014-നും 2016 സെപ്റ്റംബറിനുമിടയിൽ, കോൺവെന്റിൽ താമസിക്കുന്ന മറ്റ് കന്യാസ്ത്രീകളോടൊന്നും റൂത്ത് ഒന്നും വെളിപ്പെടുത്തിയിരുന്നില്ല. അവരെല്ലാം റൂത്തിനേക്കാൾ പ്രായം കുറഞ്ഞവരും റൂത്തിനെ അമ്മയെപ്പോലെ കാണുന്നവരുമായിരുന്നു.
“ഉത്തരവാദിത്തങ്ങളെല്ലാം നിറവേറ്റുകയും ഒന്നും സംഭവിക്കാത്തതുപോലെ അഭിനയിക്കേണ്ടിവരികയും ചെയ്യുന്നതിന്റെ നിരന്തര സംഘർഷം വിവരിക്കാനാവില്ല,” അവർ പറയുന്നു.
ഭയം, ആശയക്കുഴപ്പം, വേദന എന്നിവയൊക്കെ അനുഭവിക്കുന്നുണ്ടെങ്കിലും, ഏറ്റവും കൂടുതൽ റൂത്തിനെ ഉലച്ചത് ഒറ്റ വികാരമായിരുന്നു — ലജ്ജ.
കന്യാസ്ത്രീയാകാനുള്ള വർഷങ്ങൾ നീണ്ട പരിശീലനം, ആ ലജ്ജയെ അവരുടെ ശരീരത്തിൽ കൊത്തിവെച്ചിരുന്നു. ആക്രമണം നേരിട്ട ആ രണ്ടു വർഷങ്ങളിൽ ഒരിക്കൽ പോലും താനൊരു ഇരയോ അതിജീവിതയോ ആണെന്ന് അവർക്ക് തോന്നിയതേയില്ല. മറിച്ച്, കന്യകാത്വവ്രതത്താൽ ബന്ധിതയും ‘പരിശുദ്ധി’യെ യോഗ്യതയായി കണക്കാക്കുന്ന ഒരു സ്ഥാപനത്താൽ രൂപപ്പെടുത്തിയെടുക്കപ്പെട്ടവളുമായ അവർക്ക്, താൻ ഒരു പാപിയായി മാറിയെന്ന് തോന്നി.
ഈ മാനസിക വ്യഥ ഒറ്റയ്ക്ക് ചുമക്കാൻ കഴിയാതെ വന്നപ്പോൾ, റൂത്ത് ഫ്രാങ്കോയെക്കുറിച്ചുള്ള കാര്യങ്ങൾ ലിസ്സിയോട് വിശ്വസിച്ച് പറഞ്ഞു.
എന്നാൽ, മുതിർന്ന ആ കന്യാസ്ത്രീയെ ആ വെളിപ്പെടുത്തൽ വലുതായി ഞെട്ടിച്ചില്ല.
“കന്യാസ്ത്രീകൾ പലപ്പോഴും എന്നോട് വ്യക്തിപരമായ കാര്യങ്ങൾ പറയാറുണ്ട്. സഭയ്ക്കകത്ത് നടക്കുന്ന ഇത്തരം സംഭവങ്ങൾ എനിക്ക് കേട്ട് പരിചയവുമുണ്ട്.
എങ്ങിനെ അതിനെ അതിജീവിക്കാമെന്ന് ഞാൻ അവർക്ക് പറഞ്ഞുകൊടുക്കുകയും ചെയ്യും,” ലിസ്സി എന്നോട് പിന്നീട് പറഞ്ഞു. പക്ഷേ സ്വന്തം ആത്മീയപുത്രിക്ക് ഇത് സംഭവിച്ചു എന്നതവർക്ക് വലിയ വേദനയുണ്ടാക്കി.
രണ്ടുപേരും കരഞ്ഞു. ദു:ഖത്തോടൊപ്പം ഭയവും തോന്നാൻ തുടങ്ങി.
ഈ അതിക്രമത്തെക്കുറിച്ച് മറ്റാരോടും ലിസ്സി ഉടനെ റൂത്തിനെ ചട്ടം കെട്ടി.
“എന്റെ കുഞ്ഞേ, നീ ഒരു പുരോഹിതനെതിരെയാണ് കുറ്റം ചാർത്തുന്നത്. നമുക്ക് ചെയ്യാൻ പറ്റുന്ന ഏക കാര്യം, അദ്ദേഹത്തിന്റെ ഉള്ളിലുള്ള ചെകുത്താൻ എത്രയും വേഗം ഒഴിഞ്ഞുപോകട്ടെ എന്ന് പ്രാർത്ഥിക്കുക മാത്രമാണ്,” ലിസ്സി പറഞ്ഞതായി റൂത്ത് ഓർക്കുന്നു.
ഇത് രഹസ്യമാക്കിവെക്കാൻ എന്തുകൊണ്ടാണ് ആവശ്യപ്പെട്ടതെന്ന് ലിസ്സിയോട് ഞാൻ ചോദിച്ചപ്പോൾ, “ഇതൊന്നും പരസ്യമാക്കാതിരിക്കാനാണ് ഒരു കന്യാസ്ത്രീയെ പരിശീലിപ്പിക്കുന്നത്” എന്നായിരുന്നു മറുപടി.
തൻ്റെ കന്യാവ്രതം 'ഭേദിക്കപ്പെട്ടതു' മുതൽ ജീവിതത്തോടുള്ള താൽപര്യം കണ്ടെത്താൻ താൻ വിഷമിക്കുകയാണെന്നും റൂത്ത് ലിസിയോട് പറഞ്ഞു. ആ നിമിഷം മുതൽ ഇന്നുവരെ, റൂത്ത് “ജീവനോടിരിക്കുക” എന്നതാണ് ലിസിയുടെ ഏക ലക്ഷ്യം.
അപമാനത്തിൻ്റെ ഈ ഭാരം റൂത്തിനെ കുമ്പസാരക്കൂട്ടിലേക്ക് നയിച്ചു.
കത്തോലിക്കാവിശ്വാസമനുസരിച്ച്, കുമ്പസാരമെന്നത്, പാപമോചനത്തിനുള്ള വിശുദ്ധ കർമ്മമാണ്. പശ്ചാത്താപത്തിൽ നിന്ന് പ്രായശ്ചിത്തത്തിലേക്കുള്ള യാത്ര. പരിപൂർണ്ണമായ പാപബോധമാണ് കുമ്പസാരത്തിന് പ്രഥമമായും വേണ്ടത്. ഒരു വ്യക്തി തന്റെ ‘പാപങ്ങൾ’ കുമ്പസാരിച്ചു കഴിഞ്ഞാൽ, ക്രിസ്തുവിൻ്റെ പ്രതിരൂപമായ പുരോഹിതൻ മാപ്പ് നൽകുന്നു.
ലൈംഗികാതിക്രമത്തിന്റെ പശ്ചാത്തലത്തിൽ, കുമ്പസാരത്തിന് സങ്കീർണ്ണവും ആഴമുള്ളതുമായ ഒരു തലം കൈ വന്നിരുന്നു. ധാർമ്മികമായ പരാജയമെന്ന രീതിയിൽ തന്റെ അനുഭവങ്ങളെ കാണാൻ അത് റൂത്തിനെ നിർബന്ധിതയാക്കി.
പല പുരോഹിതന്മാരോടും റൂത്ത് സംസാരിച്ചെങ്കിലും, ഒട്ടുമിക്ക പേരും അവരെ പരോക്ഷമായി കുറ്റപ്പെടുത്തുകയായിരുന്നു. “‘നിങ്ങൾ മാന്യമായി നടക്കണമായിരുന്നു,’ അല്ലെങ്കിൽ ‘നിങ്ങൾ മാന്യമായ രീതിയിൽ വേണമായിരുന്നു അദ്ദേഹത്തിന്റെ മുമ്പിൽ പോവാൻ’ എന്നൊക്കെയാണ് അവരെന്നോട് പറഞ്ഞത്,” റൂത്ത് പറഞ്ഞു.
“ഒരാൾ പോലും ഇത് നിങ്ങളുടെ തെറ്റല്ലെന്ന് പറഞ്ഞില്ലേ?” ഞാൻ അവരോട് ചോദിച്ചു.
“പറഞ്ഞു, ഒരാൾ പറഞ്ഞു.”
2016 സെപ്റ്റംബറിൽ, നീന, ആൻസിറ്റ, അനുപമ എന്നീ സിസ്റ്റർമാരോടൊപ്പം റൂത്ത് ഇരുനൂറ് കിലോമീറ്റർ അകലെ അട്ടപ്പാടിയിലുള്ള ഒരു ആത്മീയകേന്ദ്രത്തിലേക്ക് പോയി.
അവിടെവെച്ച് അവർ മറ്റൊരു പുരോഹിതനോട് കുമ്പസാരിച്ചു.
“ആദ്യമായി ഒരു പുരോഹിതൻ എന്നോട് പറഞ്ഞു, അതിനെ ചെറുക്കണമെന്ന്. ഞാൻ അദ്ദേഹത്തോട് ചോദിച്ചു, ‘ഇത് പരസ്യമായാൽ, ഞാനെവിടെ പോവും?’”
അതിനകം റൂത്തിന്റെ അപ്പച്ചൻ മരിച്ചുപോയിരുന്നു. വീട്ടിൽപോയി തന്റെ സഹോദരങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാക്കാൻ റൂത്ത് ആഗ്രഹിച്ചിരുന്നില്ല. എല്ലാറ്റിനുമുപരിയായി, കുട്ടിക്കാലത്ത് താൻ തിരഞ്ഞെടുത്ത മാർഗം ഉപേക്ഷിക്കാനും അവർ തയ്യാറല്ലായിരുന്നു.
കേരളത്തിലെ ഒരു കന്യാസ്ത്രീക്ക്, മഠം ഉപേക്ഷിക്കുമ്പോഴുണ്ടാകുന്ന അപമാനം ആരംഭിക്കുന്നത് ഭാഷയിൽ നിന്നാണ്. “മഠം ചാടിയ സിസ്റ്റർ” എന്നൊരു പരിഹാസം തന്നെയുണ്ട് മലയാളത്തിൽ. രാജിവെച്ചു, വിട്ടുപോയി എന്നീ വാക്കുകൾ നൽകുന്ന മാന്യത കന്യാസ്ത്രീക്ക് മഠം ഉപേക്ഷിക്കുമ്പോൾ ലഭിക്കില്ല.
1970-കളിൽ, ചെറിയ കുട്ടിയായിരിക്കുമ്പോൾ, തൻ്റെ അയൽക്കാർ മറ്റൊരു സ്ത്രീയെ വിശേഷിപ്പിക്കാൻ ഈ പദം ഉപയോഗിക്കുന്നത് റൂത്ത് ശ്രദ്ധിച്ചിരുന്നു. ആ സ്ത്രീയുടെ ബന്ധുക്കളെല്ലാം “മഠത്തിൽ നിന്ന് ചാടിയ” കന്യാസ്ത്രീയുടെ പേരിലാണ് പിന്നീട് അറിയപ്പെട്ടത്. “അതുകൊണ്ടാണ് ഈ ശ്രമങ്ങളെല്ലാം ഇത്രയധികം അപമാനകരമാകുന്നത്.”
ഒരാളുടെ അവകാശബോധത്തെ നിർവചിക്കുന്നതിൽ ഭാഷ എന്തെങ്കിലും പങ്ക് വഹിക്കുന്നുണ്ടെങ്കിൽ, റൂത്തിന് വേണ്ടി അത് നിർവചിച്ചു കൊടുത്തത് പുറത്താക്കലുകളും ചട്ടക്കൂടുകളുമൊക്കെയായിരുന്നു.
ആ പുരോഹിതൻ റൂത്തിന് ഒരു പരിഹാരമാർഗ്ഗം നിർദേശിച്ചു. “‘നിങ്ങൾക്ക് എപ്പോഴെങ്കിലും പോകേണ്ടി വന്നാൽ, നിങ്ങൾക്ക് ഇവിടെ വരാം,’ എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. പക്ഷേ, അതിക്രമത്തിനെതിരെ ഞാൻ ശക്തമായി നിലകൊള്ളണമെന്ന നിർബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു.”
അതുവരെ ശ്വാസം അടക്കിപ്പിടിച്ചിരുന്ന റൂത്തിന് പെട്ടെന്ന് ചെറുതായി ശ്വസിക്കാൻ കഴിയുന്ന പോലെ തോന്നി. “ചിലപ്പോൾ ഒരൊറ്റ വ്യക്തി മതിയാകും,” അവർ പറഞ്ഞു.
അജ്ഞാതമായി കുമ്പസാരിച്ചതിനാൽ, ഇന്നുവരെ ആ പുരോഹിതൻ ആരാണെന്ന് അവർക്ക് അറിയില്ല. ധീരമായ ഒരു ശബ്ദമായി റൂത്തിന്റെ മനസ്സിൽ അദ്ദേഹം ഇന്നും നിലകൊള്ളുന്നു.
ഇത്രയധികം കുമ്പസാരിക്കാൻ എന്താണുള്ളതെന്ന് മറ്റ് കന്യാസ്ത്രീകൾ അതിനുശേഷം റൂത്തിനോട് ചോദിച്ചു. ഒടുവിൽ അവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടു. അവരോട് അവർ കഥകളെല്ലാം തുറന്നുപറഞ്ഞു.
“ഇതൊന്നും സംഭവിക്കുന്നുണ്ടെന്ന് ഞങ്ങൾക്ക് ഒരറിവും ഉണ്ടായിരുന്നില്ല,” നീന എന്നോട് പറഞ്ഞു.
ഞെട്ടലോടും വേദനയോടും എല്ലാം കേട്ടിരുന്ന അവർ, ഇനി ഫ്രാങ്കോ കോൺവെന്റിലേക്ക് വന്നാൽ റൂത്ത് സുരക്ഷിതയായിരിക്കുമെന്ന് ഉറപ്പ് നൽകി. “ഞങ്ങളെക്കൊണ്ടാവുന്ന രീതിയിൽ നിങ്ങളെ ഞങ്ങൾ സംരക്ഷിക്കും,” എന്നവരോട് പറഞ്ഞതായി നീന ഓർമ്മിച്ചു.
അദ്ധ്യായം 5: ചീട്ടുകൊട്ടാരം
2016 ഒക്ടോബർ 4-ന്, മറ്റ് കന്യാസ്ത്രീകളോടൊപ്പം റൂത്ത് ഫ്രാങ്കോയെ ഫോണിൽ വിളിച്ചു. ഫ്രാങ്കോ ഇനി കോൺവെന്റിൽ വരാൻ പാടില്ലെന്ന് അവർ അയാളോട് പറഞ്ഞതായി കോടതി രേഖകൾ സൂചിപ്പിക്കുന്നു. അവരുടെ ആദ്യത്തെ കൂട്ടായ ചെറുത്തുനിൽപ്പായിരുന്നു അത്.
ഒരു പുരോഹിതൻ്റെ ആശ്വാസ വാക്കുകളും, കൂടെയുള്ള കന്യാസ്ത്രീകളുടെ പിന്തുണയുമായപ്പോൾ, “കൈകൾ കെട്ടിയിട്ടിട്ടും നിർജ്ജീവമായ ശരീരം മുന്നോട്ട് ചലിക്കുന്നതു” പോലെ റൂത്തിന് തോന്നി.
ഏതാനും ആഴ്ചകൾക്കുള്ളിൽ, ജലന്ധറിൽനിന്ന് റൂത്തിന് ഒരു ഫോൺ കോൾ വന്നു. അവരുടെ കസിൻ ജയ, കത്തോലിക്കാ സഭയിൽ ഒരു പരാതി നൽകിയിരിക്കുന്നു. ജയയുടെ ഭർത്താവുമായി റൂത്തിന് ‘അവിഹിത ബന്ധ’മുണ്ടെന്നായിരുന്നു അതിലെ ആരോപണം.
2017 ഫെബ്രുവരിയിൽ, റൂത്തിനെ അവരുടെ പദവിയിൽ നിന്ന് നീക്കം ചെയ്തു. ഈ ഉത്തരവ് നേരിട്ട് ഫ്രാങ്കോയുടെ പക്കൽ നിന്നാണ് വന്നതെന്ന് റൂത്തിന് അറിവ് കിട്ടി. “ഈ സംഭവത്തോടുള്ള സഭയുടെ ആദ്യത്തെ പ്രതികരണമായിരുന്നു അത്,” റൂത്ത് പറഞ്ഞു.
അങ്ങനെയിരിക്കെയാണ്, സിസ്റ്റർ ടിൻസി എന്ന കന്യാസ്ത്രീ മദർ സുപ്പീരിയറായി ചുമതലയേൽക്കുന്നത്. ഇനി കോൺവെന്റിലേക്ക് വരണമെങ്കിൽ ഫ്രാങ്കോയ്ക്ക് റൂത്തിനെ അറിയിക്കേണ്ട ആവശ്യമില്ലെന്നായി. തന്നെ ഫ്രാങ്കോ നേരിട്ടയച്ചതാണെന്ന് ഇടയ്ക്കിടെ ടിൻസി പറഞ്ഞിരുന്നത് നീന ഓർമ്മിച്ചു.
ഭയം മറ്റെല്ലാ വികാരങ്ങളെയും പിന്നിലാക്കി കഴിഞ്ഞിരുന്നു.
അങ്ങനെ കന്യാസ്ത്രീ ജീവിതം ഉപേക്ഷിക്കാൻ റൂത്ത് തയ്യാറെടുത്തു. അവരോടൊപ്പം, മറ്റ് ചില കന്യാസ്ത്രീകളും ആ വഴി പിന്തുടരാൻ തീരുമാനിച്ചു.
