കൈനോട്ടവും പക്ഷിശാസ്ത്രവും പ്രിയം കുറയുന്നെങ്കിലും ഇപ്പോഴും ഉത്സവപ്പറമ്പിലെ ആകർഷണം

Malayalam Tuesday, April 19, 2016 - 13:58
തൃശൂർ പൂരം കാണാനെത്തിയ സ്വരാജ് റൗണ്ടിൽ തിങ്ങിക്കൂടിയ വലിയ ജനക്കൂട്ടത്തെ മറികടന്ന് പോകുന്ന ഏതൊരാളും കൈനോക്കി ഭാവി പ്രവചിക്കുന്നവരുടെ ക്ഷണം കേൾക്കാതെ പോകില്ല. എന്റെ സമീപത്തുകൂടി കടന്നുപോകുന്നവരിൽ ചിലരെല്ലാം അതിനോട് പ്രതികരിക്കുന്നുണ്ട്. ചിലപ്പോൾ കൗതുകത്താൽ, ചിലപ്പോഴൊക്കെ തങ്ങളുടെ രഹസ്യങ്ങൾ നാലാൾ കേൾക്കെ ഉറക്കെ പറയുന്നതിലുള്ള വൈമുഖ്യത്തോടെ. എല്ലായ്‌പോഴും സന്ദേഹികളായ ചിലർ താല്പര്യമില്ലെന്ന് കൈകൊണ്ട് ആംഗ്യം കാണിച്ച് ധൃതിയിൽ നടന്നുപോകുകയും ചെയ്യുന്നു. പൂരപ്പറമ്പുകളിലെ സ്ഥിരം സാന്നിധ്യമായ ഹസ്തരേഖാ വിദഗ്ധർ എന്റെ നേർക്കും ഉറക്കെ ക്ഷണം നീട്ടുകയാണ്. കുറവസമുദായക്കാരാണ് ഇത് കേരളത്തിൽ ഒരു പാരമ്പര്യത്തൊഴിലായി കൊണ്ടുനടക്കുന്നത്. 
 
കേരളത്തിൽ ഒരുപാട് കാലം ഏറെ ജനകീയമായിരുന്നു കൈ നോക്കി ഭാവി പ്രവചിക്കുന്ന വിദ്യ. കണ്ണകി, യോദ്ധ തുടങ്ങിയ സിനിമകളിലൊക്കെ മറ്റു മനുഷ്യരുടെ ജീവിതത്തിൽ പ്രധാനപ്പെട്ട ഒരു പങ്ക് കൈനോട്ടക്കാർ വഹിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ ഈ തൊഴിലിന്റെ ഭാവി അത്ര ശോഭനമല്ല. അതിന്റെ ജനപ്രിയത പതുക്കേ പതുക്കേ മങ്ങിക്കൊണ്ടിരിക്കുകയാണ്. 
 
ഒരു മതിലിനരികെ നിരനിരയായി ഇരിക്കുന്ന കൈനോട്ടക്കാരിലെ കോഴിക്കോട് സ്വദേശിയായ ശാന്തയ്ക്കും മറ്റൊരു കാര്യമല്ല പറയാനുള്ളത്. കത്തിച്ചുവെച്ച ഒരു ചെറിയ വിളക്കിനും കാർഡുകൾക്കും ചെറിയൊരു കൂട്ടിലുള്ള തത്തയ്ക്കുമരികെയാണ് ശാന്ത. വടക്കൻ കേരളത്തിൽ കുറവരെന്നോ കാക്കാലരെന്നോ വിളിയ്ക്കുന്ന ജാതിയിൽ പെട്ടവളാണ് അവർ. ഇന്നിത് ആറാം വർഷമാണ് ശാന്ത തൃശൂർ പൂരത്തിനെത്തുന്നത്. 
പൂരപ്പറമ്പുകളിൽ നിന്ന് പൂരപ്പറമ്പുകളിലേക്ക് അലയുന്നവരാണ് ഈ കൈനോട്ടക്കാർ. ചിലദിവസങ്ങളിൽ ഇവർ ആയിരം രൂപ വരെ സമ്പാദിക്കുന്നു.
 
