Malayalam

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ ധോബി ഖാനക്കിനി വരണ്ടുണങ്ങുന്ന നാളുകൾ

Written by : Haritha John

മൺസൂണിനെ വരവേല്ക്കാൻ കേരളം മുഴുവൻ കൊതിയ്ക്കുമ്പോഴും മഴ മാറി നിൽക്കട്ടേയെന്ന് ആഗ്രഹിക്കുന്ന ഒരു സമുദായമുണ്ട് കൊച്ചിയിൽ.

ഫോർട്ട് കൊച്ചിയിലെ വെളി തെരുവിലൂടെ നടക്കുമ്പോൾ പഴയ എം.ജി.ആർ. ഗാനങ്ങളുടെ ഉല്ലാസഭരിതമായ ഈരടികളോ രജനീകാന്തിന്റെ പ്രസിദ്ധമായ ഈണങ്ങളോ പെട്ടെന്ന് നിങ്ങളിലേക്ക് ഒഴുകിയെത്തും. അപ്പോഴാണ് ഈയൊരു സമുദായത്തെ നിങ്ങൾ കണ്ടുമുട്ടുക. ധോബി ഖാന എന്നെഴുതിവെച്ച ഗേറ്റ് കടക്കുമ്പോൾ ആ സംഗീതം കൂടുതൽ സുസ്പഷ്ടവും ഉച്ചസ്ഥായിയിലുള്ളതുമാകും. 

ഈ സംഗീതത്തിന്റെ പശ്ചാത്തലത്തിൽ ഒരുപിടി സ്ത്രീകളും പുരുഷൻമാരും വസ്ത്രങ്ങൾ ഇസ്തിരിയിടുന്ന കാഴ്ചയാണ് ആദ്യം നിങ്ങളെ സ്വാഗതം ചെയ്യുക. ഇവരിലേറെയും തലനരച്ചവരും വയസ്സുചെന്നവരുമാണ്. 

മൂന്നേക്കർ വരുന്ന ഖാനയുടെ അടുത്ത ഭാഗത്തേക്ക് കടക്കുമ്പോൾ വരിവരിയായി നാൽപതോളം അലക്കുന്ന ഇടങ്ങൾ കാണാം. ആദ്യത്തെ ഇടത്തിൽ ഒരു വലിയ അലക്കുയന്ത്രം കാണാമെങ്കിലും അത് ഇപ്പോൾ ആരും ഉപയോഗിക്കുന്നില്ലെന്ന് തോന്നുന്നു. 

കൈകൊണ്ട് തന്നെ വസ്ത്രങ്ങൾ അലക്കി ഉപയോഗിക്കാനുള്ള കൊച്ചി നിവാസികളുടെ താൽപര്യം കൊണ്ട് ദശകങ്ങളായി നിലനിൽക്കുന്ന ഒരുപക്ഷേ കേരളത്തിലെ തന്നെ ആദ്യത്തെ ധോബി ഖാന ( കമ്യൂണിറ്റി ലോൻഡ്രി സ്‌പേസ്) 

കൊളോണിയൽ കാലഘട്ടത്തിലാണ് ധോബി ഖാനയുടെ ഉത്ഭവം. ബ്രിട്ടീഷ് ഓഫിസർമാർ കുറേ തമിഴരെ അലക്കുകാരായി കേരളത്തിലേക്ക് കൊണ്ടുവന്നതിന് ശേഷമായിരുന്നു അത്. 1920-കളിൽ ഇവർ സംഘടിതരൂപം കൈവരിച്ചു. വണ്ണർ സമുദായക്കാർ എന്നറിയപ്പെട്ട ഇവർ വർഷങ്ങളായി അവരുടെ സാമുദായികമായ കട്ടുറപ്പ് നിലനിർത്തിവരുന്നു. 

മദ്രാസ് പ്രസിഡൻസിയിലാണ് ആദ്യത്തെ ധോബി ഖാന സംഘടിപ്പിക്കപ്പെടുന്നത്. ഇപ്പോഴത്തെ കെട്ടിടം 1976ൽ ജി.സി.ഡി.എ. (ഗ്രേറ്റർ കൊച്ചിൻ ഡവലപ്‌മെന്റ് അഥോറിറ്റി) പണിതതാണ്. 