വീട്ടിലേക്ക് മടങ്ങുന്നതിന് മുമ്പായി, തന്റെ കുടുംബത്തോട് നടന്ന സംഭവങ്ങളെല്ലാം അവർ വിവരിച്ചു. എന്നാൽ നാട്ടുകാർ പരിഹസിക്കും എന്ന് കരുതി വീട്ടിലേക്ക് മടങ്ങുന്നതിൽ നിന്ന് അവർ റൂത്തിനെ പിന്തിരിപ്പിച്ചു. “സഭയുടെ സൽപ്പേര്” സംരക്ഷിക്കാൻ ഈ വിഷയം രഹസ്യമായി സൂക്ഷിക്കണമെന്ന് അവർ റൂത്തിനോട് അഭ്യർത്ഥിച്ചു.
ഒടുവിൽ, മറ്റെങ്ങും പോകാനില്ലാത്തതിനാൽ, ഫ്രാങ്കോയ്ക്ക് ശിക്ഷ ഉറപ്പാക്കണമെന്ന് കന്യാസ്ത്രീകൾ തീരുമാനമെടുത്തു.
വെളിച്ചത്തുവന്ന കാര്യങ്ങളിൽ നിന്ന് ഇനി തിരിഞ്ഞുനടക്കാനാവില്ല. അതുകൊണ്ടൊരു ആഭ്യന്തര അന്വേഷണമായിരുന്നു അവരുടെ ആവശ്യം.
ഇതോടെയാണ് അവർ കത്തോലിക്കാ സഭയിലെ അധികാരികൾക്ക് കത്തുകൾ എഴുതാൻ തുടങ്ങിയത്. 2017 ജൂലൈയിൽ, റൂത്ത് ആദ്യം പ്രാദേശിക വൈദികരുമായും, തുടർന്ന് ബിഷപ്പുമാരായ മാർ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ്പ് സെബാസ്റ്റ്യൻ വടക്കേൽ എന്നിവരുമായും സിറോ-മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പായിരുന്ന കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായും സംസാരിച്ചു.
മാർപ്പാപ്പ കഴിഞ്ഞാൽ ഏറ്റവും ഉയർന്ന പദവിയുള്ള വൈദികരാണ് കർദിനാളുമാർ, മാർപ്പാപ്പയുടെ വളരെയടുത്ത ഉപദേശകരുമാണവർ.
താമസിയാതെ, ഈ വിവരം ഫ്രാങ്കോയുടെ അടുത്തെത്തി. പ്രതികാരനടപടി പെട്ടെന്നായിരുന്നു.
നീനയെ പരീക്ഷയിൽ നിന്ന് അയോഗ്യയാക്കുമെന്ന് ഭീഷണിപ്പെടുത്തി. അനുപമയെ സ്ഥലം മാറ്റുകയും പദവിയിൽനിന്ന് തരംതാഴ്ത്തുകയും ചെയ്തു. റൂത്തും അനുപമയും ആത്മഹത്യാഭീഷണി മുഴക്കിയെന്ന് ആരോപിച്ച് ജലന്ധർ രൂപത പോലീസിൽ പരാതി നൽകി. മറ്റൊരു കന്യാസ്ത്രീയെ ശാരീരികമായി ആക്രമിച്ചു എന്നും റൂത്തിനെതിരെ ആരോപണമുയർന്നു.
റൂത്തിനെതിരെ അന്വേഷണത്തിനായി ഒരു സമിതി നിയോഗിക്കപ്പെട്ടു.
അവർ പരിഭ്രാന്തയായി.
2018-ൽ, ഇന്ത്യയുടേയും നേപ്പാളിൻ്റേയും അപ്പോസ്തലിക്ക് നൻസിയോ ആയ ആർച്ച്ബിഷപ്പ് ജിയാംബാറ്റിസ്റ്റ ഡിക്വത്രോയ്ക്ക് റൂത്ത് സ്വന്തം കൈപ്പടയിലെഴുതിയ ഒരു കത്തയച്ചു. ഇന്ത്യയിലെ കത്തോലിക്കാ സഭയിലെ ഏറ്റവും ഉന്നത പദവിയിലുള്ള വ്യക്തിയാണ് അദ്ദേഹം.
വത്തിക്കാന്റെ നയതന്ത്ര അംബാസഡറുടെ സ്ഥാനമാണ് നൻസിയോയുടേത്.
വിചാരണയ്ക്കിടെ, ഭഗൽപൂർ രൂപതയുടെ ബിഷപ്പ് കുര്യൻ വലിയകണ്ടത്തിൽ, റൂത്തിൻ്റെ കത്ത് താൻ നേരിട്ട് നൻസിയോയ്ക്ക് കൈമാറിയെന്ന് കോടതിയിൽ പറഞ്ഞു. നൻസിയോ കത്ത് തുറന്നപ്പോൾ, അദ്ദേഹം “റേപ്പ്” (ബലാത്സംഗം) എന്ന വാക്ക് ഉച്ചരിച്ചുവെന്നും, “ഇതൊരു ഗുരുതരമായ കാര്യമാണ്” എന്ന് അഭിപ്രായപ്പെട്ടുകൊണ്ട് ഫയൽ അടച്ചു എന്നും കുര്യൻ പറഞ്ഞു.
വത്തിക്കാൻ ഓഫീസിലെ ഉദ്യോഗസ്ഥരായ കർദ്ദിനാൾ മാർക് ഔലറ്റ്, കത്തോലിക്കാസഭയുടെ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ ലൂയീസ് താഗ്‌ലെ എന്നിവർക്കും, പോപ്പ് ഫ്രാൻസിസിനും റൂത്ത് കത്തുകൾ എഴുതിയിരുന്നു.
വിഷയം റിപ്പോർട്ട് ചെയ്യാനുള്ള ശ്രമത്തിൽ, സാധ്യമായ എല്ലാ അധികാരികളുടെയും സഹായം റൂത്ത് തേടിയിരുന്നു. മൊത്തത്തിൽ, അവർ 20-ൽ അധികം വൈദികരുമായി ബന്ധപ്പെടുകയും 14 തവണ ഔപചാരികമായി സംഭവം റിപ്പോർട്ട് ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.
അവർക്ക് ലഭിച്ചത് നിശ്ശബ്ദതയായിരുന്നു.
കാലക്രമേണ, താൻ സമീപിച്ച മുതിർന്ന സഭാ ഉദ്യോഗസ്ഥരിൽ പലരും സ്വന്തമായി ആരോപണങ്ങൾ നേരിടുന്നവരായിരുന്നു എന്ന് റൂത്ത് തിരിച്ചറിഞ്ഞു.
വലിയൊരു ഭൂമിയിടപാട് കേസിൽ കുറ്റാരോപിതനായിരുന്ന കർദ്ദിനാൾ ആലഞ്ചേരി, ആരോഗ്യകാരണങ്ങളാൽ 2023-ൽ രാജിവെച്ചു.
അഴിമതിക്കാരായ ബിഷപ്പുമാരെ സംരക്ഷിച്ചു എന്ന ഇന്ത്യൻ കത്തോലിക്കാ ഗ്രൂപ്പുകളുടെ ആരോപണങ്ങൾക്കിടയിൽ, അപ്പോസ്തലിക്ക് നൻസിയോ ജിയാംബാറ്റിസ്റ്റ ഡിക്വത്രോയെ 2020-ൽ ബ്രസീലിലേക്ക് സ്ഥലം മാറ്റി.
2022-ൽ, ലൈംഗികമായ സ്വഭാവദൂഷ്യം ആരോപിക്കപ്പെട്ട കർദ്ദിനാൾ മാർക്ക് ഔലറ്റ് 2023-ൽ വിരമിച്ചു. ഒരു കന്യാസ്ത്രീയെ കാരണമില്ലാതെ പുറത്താക്കി എന്ന “ഗുരുതരമായ കൃത്യവിലോപത്തിന്” അടുത്ത വർഷം ഒരു ഫ്രഞ്ച് കോടതി അയാൾക്ക് നേരെ കുറ്റം ചുമത്തി.
ഈ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാൻ ഞാൻ ശ്രമിച്ചപ്പോൾ,
പ്രതികരണം ലഭിച്ചത് ഔലറ്റിന്റെ വക്താവിൽ നിന്നു മാത്രമാണ്. മുൻ കർദിനാളിന് ഈ കേസിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു അദ്ദേഹം എന്നോട് പറഞ്ഞത്.
ഒരു സായാഹ്നത്തിൽ, റൂത്ത് സഭക്ക് അയച്ച കത്തുകളും ഈമെയിലുകളും വായിച്ചുകൊണ്ട് ഞങ്ങളിരിക്കുമ്പോൾ, അവരുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു. ഉദ്യോഗസ്ഥരുടെ നിശ്ശബ്ദതയിൽ അത്ഭുതം തോന്നിയിരുന്നോ എന്ന് ഞാൻ അവരോട് ചോദിച്ചു.
എന്റെ ചോദ്യം കേട്ട് അവർ ചിരിക്കുകയായിരുന്നു.
“ഞാൻ ഒരു വിഡ്ഢിയായിരുന്നു. പിറ്റേ ദിവസം തന്നെ എനിക്ക് മറുപടി കിട്ടുമെന്ന് ഞാൻ പ്രതീക്ഷിച്ചു. അവരെല്ലാം ‘ദൈവത്തിൻ്റെ പ്രതിപുരുഷന്മാർ’ ആണെന്ന് ഞാൻ ശരിക്കും വിശ്വസിച്ചിരുന്നു. അവർ തീർച്ചയായും നടപടിയെടുക്കുമെന്നും, എല്ലാ പ്രശ്നങ്ങളും അവസാനിക്കുമെന്നും ഞാൻ കരുതി. പക്ഷേ എന്റെ എല്ലാ തോന്നലുകളും വെറുതെയായി,” അവർ പറഞ്ഞു.
2018 ജൂണിൽ, റൂത്തിനെതിരെയും അവരുടെ സഹോദരനെതിരെയും അഞ്ച് കന്യാസ്ത്രീകളുടെ കുടുംബാംഗങ്ങൾക്കെതിരെയും ജലന്ധർ രൂപത കോട്ടയം എസ്.പി.ക്ക് പരാതി നൽകി. ഫ്രാങ്കോയെ കൊലപ്പെടുത്താൻ ഭീഷണിപ്പെടുത്തി എന്നായിരുന്നു ആരോപണം.
ഈ പരാതി പിന്നീട് വൈക്കം ഡി.വൈ.എസ്.പി.ക്ക് കൈമാറി.
തുടർന്ന്, പോലീസിനോട് കാര്യങ്ങൾ തുറന്നുപറയാൻ സമയമായെന്ന് റൂത്ത് തൻ്റെ സഹോദരനോട് പറഞ്ഞു. ഇതിനോടകം, റൂത്ത് അദ്ദേഹത്തെ പീഡനവിവരം അറിയിച്ചിരുന്നു.
കത്തോലിക്കാ സഭയ്ക്കുള്ളിൽ ആശ്രയിക്കാൻ മറ്റാരുമില്ലാതായപ്പോൾ, റൂത്ത് അപ്പോസ്തലിക്ക് നൻസിയോയ്ക്ക് കൊടുത്ത അതേ പരാതി ഒരു കേസായി ഫയൽ ചെയ്തു. അധികാരസ്ഥാനത്തിരിക്കുന്നയാൾ ആവർത്തിച്ച് ബലാത്സംഗം ചെയ്യുക, അന്യായമായി തടങ്കലിൽ വെക്കുക, പ്രകൃതിവിരുദ്ധ കുറ്റകൃത്യങ്ങൾ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ഫ്രാങ്കോയ്‌ക്കെതിരെ ചുമത്തിയത്.
“മറ്റുവഴികളെല്ലാമടഞ്ഞിരുന്നു... തുറന്ന് പറയുകയല്ലാതെ മറ്റൊരു മാർഗ്ഗവും ബാക്കിയുണ്ടായിരുന്നില്ല,” റൂത്ത് പറഞ്ഞു. കഴിയുമെങ്കിൽ സഭയ്ക്കകത്ത് വെച്ചു തന്നെ ഇത് പരിഹരിക്കണമെന്ന നിലപാടാണ് അന്നും ഇന്നും റൂത്തിനുള്ളത്.
“അയാളെന്നെ വെറുതെ വിടണം എന്ന് മാത്രമേ എനിക്കുണ്ടായിരുന്നുള്ളു,” റൂത്ത് പറഞ്ഞു.
പൊലീസിൽ പരാതി കൊടുത്തതോടെ, കേസ് കത്തോലിക്കാ സഭയുടെ അധികാരപരിധിക്ക് പുറത്തായി. റൂത്തിന്റെ പരാതിയെക്കുറിച്ചുള്ള വാർത്ത പരന്നു.
ആരോപണങ്ങൾ തീർത്തും ഗൗരവമുള്ളതായിരുന്നുവെങ്കിലും, 80 ദിവസങ്ങളോളം ഫ്രാങ്കോ സ്വതന്ത്രനായി നടന്നു.
2018 സെപ്റ്റംബർ 8-ന്, റൂത്തിനെ പിന്തുണച്ച് അഞ്ച് കന്യാസ്ത്രീകൾ കൊച്ചിയിൽ കുത്തിയിരിപ്പ് പ്രതിഷേധം ആരംഭിച്ചു. ഫ്രാങ്കോയെ ഉടനടി അറസ്റ്റ് ചെയ്യണം എന്നായിരുന്നു അവരുടെ ആവശ്യം.
ഈ സമയത്താണ്, ‘സേവ് ഔർ സിസ്റ്റേഴ്സ്’ (SOS) എന്ന പേരിൽ പള്ളിയിലെ അനുഭാവികളുടേയും ആക്ടിവിസ്റ്റുകളുടേയും ഒരു സംഘം രൂപീകരിക്കപ്പെട്ടത്. ഏതാനും നാളുകൾക്കുള്ളിൽ തന്നെ പ്രതിഷേധം ശക്തിയാർജ്ജിച്ചിരുന്നു.
സേവ് അവർ സിസ്റ്റേഴ്സ് ഫോറത്തിന്റെ സ്ഥാപകാംഗങ്ങളിൽ ഒരാളായ ഷൈജു ആന്റണി എല്ലാ ദിവസവും സമരത്തിൽ പങ്കെടുക്കുമായിരുന്നു.
“പോലീസ് കേസ് രജിസ്റ്റർ ചെയ്തതിനുശേഷം, ജോയിന്റ് ക്രിസ്ത്യൻ കൗൺസിലിലെ അംഗങ്ങൾ ഉൾപ്പെടെ ഞങ്ങളിൽ പലരും ഫ്രാങ്കോയുടെ അറസ്റ്റിനായി പ്രതിഷേധിക്കാൻ ഒരുമിച്ചു," അദ്ദേഹം പറഞ്ഞു. തുടക്കത്തിൽ, എസ്.ഒ.എസ്. രൂപീകരിച്ചത് “ഒരു സംഘടനയായിട്ടല്ല, ഒരു പ്രസ്ഥാനമായിട്ടാണ്.”
"അവരുടെ ഐക്യദാർഢ്യത്തിനായി മുന്നോട്ട് വരിക എന്നതായിരുന്നു ആശയം. പക്ഷേ, അതിന് അത്രയധികം സാധ്യതയുണ്ടെന്ന് ഞങ്ങൾ കരുതിയിരുന്നില്ല," അദ്ദേഹം കൂട്ടിച്ചേർത്തു. “എന്നാൽ, മുന്നേറ്റത്തിന് ശക്തി കൂടിയതോടെ സാഹചര്യം വളരെ പെട്ടെന്ന് മാറി.”
ഒരു കപ്പൂച്ചിൻ പുരോഹിതനായ ഫാദർ ഡൊമിനിക് പത്യാല ആയിരുന്നു ഏറ്റവും ശക്തമായ ശബ്ദങ്ങളിൽ ഒന്ന്. “ജലന്ധറിലെ ആദ്യത്തെ ബിഷപ്പ് ഒരു വിശുദ്ധനായിരുന്നു. എന്നാലിന്നാ വിശുദ്ധന്റെ കസേരയിലിരിക്കുന്നതൊരു ചെകുത്താനാണ്,” അദ്ദേഹം പരസ്യമായി പറഞ്ഞു.
കേരളത്തിലും ആഗോളതലത്തിലും, ഒരു നിർണ്ണായക ഘട്ടത്തിലാണ് റൂത്തിൻ്റെ കേസ് വെളിപ്പെട്ടത്.
2017-ൽ, ഒരു പ്രമുഖ സിനിമാനടിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം, ഹോളിവുഡിലെ വെയ്ൻസ്റ്റീൻ വെളിപ്പെടുത്തലുകൾക്ക് മുൻപേ കേരളത്തിൽ ഒരു ഫെമിനിസ്റ്റ് മുന്നേറ്റത്തിന് തുടക്കമിട്ടിരുന്നു. 2018 ആയപ്പോഴേക്കും, ആഗോളതലത്തിൽ #MeToo പ്രസ്ഥാനം ശക്തിപ്പെട്ടു. കത്തോലിക്കാ സഭയും, വൈദികരുടെ ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള പരാതികൾ നേരിടുന്ന കാലമായിരുന്നു അത്. അത്തരം പരാതികൾ നിലനിൽക്കുന്നുണ്ടെന്ന് പോപ്പ് ഫ്രാൻസിസു പോലും സമ്മതിക്കേണ്ടിവന്നു.
ഒടുവിൽ, 2018-ൽ സെപ്റ്റംബർ 21-ന്, പദവിയിൽനിന്ന് താഴെയിറങ്ങിയ ഫ്രാങ്കോ അറസ്റ്റ് ചെയ്യപ്പെട്ടു.
ജയിലിലായിരുന്ന 21 ദിവസവും ഫ്രാങ്കോയെ ഉയർന്ന പദവിയിലിരിക്കുന്ന നിരവധി പുരോഹിതന്മാർ സന്ദർശിച്ചിരുന്നു. അതൊരു ആത്മീയധ്യാനത്തിനുള്ള അവസരമായാണ് താൻ കണ്ടതെന്ന് ഫ്രാങ്കോ പറഞ്ഞു.