' പാരമ്പര്യമായി ഞങ്ങൾ കൈനോട്ടക്കാരാണ്. ഈ കല ഞാൻ എന്റെ അച്ഛനിൽ നിന്ന് സ്വായത്തമാക്കിയതാണ്. കാറ്റിനെപ്പോലെയാണ് ഞങ്ങളുടെ ജന്മം. ചിലപ്പോൾ ഇവിടെ. ചിലപ്പോൾ അവിടെ. ' ഒരമ്പതുരൂപാ നോട്ട് വെച്ചുനീട്ടുന്ന ഏതെങ്കിലും ഒരു കൈ പ്രതീക്ഷിച്ചുകൊണ്ട് കടന്നുപോകുന്നവരെ വീക്ഷിച്ച് ശാന്ത പറയുന്നു. 
 
തന്റെ കുട്ടികൾക്ക് ഇതിൽ താൽപര്യമില്ലെന്നും വേറെ തൊഴിലുകളന്വേഷിച്ച് അവർ പോയെന്നും ശാന്ത പറയുന്നു. 'എന്റെ ഒരേയൊരു മകൻ ഇപ്പോൾ കൂലിപ്പണിക്ക് പോകുന്നു. ഈ പാരമ്പര്യം മുന്നോട്ടുകൊണ്ടുപോകാൻ ആരുമില്ലല്ലോ എന്നാലോചിക്കുമ്പോൾ എനിക്ക് ചിലപ്പോഴൊക്കെ സങ്കടം തോന്നും. ഈ തൊഴിലിലെ അനിശ്ചിതത്വവും വരുമാനക്കുറവുമാലോചിക്കുമ്പോൾ അവനെ കുറ്റം പറയാൻ പറ്റുകയുമില്ല...'
 
തന്റെ കുലത്തൊഴിൽ സ്വീകരിച്ചുകൊണ്ട് 15-ാംവയസ്സിൽ മാതാപിതാക്കളുടെ കാലടിപ്പാടുകളെ പിൻപറ്റാൻ തുടങ്ങിയതാണ് കാർത്ത്യായനി. ഇപ്പോൾ 56-ാം വയസ്സിലും തന്റെ യാത്രാപരിപാടി അവർ മുൻകൂട്ടി കൃത്യമായി ആസൂത്രണം ചെയ്യുന്നു. ' വരാനിരിക്കുന്ന പൂരങ്ങൾ എപ്പോഴൊക്കെ എന്ന് കലണ്ടറിൽ നോക്കി മനസ്സിലാക്കിയാണ് ഞാൻ യാത്ര നിശ്ചയിക്കാറുള്ളത്. ചിലപ്പോൾ പറഞ്ഞുകേൾക്കുന്നതിന്റെ അടിസ്ഥാനത്തിലും പോകും.' അവർ പറയുന്നു.
 
കോഴിക്കോടിനടുത്ത് തേഞ്ഞിപ്പലത്തുകാരിയാണ് കാർത്ത്യായനി. ' ജഗതി ശ്രീകുമാറിന്റെ കാർ അപകടത്തിൽ പെട്ട സ്ഥലത്തുനിന്ന് കഷ്ടിച്ച് ഒരു കിലോമീറ്റർ അകലം മാത്രമേയുള്ളൂ..'  ഭൂപടത്തിൽ കാർത്ത്യായനിയുടെ വീട് നിൽക്കുന്ന തേഞ്ഞിപ്പലമെന്ന പ്രദേശം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുള്ളവർക്കായി അവർ പറയുന്നു.  ചെറുപ്പമായിരിക്കുമ്പോൾ വീട്ടുജോലിയെല്ലാം തീർത്ത് ഓരോ വീടിന്റെയും പടിവാതിലിൽ പോയി താൽപര്യമുള്ളവരുടെ ഭാവിപ്രവചനം നിർവഹിച്ചിരുന്ന കാര്യം അവരോർക്കുന്നു. തേഞ്ഞിപ്പലത്ത് സ്ഥിരമായി ചിലർ കാർത്ത്യായനിയെക്കാണ്ട് കൈനോക്കിക്കാറുണ്ടായിരുന്നുവെന്നും.
'വീടുകളിലെ കുട്ടികളും പെണ്ണുങ്ങളുമാണ് കൈനോക്കി ഭാവിയറിയുന്നതിൽ കൂടുതൽ താല്പര്യമെടുക്കുന്നത്. പെണ്ണുങ്ങൾക്ക് അവരുടെ ദാമ്പത്യജീവിതത്തെക്കുറിച്ചറിയണം. ചില പെൺകുട്ടികൾക്ക് അവർക്ക് ഏത് തരത്തിലുള്ള ഭർത്താക്കൻമാരെയാണ് കിട്ടാൻ പോകുന്നത് എന്നറിയണം. എത്ര കുട്ടികളുണ്ടാകുമെന്നറിയണം. പലയിടങ്ങളിലുമായി പൂരങ്ങൾക്ക് പോകുമ്പോൾ ഒരു ദിവസം അവിടത്തെ വീടുകളിൽ കയറാൻ ഞാൻ മാറ്റിവെയ്ക്കാറുണ്ട് ' കാർത്ത്യായനി പറയുന്നു. 
 