ഇപ്പോൾ നാല്പതോളം കുടുംബങ്ങൾ ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നുണ്ട്. അലക്കാനുള്ള ഇടങ്ങളും ജലസംഭരണികളും ഉള്ള ഓാരോ ക്യൂബിക്ക്ൾ ഓരോ കുടുംബത്തിനുമായി നൽകിയിട്ടുണ്ട്. 

'സാങ്കേതികമായി പറഞ്ഞാൽ മറ്റൊരാളുടെ വാഷ് പെൻ ഉപയോഗിക്കാൻ അനുവാദമില്ല. സാധാരണയായി ആണുങ്ങൾ തുണിയലക്കുകയും സ്ത്രീകൾ അവരെ വസ്ത്രമുണക്കാനും ഇസ്തിരിയിടാനും സഹായിക്കുകയും ചെയ്യുന്നു.' വണ്ണർ സമുദായം സെക്രട്ടറി പ്രദീപ് കുമാർ ദ ന്യൂസ്മിനുട്ടിനോട് പറഞ്ഞു.

വീടുകൾ, ആശുപത്രികൾ, ഹോട്ടലുകൾ, ഹോസ്റ്റലുകൾ, ചില ഗവൺമെന്റ് സ്ഥാപനങ്ങൾ തുടങ്ങിയവ ധോബി ഖാനയുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. 

ഇപ്പോഴും വിസ്തരിച്ച പഴയ രീതിതന്നെയാണ് അലക്കുന്നതിന് പിന്തുടരുന്നതെന്ന് 15 വയസ്സുമുതൽ ഈ ജോലി തുടരുന്ന 75 കാരനായ മുരുഗപ്പൻ പറയുന്നു.

'ആദ്യം ഞങ്ങൾ തുണി കുതിർന്നുകിട്ടാൻ സോപ്പുപൊടി കലക്കിയ വെള്ളത്തിൽ മുക്കിവെയ്ക്കുന്നു. കട്ടികൂടിയ തുണികൾ ഞങ്ങൾ കല്ലിൽ തല്ലി അലക്കുന്നു. കറ നീക്കം ചെയ്യുന്നതിന് ഒരു നുള്ള് ക്ലോറിനും ചേർക്കുന്നു. അതിന് ശേഷം രണ്ടുവട്ടം ശുദ്ധജലത്തിൽ മുക്കി പിഴിഞ്ഞെടുക്കുന്നു..' അദ്ദേഹം പറയുന്നു.

'പരുത്തി വസ്ത്രങ്ങൾ പശ മുക്കിയെടുക്കുന്നതിന് ഇ്‌പ്പോഴും ഞങ്ങൾ കഞ്ഞിവെള്ളത്തിൽ മുുക്കിയെടുക്കുന്ന പഴയ രീതി തന്നെയാണ് ഉപയോഗിക്കുന്നത്. കഞ്ഞിവെള്ളം നൽകുന്ന ദൃഢത ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്ന ഒരു പശയും നൽകുന്നില്ല..'  മുരുഗപ്പൻ വിശദീകരിക്കുന്നു.

'പിന്നെ അതിന് ശേഷം സ്ത്രീകൾ ഈ തുണികൾ വെയിലത്തുണങ്ങാനിടുന്നു. അഞ്ചുമണിക്കൂറോളമാണ് ഞങ്ങളത് ഉണക്കാനിടുന്നത്. ' അദ്ദേഹം പറയുന്നു. കൗതുകകരമെന്ന് പറയട്ടെ ഒരാളും അയയിൽ നിന്ന് തുണി താഴെ വീണുപോകാതിരിക്കാൻ വേണ്ടി ക്ലിപ്പുകൾ ഉപയോഗിക്കുന്നില്ല. പകരം കാറ്റടിച്ചാൽ താഴെ വീഴാത്ത രീതിയിൽ തുണികൾ അയയിൽ ഉറപ്പിച്ചുനിർത്താൻ എല്ലാ വിദ്യകളും പ്രയോഗിക്കുന്നു. 