“ഞാൻ വായിച്ചു, പ്രാർത്ഥിച്ചു, തടവുകാരുമായി ഇടപെട്ടു, അവർക്ക് യേശുവിൻ്റെ കഥകൾ പറഞ്ഞു കൊടുത്തു,” അയാൾ പറഞ്ഞു. “നിർബന്ധിത മതപരിവർത്തനത്തിന് കുറ്റം ചുമത്തും എന്നതുകൊണ്ട് മാത്രമാണ് ഞാൻ ആരെയും മാമോദീസ മുക്കാതിരുന്നത്. അല്ലെങ്കിൽ അതും ഞാൻ ചെയ്യുമായിരുന്നു.”
അതേസമയം, കത്തോലിക്കാ മെത്രാൻ സമിതി (CBCI) കന്യാസ്ത്രീയുടെ ആരോപണങ്ങളിൽ “അഗാധമായ വേദന” രേഖപ്പെടുത്തുകയും, “സഭയ്‌ക്കെതിരായ നിരന്തരമായ ആക്രമണങ്ങൾക്ക്” മാധ്യമങ്ങളെ വിമർശിക്കുകയും ചെയ്തുകൊണ്ട് ഒരു പ്രസ്താവന പുറത്തിറക്കി.
കത്തോലിക്കാ സഭയുടെ സന്ദേശം വ്യക്തമായിരുന്നു: ഫ്രാങ്കോയെ കൈവിടില്ല.
ഒക്ടോബർ 15-ന് ഫ്രാങ്കോ ജാമ്യത്തിൽ പുറത്തിറങ്ങിയപ്പോൾ, അയാളുടെ അനുയായികൾ കേരളത്തിലും ജലന്ധറിലുമായി വലിയ ആഘോഷങ്ങൾ സംഘടിപ്പിച്ചു.
കത്തോലിക്കാസമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന ഒരാത്മീയ പ്രതിസന്ധിയുടെ ഉദാഹരണമായാണ് തന്റെ കേസിനെ മാധ്യമങ്ങൾക്കുമുമ്പിൽ അയാൾ അവതരിപ്പിച്ചത്. “ഈ കാര്യത്തിൽ മൂന്നുപേർക്ക് മാത്രമേ സത്യം അറിയൂ. പരാതിക്കാരിക്കും, എനിക്കും, ദൈവത്തിനും. സത്യം വിജയിക്കട്ടെ,” അയാൾ പറഞ്ഞു.
ഈ കാലയളവിലുടനീളം, റൂത്ത് കോൺവെന്റിനുള്ളിൽ തന്നെ കഴിഞ്ഞു. 2020 സെപ്റ്റംബറിൽ വിചാരണ ആരംഭിച്ചപ്പോൾ കോടതിയിൽ മൊഴി നൽകാൻ വേണ്ടി മാത്രമാണ് അവർ പുറത്തിറങ്ങിയത്.
ഫ്രാങ്കോയുടെ അഭിഭാഷകർ 10 ദിവസത്തിലധികം റൂത്തിനെ ക്രോസ് വിസ്താരം ചെയ്തു. “ഞാൻ ഇടതടവില്ലാതെ കരഞ്ഞു, എൻ്റെ എല്ലാ അന്തസ്സും നഷ്ടപ്പെട്ടത് പോലെ എനിക്ക് തോന്നി,” അവർ പറഞ്ഞു.
ഫ്രാങ്കോയെ അവർക്ക് നേർക്കുനേർ കാണേണ്ടി വന്ന ഒരേയൊരു സമയം അതായിരുന്നു.
“അവർ [കോടതി] എന്നോട് ചോദിച്ചു, ‘ഇയാളാണോ അത്?’ അയാൾ എന്നിൽ നിന്ന് അകലെ നിൽക്കുകയായിരുന്നു. ഞാൻ ഒരു നിമിഷം അയാളെ നോക്കി, എന്നിട്ട് മുഖം തിരിച്ചു,” അവർ പറഞ്ഞു.
ഫ്രാങ്കോയുടെ അഭിഭാഷകനായ രാമൻ പിള്ള തന്റെ നാടകീയവും, നിർദയവുമായും ചോദ്യം ചെയ്യലുകൾക്ക് പേരുകേട്ടയാളായിരുന്നു.
“ചില ചോദ്യങ്ങൾ എന്നെ പാടെ തകർത്തുകളഞ്ഞു,” റൂത്ത് പറഞ്ഞു. ചില സമയങ്ങളിൽ നിയന്ത്രണം വിട്ട് അവർ കരയുന്നതുവരെ അയാൾ ചില ചോദ്യങ്ങൾ ആവർത്തിച്ച് ചോദിക്കുമായിരുന്നു.
ഇടയ്ക്കൊക്കെ ജഡ്ജി ഇടപെടും. “ചോദിക്കുന്നതിന് ഒരതിരുണ്ടെന്ന് അദ്ദേഹം രാമൻ പിള്ളയോട് പറയും.”
നൂറ്റിയഞ്ച് ദിവസം വിചാരണക്കൂട്ടിൽ നിന്നതിനെക്കുറിച്ചുള്ള ഫ്രാങ്കോയുടെ ഓർമ്മകൾ തീർത്തും വ്യത്യസ്തമായിരുന്നു.
മെസ്സിയെയോ റൊണാൾഡോയെയോ ഒക്കെപ്പോലെ ഒരു താരപരിവേശമാണ് അയാൾക്ക് അനുഭവപ്പെട്ടത്. “ആൾക്കൂട്ടം എന്ത് പറയുന്നു എന്ന് അവർ ശ്രദ്ധിക്കാറേയില്ല. പന്തും ഗോൾ പോസ്റ്റും എവിടെയാണെന്ന് മാത്രമേ അവർ നോക്കാറുള്ളൂ,” ജൂലൈയിൽ കണ്ടുമുട്ടിയപ്പോൾ ഫ്രാങ്കോ എന്നോട് പറഞ്ഞു. “ഒന്നുകിൽ അവരെ വെട്ടിക്കണം, അല്ലെങ്കിൽ അടിക്കണം (എതിർകക്ഷിയെ). അല്ലെങ്കിൽ പന്ത് മറ്റാർക്കെങ്കിലും പാസ് ചെയ്ത് സ്വയം രക്ഷിക്കണം.”
പ്രോസിക്യൂഷന്റെ സാക്ഷികളൊന്നും കൂറ് മാറാതിരുന്നിട്ടും കുറ്റവിമുക്തനായി എന്നതിൽ അയാൾ അഭിമാനം കൊണ്ടു. “സാക്ഷികളെ വിലയ്ക്ക് വാങ്ങാൻ” സമ്മർദ്ദമുണ്ടായിരുന്നുവെന്ന് അയാൾ പറഞ്ഞു. “കൃത്രിമം കാണിക്കാതെ” കേസ് ജയിക്കാനാവില്ലെന്ന് തൻ്റെ അഭിഭാഷകർ തന്നോട് പറഞ്ഞതായും അയാൾ സൂചിപ്പിച്ചു.
പക്ഷേ അതിനോടെല്ലാം താൻ വിയോജിച്ചിരുന്നു എന്നാണ് ഫ്രാങ്കോ അവകാശപ്പെടുന്നത്. “ഞാൻ പറഞ്ഞു, ഞാൻ നിങ്ങൾക്ക് നൽകുന്ന ഫീസ് വരെയാണ് നിങ്ങളുടെ താൽപ്പര്യം. ഞാൻ ഒരിക്കലും വിലപേശിയിട്ടില്ല. നിങ്ങൾ ചോദിക്കുന്നത് ഞാൻ നൽകുന്നുണ്ട്. അതുകൊണ്ട് അത്രയും മതി.”
അതേസമയം, റൂത്തിന് മാത്രമല്ല, അവർക്കൊപ്പം നിന്ന അഞ്ച് കന്യാസ്ത്രീകൾക്കും കോൺവെൻ്റിനുള്ളിലെ ജീവിതം ദുസ്സഹമായി മാറിയിരുന്നു. ഫ്രാങ്കോയോട് കൂറുള്ള മറ്റ് എട്ട് പേർ അവരുമായി സംസാരിക്കാൻ വിസമ്മതിച്ചു, എല്ലാ ചുമതലകളിൽ നിന്നും അവരെ ഒഴിവാക്കി, അവരുടെ ചലനങ്ങളും സംഭാഷണങ്ങളും സന്ദർശകരെയും നിരീക്ഷിച്ച് തുടർച്ചയായ നിരീക്ഷണത്തിലാക്കി.
ഫ്രാങ്കോയെ അനുകൂലിക്കുന്ന കന്യാസ്ത്രീകൾ എങ്ങനെ പതിയിരുന്ന് അവരുടെ സംസാരങ്ങൾ കേൾക്കുമായിരുന്നത് നീന ഓർക്കുന്നു. “ഞങ്ങൾ ഒരു മൂല തിരിയുമ്പോൾ പെട്ടെന്ന് അവർ അവിടെ ഉണ്ടാവും. പിന്നെപ്പിന്നെ ഞങ്ങൾ ശബ്ദം താഴ്ത്തി സംസാരിക്കാൻ തുടങ്ങി. ആകെ ഭയം തോന്നിയിരുന്നു.”
റൂത്തിന്റേയും സഹകന്യാസ്ത്രീകളുടേയും ഐക്യം തകർക്കാൻ, സഭ അവരിൽ ഓരോരുത്തർക്കും ഒന്നിലധികം സ്ഥലം മാറ്റ ഉത്തരവുകൾ അയച്ചു. ആരും അത് അനുസരിച്ചില്ല.
“എനിക്ക് മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതുപോലെയും ഭ്രാന്തെടുക്കുന്നതുപോലെയും തോന്നി. ഞങ്ങൾ കുറേ കരഞ്ഞു. ജീവിതത്തിൽ ഒരു ലക്ഷ്യവുമില്ലാതായി,” നീന പറഞ്ഞു.
റൂത്ത് പലപ്പോഴും വിഷാദരോഗത്തിലേക്ക് വഴുതിപ്പോവുകയും, ആത്മഹത്യയെക്കുറിച്ച് സംസാരിക്കാൻ തുടങ്ങുകയും ചെയ്തു. പ്രതീക്ഷകൾ നഷ്ടപ്പെട്ടുവെങ്കിലും, റൂത്തിനെ ഒരിക്കലും ഒറ്റയ്ക്കാക്കാതിരിക്കാൻ കന്യാസ്ത്രീകൾ ശ്രദ്ധിച്ചു.
“എന്നിട്ടെന്ത് ചെയ്തു?” ഞാൻ ചോദിച്ചു.
“ഞങ്ങൾക്ക് കുറച്ച് കോഴികളെ കിട്ടി,” ഉള്ള് തുറന്ന് ചിരിച്ചുകൊണ്ട് നീന പറഞ്ഞു. “ഞങ്ങൾ അവയെ ‘കേസ് കോഴികൾ’ എന്ന് വിളിക്കും. ‘കേസ് മീനുകളും’ ഉണ്ടായിരുന്നു, പക്ഷേ അവയിൽ പലതും ചത്തുപോയി.”
വിചാരണയ്ക്കിടയിൽ, അഭ്യുദയകാംക്ഷികൾ നൽകിയതായിരുന്നു ആ കോഴികളും മീനുകളുമൊക്കെ. “ഞങ്ങൾ വെറുതെയിരിക്കാതിരിക്കാൻ,” നീന പറയുന്നു. “ഇപ്പോൾ ഇവറ്റകളോട് വല്ലാത്ത അടുപ്പമാണ്.”
മറ്റ് ചിലർ ചേർന്ന് റൂത്തിന് ഒരു തയ്യൽ മെഷീൻ വാങ്ങിക്കൊടുത്തു. “എനിക്ക് സമയം നീങ്ങിക്കിട്ടാൻ വേണ്ടി അവർ ചെയ്തതായിരുന്നു. അന്നൊക്കെ ഞാൻ പുറത്തേക്ക് ഇറങ്ങാറില്ലായിരുന്നു,” റൂത്ത് പറയുന്നു.
റൂത്തിൻ്റെ കുടുംബവും അവരുടെ പിന്നിൽ ഉറച്ചുനിന്നു.
ഫെമിനിസ്റ്റ് ദൈവശാസ്ത്രജ്ഞയായ കൊച്ചുറാണി, റൂത്തിനെയും മറ്റ് അതിജീവിതമാരെയും പിന്തുണയ്ക്കുന്നതിനായി 2019-ൽ കത്തോലിക്കാ വനിതകൾ ചേർന്ന് സ്ഥാപിച്ച കൂട്ടായ്മയായ സിസ്റ്റേഴ്സ് ഇൻ സോളിഡാരിറ്റിയുടെ (SIS) സ്ഥാപകാംഗങ്ങളിൽ ഒരാളാണ്.
എസ്.ഐ.എസ്., എസ്.ഒ.എസ്. കൂട്ടായ്മകളും കന്യാസ്ത്രീകളുടെ കുടുംബങ്ങളും സാമ്പത്തികവും, വൈകാരികവും, ആത്മീയവുമായ പിന്തുണ നൽകാൻ ഒന്നിച്ചുനിന്നു. കന്യാസ്ത്രീകൾ സ്വന്തമായി പച്ചക്കറി കൃഷി ചെയ്യാൻ തുടങ്ങി. “ഞങ്ങൾ അവരെ പഠനത്തിൽ വ്യാപൃതരാകാൻ പ്രേരിപ്പിച്ചു. അവർ കമ്പ്യൂട്ടർ ക്ലാസ്സുകളിൽ ചേർന്നു. തയ്യൽ ജോലിയും പഠിച്ചു,” കൊച്ചുറാണി പറഞ്ഞു.
എസ്.ഐ.എസ്. ഓഫ്‌ലൈനായും ഓൺലൈനായും കൗൺസിലിംഗ് നൽകാനും തുടങ്ങി. “മൂവ്മെന്റ് തെറാപ്പിയും ആത്മീയ സെഷനുകളുമൊക്കെ ഞങ്ങൾ നടത്തി,” അവർ പറഞ്ഞു.
എങ്കിലും, റൂത്തിനോട് ഏറ്റവും അടുപ്പമുണ്ടായിരുന്ന സിസ്റ്റർ ജോസഫൈൻ തളർന്നുപോയിരുന്നു. ഒറ്റപ്പെടൽ അവരെ വല്ലാതെ ബാധിച്ചു. 2021 ഒക്ടോബർ 4-ന്, അവർ തിരുവസ്ത്രം അഴിച്ച്, കോൺവെന്റ് ഉപേക്ഷിച്ചു. അവർക്ക് മടുത്തിരുന്നു.
ആന്ധ്രാപ്രദേശിൽ ഒരു സ്കൂളിൽ അധ്യാപികയായി ജോലി ചെയ്യുന്ന ജോസഫൈൻ അവിടെ നിന്നാണ് എന്നോട് സംസാരിച്ചത്. “എന്നെ പ്രിയ എന്ന് വിളിച്ചാൽ മതി,” അവർ പറഞ്ഞു. ജനിച്ചപ്പോൾ വീട്ടുകാരിട്ട പേര്.
തൻ്റെ വിശ്വാസത്തിൻ്റെ തീവ്രത മാറിയിട്ടില്ലെന്ന് അവർ അവകാശപ്പെടുന്നു. എങ്കിലും, “നാം കേവലം മതപരമായ ചിട്ടകളിൽ കുടുങ്ങിക്കിടക്കുന്നതിൽ നിന്ന് കൂടുതൽ ആത്മീയമായ കാഴ്ചപ്പാടിലേക്ക് മാറേണ്ടതുണ്ടെന്ന് ഞാൻ പഠിച്ചു,” അവർ പറഞ്ഞു.
27 വർഷത്തെ കോൺവെൻ്റ് ജീവിതത്തിന് ശേഷം, അവർക്ക് എല്ലാം തുടക്കം മുതൽ ആരംഭിക്കേണ്ടി വന്നു. “എങ്ങനെ വസ്ത്രം ധരിക്കണം, എനിക്കിഷ്ടപ്പെട്ട നിറം ഏതാണ്, അല്ലെങ്കിൽ ആളുകളുമായി എങ്ങനെ ഇടപഴകണം എന്നതിനെക്കുറിച്ചൊക്കെ പോലും എനിക്ക് അടിസ്ഥാനപരമായ ധാരണയില്ലായിരുന്നു," അവർ പറഞ്ഞു. സ്വന്തം കുടുംബം അവരെ വിവാഹം കഴിക്കാൻ നിർബന്ധിച്ചെങ്കിലും, “അതിന്റെ ആവശ്യം” അവർക്ക് തോന്നിയില്ല.
കേരളത്തിലേക്ക് വരുമ്പോഴെല്ലാം അവർ ഇപ്പോഴും റൂത്തിനെ സന്ദർശിക്കാറുണ്ട്.
2022 ജനുവരി 13-ന് രാത്രിയിൽ, ഫ്രാങ്കോയെ അനുകൂലിക്കുന്ന കന്യാസ്ത്രീകൾ മണിക്കൂറുകളോളം മുട്ടുകുത്തി നിന്ന് ഉറക്കെ പ്രാർത്ഥിക്കുകയും കോൺവെൻ്റിനുള്ളിൽ മെഴുകുതിരി പ്രകീർത്തനങ്ങൾ നടത്തുകയും ചെയ്തു.
വിധി ദിവസം പിറ്റേന്നായിരുന്നു.
റൂത്തിന് നന്നായി ഉറങ്ങാൻ കഴിഞ്ഞില്ല. പിറ്റേന്ന് രാവിലെ, കന്യാസ്ത്രീകൾ വാർത്ത കാണാനായി ഒരു മുറിയിൽ തിങ്ങിക്കൂടി. ആരും അധികം സംസാരിച്ചില്ല.
