ജയലളിത ഗവൺമെന്റിന്റെ കഴിഞ്ഞ അഞ്ചുവർഷത്തിലേറെക്കാലവും വിജയകാന്ത് ആയിരുന്നു പ്രതിപക്ഷനേതാവ്

Vernacular Wednesday, March 23, 2016 - 12:40

ആഴ്ചകൾ നീണ്ട ചാഞ്ചാട്ടത്തിനൊടുവിൽ, വിജയകാന്തിന്റെ ഡി.എം.ഡി.കെ ജനക്ഷേമമുന്നണിയോടൊപ്പമായിരിക്കും പാർട്ടി നിയമസഭാതെരഞ്ഞെടുപ്പിനെ നേരിടുകയെന്ന് പ്രഖ്യാപിച്ചു. ക്യാപ്റ്റൻ എന്ന് അറിയപ്പെടുന്ന വിജയകാന്തായിരിക്കും സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി.

ഡി.എം.ഡി.കെ. 124 സീറ്റിലും ജനക്ഷേമമുന്നണി 110 സീറ്റിലും മത്സരിക്കും. 2011-ൽ എ.ഐ.ഡി.എം.കെ നയിക്കുന്ന ഭരണമുുന്നണിയുടെ ഭാഗമായി 41 സീറ്റിൽ മത്സരിച്ച പാർട്ടി 29 സീറ്റിൽ വിജയിച്ച് പിന്നീട് മുഖ്യപ്രതിപക്ഷപാർട്ടിയായി. ജയലളിത ഗവൺമെന്റിന്റെ കഴിഞ്ഞ അഞ്ചുവർഷത്തിലേറെക്കാലവും വിജയകാന്ത് ആയിരുന്നു പ്രതിപക്ഷനേതാവ്. 

സംസ്ഥാനത്തുടനീളം ഇതിനകം പ്രചരണം തുടങ്ങിവച്ച  വൈകോയുടെ എം.ഡി.എം.കെ, വി.സി.കെ, സി.പി.ഐ, സി.പി.ഐ(എം) എന്നിവയുൾപ്പെടുന്ന ജനക്ഷേമമുന്നണിയുടെ നേതാക്കൾ ഡിസംബറിൽ വിജയകാന്തുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പക്ഷേ, വിജ.യകാന്ത് അന്ന് ഇത് സംബന്ധിച്ച് ഒരുറപ്പും നൽകിയില്ല. 

ബുധനാഴ്ച രാവിലെ കോയമ്പേടുള്ള വിജയകാന്തിന്റെ ഓഫിസിലെത്തിയാണ് സി.പി.ഐ.(എം) നേതാവ് ജി.രാമകൃഷ്ണൻ, വി.സി.കെ നേതാവ് തിരുമാവലൻ, എം.ഡി.എം.കെയുടെ വൈകോ ഉൾപ്പെടെ മുന്നണിയുടെ പ്രമുഖ നേതാക്കൾ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്. 

തെരഞ്ഞെടുപ്പ് തന്ത്രവും സ്ഥാനാർത്ഥികളെയും നിശ്ചയിക്കുന്നതിന് അമിത് ഷാ ചെന്നൈയിൽ ഇന്നെത്താനിരിക്കവേയാണ് ഈ പ്രഖ്യാപനമെന്നത് അതിന്റെ രാഷ്ട്രീയപ്രാധാന്യം വർധിക്കുന്നു. വിജയകാന്തുമായി ബി.ജെ.പി. നേതൃത്വം ചർച്ചകൾ നടത്തിയിരുന്നു. ബി.ജെ.പി ഡി.എം.ഡി.കെയുമായി തെരഞ്ഞെടുപ്പ് ധാരണയിലെത്തിയേക്കാമെന്ന് സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഡി.എം.കെയും ഡി.എം.ഡി.കെയെ തങ്ങളുടെ പക്ഷത്തേക്ക് ആകർഷിക്കാൻ ശ്രമിച്ചിരുന്നു. ഒരുഘട്ടത്തിൽ ഡി.എം.ഡി.കെ.യുമായി സഖ്യമുണ്ടാക്കുമെന്ന കാര്യത്തിൽ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ നേതാക്കൾ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

2006-ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ 232 സീറ്റിലും ഒറ്റയ്ക്ക് മത്സരിച്ച വിജയകാന്തിന്റെ പാർട്ടി 10 ശതമാനം വോ്ട്ട് നേടിയിരുന്നു. തുടർന്ന് 2009 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ വോട്ടുശതമാനം 10.3 ആയി വർധിച്ചു. 

 

Show us some love and support our journalism by becoming a TNM Member - Click here.