'കരി നിറയ്ക്കുന്ന ഇസ്തിരിപ്പെട്ടികളാണ് ഞങ്ങളുപയോഗിക്കുന്നത്. ഇവയിൽ ചിലത് പതിറ്റാണ്ടുകൾക്ക് മുൻപേ ശ്രീലങ്കയിൽ നിന്നും കൊണ്ടുവന്നതാണ്..' മുരുഗപ്പൻ പറയുന്നു.

കഴിഞ്ഞ നാൽപത് വർഷമായി ഈ രീതി മാറ്റമില്ലാതെ തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

'ചിലർക്ക് രോഗം വരുമ്പോഴോ ജോലി ചെയ്യാൻ ബുദ്ധിമുട്ടാകുമ്പോഴോ അവർ ഈ അലക്കുയന്ത്രം ഉപയോഗിക്കുന്നു. പക്ഷേ ഞങ്ങൾക്ക് പഴയരീതിയിൽ കൈകൊണ്ട് തുണിയലക്കുന്നതാണ് കൂടുതൽ എളുപ്പം..' മൂലയ്ക്കിരിക്കുന്ന അലക്കുയന്ത്രത്തെ ചൂണ്ടി എഴുപതുകാരിയായ കമലമ്മ പറയുന്നു. 

എന്നാൽ ഈ തൊഴിൽ പതിയേ നിഷ്‌ക്രമിക്കുന്നുവെന്നാണ് മിക്കവരും പറയുന്നത്. 

' ഈ ജോലി ഏറ്റെടുക്കാൻ പുതുതലമുറ മടിക്കുന്നു. അവർ പഠിച്ച് പുറത്തുപോയി ജോലിയെടുക്കുന്നു..' മുരുഗപ്പൻ പറയുന്നു. ' ഈ ധോബി ഖാന ഇനിയൊരു പത്തുവർഷം കൂടി കണ്ടേക്കും. ഇപ്പോൾ എല്ലാം ആധുനിക അലക്കുശാലകളാണല്ലോ..' അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

മറ്റൊരു കാലവർഷത്തിന്റെ വരവോടെ വരാനിരിക്കുന്ന മാസങ്ങൾ പ്രയാസകരമായിരിക്കുമെന്ന് ഖാനയിലുള്ളവർ പറയുന്നു.

'കാലവർഷത്തിന്റെ സമയത്ത് ഡ്രയറുകളാണ് ഞങ്ങൾ ഉണങ്ങാൻ ഉപയോഗിക്കുന്നത്. പക്ഷേ വെയിലില്ലെങ്കിൽ കാര്യം ബുദ്ധിമുട്ടിലാകും. ഖാനയിൽ ദിവസം മുഴുവൻ ഞങ്ങളുണ്ടാകേണ്ടിവരും. മഴ വരുമ്പോൾ തുണിയെടുത്തു കൊണ്ടുപോകാനും മഴ നിലയ്ക്കുമ്പോൾ വീണ്ടും ഉണങ്ങാനിടാനുമൊക്കെയായി..' കമലമ്മ പറയുന്നു.

കാലവർഷസമയത്ത് സാധാരണ കിട്ടുന്നതിന്റെ പകുതിയായി കുറയും വരുമാനമെന്ന് പ്രദീപ് പറയുന്നുു. 

'വയസ്സുചെന്നവരെ സംബന്ധിച്ചിടത്തോളം-ഈ ജോലിയെടുക്കുന്നവരിൽ മിക്കവരും വാർദ്ധക്യത്തിലെത്തിയവർ തന്നെ- കാലവർഷത്തെ മറികടക്കുക പ്രയാസമേറിയ കാര്യമാണ്..' അദ്ദേഹം പറയുന്നു

Being KC Venugopal: Rahul Gandhi's trusted lieutenant

SC rejects pleas for 100% verification of VVPAT slips

Mallikarjun Kharge’s Ism: An Ambedkarite manifesto for the Modi years

Political battles and opportunism: The trajectory of Shobha Karandlaje

Rajeev Chandrasekhar's affidavits: The riddle of wealth disclosure