കൃത്യം രാവിലെ 11.02-ന് വിധി പ്രസ്താവിച്ചു. “ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തനാണ്,” ചെകിടടപ്പിക്കുന്ന പോലെ വാർത്താ ചാനലുകൾ ആക്രോശിച്ചു.
കന്യാസ്ത്രീകൾ അമ്പരന്നു. ‘കുറ്റവിമുക്തൻ’ എന്ന വാക്കിന്റെ അർത്ഥം അവർക്ക് അറിയില്ലായിരുന്നു.
മറ്റൊരു ആശയക്കുഴപ്പവും ഉയർന്നു. ഇതെങ്ങനെ സംഭവിച്ചു?
കോൺവെന്റിന് പുറത്ത് കന്യാസ്ത്രീകളുടെ പ്രതികരണമറിയാൻ റിപ്പോർട്ടർമാർ കാത്തുനിന്നു. ആരും അനങ്ങിയില്ല.
കോടതിയിൽ നിന്ന് വക്കീലും, കുടുംബാംഗങ്ങളും, വൈദികരും മറ്റും തിരിച്ചെത്തുന്നതും കാത്ത് അവരിരുന്നു.
എറണാകുളം രൂപതയിലെ മുതിർന്ന പുരോഹിതനായ ഫാദർ അഗസ്റ്റിൻ വട്ടോളി, അദ്ധേഹത്തിന്റെ പുരോഗമനപരമായ നിലപാടുകളാൽ ശ്രദ്ധേയനായിരുന്നു.
കന്യാസ്ത്രീകളെ പരസ്യമായി പിന്തുണച്ച ചുരുക്കം ചില വൈദികരിൽ ഒരാളാണ് അദ്ദേഹം. ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നും, റൂത്തിന് നിയമസഹായധനം നൽകണമെന്നും ആവശ്യപ്പെട്ട് കുത്തിയിരിപ്പ് പ്രതിഷേധം സംഘടിപ്പിച്ച എസ്.ഒ.എസ്. ഗ്രൂപ്പിന്റെ കൺവീനറും ആയിരുന്നു.
വിധി പ്രസ്താവിക്കുമ്പോൾ അദ്ദേഹം കോടതിമുറയ്ക്കുള്ളിലുണ്ടായിരുന്നു. മുറിയും, പോലീസുകാരും, അഭിഭാഷകരും, പുറത്തെ തെരുവുകൾ പോലും “ശ്മശാന മൂകതയിൽ” ആയിരുന്നുവെന്നാണ് അദ്ദേഹം അവിടത്തെ അവസ്ഥയെക്കുറിച്ച് പറഞ്ഞത്.
“ആളുകൾ ഞെട്ടലിലായിരുന്നു,” അദ്ദേഹം പറഞ്ഞു.
വട്ടോളി കോൺവെന്റിലെത്തിയപ്പോൾ കന്യാസ്ത്രീകൾ പൊട്ടിക്കരഞ്ഞു. “എല്ലാ പ്രതീക്ഷകളും ഇല്ലാതായ പോലെ തോന്നി,” അദ്ദേഹം ഓർമ്മിച്ചു.
ഐപിഎസ് ഓഫീസർ ഹരിശങ്കർ എസ്.ന്റെ നേതൃത്വത്തിലുള്ള ബിഷപ്പ് ഫ്രാങ്കോ കേസിന്റെ പ്രത്യേക അന്വേഷണ സംഘം (SIT) നിരവധി സാക്ഷികളെ ഹാജരാക്കിയിരുന്നു. കോടതിയിൽ അവരിൽ ഒരാൾ പോലും കൂറുമാറിയിരുന്നുമില്ല.
എന്നാൽ ജഡ്ജി ഗോപകുമാർ ജി ഫ്രാങ്കോയെ വെറുതെ വിടുകയും, പഴഞ്ചനും പുരുഷാധിപത്യപരവുമായ ന്യായവാദങ്ങളിൽ അധിഷ്ഠിതമായ 289 പേജുള്ള വിധിപ്രസ്താവം പുറപ്പെടുവിക്കുകയും ചെയ്തു.
സഭയുടെ അധികാരഘടനയ്ക്കുള്ളിൽ ലൈംഗിക അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന്റെ സങ്കീർണ്ണത ജഡ്ജി സമ്മതിച്ചിരുന്നു. എന്നാൽ, വിരോധാഭാസമെന്നോണം, അതേ കാരണം തന്നെ മുൻനിർത്തിയാണ്, അതിശയോക്തി കലർത്തി സംഭവം അവതരിപ്പിച്ച, ‘അവിശ്വസനീയമായ’ സാക്ഷിയായി റൂത്തിനെ വരുത്തിത്തീർക്കാനും അദ്ദേഹം ശ്രമിച്ചത്.
കത്തോലിക്കാ സഭയിൽ പരാതി ഫയൽ ചെയ്യാൻ റൂത്ത് അക്ഷീണം പ്രയത്നിച്ചിട്ടും, “ഈ സംഭവം റിപ്പോർട്ട് ചെയ്യാൻ ഇത്ര വലിയ കാലതാമസമുണ്ടായത് വിശദീകരിക്കാനായിട്ടില്ല” എന്നതാണ് അവരുടെ വലിയ തെറ്റായി ജഡ്ജി ചൂണ്ടിക്കാട്ടിയത്.
റൂത്ത് ഇന്ത്യയിലേയും വത്തിക്കാനിലേയും കത്തോലിക്കാ കേന്ദ്രങ്ങളിലേക്ക് എഴുതിയ എല്ലാ കത്തുകളേയും ജഡ്ജി തള്ളിക്കളഞ്ഞു. അതൊന്നും വിശ്വസനീയമല്ലെന്നായിരുന്നു അദ്ദേഹത്തിൻ്റെ കണ്ടെത്തൽ.
ആരോപിക്കപ്പെടുന്ന ബലാത്സംഗങ്ങൾക്ക് ശേഷമുള്ള ഫ്രാങ്കോയുമായുള്ള അവരുടെ ഇടപെടലുകളിലാണ് ജഡ്ജി ശ്രദ്ധ കേന്ദ്രീകരിച്ചത് — ഉദാഹരണത്തിന്, അവരുടെ അനന്തരവന്റെ ആദ്യ കുർബാന സമയത്ത് അവർ ഫ്രാങ്കോയെ അനുഗമിച്ച സന്ദർഭം.
കന്യാസ്ത്രീകൾ പരസ്യ പ്രതിഷേധം നടത്തിയതിന് ജഡ്ജി അവരെ ശാസിക്കുകയും ചെയ്തു.
റൂത്തിന്റെ കസിൻ ജയയോടും അവരുടെ ആത്മീയ മാതാവായ ലിസ്സിയോടും അദ്ദേഹം ഇടപെട്ട രീതിയിലൂടെ തന്നെ അദ്ദേഹത്തിന്റെ സമീപനം വ്യക്തമായിരുന്നു.
ഫ്രാങ്കോയ്ക്കെതിരെ പോലീസിൽ മൊഴി നൽകിയ ശേഷം സഭ തന്നെ കേരളത്തിന് പുറത്തേക്കയച്ച് “തടങ്കലിൽ” വെച്ചതായി ലിസ്സി കോടതിയിൽ പറഞ്ഞിരുന്നു. ആ സമയത്ത്, സഭയിൽ നിന്ന് പുറത്താക്കപ്പെടുമെന്ന് ഭയന്ന്, പോലീസ് തന്നെ ഫ്രാങ്കോയ്‌ക്കെതിരെ സംസാരിക്കാൻ നിർബന്ധിച്ചു എന്ന് ലിസ്സി ഒരു മേലധികാരിക്ക് എഴുതി.
സ്വയം രക്ഷിക്കാനും റൂത്തിനെ സംരക്ഷിക്കാനുമായി താൻ കള്ളം പറഞ്ഞതാണെന്ന് അവർ കോടതിയിൽ പറഞ്ഞു. എന്നാൽ, മൊഴിയിലെ ഈ വൈരുദ്ധ്യങ്ങളുടെ പേരിൽ കോടതി അവരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തു.
അതേസമയം, ജയയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങളെ കോടതി പ്രോത്സാഹിപ്പിച്ചു എന്ന് മാത്രമല്ല, അവയിൽ വേണ്ടത് മാത്രം തിരഞ്ഞെടുത്ത് സ്വീകരിക്കുകയും ചെയ്തു. തന്റെ ഭർത്താവിനും റൂത്തിനും വിവാഹേതരബന്ധമുള്ളതായി ആരോപിച്ചത് തെറ്റായിരുന്നു എന്നവർ കോടതിയിൽ സമ്മതിച്ചിരിന്നു,
എന്നാൽ, “ജയയുടെ സാമൂഹിക നിലയിലുള്ള ഒരു സ്ത്രീ കാരണമില്ലാതെ ഭർത്താവിനെ അപകീർത്തിപ്പെടുത്തുമോ” എന്ന സംശയമാണ് ജഡ്ജി ഗോപകുമാർ ഉന്നയിച്ചത്. റൂത്തിന്റെ ബലാത്സംഗാരോപണം ഈ ബന്ധത്തെ “മറച്ചു വയ്ക്കാനുള്ള തന്ത്രം” മാത്രമാണെന്ന് സൂചിപ്പിക്കുകയും ചെയ്തു.
ഫോണിലൂടെയും മറ്റ് കന്യാസ്ത്രീകൾ വഴിയും താനുമായി ബന്ധപ്പെടാൻ ജയ ശ്രമിച്ചിരുന്നുവെന്ന് റൂത്ത് എന്നോട് പറഞ്ഞു. “എനിക്കെതിരേ മൊഴി നൽകാൻ പുരോഹിതന്മാർ അവളെ സമീപിച്ചിരുന്നുവെന്ന് എന്നെ അറിയിക്കാൻ ജയ പരമാവധി ശ്രമിച്ചിരുന്നു. പക്ഷേ, ദേഷ്യത്തിലായിരുന്നതുകൊണ്ട് ഞാൻ അവരുമായി (ജയയുമായി) ആ സന്ദർഭങ്ങളിൽ സംസാരിച്ചില്ല.”
വിധി വന്നതിനുശേഷം, ഇരുവരും തമ്മിൽ സംസാരിച്ചിട്ടില്ല.
വസ്തുതകൾക്ക് കൃത്യത വരുത്താനായി ഞാൻ ജയയെ ബന്ധപ്പെട്ടു.
“എനിക്കിതിനെക്കുറിച്ച് സംസാരിക്കാൻ താത്പര്യമില്ല” എന്നായിരുന്നു അവരുടെ പ്രതികരണം.
ഏറ്റവും അപലപനീയമായ കാര്യം, നിരോധിക്കപ്പെട്ട ഇരുവിരൽ പരിശോധനയ്ക്ക് (two-finger test) റൂത്ത് വിധേയയാക്കപ്പെട്ടു എന്നതാണ്.
യോനിയുടെ അയവുവഴിയോ കന്യാചർമ്മം പൊട്ടിയതിലൂടെയോ ഒരു സ്ത്രീ ലൈംഗികമായി സജീവമായിരുന്നുവോ എന്ന് നിർണ്ണയിക്കാൻ ചരിത്രപരമായി ചെയ്തു വന്നിട്ടുള്ള ഒരു പരിശോധനയാണിത്. ഇതിന് ശാസ്ത്രീയമായ സാധുതയില്ലെന്ന് തിരിച്ചറിഞ്ഞ സുപ്രീം കോടതി, “ക്രൂരവും, മനുഷ്യത്വരഹിതവും” “അപമാനകരവു”മായ ഈ പരിശോധനയെ 2013-ൽ നിരോധിച്ചിരുന്നു. ആധുനിക വൈദ്യശാസ്ത്ര രീതികളിലും നിയമ നടത്തിപ്പിലും ഈ പരിശോധനയ്ക്ക് ഒരു സ്ഥാനവുമില്ലെന്നായിരുന്നു കോടതി വിധി.
എന്നാൽ ജഡ്ജി ഗോപകുമാർ ഈ പരിശോധനയുടെ കണ്ടെത്തലുകൾ അംഗീകരിക്കുകയും, ബലാത്സംഗ ആരോപണങ്ങളിൽ നിന്ന് കന്യാസ്ത്രീയുടെ സ്വഭാവശുദ്ധിയിലേക്ക് ശ്രദ്ധ തിരിക്കാൻ അത് ഉപയോഗിക്കുകയും ചെയ്തു.
“ഫിംഗർ-പൊസിഷൻ ടെസ്റ്റ്” എന്നാണ് ഫ്രാങ്കോ ഈ പരിശോധനയ്ക്ക് നൽകിയിരിക്കുന്ന പേര്. അസ്വസ്ഥാജനകമായ ഒരു സിദ്ധാന്തവും അയാൾക്ക് അതിനെക്കുറിച്ചുണ്ട്.
വൈദ്യപരിശോധനയിൽ “ഒരു വിരൽ മാത്രമേ യോനിയിൽ കടക്കുന്നുള്ളൂ എങ്കിൽ ആ സ്ത്രീ കന്യകയാണെന്നും, രണ്ട് വിരലുകൾ കടന്നാൽ ഒരാളുമായി (ഭർത്താവുമായി) മാത്രമാണ് ശാരീരിക ബന്ധമെന്നും, മൂന്ന് വിരലുകൾ കടന്നാൽ, വിവിധ പുരുഷന്മാർ ഉപയോഗിച്ചുവെന്നതിന്റെ തെളിവാണെന്നും” ഫ്രാങ്കോ എന്നോട് പറഞ്ഞു.
എന്താണ് ഈ സിദ്ധാന്തത്തിൻ്റെ ശാസ്ത്രീയമായ അടിത്തറ? ഏത് നിയമമാണ് ഇതിനെ സാധൂകരിക്കുന്നത്? — ആ ചോദ്യത്തിന് അയാൾക്ക് മറുപടി ഉണ്ടായിരുന്നില്ല.
“ഈ കേസ് വന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് നന്നായറിയാം. 2016-ൽ ഈ കന്യാസ്ത്രീയുടെ കസിൻ (ജയ) എനിക്കൊരു പരാതി തന്നിരുന്നു,” ഫ്രാങ്കോ പറഞ്ഞു.
ഈ കോടതി വിധി, സഭാനിയമവും രാജ്യത്തിന്റെ നിയമവും ചേർന്നുണ്ടായ നിയമപരമായ ഒരു ‘ബ്ലൈൻഡ് സ്പോട്ടി’ന്റെ ഫലം കൂടിയാണ്.
കത്തോലിക്കാ സഭയെ ഭരിക്കുന്നത് കൊഡെക്സ് ഇയൂറിസ് കാനോനിസി (സിഐസി) അഥവാ കാനൻ നിയമ സംഹിതയാണ് — ഇത് സഭയുടെ ആത്മീയ, ഭരണപരവും, ധാർമ്മികവുമായ പെരുമാറ്റത്തെ നിയന്ത്രിക്കുന്ന നിയമങ്ങളുടെയും തത്വങ്ങളുടെയും ഒരു സമഗ്രമായ സംവിധാനമാണ്.
കത്തോലിക്കാസഭയ്ക്ക്, രാജ്യത്തിന്റെ ശിക്ഷാനിയമത്തേക്കാൾ ആധികാരികം, കാനൻ നിയമങ്ങളാണ്.
വിചാരണാവേളയിൽ, റൂത്ത് കുമ്പസാരം നടത്തിയ ആറ് പുരോഹിതന്മാരിൽ ഒരാളെപ്പോലും, വത്തിക്കാൻ ഉദ്യോഗസ്ഥരിൽ ഒരാളെപ്പോലും, സാക്ഷി പറയാൻ വിളിച്ചില്ല.
ഒരു ഫെമിനിസ്റ്റ് പ്രവർത്തകയും എഴുത്തുകാരിയും റൂത്തിന്റെ അടുത്ത സുഹൃത്തുമാ അനിത ചെറിയയുടെ അഭിപ്രായത്തിൽ, ഇത്തരം കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന പുരോഹിതന്മാർക്ക് പിന്തുണ കിട്ടാറില്ല. കാരണം, കുമ്പസാര രഹസ്യം ലംഘിക്കുന്നവരെ കാനൻ നിയമത്തിന് ശിക്ഷിക്കാൻ കഴിയും. “എന്നാൽ ആളുകൾ അത് ഒരിക്കലും ലംഘിക്കാറില്ല എന്നല്ല. അവർക്ക് സൗകര്യമുള്ളപ്പോൾ പുരോഹിതന്മാർ അത് ലംഘിക്കാറുണ്ട്.”
പുരോഹിതന്മാർക്കും കന്യാസ്ത്രീകൾക്കുമിടയിൽ നടക്കുന്ന ആഭ്യന്തര സംഘർഷത്തിലേക്ക് വിരൽ ചൂണ്ടി ജഡ്ജി ഗോപകുമാർ പറഞ്ഞത്, “വിശ്വാസ സമൂഹത്തിൽ അധികാരവും പദവിയും നിയന്ത്രണവും പിടിച്ചെടുക്കാനുള്ള” റൂത്തിന്റെ ആഗ്രഹമാണ് ഈ സംഘർഷത്തിൽ പ്രതിഫലിക്കുന്നത് എന്നായിരുന്നു.
ചുരുക്കിപ്പറഞ്ഞാൽ, നിരപരാധിയായതു കൊണ്ടല്ല ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയത്. “ധാന്യവും പതിരും വേർതിരിക്കാനാവാത്തവിധം കലർന്നുപോകുമ്പോൾ, ലഭ്യമായ ഏക പോംവഴി തെളിവുകൾ പൂർണ്ണമായി തള്ളിക്കളയുക എന്നതാണ്,” എന്നായിരുന്നു ജഡ്ജി പറഞ്ഞത്.
