ഭായ് എന്ന പേരിലാണ് ഇവർ ഇവിടെ അറിയപ്പെടുന്നത്.

Malayalam Tuesday, May 10, 2016 - 14:05

ജിഷയുടെ കൊലപാതകത്തെ തുടർന്ന് പെരുമ്പാവൂരിലെ അന്യസംസ്ഥാനത്തൊഴിലാളി വീണ്ടും പൊതുജനശ്രദ്ധയിൽ. അന്യസംസ്ഥാനത്തൊഴിലാളികളിലേക്ക് അന്വേഷണം നീളുമെന്ന് പൊലിസ് അറിയിച്ചതിനെ തുടർന്നാണ് ഇത്. 

ഇതിനിടയിലാണ് കോട്ടയത്ത് ആസാമിൽ നിന്നുള്ള തൊഴിലാളിയായ കൈലാഷ് ജ്യോതി കള്ളനെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാർ വെയിലത്ത് കെട്ടിയിട്ടതിനെ തുടർന്ന് മരണമടഞ്ഞത്. 50,000 രൂപ സംസ്ഥാനസർക്കാർ ഈ തൊഴിലാളിയുടെ കുടുംബത്തിന് സാമ്പത്തികസഹായമായി പ്രഖ്യാപിച്ചിട്ടുണ്ട്. 

ജിഷയുടെ മരണത്തിലുള്ള വമ്പിച്ച പ്രതിഷേധത്തിനും മാധ്യമശ്രദ്ധയ്ക്കുമിടയിൽ മെയ് നാലിന് നടന്ന കൈലാഷിന്റെ മരണം പൊതുജനമനസ്സാക്ഷിയെ പിടിച്ചുലക്കുകയോ ചാനലുകളിൽ സംവാദങ്ങൾക്ക് വഴിവെയ്ക്കുകയോ ചെയ്തില്ല.

കൈലാഷിന്റെ ശരീരത്തിൽ 10ശതമാനം മാത്രമാണ് ജലാംശമുണ്ടായിരുന്നതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇയാൾ പട്ടിണിയിലായിരുന്നുവെന്നതാണ് ഇത് സൂചിപ്പിക്കുന്നത്. ആൾക്കൂട്ടമഴിച്ചുവിട്ട അക്രമത്തിൽ ഇയാളുടെ ശരീരത്തിൽ 56 ചതവുകളും മുറിവുകളുമുണ്ടായിരുന്നു. 

കേരളത്തിന്റെ രാഷ്ട്രീയമണ്ഡലത്തിൽ തെരഞ്ഞെടുപ്പുമാനിഫെസ്റ്റോ വെറും രണ്ട് വരി പരാമർശത്തിലൊതുങ്ങുന്നു കേരളത്തിലെ കുടിയേറ്റത്തൊഴിലാളി.

ഇവരുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുമെന്നുമാത്രമാണ് വാഗ്ദാനം. 2010-ലാണ് കേരള മൈഗ്രന്റ് വർക്കേഴ്‌സ് വെൽഫയർ പ്രോഗ്രാം വി.എസ്. അച്യുതാനന്ദൻ ഗവൺമെന്റ് സാഭിമാനം പ്രഖ്യാപിക്കുന്നത്. രാജ്യത്ത് ഇതാദ്യമായിട്ടായിരുന്നു അത്തരമൊരു നടപടി.

മരത്തിൽ കെട്ടിയിട്ട കൈലാഷ് പൊരിവെയിലത്ത് രണ്ടുമണിക്കൂറോളം  കിടന്ന് ജീവൻ നഷ്ടപ്പെട്ടപ്പോൾ ആ വഴി കടന്നുപോയവരാരും തിരിഞ്ഞുനോക്കിയില്ല.

ഈ ഹൃദയശൂന്യതയോട്, ഒരുപക്ഷേ രാഷ്ട്രീയമുതലെടുപ്പിന് സാധ്യതയില്ലാത്തുകൊണ്ടാകാം രാഷ്ട്രീയപാർട്ടികളൊന്നും പ്രതികരിച്ചതുമില്ല. 

കേരളത്തിൽ പെരുമ്പാവൂരാണ് കുടിയേറ്റ തൊഴിലാളികളുടെ പ്രധാന കേന്ദ്രം.

മിക്കവരും ബംഗാളിൽ നിന്നുള്ളവരുമാണ്. മിക്കവാറും പ്രൈവറ്റ് ബസുകളിലും റസ്റ്റോറന്റുകളിലും ആശുപത്രികളിലുമെല്ലാം മലയാളത്തിനും ഇംഗഌഷിനും പുറമേ ഹിന്ദിയിലും ബോർഡുകളും ഉണ്ട്. ഇവിടെ അവർ ഭായ് എന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നത്. 

