
ബംഗലൂരുവിൽ ബീഫ് കഴിച്ചതിന് മലയാളി വിദ്യാർത്ഥിക്ക് മർദനമേറ്റെന്ന വ്യാജവാർത്ത ആവർത്തിച്ച മുൻ സി.പി.ഐ. (എം) സെക്രട്ടറി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന് കർണാടകത്തിലെ മുതിർന്ന ബി.ജെ.പി. നേതാവ് എസ്. സുരേഷ്‌കുമാർ എം.എൽ.എയുടെ വിമർശനം. സുരേഷ്‌കുമാർ ഫേസ്ബുക്കിൽ തന്നെയാണ് പിണറായിക്കുനേരെ വിമർശനമുന്നയിച്ചിരിക്കുന്നത്.
കേരളത്തിലെ മാധ്യമങ്ങൾ ഈ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്‌തെങ്കിലും പിന്നീട് തെറ്റെന്ന് കണ്ട് അത് പിൻവലിക്കുകയായിരുന്നു. പൊലിസിനെയും വിദ്യാർത്ഥികളെയും ഉദ്ധരിച്ച് ആ വാർത്ത തെറ്റാണെന്ന് മാധ്യമങ്ങൾ ജനങ്ങളെ അറിയിക്കുകയും ചെയ്തുവെന്ന് സുരേഷ്‌കുമാർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. എന്നാൽ ഈ ആരോപണം വ്യാജമാണെന്നറിഞ്ഞിട്ടും പൊളിറ്റ് ബ്യൂറോ അംഗവും മുൻ കേരള സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയൻ ഇത് സംബന്ധിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് അതേ പടി ഇപ്പോഴും നിലനിൽക്കുന്നു. അത് ഇതുവരെയും തിരുത്തിയിട്ടില്ല. അക്രമത്തിനിടയാക്കുന്ന തരത്തിലുള്ള ഇത്തരം കേട്ടുകേൾവികളെ ആസ്പദമാക്കി സാമൂഹ്യമാധ്യമങ്ങളിൽ അഭിപ്രായം പറയുന്നതിൽ നിന്ന് പിണറായിയെപ്പോലെയുള്ള ഉത്തരവാദിത്വപ്പെട്ട മുതിർന്ന നേതാക്കൾ മാറിനിൽക്കേണ്ടതാണ്–സുരേഷ്‌കുമാർ പറയുന്നു.
'കേരളത്തിലുള്ളവർ ഞങ്ങളുടെ സഹോദരീസഹോദരൻമാരാണ്. ഭാഷാടിസ്ഥാനത്തിൽ ഞങ്ങൾ ആരോടും മോശമായി പെരുമാറില്ല.' സുരേഷ്‌കുമാർ ചൂണ്ടിക്കാട്ടുന്നു.
'സി.പി.ഐ.(എം) നേതാവ് വിജയനോട് പ്രസ്താവന തിരുത്തി മാപ്പുപറയാൻ അപേക്ഷിക്കുന്നു. ഒരു കമ്യൂണിസ്റ്റ് നേതാവിൽ നിന്നുള്ള പെരുമാറ്റത്തെക്കുറിച്ചുള്ള അമിതപ്രതീക്ഷയാകില്ല ഇതെന്ന് വിശ്വസിക്കുന്നു.. ഇനി അതല്ല, തെരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള ഒരായുധമായി ഈ നുണ ഉപയോഗിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ അത് വേറൊരു കാര്യമാണ്. ' അദ്ദേഹം അഭിപ്രായപ്പെടുന്നു.