റൂത്ത് കോടതി വിധി ഇത് വരെ വായിച്ചിട്ടില്ല. വായിക്കാൻ ഉദ്ദേശിക്കുന്നുമില്ല.
വിധി വന്നതോടെ കഥ അവസാനിച്ചില്ല. അതങ്ങനെ ഒരിക്കലും അവസാനിക്കാറുമില്ല.
2022 മാർച്ചിനും 2025 ജൂണിനുമിടയിൽ റൂത്തും കത്തോലിക്കാസഭയിലെ വിവിധ അധികാരികളും തമ്മിൽ നടത്തിയ 33 കത്തിടപാടുകൾ ഞങ്ങൾക്ക് ലഭിച്ചു.
ഇവയിൽ മൂന്നെണ്ണം, ഇന്ത്യയുടെയും നേപ്പാളിന്റെയും പുതിയ അപ്പോസ്തലിക്ക് നൻസിയോവായ ആർച്ച്ബിഷപ്പ് ലിയോപോൾഡോ ഗിരെല്ലിക്ക് റൂത്ത് എഴുതിയ കത്താണ്. വത്തിക്കാനിലേക്കും അഞ്ച് കത്തുകളയച്ചിരുന്നു റൂത്ത്.
“മുട്ടാവുന്ന എല്ലാ വാതിലുകളും ഞങ്ങൾ മുട്ടിനോക്കി,” റൂത്ത് പറഞ്ഞു.
വിചാരണയ്ക്ക് ശേഷം, സ്ഥാപനത്തിൽനിന്നുള്ള പ്രതികാരനടപടികൾ അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് റൂത്ത് അയച്ച കത്തുകൾക്ക് മറുപടി കിട്ടി. ന്നാൽ ഓരോ മറുപടിയും അവരുടെ ദുരിതം വർദ്ധിപ്പിക്കുകയേ ചെയ്തുള്ളൂ. തന്നെയും തന്നോടൊപ്പം നിന്ന കന്യാസ്ത്രീകളെയും “തകർക്കുക” എന്നതാണ് സഭയുടെ ഏക ലക്ഷ്യമെന്ന് അവർക്ക് തോന്നി.
തന്ത്രപരമായാണ് ഇവർക്ക് മേൽ സമ്മർദ്ദമേറിയത്.
വിധി വന്നതിനുശേഷവും കന്യാസ്ത്രീകൾക്ക് സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്ന് അനുവദിച്ച സംരക്ഷണം തുടർന്നിരുന്നു. ആദ്യത്തെ മൂന്ന് മാസം പൊതുവെ ശാന്തമായിരുന്നു.
അതിനകം റൂത്തിനോട് ഏറ്റവും അടുപ്പമുള്ള സിസ്റ്റർ ജോസഫൈൻ കോൺവെന്റ് വിട്ടുപോയിരുന്നു.
റൂത്ത്, ആൽഫി, അൻസിറ്റ, അനുപമ, നീന എന്നീ അവശേഷിച്ച അഞ്ച് കന്യാസ്ത്രീകൾക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സ്ഥലം മാറ്റ ഉത്തരവുകൾ ലഭിച്ചു.
സാക്ഷി സംരക്ഷണ പദ്ധതി പ്രകാരം പോലീസ് സംരക്ഷണം ലഭിച്ചിട്ടുള്ളതിനാൽ കുറവിലങ്ങാട് കോൺവെന്റ് വിട്ടുപോകാൻ തങ്ങൾക്ക് കഴിയില്ലെന്ന് അവർ മറുപടി നൽകി. മാത്രമല്ല, കേസിന്റെ അപ്പീൽ കേരള ഹൈക്കോടതിയുടെ പരിഗണനയിലുമായിരുന്നു.
ഇതോടെ ജലന്ധറിൽ നിന്ന് കത്തുകളുടെ പ്രവാഹമായി. കന്യാസ്ത്രീകൾ “ആത്മീയജീവിതമല്ല നയിക്കുന്നതെന്ന്” കുറ്റപ്പെടുത്തി, സ്ഥലംമാറ്റ ഉത്തരവുകൾ സ്വീകരിക്കാൻ അന്ത്യശാസനം വന്നു.
“കാനൻ നിയമപ്രകാരം രൂപത വിഷമാവസ്ഥയിലാണെന്ന്” ജലന്ധറിലെ ബിഷപ്പ് ആഗ്നെലോ റൂഫിനോ ഗ്രേഷ്യസ് കന്യാസ്ത്രീകളോട് പറഞ്ഞു.
റൂത്തിന്റെ കോൺവെന്റ് അടച്ചുപൂട്ടാൻ പോകുകയാണെന്നും, സ്ഥലം മാറാൻ അവർ വിസമ്മതിച്ചാൽ, അവർക്ക് മിഷനറീസ് ഓഫ് ജീസസ് സഭയിലെ അംഗത്വം നഷ്ടപ്പെടുമെന്നും അറിയിച്ചു.
കന്യാസ്ത്രീകൾ സഭാ നേതൃത്വത്തോട് താണുകേണപേക്ഷിച്ചു. “ഞങ്ങളും മനുഷ്യരാണ്. ജീവിതം മിഷനറി സേവനത്തിനായി സമർപ്പിച്ചവരാണ്. ഞങ്ങൾക്ക് സ്വന്തമായി വരുമാന മാർഗ്ഗമില്ല, പോകാൻ വേറെ വീടുകളുമില്ല," എന്ന് റൂത്ത് മേലധികാരികൾക്ക് എഴുതി.
2023 മേയിൽ ഫ്രാങ്കോ അനുകൂലികളായ കന്യാസ്ത്രീകൾ പെട്ടിയുമെടുത്ത് സ്ഥലം വിട്ടു. കോൺവെന്റ് അടച്ചുപൂട്ടിയതായി കണക്കാക്കുമെന്ന് അവർ റൂത്തിനോട് പറഞ്ഞു. തോട്ടക്കാരനെയും അടുക്കള സഹായിയെയും അവർ കൂടെ കൊണ്ടുപോയി.
“പോകുന്ന വഴിക്ക്, അവർ പുറത്തുള്ള ബോർഡിൽ ‘മിഷണറീസ് ഓഫ് ജീസസ് കോൺഗ്രഗേഷൻ’ എന്നെഴുതിയിരുന്നത് പെയിന്റടിച്ച് മായ്ച്ചുകളഞ്ഞു,” റൂത്ത് പറഞ്ഞു.
2025 ഏപ്രിൽ ആയപ്പോഴേക്കും, റൂത്തിനൊപ്പം മൂന്ന് പേർ മാത്രമാണ് അവശേഷിച്ചത്. അനുപമയും നീനയും തങ്ങളുടെ കന്യാസ്ത്രീപ്പട്ടം ഉപേക്ഷിച്ചിരുന്നു.
കത്തോലിക്കാസഭയുടെ രക്ഷാധികാരഘടനയുടെ കേന്ദ്രം സാമ്പത്തിക നിയന്ത്രണമാണ്.
ചില സഭകൾ വ്യക്തിപരമായ വരുമാനങ്ങൾ കൈവശം വെക്കാൻ അനുവദിക്കുമെങ്കിലും മിഷണറീസ് ഓഫ് ജീസസ് അത് അനുവദിക്കുന്നില്ല. 26 വർഷത്തെ കന്യാസ്ത്രീ ജീവിതത്തിൽ റൂത്ത് സ്വന്തമായി ഒരു രൂപ പോലും സമ്പാദിച്ചിരുന്നില്ല. ദാരിദ്ര്യ വ്രതം പാലിക്കുന്നതിന്റെ ഭാഗമായി താൻ സമ്പാദിച്ചതെല്ലാം അവർ സഭയ്ക്ക് കൈമാറി.
പ്രതിഫലമായി, ഓരോ കന്യാസ്ത്രീക്കും സന്യസ്തസമൂഹം പ്രതിമാസം 5,000 രൂപ സ്റ്റൈപ്പൻഡ് നൽകുന്നുണ്ട്. അവരുടെ ചികിത്സാ ബില്ലുകളും ഏറ്റെടുക്കുന്നുണ്ട്.
വിചാരണാവേളയിൽപ്പോലും അവരുടെ നിയമോപദേശത്തിനോ, യാത്രാച്ചിലവുകൾക്കോ സഭ പണം നൽകിയില്ല.
റൂത്തിനെ പ്രതിനിധീകരിച്ച അഡ്വക്കേറ്റ് ജോൺ എസ്. റാൽഫിന്റെ സേവനം സൗജന്യമായിരുന്നു. കോടതിയിലേക്കുള്ള യാത്രയടക്കം മറ്റെല്ലാ നിയമസഹായ ചിലവുകളും, എസ്.ഐ.എസ്സിന്റേയും എസ്.ഒ.എസ്സിന്റേയും പിന്തുണയോടെയായിരുന്നു.
2023 സെപ്റ്റംബറിൽ സഭ റൂത്തിനോടും സുഹൃത്തുക്കളോടും രണ്ട് വഴികളിലൊന്ന് തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടു. ഒന്നുകിൽ, മൂന്ന് കൊല്ലത്തെ അവധിയിൽ പ്രവേശിക്കുക. അതല്ലെങ്കിൽ, എക്സ്ക്ലോസ്ട്രേഷൻ (exclaustration, കന്യാസ്ത്രീകളായിത്തന്നെ, എന്നാൽ ചില അവകാശങ്ങൾ റദ്ദാക്കപ്പെട്ട്, കോൺവെന്റിന് പുറത്തെവിടെയെങ്കിലും താമസിക്കുന്ന ശിക്ഷ) സ്വീകരിക്കുക.
കാനൻ നിയമപ്രകാരം, എക്സ്ക്ലോസ്ട്രേഷൻ എന്നത്, ശിക്ഷയുടെ ഭാഗമായി, ആത്മീയ സ്ഥാപനത്തിൽ നിന്നുള്ള താത്കാലികമായ വേറിട്ട് നിൽക്കലാണ്. പൊതുവെ, മൂന്ന് വർഷത്തിലധികം ആ ശിക്ഷ നീളാറില്ല.
“നിങ്ങൾ തീരുമാനിക്കുക,” ബിഷപ്പ് ആഞ്ജലോ റൂത്തിനെഴുതി. അനുസരിച്ചില്ലെങ്കിൽ കന്യാസ്ത്രീകൾക്കുള്ള സാമ്പത്തിക സഹായം നിർത്തലാക്കുമെന്ന് മുന്നറിയിപ്പും നൽകി.
ഇത്തരം സാഹചര്യങ്ങളിൽ കാനൻ നിയമം ഉദ്ധരിക്കുന്നത് ശരിയല്ലെന്ന് റൂത്തിനെ പിന്തുണച്ച ചുരുക്കം പുരോഹിതന്മാരിൽ ഒരാളായ ഫാദർ ഡൊമിനിക് പത്യാല അഭിപ്രായപ്പെട്ടു. “അവർ ബലാൽസംഗത്തെക്കുറിച്ച് പരാതി നൽകിയപ്പോൾ എന്തുകൊണ്ടാണ് കനോണിസ്റ്റുകളെ സമീപിക്കാത്തത്?”
അവധിയിൽ പ്രവേശിക്കുന്നതോ അല്ലെങ്കിൽ എക്സ്ക്ലോസ്ട്രേഷനോ ഒരു പ്രായോഗിക പരിഹാരമല്ലെന്നും പത്യാല ചൂണ്ടിക്കാട്ടി. “കാനൻ നിയമ പ്രകാരവും എക്സ്ക്ലോസ്ട്രേഷൻ ഇത്തരത്തിലുള്ള കേസുകൾക്കല്ല. ഉപരി പഠനത്തിന് പോകാനോ പുറത്ത് തൊഴിലെടുക്കാനോ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണത്,” അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയിലെ അപ്പീലും, പോലീസിന്റെ സംരക്ഷണവും ഉള്ള സാഹചര്യത്തിൽ, ജലന്ധർ അതിരൂപത കന്യാസ്ത്രീകളെ അതേ സ്ഥാനത്ത് തുടരാൻ അനുവദിക്കണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
കേസ് വളരെക്കാലം നീണ്ടുപോയേക്കുമെന്നതാണ് മറ്റൊരു പ്രശ്നമെന്നും പത്യാല അഭിപ്രായപ്പെട്ടു. ഹൈക്കോടതിയിൽ രണ്ടു വർഷം മുമ്പ് അപ്പീൽ നൽകിയിട്ടും ഇതുവരെ വാദം കേൾക്കാനുള്ള തീയതി പോലും നിശ്ചയിച്ചിട്ടില്ല. “നമ്മുടെയോ ഫ്രാങ്കോയുടെയോ കന്യാസ്ത്രീകളുടെയോ ജീവിതകാലത്ത് തന്നെ ഇതിനൊരു അവസാനമുണ്ടാകുമോ എന്നാർക്കറിയാം?” അദ്ദേഹം ചോദിച്ചു.
“സഭ നൽകുന്നതൊന്നും ദീർഘകാല പരിഹാരങ്ങളല്ല. അവർക്ക് ആകെ വേണ്ടത് മൂന്നുവർഷത്തേക്ക് കന്യാസ്ത്രീകളെ അടിച്ചമർത്തി നിർത്തണമെന്നതാണ്. അതോടെ അവർ മഠം വിടുകയോ സ്ഥലം മാറ്റ ഉത്തരവുകൾ അംഗീകരിക്കുകയോ ചെയ്യുമെന്നാണ് സഭ കരുതുന്നത്,” പത്യാല കൂട്ടിച്ചേർത്തു.
2023 ഒക്ടോബറോടെ കന്യാസ്ത്രീകളുടെ പ്രതിമാസ സ്റ്റൈപ്പൻഡുകൾ നിലച്ചിരുന്നു.
തങ്ങളുടെ ഇച്ഛാശക്തി തകർക്കാനും പുറത്താക്കാനുമുള്ള സംഘടിതശ്രമമാണ് ഇതെന്നാണ് റൂത്തും മനസ്സിലാക്കിയത്. “അവർക്ക് ഞങ്ങളെ പിരിച്ചുവിടാൻ താത്പര്യമില്ല. അത് മോശം പ്രതിച്ഛായ സൃഷ്ടിക്കും. അതിനുപകരം, ഞങ്ങളെ പുറത്താക്കാനുള്ള എല്ലാ ശ്രമവും നടത്തുകയാണ്. ഞങ്ങളെന്തിന് പുറത്ത് പോകണം? ഞങ്ങൾ സ്വന്തം താൽപര്യപ്രകാരം കന്യാസ്ത്രീകളായവരാണ്. ഞങ്ങളൊരു തെറ്റും ചെയ്തിട്ടില്ല,” അവർ പറഞ്ഞു.
ആശങ്കയിലായ റൂത്ത്, ആഗോള കത്തോലിക്കാ ശ്രേണിയിലെ ഏറ്റവും ഉയർന്ന പദവിയുള്ള കർദിനാൾമാരിൽ ഒരാളായ വത്തിക്കാനിലെ കർദിനാൾ-ബിഷപ്പ് ലൂയിസ് അന്റോണിയോ ഗോക്കിം ടാഗ്ലെക്ക് ഒരു കത്തെഴുതിയിരുന്നു. ഫ്രാൻസിസ് മാർപ്പാപ്പയുടെ മരണശേഷം അടുത്ത മാർപ്പാപ്പയാകാൻ സാധ്യതയുള്ളവരിൽ ഒരാളായിരുന്നു അദ്ദേഹം.
ആ കത്തിൽ റൂത്ത് തന്റെ “അസഹനീയമായ” ജീവിത സാഹചര്യങ്ങൾ വിശദീകരിക്കുകയും അടിയന്തരമായി ഇടപെടണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. “പുരോഹിതരുടെ ലൈംഗിക ചൂഷണത്തിന് ഇരയായവർ, ഇത്തരം പ്രശ്‌നങ്ങൾ മൂടിവെക്കുന്നതിനുപകരം പുറത്തുകൊണ്ടുവന്നതിന്, വീണ്ടും ഇരകളാക്കപ്പെടേണ്ടതുണ്ടോ? അത്യധികം ദുരിതകരമായ ഞങ്ങളുടെ സാഹചര്യം പരിഹരിക്കാൻ പുതിയ വഴികൾ ആവശ്യപ്പെടുന്നില്ലേ?” അവർ അദ്ദേഹത്തോട് ചോദിച്ചു.
അദ്ദേഹം റൂത്തിന്റെ കത്തിന് മറുപടി നൽകിയില്ല.
2024-ൽ, അവർ വത്തിക്കാൻ ഓഫീസിലേക്ക് മൂന്ന് ഇമെയിലുകൾ കൂടി അയച്ചു. ഒരു വിശദീകരണം ആവശ്യപ്പെട്ടു: “സഭയ്ക്കുള്ളിൽവെച്ച് ലൈംഗിക അതിക്രമത്തിന് ഇരയായ ഒരാളുടെ ദുരവസ്ഥയോട് നിങ്ങൾ എങ്ങനെ പ്രതികരിക്കും?”
ഇക്കാലയളവിൽ അവർക്ക് റോമിൽനിന്ന് പ്രതികരണം ലഭിച്ചത് ഒരൊറ്റ തവണയാണ് — 2023 മേയിൽ.
വത്തിക്കാനിലെ സ്റ്റേറ്റ് സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ആയ റോബർട്ടോ കാമ്പിസി, ഫ്രാൻസിസ് മാർപ്പാപ്പയ്ക്കുള്ള റൂത്തിന്റെ കത്ത് പരാമർശിച്ചുകൊണ്ട് മറുപടി എഴുതി. “പരിശുദ്ധ പിതാവ്, എന്നിലൂടെ, നിങ്ങർ അർപ്പിച്ച വിശ്വാസത്തിന് നന്ദി പറയുകയും, പ്രാർത്ഥനയിൽ നിങ്ങളെ പ്രത്യേകമായി ഓർമ്മിക്കാമെന്ന് വാക്ക് തരികയും ചെയ്യുന്നു.”