ശാന്തയെപ്പോലെ തന്നോടുകൂടി ഈ പാരമ്പര്യത്തൊഴിൽ അസ്തമിച്ചുപോകുന്നതിന്റെ സങ്കടം കാർത്ത്യായനിക്കുമുണ്ട്. അവരുടെ ഒരൊറ്റ മകനും ഈ തൊഴിൽ പഠിച്ചില്ല. പഠിക്കുന്നതിൽ എപ്പോഴെങ്കിലും താൽപര്യമെടുത്തതുമില്ല. 
 
എന്തുകൊണ്ടാണ് പുരുഷൻമാരേക്കാൾ കൂടുതൽ സ്ത്രീകൾ ഈ തൊഴിലിൽ ഏർപ്പെടുന്നത് എന്നു ചോദിച്ചപ്പോൾ അവരുടെ ഉത്തരമിതായിരുന്നു.:
' ആണുങ്ങൾ വേറെ തൊഴിലേന്വഷിച്ചുപോകുന്നു. പലരും നിർമാണത്തൊഴിലാളികളാണ്. ഈ തൊഴിലിൽ അവരൊരിക്കലും പൂർണമായ താൽപര്യമെടുക്കാറില്ല. ഞാനീ തൊഴിൽ ഏറ്റെടുത്തപ്പോൾ ഏഴാം ക്ലാസ് വരെ പഠിച്ച എന്റെ സഹോദരൻ വേറെ തൊഴിലന്വേഷിച്ച് പോയി.' 
 
' ഇതുപോലുള്ള വലിയ പൂരങ്ങളിൽ ഭാഗ്യത്തിന് ഞങ്ങൾക്ക് ഒരായിരം രൂപയൊക്കെ കിട്ടിയെന്നിരിക്കും. പക്ഷേ ചെറിയ പട്ടണങ്ങളിലും ചെറിയ പൂരങ്ങളിലും ഇരുന്നൂറ് രൂപ പോലും കിട്ടുക പാടാണ്. ഗവൺമെന്റ് സഹായം കിട്ടുന്നതുകൊണ്ടാണ് ഞങ്ങൾക്ക് കുട്ടികളെ സ്‌കൂളിലയയ്ക്കാൻ സാധിക്കുന്നത്..'  കാർത്ത്യായനിയുടെ ജാതിയായ കുറവസമുദായം പട്ടികജാതികളിൽ പെടുന്നു. 
 
തേഞ്ഞിപ്പലത്തുകാരി തന്നെയായ തങ്കയുടെ അടുത്ത ലക്ഷ്യം അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരമാണ്. മുസ്‌ലിം ജനവിഭാഗത്തിന് കൈനോട്ടത്തിലും ഭാവിപ്രവചനത്തിലും ഇപ്പോൾ പഴയപോലെ താൽപര്യമില്ലാത്തത് കൈനോട്ടത്തിന്റെ ജനപ്രിയതയ്ക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ടെന്ന് തങ്ക പറയുന്നു. ' മുൻപ് ധാരാളം മുസ്‌ലിങ്ങൾ കൈനോക്കാൻ വരാറുണ്ടായിരുന്നു. ഇപ്പോഴത് കുറഞ്ഞു. ഹിന്ദുക്കൾ വരാറുണ്ട്. പക്ഷേ അവരലിധകം പേർക്കും ഇപ്പോൾ കംപ്യൂട്ടർ ജാതകത്തിലാണ് വിശ്വാസം. ' തങ്ക ആവലാതിപ്പെടുന്നു.
 