പെരുമ്പാവൂരിലെ ഗാന്ധി ബസാർ ഭായ് ബസാർ കൂടിയാണ്. ഞായറാഴ്ചകളിൽ കുടിയേറ്റ തൊഴിലാളികളാണ് ഇവിടുത്തെ സന്ദർശകർ.  വിലകുറഞ്ഞ മൊബൈൽ ഫോണുകൾ, വിലകുറഞ്ഞ വസ്ത്രങ്ങൾ, ബീഡികൾ, അങ്ങനെ വേണ്ടതെല്ലാം ഭായ് ബസാറിലുണ്ട്. 

ഒരു കടയിൽ നിന്ന് മറ്റൊരു കടയിലേക്ക് കൂടുതൽ നല്ല ഉൽപന്നം കുറഞ്ഞവിലയ്ക്കന്വേഷിച്ച് അവർ നീങ്ങുന്നത് കാണാം. വില്പനക്ക് വെച്ച വില കുറഞ്ഞ സ്റ്റീരിയോകളിൽ നിന്നൊഴുകുന്ന ഉച്ചത്തിലുള്ള സംഗീതത്തിൽ അവരുടെ നിർത്താതെയുള്ള സംസാരം മുങ്ങിപ്പോകുന്നതായും അറിയാൻ കഴിയും.

ഒരാളുമായി സംഭാഷണത്തിന് മുതിർന്നപ്പോൾ അയാൾ ആശയക്കുഴപ്പത്തിലായതുപോലെ തോന്നി. ' എനിക്ക് ഭാഷ അറിയില്ല' യെന്ന് മുറി മലയാളത്തിൽ അയാൾ പറഞ്ഞൊപ്പിച്ചു. പക്ഷേ കഥകൾ പങ്കുവെയ്ക്കുന്നതിന് അതൊരു തടസ്സമായില്ല.

ഇരുപത് വർഷം മുൻപാണ് 23 കാരനായ ശിവരാജ് പെരുമ്പാവൂരിലെത്തുന്നത്. തൊഴിലന്വേഷിച്ചുവന്ന മാതാപിതാക്കൾക്കൊപ്പം ഒരു മൂന്നുവയസ്സുകാരനായിട്ട്. കർണാടകയിലെ യശ്വന്ത്പൂർ സ്വദേശിയായ ശിവരാജ് ഇപ്പോൾ നന്നായി മലയാളം സംസാരിക്കും.

പ്രദേശത്തുകാർക്ക് അവരുടെ കുടുംബത്തെ നല്ലവണ്ണമറിയാമെന്ന് ശിവരാജ് പറയുന്നു. ഒരു ബുദ്ധിമുട്ടും അനുഭവിക്കുന്നില്ല. 

നൂർ മുഹമ്മദ് പെരുമ്പാവൂരിൽ വന്നിട്ട് ഏഴ് മാസമായി.  ആഴ്ചയിൽ ആറുദിവസം നിർമാണത്തൊഴിലാളിയുടെ ജോലി ചെയ്യും.

ഞായറാഴ്ച ഗാന്ധിബസാറിൽ തുണിത്തരങ്ങൾ വിൽക്കലാണ് ജോലി. ഏതാനും കിലോമീറ്ററുകൾക്കകലെ നടന്ന ജിഷയുടെ കൊലപാതകത്തെക്കുറിച്ച് ചോദിച്ചപ്പോൾ അയാൾ പറഞ്ഞതിങ്ങനെ:

' ആളുകൾ എന്നോട് എങ്ങനെ പെരുമാറുന്നെന്ന് ചിന്തിച്ച് ഞാൻ വേവലാതിപ്പെടാറില്ല. ആഴ്ച മുഴുവൻ ഞാൻ കഠിനമായി അദ്ധ്വാനിക്കുന്നു. രാത്രികളിൽ വീട്ടിൽ പോയി വിശ്രമിക്കുന്നു. എനിക്ക് ജീവിക്കാൻ എന്തെങ്കിലും സമ്പാദിച്ചേ തീരൂ..'

മുർഷിദാബാദ് ജില്ലക്കാരനായ നൂറിനോട് ബംഗാൾ തെരഞ്ഞെടുപ്പിനെക്കുറിച്ച് പറഞ്ഞപ്പോൾ അയാളുടെ മുഖം പ്രസന്നമായി. ' ഒരു തവണ വോട്ടുചെയ്തിട്ടുണ്ട്. ഇത്തവണയും വോട്ട് ചെയ്യണമെന്നുണ്ടായിരുന്നു. പക്ഷേ എന്തു ചെയ്യാം. ഇവിടം വിട്ടുപോകാനാകില്ല. ഉപജീവനം തേടാതെ വയ്യ..' 