അവരിൽ ഏറ്റവും ഇളയവളായ നീനയെ സംബന്ധിച്ച്, ഈ സമ്മർദ്ദവും ഒറ്റപ്പെടലും അസഹനീയമായി മാറിയിരുന്നു. വിചാരണക്കിടെ അവർക്ക് അച്ഛനെ നഷ്ടപ്പെട്ടു. “അദ്ദേഹത്തിന് അസുഖം കൂടുതലായിരുന്നു. ഞാനാകട്ടെ ഈ കേസിന്റെ തിരക്കിലും…” വിതുമ്പിക്കരഞ്ഞുകൊണ്ട് അവർ പറഞ്ഞു. “ജീവിതം തകിടം മറിഞ്ഞിരുന്നു.”
വിധി വന്ന ശേഷം, “ഞാൻ എന്റെ ജപമാല എടുത്ത് റൂത്തിന്റെ കയ്യിലേൽപ്പിച്ചു. ഞങ്ങൾ കെട്ടിപ്പിടിച്ച് കരഞ്ഞു,” അവർ പറഞ്ഞു.
34-ാം വയസ്സിൽ കോൺവെന്റ് ഉപേക്ഷിച്ച് കുടുംബത്തിലേക്ക് പോവുന്നത് നീനയ്ക്ക് എളുപ്പമായിരുന്നില്ല. “അപമാനകരമായിരുന്നു. വിവാഹം കഴിക്കാൻ എല്ലാവരും എന്നെ നിർബന്ധിച്ചു,” നീന പറഞ്ഞു. താമസിയാതെ, അവർ ഒരു ഹോസ്റ്റലിലേക്ക് താമസം മാറ്റുകയും ഒരു സന്നദ്ധസംഘടനയിൽ ജോലിക്ക് പ്രവേശിക്കുകയും ചെയ്തു.
ജനിച്ചപ്പോൾ വീട്ടുകാർ നൽകിയ പേരാണ് ഇപ്പോൾ അവരുപയോഗിക്കുന്നത്. സഭയോടും ദൈവത്തോടുമുള്ള തൻ്റെ ബന്ധത്തെ അവർ ഇന്ന് ചോദ്യം ചെയ്യുന്നു. “ഒരു കന്യാസ്ത്രീ എന്ന ഐഡന്റിറ്റിയിൽ എനിക്കിപ്പോൾ താത്പര്യമില്ല. ഇതൊക്കെ അനുഭവിച്ച ശേഷം ഞാൻ എന്നോടുതന്നെ ചോദിക്കാൻ തുടങ്ങി, ‘എവിടെയാണ് ദൈവം? അദ്ദേഹം ഇതൊന്നും കാണുന്നില്ലേ?’”
തനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തപ്പോൾ, തന്നെ ഏറ്റവും കൂടുതൽ പിന്തുണച്ചത് പഞ്ചാബിൽ താൻ സഹായിച്ച സ്ത്രീകളാണെന്നാണ് ഫ്രാങ്കോ പറയുന്നത്.
“അവർ ടിവിയിൽ പോലും വന്ന് പറഞ്ഞു, ‘ശരി, ഇനി ഞങ്ങളുടെ ബിഷപ്പിന് ഇത്തരമൊരാവശ്യം (ലൈംഗികത്വര) ഉണ്ടെന്നുതന്നെ ഇരിക്കട്ടെ, അതിന് അദ്ദേഹത്തിന് കേരളത്തിലേക്ക് പോകേണ്ട ആവശ്യമുണ്ടോ. ഞങ്ങളിവിടെയില്ലേ,’” ചിരിച്ചുമറിഞ്ഞ് ഫ്രാങ്കോ പറഞ്ഞു.
ഫ്രാങ്കോ ഇപ്പോൾ താമസിക്കുന്ന കേരളത്തിലെ കോട്ടയം ജില്ലയിലെ റിട്രീറ്റ് സെൻ്ററിലാണ് ഞങ്ങൾ ഇരുന്നത്. ആളനക്കമധികമില്ലാത്ത അവിടെ നാട്ടുകാർ മാത്രമേ വരാറുള്ളു. ജലന്ധറിലെ ബിഷപ്പ് എന്ന നിലയിൽ അയാൾ മുമ്പ് അനുഭവിച്ചിരുന്ന സ്ഥാനമാനങ്ങളിൽ നിന്നും പ്രൗഢിയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ലോകമാണിത്.
ഫ്രാങ്കോ സമ്മതിക്കില്ല, പക്ഷേ അയാൾക്ക് നല്ല രോഷമുണ്ട് — പ്രത്യേകിച്ചും സ്ത്രീകളോട്. “സ്ത്രീകളെ ഇങ്ങനെ നിലനിൽക്കാൻ അനുവദിക്കേണ്ടതുണ്ടോ? പറയൂ, ഉണ്ടോ?” സീറ്റിൽ മുന്നോട്ടാഞ്ഞുകൊണ്ട് അയാൾ ചോദിച്ചു.
“നിങ്ങൾ എന്ത് കരുതുന്നു? സ്ത്രീകൾ നിലനിൽക്കേണ്ടതുണ്ടോ?” ഞാൻ അയാളോട് ചോദിച്ചു.
ഉത്തരം വളരെ പെട്ടെന്നായിരുന്നു. “നിർമ്മിതബുദ്ധി (AI) വികസിക്കുകയും പ്ലാസ്റ്റിക്ക് പാവകൾക്ക് കുട്ടികളെ ഉത്പാദിപ്പിക്കാൻ സാധിക്കുകയും ചെയ്യുമെങ്കിൽ, പിന്നെ എന്തിനാണ് നമുക്ക് സ്ത്രീകൾ? സെക്സിനുവേണ്ടി മാത്രമാണ് സ്ത്രീകളെങ്കിൽ നമുക്കവരെ ആവശ്യമില്ല.”
ഒരു നിമിഷമെടുത്ത് അയാൾ കൂട്ടിച്ചേർത്തു. “പക്ഷേ അവർ സെക്സിനുവേണ്ടി മാത്രമല്ല, അല്ലേ? സൗഹൃദം എന്ന ഒന്നുകൂടിയുണ്ട്.”
ഇന്ത്യയിൽ ബലാത്സംഗമില്ല എന്നാണ് ഫ്രാങ്കോയുടെ അഭിപ്രായം. “റേപ്പ് റിപ്പോർട്ട് ചെയ്യാനാവില്ല,” അയാൾ പറഞ്ഞു. എനിക്ക് മനസ്സിലായില്ല.
“ബലാത്സംഗം ചെയ്യുന്ന ഒരാൾ (‘ധാർമ്മിക ബോധമുള്ള ബലാത്സംഗി’ എന്നാണയാളുടെ വിശേഷണം) തന്റെ ഇരയെ തീർച്ചയായും ‘കൊല്ലും’,” ഫ്രാങ്കോ പറഞ്ഞു. നിയമപ്രകാരം, ഒരു സ്ത്രീയുടെ മൊഴി നിർണ്ണായകമാണ്. “തന്റെ കഥ പറയാൻ അവർ ജീവിച്ചിരിക്കുന്നുവെങ്കിൽ ബലാത്സംഗിക്കൊരിക്കലും സ്വയം പ്രതിരോധിക്കാൻ ആവില്ല.”
അതിനാൽ, ജീവിച്ചിരിക്കുന്ന സ്ത്രീകളാൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന എല്ലാ ബലാത്സംഗങ്ങളും “നുണകൾ” ആണ്, അയാൾ പറഞ്ഞു.
വേഗത്തിൽ അധികാരസ്ഥാനത്തേക്കെത്തിയ തന്നെ കുടുക്കാനായി, അസൂയക്കാരായ മറ്റ് പുരോഹിതർ കൂട്ടായുപയോഗിച്ച ഒരു ‘കരു’ മാത്രമാണ് റൂത്ത് എന്നാണയാൾ അവകാശപ്പെടുന്നത്. “എനിക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്താൻ അവർ റൂത്തിനെ ഉപകരണമാക്കി. കേസിൽ വിജയിക്കുമെന്ന് അവർ റൂത്തിന് വാക്കുകൊടുത്തു. ബലാത്സംഗമാണ് അതിന് ഏറ്റവും പറ്റിയത്,” ഫ്രാങ്കോ പറഞ്ഞു.
അയാളെ സ്ഥാനത്തുനിന്ന് മാറ്റിയത്, ജലന്ധറിലെ സീറ്റ് കരസ്ഥമാക്കാൻ മറ്റുള്ളവർക്ക് സഹായകരമായി എന്നും അയാൾ കൂട്ടിച്ചേർത്തു.
ഞങ്ങൾ സംസാരിച്ച നാല് മണിക്കൂറിനുള്ളിൽ, അയാൾ പ്രതി, ഇര, അഭിഭാഷകൻ, പത്രപ്രവർത്തകൻ, ന്യായാധിപൻ, രക്തസാക്ഷി എന്നിങ്ങനെ പല ഭാവങ്ങളിൽ മാറിമാറി അവതരിച്ചു കൊണ്ടിരുന്നു. ചിലപ്പോളൊക്കെ താൻ ക്രിസ്തുവിന് ഏറ്റവും അടുത്തയാളാണ് എന്ന രീതിയിലായിരുന്നു അയാൾ സംസാരിച്ചിരുന്നത്.
വിചാരണ തുടങ്ങുന്നതിന് ഏതാനും ദിവസം മുമ്പ് ഫ്രാങ്കോ യേശുവിനോട് വിലപിച്ചുവത്രേ — “നീ എന്നെ ഉയർത്തി കൊണ്ടുവന്നു, എന്നാൽ ഇന്ന് ഞാൻ കുരിശിൽ കിടക്കുകയാണ്.” തന്റെ കുറ്റവിചാരണയെ ക്രിസ്തുവിന്റെ കുരിശാരോഹണവുമായി താരതമ്യം ചെയ്യുകയായിരുന്നു അയാൾ.
യേശു അയാളോട് പറഞ്ഞുവത്രെ, “ഞാൻ നിന്റെ സമീപത്തുള്ള കുരിശിലുണ്ട്. നീ ഒറ്റയ്ക്കല്ല.”
അതുകേട്ടപ്പോൾ തനിക്ക് ആശ്വാസം തോന്നിയെന്ന് ഫ്രാങ്കോ പറയുന്നു. “അതൊരു സൗഭാഗ്യമല്ലേ? ക്രിസ്തുവിൻ്റെ സമീപത്തുതന്നെ കുരിശിൽ കിടക്കുക എന്നത്.”
ബൈബിളിൽ, ക്രിസ്തുവിനോടൊപ്പം രണ്ട് കുറ്റവാളികളും കുരിശിൽ കിടക്കുന്നതായി സൂചിപ്പിക്കുന്നുണ്ട്. അവർ തമ്മിലുള്ള സംഭാഷണം ലൂക്കായുടെ സുവിശേഷത്തിൽ വായിക്കാം. ഒരാൾ ക്രിസ്തുവിനെ പരിഹസിച്ചുകൊണ്ട് ചോദിക്കുകയാണ്, മിശിഹയായിട്ടും അദ്ദേഹത്തിന് തങ്ങളെ മൂവരെയും രക്ഷിക്കാൻ കഴിയാത്തതെന്തെന്ന്.
രണ്ടാമത്തെ കുറ്റവാളി ആദ്യം സംസാരിച്ചയാളെ തടഞ്ഞുകൊണ്ട് പറയുന്നത്, തങ്ങളെപ്പോലെ ക്രിസ്തു ഒരു കുറ്റവാളിയല്ല എന്നാണ്. “നമ്മെ ശിക്ഷിച്ചത് നീതിപൂർവ്വമാണ്. ചെയ്ത തെറ്റിനുള്ള ശിക്ഷയാണത്. എന്നാൽ ഈ മനുഷ്യൻ തെറ്റേതും ചെയ്തിട്ടില്ല.” തുടർന്ന് സ്വർഗ്ഗത്തിൽ തന്നെ “സ്മരിക്കണമേ” എന്ന് അയാൾ ക്രിസ്തുവിനോട് അപേക്ഷിക്കുന്നു.
ഈ പശ്ചാത്താപത്തിന്, രണ്ടാമത്തെ കുറ്റവാളിക്ക് ക്രിസ്തു വാഗ്ദാനം ചെയ്യുന്നു, “ഇന്ന് രാത്രി, നീ എന്നോടൊപ്പം സ്വർഗ്ഗത്തിലുണ്ടാകും.”
താൻ കണ്ടിട്ടുള്ളതിൽവെച്ചേറ്റവും “ശക്തയായ സ്ത്രീ” എന്നാണ് ഫ്രാങ്കോ റൂത്തിനെ വിശേഷിപ്പിച്ചത്. “അവർ ബിഷപ്പുമാരെപ്പോലും വകവെക്കില്ല,” അയാൾ പറഞ്ഞു.
കന്യാസ്ത്രീകളും പുരോഹിതവർഗ്ഗവും തമ്മിലുള്ള വിശ്വാസാധിഷ്ഠിത ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോൾ, സഭയിലെ വിശുദ്ധ പദവികളിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണെന്ന് അയാൾ ചൂണ്ടിക്കാട്ടി.
“ഇനി നിങ്ങൾ പറയൂ, ആർക്കാണ് കൂടുതൽ ശക്തിയുള്ളത്? സ്വാധീനമുള്ളത്?”
കത്തോലിക്കാവിശ്വാസമനുസരിച്ച്, വിശുദ്ധപദവി ലഭിക്കണമെങ്കിൽ, അർഹതപ്പെട്ട വ്യക്തി ആദ്യം മരിക്കണം.
പതിറ്റാണ്ടുകളായി നൂറുകണക്കിന് കത്തോലിക്കാ പുരോഹിതന്മാർ നടത്തിവരുന്ന ലൈംഗികപീഡനങ്ങളെക്കുറിച്ചും, അവ മൂടിവെക്കാൻ നടത്തിയ ശ്രമങ്ങളെക്കുറിച്ചും, 2002-ൽ ബോസ്റ്റൺ ഗ്ലോബിന്റെ സ്പോട്ട്‌ലൈറ്റ് നടത്തിയ അന്വേഷണത്തെക്കുറിച്ച് ഫ്രാങ്കോയുടെ അഭിപ്രായമെന്താണെന്ന് ഞാൻ ചോദിച്ചു.
“നുണ. എല്ലാം നുണയാണ്,” അയാൾ പറഞ്ഞു. കുറ്റാരോപിതരായ പുരോഹിതന്മാരെല്ലാം “സാധുക്കളും പ്രതിരോധിക്കാൻ കഴിയാതെ വന്നവരും” ആയിരുന്നു അത്രേ.
പുരോഹിതന്മാരുടെ അധികാരം എന്ന ആശയത്തെ തള്ളിപ്പറയുമ്പോഴും, ബിഷപ്പെന്ന നിലയ്ക്ക് തനിക്കുണ്ടായിരുന്ന അധികാരത്തെക്കുറിച്ച് പറയുമ്പോൾ ഫ്രാങ്കോ ആവേശഭരിതനായി.
രാഷ്ട്രീയബന്ധങ്ങൾ, ചെയ്ത പ്രവർത്തനങ്ങൾ, ചുറ്റുമുണ്ടായിരുന്ന ആളുകളും രാഷ്ട്രീയക്കാരും, ഇവയെക്കുറിച്ചെല്ലാം ഒരു മണിക്കൂറോളം അയാൾ വാചാലനായി. “നിങ്ങൾക്കറിയാമോ, ആളുകൾ എന്നെ ‘ജലന്ധറിലെ രാജാവ്’ എന്നാണ് വിളിച്ചിരുന്നത്.”
ഫ്രാങ്കോയുടെ ഇപ്പോഴത്തെ പദവി ജലന്ധറിലെ ബിഷപ്പ് എമിരിറ്റസ് എന്നാണ്. കഴിഞ്ഞകാല സേവനങ്ങൾക്ക്, വിരമിച്ച ബിഷപ്പുമാർക്ക് നൽകുന്ന ബഹുമതി.
വിരമിക്കുന്നതിനുമുമ്പ് അയാൾ പോപ്പ് ഫ്രാൻസിസിനെ കണ്ടിരുന്നു. “ഞാൻ അദ്ദേഹത്തോട് പറഞ്ഞു, ‘ഞാനാണ് ബിഷപ്പ് ഫ്രാങ്കോ, ബലാത്സംഗം ആരോപിക്കപ്പെട്ടിട്ടും കുറ്റവിമുക്തനാക്കപ്പെട്ടയാൾ.’”
പോപ്പ് ഫ്രാൻസിസ് ഞെട്ടിപ്പോയെന്ന് ഫ്രാങ്കോ പറഞ്ഞു.
“ഞാൻ ധാരാളം അനുഭവിച്ചു. എന്നാൽ എന്റെ എല്ലാ സഹനങ്ങളും ഞാൻ സഭയുടെ ശുദ്ധീകരണത്തിനും ആത്മവിശുദ്ധിക്കും സമർപ്പിച്ചിരിക്കുകയാണ്,” താൻ പോപ്പിനോട് പറഞ്ഞതായി ഫ്രാങ്കോ പറഞ്ഞു.
പോപ്പ് ഫ്രാൻസിസ് ഫ്രാങ്കോയുടെ കൈകൾ തന്റെ കൈയ്യിലെടുത്ത്, “ദയവായി എനിക്കുവേണ്ടിയും പ്രാർത്ഥിക്കൂ” എന്ന് പറഞ്ഞത്രെ.
ഫ്രാങ്കോയെ പിന്നീട് പഴയ ആ പദവിയിലേക്ക് തിരിച്ചെടുത്തില്ല, ജാമ്യം കിട്ടിയിട്ടും, കുറ്റവിമുക്തനായിട്ടും.
