തമിഴ്‌നാട്ടിലേയും ആന്ധ്രപ്രദേശിലെയും പോലെ താരരാഷ്ട്രീയം വൈകാതെ കേരളത്തിലും വേരുപിടിച്ചേക്കാം. കുറച്ച് കാലം കാക്കേണ്ടിവരുമെന്ന് മാത്രം

news Thursday, March 17, 2016 - 18:25

അയൽസംസ്ഥാനമായ ആന്ധ്രയിൽ രാഷ്ട്രീയക്കാരായി തീർന്ന എൻ.ടി. രാമറാവുവിനെപ്പോലുള്ള, ഇപ്പോൾ ചിരഞ്ജീവിയെപ്പോലുള്ള, താരങ്ങൾ കുട്ടിദൈവങ്ങളായി വാണപ്പോൾ, തമിഴ്‌നാട്ടിലുടനീളം അമ്മ എന്ന വിളിയിലൂടെ മുഖ്യമന്ത്രി ജെ.ജയലളിതയുടെ ദൈവികമായ സവിശേഷതകൾ മാറ്റൊലിക്കൊള്ളുന്നു. 

കർണാടകയിലാകട്ടേ, താരപ്പൊലിമയിൽ അത്രയൊന്നും വീണിട്ടില്ലെങ്കിലും അംബരീഷും അനന്ത്‌നാഗും രാഷ്ട്രീയത്തിൽ വാഴ്ത്തപ്പെട്ടവരാണ്. എന്നാൽ, അഭിനയവൃത്തിക്കിടെ രാഷ്ട്രീയം തെരഞ്ഞെടുത്ത വെള്ളിത്തിരയിലെ കുട്ടിദൈവങ്ങൾക്ക് കേരളീയർക്കിടയിൽ വലിയ ഇളക്കമമൊന്നുമുണ്ടാക്കാനായില്ല. 

എം.ജി.ആറിനെ ഇപ്പോഴും ഒരു സാമൂഹ്യ-രാഷ്ട്രീയ വിഗ്രഹമായി തമിഴർ കൊണ്ടാടുന്നു. എന്നാൽ രാഷ്ട്രീയത്തിലിറങ്ങാൻ തുനിഞ്ഞാൽ മമ്മുട്ടിയേയും മോഹൻലാലിനെയും വിമർശനബുദ്ധിയോടെ മാത്രമേ മലയാളികൾ കാണുകയുള്ളൂ. 

രാഷ്ട്രീയത്തിൽ ഒരു കൈ നോക്കാൻ തുനിഞ്ഞാൽ സിനിമയിൽ അവർ നേടിയ എതിരില്ലാത്ത വിജയമൊന്നും മലയാളസിനിമയിലെ സൂപ്പർസ്റ്റാറുകൾക്ക് ഉറപ്പിച്ചുപറയാനൊക്കില്ല. അതുകൊണ്ട് രാഷ്ട്രീയത്തിലേക്ക് എടുത്തുചാടാതെ അവർ ബുദ്ധിപൂർവം കക്ഷിരാഷ്ട്രീയത്തിന്റെ അരികുകളിൽ സ്വയം ഒതുങ്ങുന്നു.

ശരത്കുമാർ, വിജയകാന്ത്, നെപ്പോളിയൻ, നന്ദമൂരി ബാലകൃഷ്ണ, പവൻ കല്യാൺ, ഖുശ്ബു എന്നിവരെക്കുറിച്ചൊക്കെ ചൊല്ലി തെലുങ്കർക്കും തമിഴർക്കും പൊങ്ങച്ചം പറയാം. എന്നാൽ കെ.ബി. ഗണേഷ്‌കുമാറിനെപ്പോലെ ഒരാൾ മന്ത്രിയാകുന്നതുപോലും കേരളീയർക്ക് അവിശ്വാസത്തോടെ കണ്ടിരിക്കാനേ ആകൂ. 

സിനിമക്കാർ രാഷ്ട്രീയത്തിൽ വേണ്ട എന്ന മലയാളി പൊതുതത്ത്വത്തിന് ഒരു അപവാദം ഇന്നസെന്റ് എന്ന ഹാസ്യതാരം മാത്രമാണ്. എന്നിട്ടും മെയ് 16ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സിനിമാതാരങ്ങളെ മത്സരിപ്പിക്കാൻ രാഷ്ട്രീയപാർട്ടികൾ മത്സരിക്കുകയാണ്. 

മുകേഷ്, ജഗദീഷ്, സിദ്ദിഖ്, കെ.പി.എ.സി. ലളിത തുടങ്ങിയവരൊക്കെ ഇതിനകം തെരഞ്ഞെടുപ്പുഗോദയിലേക്ക് ഇറങ്ങിക്കഴിഞ്ഞു. നെടുമുടി വേണു, ഷീല, രാജസേനൻ, ദേവൻ തുടങ്ങിയ താരങ്ങളൊക്കെ വിവിധ രാഷ്ട്രീയപാർട്ടികളുടെ അന്തിമ സ്ഥാനാർത്ഥിപട്ടികയിൽ പ്രത്യക്ഷപ്പെടാനുള്ള സാധ്യതയും നിലനിൽക്കുന്നു.