70-കളിലാണ് താൻ ഈ ജോലി ചെയ്യാൻ തുടങ്ങിയതെന്ന് പുരുഷൻമാരായ ചുരുക്കം ചില കൈനോട്ടക്കാരിൽ ഒരാളായ ഗോപാലൻ പറയുന്നു. മുമ്പൊക്കെ ധാരാളം പുരുഷൻമാർ ഈ തൊഴിലിലേർപ്പെട്ടിരുന്നു. അവരിൽ പലരും മരിച്ചുപോയി. ചിലർ മറ്റുചില തൊഴിലുകളിലേക്കു തിരിഞ്ഞു. എന്നാൽ കൈനോട്ടത്തിന് ആവശ്യക്കാർ കുറഞ്ഞെന്ന കാഴ്ചപ്പാട് ഗോപാലൻ നിരാകരിക്കുന്നു. ' ലോകത്തെവിടെയും മനുഷ്യർ എല്ലാക്കാലത്തും അവരുടെ ഭാവിയെക്കുറിച്ചറിയാൻ താൽപര്യമുള്ളവരായിരിക്കും. ഞങ്ങളുടെ സമുദായത്തിലെ ചെറുപ്പക്കാർ ഈ തൊഴിലേറ്റെടുക്കാൻ മടിക്കുമ്പോഴാണ് ഈ തൊഴിൽ തകർച്ച നേരിടുന്നത്. അതോടുകൂടി മറ്റ് സമുദായക്കാർ ഈ തൊഴിലും കൈയേറുകയും ചെയ്യും. അതാണ് ഇപ്പോൾ സംഭവിക്കുന്നത്. '
 
വൈകിട്ടോടെ കാർത്ത്യായനിക്ക് ആദ്യ ഭാവി അന്വേഷകയെത്തി. കൂട്ടിൽ നിന്ന് തത്തയെക്കൊണ്ട് ചീട്ടെടുപ്പിക്കേണ്ടിവരുമെന്ന് കരുതി ഇരുപത് പിന്നിട്ട ആ യുവതിയ്ക്ക് വേണ്ടി ഞാനൽപമൊന്ന് നീങ്ങി. പക്ഷേ അവർക്കാവശ്യം കൈനോക്കിപ്പറയലായിരുന്നു. യുവതി വലതുകൈനീട്ടിയപ്പോൾ കാർത്ത്യായനി  അത് തട്ടിമാറ്റി ഇടതുകൈപ്പത്തിയിൽ പിടിച്ചു. എന്നിട്ട് എന്റെ നേരെ തിരിഞ്ഞിട്ട് പറഞ്ഞു. ' പെണ്ണുങ്ങളുടെ ഭാഗ്യമിരിക്കുന്നത് ഇടതുകൈയിലാണ്..' പിന്നെ തന്റെ കസ്റ്റമറിനോട് ആദ്യ ചോദ്യമെറിഞ്ഞു.: ' എന്താണ് നാൾ..?'
 
പിന്നെ, വർഷങ്ങളായി ആർജിച്ച വൈദഗ്ധ്യത്തോടെ ഒറ്റനോട്ടമേ ആ കൈവെള്ളയിലേക്ക് അവർക്ക് വേണ്ടിവന്നുള്ളൂ ഒരു പ്രത്യേകശൈലിയിൽ വർത്തമാനവും ഭാവിയും പ്രവചിക്കാൻ. സത്യമാണ് പറയുന്നത് എന്ന ബോധ്യത്താൽ ഇടയ്ക്കിടയ്ക്ക് ആ യുവതിയുട മുഖം ദീപ്തമാകുകയും ചിലപ്പോഴൊക്കെ അവിശ്വാസത്താൽ നെറ്റി ചുളിക്കുകയും ചെയ്തു.
 
കാർത്ത്യായനിയും മറ്റുള്ളവരും പ്രവചിക്കുന്നത് കേൾക്കാൻ ഇരിയ്ക്കുന്നവർക്ക് ഇവർ പറയുന്നത് മുഴുവൻ ഭാവിയിൽ സ്ത്യമാകണമെന്ന വാശിയൊന്നുമില്ല. ' നമ്മൾക്കെല്ലാവർക്കും നമ്മുടെ ജീവിതത്തിൽ ഇനിയെന്താണ് എ്ന്നറിയാൻ താൽപര്യം കാണും. അതറിയാൻ അത് സംഭവിക്കുന്നതുവരെ കാത്തിരിക്കാൻ ആർക്കും ആഗ്രഹമില്ല. അതുകൊണ്ട് അവർ വരുത്തുന്ന ചെറിയ ചില പിഴവുകളൊക്കെ നമ്മൾ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യും.. ചിലരെ സംബന്ധിച്ചിടത്തോളം ഇതൊക്കെ ഉത്സവലഹരിയുടെ ഭാഗമാണ്. ' അഞ്ചുമിനിറ്റോളം ക്ഷമാപൂർവം ഒരു കൈനോട്ടക്കാരന്റെ പ്രവചനം കേട്ടിരുന്ന ശേഷം ഇരിങ്ങാലക്കുടക്കാരനായ ഗോകുൽദാസ് പറഞ്ഞു.

Show us some love and support our journalism by becoming a TNM Member - Click here.