“രാജ്യത്തിന്റെ നിയമം എന്നോടൊപ്പം നിന്നു. അത് സത്യത്തിനുവേണ്ടി നിലകൊണ്ടു. എന്നാൽ പള്ളി രാജ്യത്തിൻ്റെ നിയമത്തെ ആദരിച്ചോ? എത്ര തെറ്റായ സന്ദേശമാണ് പള്ളി നൽകുന്നത്?”
ഒരു സ്ഥാപനം എന്ന നിലയ്ക്ക് സഭ ഒരു “ബാധ്യത”യായിട്ടുണ്ടെങ്കിലും, “ക്രിസ്തുവിന്റെ ശരീരം എന്ന നിലയ്ക്ക് സഭ ശക്തമായി നിലനിൽക്കുകയാണ്” എന്ന് ഫ്രാങ്കോ പറയുന്നു.
നാലുമണിക്കൂർ നീണ്ട ഞങ്ങളുടെ സംഭാഷണത്തിനൊടുവിൽ, താൻ
പഴയ നിയമത്തിലെ ജോബിനെപ്പോലെയാണെന്ന് തോന്നിപ്പോവുന്നു എന്ന് ഫ്രാങ്കോ പറഞ്ഞു — അർഹിക്കാത്ത കഷ്ടപ്പാടുകളാൽ വിശ്വാസം പരീക്ഷിക്കപ്പെട്ട ഒരു നീതിമാൻ.
എന്തിനാണ് തന്നെ ഈ വിധത്തിൽ പരീക്ഷിക്കുന്നതെന്ന് ഇടയ്ക്കെല്ലാം യേശുവിനോട് ചോദിച്ചിട്ടുണ്ടെന്ന് ഫ്രാങ്കോ പറഞ്ഞു. “അപ്പോൾ, തെളിഞ്ഞ ശബ്ദത്തോടെ, അവൻ എന്നോട് പറയുന്നത് ഞാൻ കേട്ടു, ‘ഫ്രാങ്കോ, എനിക്കറിയാം. ഒരു കുരിശ് എങ്ങനെ സന്തോഷത്തോടെ ഇരു കൈകളും നീട്ടി സ്വീകരിക്കണമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാനുള്ള ഒരു ഉദാഹരണമായിട്ടാണ് ഞാൻ നിന്നെ വളർത്തിയത്.’”
മറുപടിയായി, ഫ്രാങ്കോ യേശുവിനോട് പറഞ്ഞുവത്രെ, “കർത്താവേ, അങ്ങയോടുള്ള ആദരവുകൊണ്ട് ഞാനത് ചെയ്യാം” എന്ന്.
കേസിൽ റൂത്ത് പരാജയപ്പെട്ടു കാണാം. പക്ഷേ, അവരുടെ പോരാട്ടം മൂലം ഫ്രാങ്കോയുടെ ജീവിതത്തിൻ്റെ വലുപ്പം ഗണ്യമായി കുറഞ്ഞിരിക്കുന്നു എന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്.
എന്നിരുന്നാലും, ഫ്രാങ്കോ ആവർത്തിച്ചാവർത്തിച്ച് പറഞ്ഞു, “ഞാൻ തോറ്റിട്ടില്ല.”
റൂത്ത് ഈ കേസിനുവേണ്ടി തന്റെ മുഴുവൻ ജീവിതവും നൽകിയെങ്കിൽ, മറ്റ് കന്യാസ്ത്രീകളും അവരുടെ ജീവിതങ്ങൾ പണയം വെച്ചാണ് റൂത്തിനു പിന്തുണ നൽകിയത്.
ഞാൻ ലിസ്സിയെ സന്ദർശിക്കണമെന്ന് റൂത്ത് പല അവസരങ്ങളിലും ആവർത്തിച്ച് പറഞ്ഞു,
“അവർ ലിസ്സിയോട് എന്താണ് ചെയ്തതെന്ന് നിങ്ങൾ പോയി കാണണം. ഇന്നവർ എങ്ങിനെയാണ് ജീവിക്കുന്നതെന്ന് നിങ്ങളറിയണം,” റൂത്ത് പറഞ്ഞു.
63-ആം വയസ്സിൽ, ലിസ്സി റൂത്തിൽ നിന്ന് 33 കിലോമീറ്റർ അകലെയുള്ള ജ്യോതിഭവൻ കോൺവെൻ്റിലാണ് താമസിക്കുന്നത്. കൃത്യമായി പറഞ്ഞാൽ, കോൺവെൻ്റ് വളപ്പിലെ, പ്രത്യേക പ്രവേശന കവാടമുള്ള ഒരു ചെറിയ മുറിയിൽ. മതപരമായ വസ്തുക്കളും, അവരുടെ കിടക്കയുമാണ് മുറിയിൽ ഉള്ളത്.
“സന്ദർശകർ വന്നാൽ എന്തെങ്കിലും കഴിക്കാൻ കൊടുക്കണമെന്ന് എനിക്ക് നിർബന്ധമുണ്ട്,” ഒരു ബിസ്കറ്റ് എനിക്ക് നീട്ടി, അവർ പറഞ്ഞു.
ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രഗേഷന്റെ (FCC) ഭാഗമായ ഈ കോൺവെന്റിൽ മറ്റ് അഞ്ച് കന്യാസ്ത്രീകൾ താമസിക്കുന്നുണ്ട്. അവർ ലിസ്സിയോട് സംസാരിക്കാറില്ല, അവരിരിക്കുന്ന വശത്തുകൂടെ പോയാൽ ലിസ്സിയെ നോക്കുകയോ, ഒരുമിച്ച് ഭക്ഷണം കഴിക്കുകയോ ചെയ്യില്ല. ലിസ്സിയുടെ കൂടെ തുണി പോലും അവർ അലക്കില്ല.
ലിസ്സിക്കുള്ള ഭക്ഷണം പ്രത്യേകമായി മാറ്റിവെക്കും.
അവരുടെ മുറിയുടെ പുറത്ത് ഒരു കട്ടിലിൽ രണ്ട് പോലീസുകാരികളുണ്ട്. ആ പോലീസുകാരികളുടെ കുടുംബ വിശേഷങ്ങൾ, കുട്ടികൾ, ആരോഗ്യം എല്ലാം ലിസ്സിക്ക് അറിയാം. അവർ മാത്രമാണ് കൂട്ടിനുള്ളത്.
“റൂത്തിന്റെ ഭാഗം നിന്ന് ബിഷപ്പിനെതിരേ മൊഴി കൊടുത്തതുകൊണ്ടാണ് ഇതെല്ലാം. എന്റെ ജീവിതം ഇതിനുള്ളിലൊതുങ്ങി,” അവർ പറഞ്ഞു.
ലിസ്സി ഇന്ത്യയൊട്ടുക്ക് സഞ്ചരിച്ചിട്ടുണ്ട്. പുതിയ ആളുകളെ പരിചയപ്പെടാനും പാട്ടു പാടാനും അവർക്കിഷ്ടമാണ്. എന്നാൽ കഴിഞ്ഞ ഏഴുവർഷമായി അവർ ജീവിക്കുന്നതും, പ്രാർത്ഥിക്കുന്നതും, പാടുന്നതും എല്ലാം ഈ കൊച്ചുമുറിക്കകത്ത് മാത്രമാണ്. വർഷത്തിൽ നാലോ അഞ്ചോ തവണ മാത്രം പുറത്തിറങ്ങും. മിക്കപ്പോഴും റൂത്തിനെ കാണാൻ വേണ്ടിയാകും അത്.
വിധി പ്രസ്താവത്തിനുശേഷം എഫ്.സി.സി. കോൺഗ്രിഗേഷൻ ലിസ്സിയുടെ മുന്നിൽ ഒരു അവസരം വെച്ചുനീട്ടി. വേണമെങ്കിൽ ആന്ധ്ര പ്രദേശിലെ ഒരു കോൺവെന്റിലേക്ക് പോകാമെന്ന്. അവർ വിസമ്മതിച്ചു.
“റൂത്ത് മരിച്ച് സ്വർഗ്ഗത്തിൽ പോകുന്നതുവരെ അവളുടെ ആത്മീയ മാതാവെന്ന നിലയിൽ, അവളോടുള്ള എന്റെ കടമ തീരില്ല. ഇത് ഞാൻ തിരഞ്ഞെടുത്ത യാത്രയാണ്.”
മറ്റൊരാളുടെ യാഥാർത്ഥ്യത്താൽ മാത്രം രൂപപ്പെട്ട്, മറ്റൊരാളുടെ വിമോചനത്തിൽ മാത്രം ആശ്രയിച്ച് ഒരു ജീവിതം ജീവിക്കാൻ എന്തെല്ലാം ത്യജിക്കണം?
ഫാദർ വട്ടോളിക്കും സഭയുടെ പ്രതികാര നടപടി നേരിടേണ്ടിവന്നു. പലതവണ കാരണംകാണിക്കൽ നോട്ടീസുകൾ കൈപ്പറ്റേണ്ടിവന്നു, മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നും, അധികാരശ്രേണിയോട് അനുസരണക്കേട് കാണിക്കുന്നുവെന്നുമുള്ള ആരോപണം നേരിട്ടു. ഫ്രാങ്കോയ്ക്കെതിരേയുള്ള പ്രതിഷേധത്തിൽ പങ്കെടുക്കരുതെന്ന് കൽപ്പന വന്നു. പക്ഷേ അദ്ദേഹം അചഞ്ചലനായി തുടരുന്നു.
2025 ഏപ്രിലിൽ, റൂത്തിൻ്റെ പ്രതിഷേധത്തിന്റെ മുൻനിരയിലുണ്ടായിരുന്ന സിസ്റ്റർ അനുപമയും മഠം വിട്ടു. അതൊടെ ആൽഫിയും ആൻസിറ്റയും മാത്രമായി റൂത്തിന്റെ കൂടെ.
ലോകമെമ്പാടും കത്തോലിക്കാസഭ ദശാബ്ദങ്ങളായി ലൈംഗികചൂഷകരെ സംരക്ഷിക്കുകയും അവരുടെ കുറ്റകൃത്യങ്ങൾ മറച്ചുവെക്കുകയും ചെയ്തിട്ടുണ്ടെന്നത് പരസ്യമായ യാഥാർത്ഥ്യം മാത്രമാണ്.
“എന്താണ് സംഭവിക്കുന്നതെന്ന് സഭക്കറിയാം. റൂത്ത് പറയുന്നത് സത്യമാണെന്നും അവർക്കറിയാം,” വട്ടോളി പറഞ്ഞു.
വട്ടോളിയും റൂത്തിന്റെ കുടുംബവും എല്ലാ വിചാരണാ ദിവസങ്ങളിലും അവരെ കോടതിയിലേക്ക് അനുഗമിച്ചിരുന്നു. ആരോപിക്കപ്പെടുന്ന ബലാത്സംഗങ്ങളെക്കുറിച്ചുള്ള വിവരണങ്ങക്ക് ഇവർ സാക്ഷികളായിട്ടുണ്ട്. അങ്ങനെയൊരു ദിവസം തീർത്തും ക്ഷീണിതയും നിശബ്ദയുമായി റൂത്ത് കോടതിവിട്ടിറങ്ങിയത് വട്ടോളി ഓർക്കുന്നു.
അന്ന് വട്ടോളി അവരെ അരികിലേക്ക് വിളിച്ചു. “എനിക്ക് കുറ്റബോധം തോന്നുന്നു,” റൂത്ത് പറഞ്ഞു.
“എന്തിന്, എന്ത് കുറ്റബോധം?” വട്ടോളി ചോദിച്ചു.
“ഞാൻ പള്ളിക്ക് ചീത്തപ്പേര് കേൾപ്പിക്കുന്നു എന്ന തോന്നൽ,” റൂത്ത് പറഞ്ഞു.
“മതവിശ്വാസം എത്ര ആഴത്തിലാണ് കുത്തിവെച്ചിരിക്കുന്നതെന്ന് കണ്ടോ?” വട്ടോളി എന്നോട് ചോദിച്ചു. “അവളുടെ വേദന അത്ര ആഴമുള്ളതായിരുന്നു. ഫ്രാങ്കോ മാത്രമല്ല കാരണം. കോടതി, വിചാരണ, മാധ്യമങ്ങൾ, പൊലീസ്, പള്ളിയിൽനിന്നുള്ള ആക്രമണം എന്നിങ്ങനെ, അവൾക്ക് നേരിടേണ്ടിവന്നത് എന്തെല്ലാമാണെന്ന് സങ്കൽപ്പിക്കാനാവില്ല.”
ഫെമിനിസ്റ്റ് പ്രചാരകയായ അനിത ചെറിയയും ഇക്കാര്യം പറഞ്ഞു. “രേഖാമൂലമുള്ള ഒരു പരാതി എന്നത് അപൂർവ്വമാണ്. പീഡനങ്ങളോട് പ്രതികരിക്കുക എന്നത്, മതസംഘടനകൾക്ക് എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന കാര്യമല്ല. കുടുംബത്തിലെ പല മുതിർന്നവർക്കുപോലും പലപ്പോഴും അതിനായില്ലെന്നുവരാം. അതുപോലെ തന്നെയാണ് ഇതും.”
നിയമത്തിന്റെ കണ്ണിലൂടെ നോക്കിയാൽ റൂത്ത് പരാജയപ്പെട്ടു എന്ന് തോന്നാം. പക്ഷേ അവരുടെ കഥ എന്നെന്നും കാലത്തിൽ കൊത്തിവെക്കപ്പെടും. നിരവധി മുന്നേറ്റങ്ങൾ കൈവരിച്ചതിന്റെ പേരിൽ.
“വൈദികരുടെ ലൈംഗികപീഡനങ്ങളെക്കുറിച്ച് ഒരു സൂചനപോലും കിട്ടിയാൽ സാധാരണയായി പള്ളികൾ കൈക്കൊള്ളുന്ന, അനുമാനിക്കാവുന്ന ഒരു രീതിയുണ്ട്,” വട്ടോളി പറഞ്ഞു. “കന്യാസ്ത്രീയെ പുറത്താക്കുകയും, ആരോപണവിധേയനായ പുരോഹിതന്, അല്ലെങ്കിൽ ബിഷപ്പിന് സ്ഥാനക്കയറ്റം നൽകുകയോ നിശബ്ദമായി സ്ഥലം മാറ്റം നൽകുകയോ ചെയ്യും.”
എന്നാൽ ഈ കേസിൽ, കുറ്റവിമുക്തനായിട്ടുപോലും ഫ്രാങ്കോയെ തിരിച്ചെടുത്തില്ല. മറിച്ച്, അയാളോട് വിരമിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
“അതൊരിക്കലും സംഭവിക്കാറില്ല,” വട്ടോളി പറയുന്നു.
“ലോകത്തുതന്നെ ആദ്യമായിട്ടാണ് ഒരു കന്യാസ്ത്രീ സ്ഥാപനത്തിനകത്തു പിടിച്ചുനിന്ന്, തന്നെ ചൂഷണം ചെയ്ത വ്യക്തിയെ വെല്ലുവിളിച്ചത്,” കൊച്ചുറാണി പറഞ്ഞു. “ഇത് പള്ളിയെ ഭയപ്പെടുത്തുകയും, സ്ത്രീകൾ ഇനി മുതൽ നിശ്ശബ്ദരായി ഇരിക്കുകയില്ലെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തു. ഈ പോരാട്ടം തന്നെ ഒരുതരത്തിൽ ഒരു വിജയമാണ്.”
അതുകൊണ്ടാണ് ബിഷപ്പിനെതിരെ കേസ് ഫയൽ ചെയ്ത റൂത്തിന്റെ പ്രവർത്തി സഭയിലെ പലരേയും വിറളി പിടിപ്പിച്ചത്. “ഒരു കന്യാസ്ത്രീ പുറത്തേക്ക് വന്ന സ്ഥിതിക്ക് ഇനിയും മറ്റൊരാൾകൂടി വരാതിരിക്കാനാണ് ഇപ്പോൾ അവർ ശ്രദ്ധിക്കുന്നത്,” വട്ടോളി പറഞ്ഞു.
വിധിക്ക് ശേഷമുള്ള സഭയുടെ പ്രതികരണവും ആഴത്തിലുള്ള ഒരു ചോദ്യം ഉയർത്തുന്നുണ്ട്.
ഫ്രാങ്കോയെ പുരോഹിത പദവിയിൽ നിന്ന് പുറത്താക്കുകയോ പുനഃസ്ഥാപിക്കുകയോ സ്ഥലം മാറ്റുകയോ ചെയ്യാത്തത് ഈ കേസിനെയും സഭയെയും കുറിച്ച് ധാരാളം കാര്യങ്ങൾ പറയുന്നുണ്ടെന്ന് കൊച്ചുറാണി ചൂണ്ടിക്കാട്ടി.
“ഫ്രാങ്കോ വിഷയത്തിൽ ജലന്ധർ രൂപത വിഭജിക്കപ്പെട്ടിരിക്കുന്നു എന്നതാണ് വിശദീകരണം. റൂത്തിന് തങ്ങൾ അൽപ്പമെങ്കിലും നീതി ലഭ്യമാക്കി എന്ന് വരുത്തിത്തീർക്കാനാണ് പള്ളി ശ്രമിക്കുന്നത്,” അവർ പറഞ്ഞു.
ഏറ്റവും ശ്രദ്ധേയമായി അവശേഷിക്കുന്നത്, ഒരു ഘട്ടത്തിൽ പോലും കത്തോലിക്കാ സഭ ഈ കേസിൽ സ്വതന്ത്രമായ അന്വേഷണം നടത്തിയില്ല എന്നതാണ്.