കേന്ദ്രം വാഗ്ദാനം ചെയ്ത എൻ.എഫ്.ഡി.സി. ചെയർമാൻ സ്ഥാനം ലഭിക്കാത്തതിൽ നീരസപ്പെട്ടുകൊണ്ട് സുരേഷ് ഗോപി സ്ഥാനാർത്ഥിയാകാനുള്ള ശ്രമത്തിൽ നിന്ന് മാറിനിൽക്കുന്നുവെന്നത് അത്ഭുതകരമായ മറ്റൊരു കാര്യം. 

കെ.ആർ.നാരായണനെതിരെ മത്സരിച്ച് തോറ്റ ലെനിൻ രാജേന്ദ്രനിലും വി.എം.സുധീരനോട് തോറ്റ നടൻ ഭരത് മുരളിയിലും ഇടതുപക്ഷം മുമ്പും രാഷ്ട്രീയഭാഗ്യം പരീക്ഷിച്ചിട്ടുണ്ട്. എഴുപതുകളുടെ അവസാനം കോൺഗ്രസ് സ്ഥാനാർത്ഥിയായി അന്നത്തെ സൂപ്പർതാരം പ്രേംനസീറിന്റെ പേര് പറഞ്ഞുകേട്ടിരുന്നു. അന്ന് സിനിമയിലെ തന്റെ ശോഭ നിലനിർത്താനും രാഷ്ട്രീയത്തെ കൈയൊഴിയാനുമാണ് നസീർ താൽപര്യപ്പെട്ടത്.

തമിഴ്‌നാട്ടിലെയും കേരളത്തിലെയും രാഷ്ട്രീയ-സാമൂഹ്യ പരിതസ്ഥിതിയാണ് താരങ്ങളുടെ രാഷ്ട്രീയാംഗീകാരത്തിന്റെ കാര്യത്തിൽ ഈ രണ്ടുസംസ്ഥാനങ്ങൾ തമ്മിലുള്ള വൈരുദ്ധ്യത്തിന്റെ കാരണമെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ ബി.ആർ.പി. ഭാസ്‌കർ പറയുന്നു. 'തമിഴ്‌നാട്ടിൽ അഭിനേതാക്കൾ എല്ലായ്‌പോഴും രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഭാഗമായിരുന്നു. അണ്ണാദുരൈയും എം.ജി.ആറും, കരുണാനിധിയുമൊക്കെ തന്നെ ഉദാഹരണമായെടുക്കുക. സിനിമയെ രാഷ്ട്രീയ ഉദ്ദേശ്യങ്ങൾക്ക് വേണ്ടിയാണ് അവരുപയോഗിച്ചത്. ഒരേ സാമൂഹ്യലക്ഷ്യം നേടുന്നതിന് വേണ്ടിയുള്ള വ്യത്യസ്ത മാധ്യമങ്ങളായിരുന്നു ഇവർക്ക് സിനിമയും രാഷ്ട്രീയവും.'

എന്നാൽ കേരളീയസമൂഹത്തെ രൂപപ്പെടുത്തിയത് 19-ാം നൂറ്റാണ്ടിൽ തുടങ്ങി 20-ാം നൂറ്റാണ്ടുവരെ തുടർന്ന സാമൂഹ്യനവോത്ഥാനപ്രസ്ഥാനങ്ങൾ ആണെന്ന് ഭാസ്‌കർ വാദിക്കുന്നു. 1930-കൾക്ക് ശേഷമാണ് രാഷ്ട്രീയപാർട്ടികൾ രംഗത്ത് വരുന്നത്. 

1965ൽ നിയമസഭയിലേക്ക് സ്വതന്ത്രനായി ജയിച്ച ചെമ്മീന്റെ നിർമാതാവ് രാമു കാര്യാട്ടിനോടോ ഇന്നസെന്റിനോടോ അല്ലാതെ, രാഷ്ട്രീയത്തിലിടപെട്ട മറ്റൊരു താരത്തോടും കേരളീയർ അനുഭാവം കാട്ടിയിട്ടില്ല. 

താരങ്ങളുടെ ആരാധകവൃന്ദം രാഷ്ട്രീയശക്തിയായി മാറാത്തതിന് രണ്ടു കാരണങ്ങളാണ് മീഡിയാ ഡവലപ്‌മെന്റ് ഫൗണ്ടേഷൻ ആന്റ് ഏഷ്യൻ കോളെജ് ഒഫ് ജേർണലിസം ചെയർമാൻ ശശികുമാർ ചൂണ്ടിക്കാട്ടുന്നത്. ഉയർന്ന സാക്ഷരതാ നിരക്കും മലയാളിയുടെ രാഷ്ട്രീയ അവബോധവുമാണ് അവ. 

കാവിരാഷ്ട്രീയത്തിന്റെ വളർച്ച നിമിത്തം ഇപ്പോൾ സംസ്ഥാനത്തിന്റെ ഇരുധ്രുവരാഷ്ട്രീയം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. അതുപോലെ സംസ്ഥാനം വെള്ളിത്തിരയിലെ കുട്ടിദൈവങ്ങൾക്കും താരപ്പൊലിമയ്ക്കും കീഴടങ്ങാൻ ഒരിത്തിരി കൂടി കാക്കേണ്ടിവരുമെന്ന് മാത്രം. 

എന്തായാലും ദേശീയതലത്തിൽ തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കുവേണ്ടി താരങ്ങളെ ആശ്രയിക്കുന്ന പ്രവണത തുടങ്ങിവെച്ചത് ബി.ജെ.പി.യാണ്. 

 

 

 

 

Become a TNM Member for just Rs 999!

You can also support us with a one-time payment.

Rs 200Rs 500Rs 1500Custom