ബസാറിലെ മറ്റേതു തൊഴിലാളിയെയും പോലെ തനിക്ക് ചുറ്റും നടക്കുന്നതെന്താണെന്നത് സംബന്ധിച്ച് നൂറും ബോധവാനല്ല. കൈലാഷിന്റെ മരണത്തെക്കുറിച്ച് പറഞ്ഞപ്പോൾ അയാളുടെ കണ്ണുകൾ ഭീതിയിൽ വികസിച്ചു.

' മൂർഷിദാബാദിൽ നിന്ന് ഇങ്ങോട്ട് ട്രെയിനിൽ യാത്രചെയ്യാൻ ഒരുപാട് സമയമെടുക്കും. മിക്കപ്പോഴും ഞങ്ങളിവിടെ കാലുകുത്തുമ്പോൾ ഞങ്ങളുടെ കൈവശം കാശൊന്നും കാണില്ല. ഇപ്പോൾ പറയാൻ കഴിയുന്ന ഒരേ ഒരു കാര്യം ജനക്കൂട്ടം അയാളെ (കൈലാഷിനെ) അങ്ങനെ ആക്രമിക്കേണ്ടിയിരുന്നില്ല എന്ന് മാത്രമാണ്. ഏതായാലും ഇതിനെക്കുറിച്ചൊന്നും ആലോചിക്കാൻ എനിക്ക് നേരമില്ല. കഠിനമായി ജോലി ചെയ്ത് പണം സമ്പാദിച്ചേ മതിയാകൂ..' നൂർ പറഞ്ഞു.

ബസാറിൽ ചെറുകടികൾ ചൂടോടെ വില്ക്കുന്ന ഒരു അന്യസംസ്ഥാനക്കാരനായ ഒരു യുവാവിന് ചുറ്റും ആളുകൾ കൂടി നിൽക്കുന്നത് കണ്ടു.

ഒരു മണ്ണെണ്ണ സ്റ്റൗവിന് പിറകിലിരുന്ന് ചൂടോടെ ഇടപാടുകാർക്ക് അവർക്ക് തൃപ്തിവരുവോളം 20കാരനായ ജുവൽ ചെറുകടികൾ നൽകുകയാണ്. 

ഏഴ് മാസങ്ങൾക്ക് മുർഷിദാബാദിൽ നിന്ന് കേരളത്തിലേക്ക് വണ്ടി കയറിയതാണ് ജുവൽ. ബി.എ.ആദ്യവർ്ഷ വിദ്യാർത്ഥിയായിരുന്നു അപ്പോൾ. പക്ഷേ അച്ഛൻ പെട്ടെന്ന് രോഗാതുരനായതോടെ ജീവിതവും പഠനവും വഴിമുട്ടി. 

' കഴിഞ്ഞ ഏതാനും വർഷങ്ങളായി എന്റെ അയൽപക്കങ്ങളിലുള്ള ആളുകൾ പെരുമ്പാവൂരിൽ ജോലി ചെയ്യുന്നുണ്ട്. അവരോട് ചോദിച്ചപ്പോൾ ഇവിടെ ഒരു തൊഴിൽ കണ്ടുപിടിക്കാൻ സഹായിക്കാമെന്ന് ഉറപ്പുതന്നു. അതുകൊണ്ട് കുറച്ചുകൂട്ടുകാർക്കൊപ്പം ഞാനിവിടെ വന്നു. ഏതായാലും ഇനി എന്റെ അച്ഛനെയും ഇളയ സഹോദരിയേയും എനിക്ക് നോക്കാമല്ലോ..' ജുവൽ പങ്കുവെച്ചു.

' തെരുവുകളിൽ ജനങ്ങൾ പ്രതിഷേധിക്കുന്നത്  ഞാൻ കണ്ടു. അപ്പോഴാണ് കൊലപാതകക്കാര്യം ആരോ പറഞ്ഞ് ഞാനറിയുന്നത്. കുറ്റവാളി ആരായാലും ശിക്ഷിക്കപ്പെടുക തന്നെ വേണം. ഇനി അത് ഞങ്ങളിലൊരാളായാൽ പോലും..' ജിഷയുടെ കൊലപാതകത്തോട് പ്രതികരിച്ചുകൊണ്ട ജുവൽ പറഞ്ഞു.

 

'പൊലിസ് അവരുടെ ജോലി ചെയ്യട്ടെ' മാധ്യമവേട്ട അവസാനിപ്പിക്കാൻ ദീപയുടെ അഭ്യർത്ഥന

 

News, views and interviews- Follow our election coverage.

Click TN Election Special

Click Kerala Election Special

 

Become a TNM Member for just Rs 999!
You can also support us with a one-time payment.