“സത്യം മനസ്സിലാക്കാൻ ആത്മാർഥമായ തീരുമാനമുണ്ടായിരുന്നെങ്കിൽ, അവരൊരു വസ്തുതാന്വേഷണ സംഘത്തെ രൂപീകരിച്ചേനെ. വിധി വന്നതിനു ശേഷവും റൂത്ത് അങ്ങനെയൊരു ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ അവരതിന് വിസമ്മതിച്ചു എന്നത് വലിയൊരു ചോദ്യചിഹ്നമായി ബാക്കി നിൽക്കുന്നു,” കൊച്ചുറാണി പറഞ്ഞു.
കോടതിവിധിക്കെതിരേ ഹൈക്കോടതിയിൽ റൂത്ത് അപ്പീൽ കൊടുത്തിട്ട് രണ്ടുവർഷമാകുന്നു. ഇപ്പോഴും വാദം കേൾക്കാനുള്ള തീയ്യതി തീരുമാനിച്ചിട്ടില്ല.
പക്ഷേ അതവരെ അസ്വസ്ഥയാക്കുന്നില്ല.
“എന്തിനാണ് ധൃതി? ഞാനെങ്ങോട്ടും പോവുന്നില്ലല്ലോ,” റൂത്ത് പറഞ്ഞു. ക്ഷമയല്ല അതിന്റെ കാരണം, മറിച്ച് കോടതിയിലും പള്ളിയിലുമുള്ള പ്രതീക്ഷ നഷ്ടപ്പെട്ടതാണ്. “സമാധാനമായി ജീവിക്കുക, എന്തെങ്കിലും തുന്നി കൊണ്ടിരിക്കുക. ഇതുമാത്രമേ ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നുള്ളു.”
ഈ സംഭവത്തിലുടനീളം, ആ മൂന്ന് കന്യാസ്ത്രീകൾ കോൺവെന്റ് വിട്ട് പോയതാണ് റൂത്തിനെ ഏറ്റവുമധികം വേദനിപ്പിച്ചത്. തന്റെ ആ ആത്മമിത്രങ്ങളെക്കുറിച്ച്, തന്റെ ശക്തിയും പരിചയുമായിരുന്ന അവരെക്കുറിച്ച് പറയുമ്പോഴൊക്കെ റൂത്ത് പൊട്ടിക്കരയും.
എന്നാൽ റൂത്തിന് അവരോട് വിരോധമില്ല.
“ഏറ്റവും കഷ്ടപ്പാട് നിറഞ്ഞ ദിവസങ്ങളിൽ അവരെന്റെ കൂടെ നിന്നു. ഇനി അവരെ ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കാനുള്ള സമയമായി എനിക്ക്,” റൂത്ത് പറഞ്ഞു. ബാക്കിയുള്ള രണ്ടുപേരോടും — ആൽഫിയോടും, ആൻസിറ്റയോടും — പോകണമെന്ന് തോന്നുന്നുണ്ടെങ്കിൽ തീർച്ചയായും പോകണമെന്ന് റൂത്ത് പറഞ്ഞേൽപ്പിച്ചിട്ടുമുണ്ട്.
റൂത്തുമായുള്ള എന്റെ അവസാനത്തെ സംഭാഷണം വേദനാജനകമായിരുന്നു. അവർ കുറേ കരഞ്ഞു. അവരുടെയുള്ളിൽ നിശ്ശബ്ദതയുടെ ഭാരം കുമിഞ്ഞുകൂടി കിടന്നു. “ഞാൻ മരിക്കുന്നതു ഇവിടെ വെച്ചായിരിക്കും,” അവർ പറഞ്ഞു.
എല്ലാത്തിനുമൊരു സമാപനം (closure) ഉണ്ടാവുമെന്ന് റൂത്ത് പ്രതീക്ഷിക്കുന്നില്ല. ഇത്രയധികം അടുക്കുകളുള്ള ഒരു കേസിൽ പ്രയോഗിക്കാൻ കഴിയാത്തത്ര ലളിതമാണ് ആ ആശയം.
“സഭ ഈ വിഷയം പുറത്തറിയാതെ കൈകാര്യം ചെയ്തിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു,” അവർ പറഞ്ഞു.
എന്നാൽ കഴിഞ്ഞ രണ്ട് വർഷങ്ങളായി, കത്തോലിക്കാസഭയിൽ നിന്ന് അനുഭവിക്കേണ്ടിവന്ന കാര്യങ്ങൾ, റൂത്തിന്റെ നിശ്ചയദാർഢ്യം വർദ്ധിപ്പിച്ചിട്ടേയുള്ളു.
“എന്നെ പരമാവധി ഒരു മൂലയിലേക്ക് തള്ളിമാറ്റി. എനിക്കിനി ഒന്നും നഷ്ടപ്പെടാനില്ല. ഒരിഞ്ചുപോലും പിന്നോട്ട് പോകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഒന്നുമില്ലെങ്കിലും ഇപ്പോൾ സഭാധികാരികൾക്ക് ഭയം തോന്നിത്തുടങ്ങുകയെങ്കിലും ചെയ്തിട്ടുണ്ട്.”
തന്റെ പോലൊരു ജീവിതത്തിൽ എന്തർത്ഥമാണ് ആൾക്കാർ കണ്ടെത്തുന്നതെന്ന് റൂത്ത് പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. എന്നാൽ കാലക്രമേണ, തന്റെ കൂടെ നിൽക്കുന്നവരുടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ, അവരുടെ വിശ്വാസത്തിൽ തന്റെ പോരാട്ടത്തിന്റെ വില അവർ തന്നെ തിരിച്ചറിയുന്നുണ്ട്.
ചരിത്രം എഴുതപ്പെടുന്നത് നേരിൽ കാണുന്നത് വിസ്മയകരമാണ്. എന്നാൽ കണ്ണുകൾക്കു മുന്നിൽ അതിന്റെ ചുരുളഴിയുന്നത് കുഴക്കുന്നതും അമ്പരിപ്പിക്കുന്നതുമായ കാര്യമാണ്.
മതപരമായ ഈ ദുരന്തത്തിൽ ഉൾപ്പെട്ടവർക്കെല്ലാം, സ്വർഗ്ഗ നരകങ്ങളെക്കുറിച്ചും, പാപം, കുറ്റബോധം, ലജ്ജ, എന്തിന് നീതിയെക്കുറിച്ചുപോലുമുള്ള ആശയങ്ങളെല്ലാം പൊട്ടിമുളയ്ക്കുന്നത് ക്രിസ്തുവിൽ നിന്നാണ്.
ഫ്രാങ്കോ ഇടയ്ക്കിടെ ക്രിസ്തുവിനെ സംഭാഷണത്തിൽ കൊണ്ടുവരാറുണ്ട്. യേശുവിനെ ഉപയോഗിച്ച് തന്റെ ജീവിതത്തെ അടയാളപ്പെടുത്താനും, സ്വയം കുറ്റവിമുക്തമാക്കാനും ന്യായീകരിക്കാനും.
എന്നാൽ റൂത്തിനാകട്ടെ, അവരുടെ സമ്പൂർണ്ണമായ നിലനിൽപ്പുതന്നെ ക്രിസ്തുവുമായുള്ള ബാന്ധവത്താൽ രൂപപ്പെട്ടതാണെങ്കിൽ കൂടി, ക്രിസ്തുവുമായുള്ള ഇന്നത്തെ അവരുടെ ബന്ധം ഒരു സ്വകാര്യ ഇടപാടായിരിക്കുന്നു. “എനിക്ക് വിശ്വാസമുണ്ട്. അതുമാത്രമേ ബാക്കിയുള്ളു. അത് വിശദീകരിക്കാൻ ബുദ്ധിമുട്ടാണ്,” അവർ പറയുന്നു.
റൂത്തിനെ സംബന്ധിച്ച്, ആ കെട്ടിടം ഒരു കോൺവെന്റാണോ, തന്നെ ഇപ്പോഴും വിശ്വാസ സമൂഹത്തിന്റെ ഒരംഗമായി സഭ അംഗീകരിക്കുന്നുണ്ടോ, തന്നെക്കുറിച്ച് എന്തെങ്കിലും എഴുതപ്പെടുന്നുണ്ടോ എന്നുള്ളതൊന്നും പ്രസക്തമല്ല. തന്റെ ചുമതലകളിൽ മുഴുകി, സ്വന്തം വിശ്വാസത്താൽ നയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് അവരിപ്പോഴും. ദിവസവും എഴുന്നേറ്റ്, തിരുവസ്ത്രം ധരിച്ച്, ശിരോവസ്ത്രമണിഞ്ഞ്, ജപമാല കൈയ്യിലേന്തി, അവർ അവരുടെ കുരിശ് ചുമക്കുന്നു.
“ഞാൻ ഇവിടെ വന്നത് ഒരു കന്യാസ്ത്രീയാവാനാണ്. ഒരു കന്യാസ്ത്രീയായിത്തന്നെ ഞാൻ തുടർന്നും ജീവിക്കും. ഞാൻ ദൈവത്തെ നിരാശപ്പെടുത്തില്ല,” അവർ പറയുന്നു.
ആത്യന്തികമായി, ഒരേയൊരു ഘടകത്തോട് ബന്ധിപ്പിക്കപ്പെട്ട കഥയാണത് — ക്രിസ്തുവിനോട്. ഒരേയൊരു ചോദ്യവും: അദ്ദേഹം എന്താവും ചിന്തിക്കുന്നുണ്ടാവുക?
*പേരുകൾ മാറ്റിയിട്ടുണ്ട്
അഹാന ഭാലചന്ദ്ര വലഞ്ചു, കാർത്തിക എസ്, ഗോകുൽ എസ്.വിജയ്, നീലിമ ഇന്ദ്രഗന്ധി എന്നിവർ ഈ ലേഖനത്തിന്റെ ഗവേഷണത്തിന് സഹായിച്ചിട്ടുണ്ട്.
ഇന്ത്യയിലെ അപ്പോസ്തലിക്ക് നൻസിയോ ആയ ലിയോപാൾഡോ ഗിരെല്ലിയുമായി ഒരു കൂടിക്കാഴ്ചക്ക് ടിഎൻഎം അനുമതി ചോദിച്ചിരുന്നു. അദ്ദേഹത്തിന്റെ ഓഫീസ് തന്ന മറുപടി, “ഹിസ് എക്സലൻസി സാധാരണയായി അഭിമുഖങ്ങൾ നൽകാറില്ല എന്ന് ഈ ഓഫീസ് ഇതിനാൽ അറിയിക്കുന്നു” എന്നായിരുന്നു.
ടിഎൻഎം വിശദമായ ചോദ്യാവലി അയച്ചിരുന്നവർ:
ജലന്ധറിലെ ബിഷപ്പ് ആഗ്നെലോ ഗ്രേഷ്യസിന് രണ്ട് ഈമെയിലുകൾ അയച്ചിരുന്നു. താൻ സ്ഥലത്തില്ലെന്നും സമയം വേണമെന്നും അദ്ദേഹം അറിയിച്ചു.
എന്നാൽ ഈ ലേഖനം പ്രസിദ്ധീകരിച്ച് നാല് ദിവസങ്ങൾക്ക് ശേഷം, അതായത് ഓഗസ്റ്റ് 26-ന്, ബിഷപ്പ് ആഗ്നെലോ ഗ്രേഷ്യസ് നാല് പേജുകളുള്ള ഒരു വിശദമായ കത്ത് ദി ന്യൂസ് മിനിറ്റിന് എഴുതി. കോൺവെന്റിന്റെ നടത്തിപ്പിൽ ഫ്രാങ്കോ ഇടപെട്ടെന്ന ആരോപണങ്ങളിൽ സഭ സ്വന്തമായി ഒരു അന്വേഷണം നടത്തിയിട്ടില്ലെന്ന് അദ്ദേഹം സമ്മതിച്ചു.
ബലാത്സംഗ ആരോപണത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെ എഴുതി: “പോലീസ് അന്വേഷണം ആരംഭിച്ചതിനാൽ, ജലന്ധർ രൂപത സ്വന്തമായി ഒരു അന്വേഷണം നടത്താതിരുന്നത് ശരിയായ നിലപാടായിരുന്നു. രൂപതയുടെ അന്വേഷണം പോലീസിൻ്റെ അന്വേഷണത്തിൽ നിന്ന് വ്യത്യസ്തമായ ഒരു നിഗമനത്തിൽ എത്തിയിരുന്നുവെങ്കിൽ ഏത് നിഗമനത്തിനായിരിക്കും പ്രാമുഖ്യം ലഭിക്കുക?”
സിസ്റ്റർ റൂത്ത് ഫ്രാങ്കോയെക്കുറിച്ച് പരാതിപ്പെട്ടപ്പോൾ സഭയിലെ ഒരു അധികാരിയും അത് കേൾക്കാൻ തയ്യാറായില്ലെന്ന് അദ്ദേഹം സമ്മതിച്ചു. എന്നാൽ, ഈ പരാതിയിൽ ലൈംഗികാതിക്രമത്തെക്കുറിച്ചോ ബലാത്സംഗത്തെക്കുറിച്ചോ പരാമർശം ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. “മിഷനറീസ് ഓഫ് ജീസസിൻ്റെ ദൈനംദിന കാര്യങ്ങളിൽ ബിഷപ്പ് മുളയ്ക്കൽ ഇടപെട്ടെന്ന സിസ്റ്റർമാരുടെ പരാതി ആരും കേട്ടില്ല. ആ പരാതി പരിഹരിക്കപ്പെടേണ്ടതായിരുന്നു. ലൈംഗികാതിക്രമങ്ങളോട് സഹിഷ്ണുത പാടില്ല എന്ന ഫ്രാൻസിസ് മാർപ്പാപ്പയുടെ നയത്തോട് ഞാൻ പൂർണ്ണമായി യോജിക്കുന്നു, പക്ഷേ ഞാൻ മുകളിൽ പറഞ്ഞതുപോലെ, 2018 ജൂലൈ 16 വരെ ലൈംഗികാതിക്രമത്തെക്കുറിച്ച് പരാതി ഉണ്ടായിരുന്നില്ല.” വിധിക്കുശേഷം, “കാനോനിക്കൽ വിദഗ്ധരുമായി ആലോചിച്ച ശേഷം” ഹൈക്കോടതിയിൽ അപ്പീൽ തീർപ്പാക്കുന്നതുവരെ കന്യാസ്ത്രീകൾക്ക് അവധിയിൽ പ്രവേശിക്കാനോ സ്വമേധയാ സഭയിൽ നിന്ന് താൽക്കാലികമായി വിട്ടു നിൽക്കാനോ (“voluntary exclaustration”) ഉള്ള തീരുമാനം കൈക്കൊള്ളാനുള്ള രണ്ട് വഴികൾ മുന്നോട്ടുവെച്ചു.” ബിഷപ്പ് ആഗ്നെലോ ഗ്രാസിയാസ് എഴുതി.
ഹൈക്കോടതിയിൽ ഫയൽ ചെയ്ത അപ്പീൽ തീർപ്പാക്കാൻ പത്ത് വർഷമോ അതിൽ കൂടുതലോ എടുത്തേക്കാം. ലീവ് ഓഫ് ആബ്‌സെൻസോ അല്ലെങ്കിൽ സ്വമേധയാ സഭയിൽ നിന്ന് വിട്ടു നിൽക്കലോ എന്ന തീരുമാനമുണ്ടാകുന്നതു വരെ, നാല് സിസ്റ്റർമാരും സന്യാസി സമൂഹത്തിൽ താമസിക്കുന്നില്ലെങ്കിൽ പോലും മിഷനറീസ് ഓഫ് ജീസസിൻ്റെ അംഗങ്ങളായി തുടരും, അദ്ദേഹം എഴുതി.
ഇന്ത്യയിലെയും നേപ്പാളിലെയും അപ്പോസ്തലിക്ക് നൻസിയേറ്ററിന് രണ്ട് ഈമെയിലുകൾ അയച്ചിരുന്നുവെങ്കിലും മറുപടി ലഭിച്ചില്ല.
കർദ്ദിനാൾ-ബിഷപ്പ് ലൂയീസ് എ ടാഗ്‌ലെ. മറുപടി ലഭിച്ചില്ല.
ബ്രസീലിലെ അപ്പോസ്തലിക്ക് നൻസിയേറ്റർ. മറുപടി ലഭിച്ചില്ല.
റൂത്ത് ആദ്യം കത്തയച്ച, ഇന്ത്യയിലെ മുൻ നൻസിയോ, ആർച്ച്ബിഷപ്പ് ഗിയാംബാറ്റിസ്റ്റ് ഡിക്കാട്രോ. മറുപടി ലഭിച്ചില്ല.
ഡിക്കാസ്റ്റെറി ഫോർ ഇൻസ്റ്റിട്യൂറ്റ്സ് ഓഫ് കോൺസെക്രേറ്റഡ് ലൈഫ് ആൻഡ് സൊസൈറ്റീസ് ഓഫ് അപ്പോസ്തലിക്ക് ലൈഫ് ഓഫ് വത്തിക്കാനിലെ കർദ്ദിനാൾ ആർട്ടൈമിന്. മറുപടി ലഭിച്ചില്ല.
ഡിക്കാസ്റ്റെറി ഫോർ ഇൻസ്റ്റിട്യൂറ്റ്സ് ഓഫ് കോൺസെക്രേറ്റഡ് ലൈഫ് ആൻഡ് സൊസൈറ്റീസ് ഓഫ് അപ്പോസ്തലിക്ക് ഇൻ ദി വത്തിക്കാനിലെ സിസ്റ്റർ സിമോണ ബ്രാംബില്ലയ്ക്ക്. മറുപടി ലഭിച്ചില്ല.
വത്തിക്കാൻ്റെ കേന്ദ്ര കമ്മ്യൂണിക്കേഷൻ ഓഫീസായ ഡിക്കാസ്റ്റെറി ഫോർ കമ്മ്യൂണിക്കേഷന് (ഡി.പി.സി). മറുപടി ലഭിച്ചില്ല.