നിയമസഭയ്ക്ക് പുറത്താണ് ഇനി ത്രികോണമത്സരം

ഇടതുവലതുമുന്നണികള്‍ ശ്രദ്ധിക്കേണ്ടത് നിയമസഭയില്‍ ഇരിക്കുന്ന ഒ.രാജഗോപാലനെയല്ല, പുറത്തുപ്രവര്‍ത്തിക്കുന്ന ബി.ജെ.പി.യെ ആണ്.
നിയമസഭയ്ക്ക് പുറത്താണ് ഇനി ത്രികോണമത്സരം
നിയമസഭയ്ക്ക് പുറത്താണ് ഇനി ത്രികോണമത്സരം
Written by:

കേരളം ഇനി ആര് ഭരിക്കും എന്നതിനേക്കാള്‍ വലിയ പ്രശ്‌നം ബി.ജെ.പി കേരളനിയമസഭയില്‍ അക്കൗണ്ട് തുടങ്ങുമോ എന്നതാണെന്നു തോന്നുമായിരുന്ന തിരഞ്ഞെടുപ്പുകാലത്തെ ചര്‍ച്ചയും പ്രചാരണവും കേട്ടാല്‍. ഒരു പാര്‍ട്ടിക്ക് ഒരു എം.എല്‍.എ ഉണ്ടാകുന്നതിലെന്താണ് ഇത്ര അത്ഭുതം, ഇത്ര അപകടം? കേരളം ഉണ്ടായതിന് ശേഷം എത്ര പാര്‍ട്ടികള്‍ നിയമസഭയില്‍ അക്കൗണ്ട് തുടങ്ങുകയും പൂട്ടുകയും ചെയ്തിട്ടുണ്ട് എന്ന് കണക്കെടുക്കക പ്രയാസമാണ്.  ഒന്നോ രണ്ടോ എം.എല്‍.എ.സ്ഥാനവും ഒപ്പം മന്ത്രിസ്ഥാനവും നേടിയ എത്രയോ പാര്‍ട്ടികള്‍ 1967 ന് ശേഷം കേരളത്തിലുണ്ടായിട്ടുണ്ട്. രണ്ട് മുന്നണികളെയും തോല്‍പ്പിച്ച് ഒറ്റയ്ക്ക് ജയിച്ചവര്‍ പോലുമുണ്ട് ധാരാളം. കര്‍ണാടകസമിതി എന്ന പാര്‍ട്ടി കാസര്‍കോഡ്്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ 1997ല്‍ ജയിച്ചത് സപ്തകക്ഷിമുന്നണിയെയും കോണ്‍ഗ്രസ്സിനെയും തോല്‍പ്പിച്ചുകൊണ്ടാണ്. ഇരുമുന്നണികളെ തോല്‍പ്പിച്ച് പൂഞ്ഞാര്‍ പിടിച്ചടക്കിയ പി.സി.ജോര്‍ജും ഇക്കൂട്ടത്തില്‍പെടും.  

ബി.ജെ.പി. അക്കൗണ്ട് തുറക്കുന്നത് അത്യപകടമാണെന്ന പ്രചാരണത്തിന്റെ ഉദ്ദേശ്യം നമുക്കറിയാം. ന്യൂനപക്ഷഭീതി വോട്ടാക്കി മാറ്റുക എന്നതുതന്നെ. ബി.ജെ.പി. ഇന്ത്യ ഭരിക്കുന്നതിലും വലിയ അപകടമൊന്നും ബി.ജെ.പി.ക്ക് ഏതാനും സീറ്റ് കേരളത്തില്‍ കിട്ടിയാല്‍ സംഭവിക്കാനില്ല. മുസ്ലിം ജനവിഭാഗം ബി.ജെ.പി.യെ ഭയപ്പെടുന്നുണ്ട്. കേരളം അവരെ സംബന്ധിച്ചിടത്തോളം സമാധാനത്തോടെ ജീവിക്കാന്‍ കഴിയുന്ന ഒരു പ്രദേശമാണ്. കേരളവും സംഘപരിവാറിന്റെ പിടിയിലാവരുത് എന്നവര്‍ ആഗ്രഹിക്കുന്നുണ്ട്.  അതുകൊണ്ടുതന്നെ സംഘപരിവാറിനെ ഫലപ്രദമായി ചെറുക്കാന്‍ കഴിയുന്ന പാര്‍ട്ടിയോടും മുന്നണിയോടും അവര്‍ക്ക് അനുഭാവം തോന്നുന്നത് സ്വാഭാവികംമാത്രം.  

ഇവിടെ ചോദ്യമതല്ല. ഫാസിസ്റ്റ് സ്വഭാവമുള്ള ഒരു പാര്‍ട്ടിക്കോ, പ്രത്യയശാസ്ത്രത്തിനോ ജനങ്ങള്‍ക്കിടയില്‍ പിന്തുണ വര്‍ദ്ധിക്കുന്നതാണോ വലിയ പ്രശ്‌നം അതല്ല അവരിലൊരാള്‍  വല്ല വിധേനയും നിയമസഭയില്‍ കയറിപ്പറ്റുന്നതോ?

വര്‍ഗീയവാദികള്‍ക്കും പ്രാതിനിധ്യം കിട്ടണം

ലോകത്ത് പല തരം ജനപ്രാതിനിധ്യ സമ്പ്രദായങ്ങളും വോട്ടെടുപ്പ് രീതികളുമുണ്ട്. നമ്മുടെ തിരഞ്ഞെടുപ്പുസമ്പ്രദായത്തിന് അതിന്റേതായ ഗുണങ്ങളുമുണ്ട്, ദോഷങ്ങളുമുണ്ട്. രാജ്യത്തെ നിയോജകമണ്ഡലങ്ങളായി തിരിക്കുകയും ഓരോന്നിലും ഏറ്റവും കൂടുതല്‍ വോട്ടുകിട്ടുന്ന ആള്‍ ജയിക്കുകയും ചെയ്യുന്നത് ഏറ്റവും മികച്ചതും കുറ്റമറ്റതുമായ ഒരു സംവിധാനമാണ് എന്ന് ആരും അവകാശപ്പെടുകയില്ല. ആകെ മുപ്പത് ശതമാനം വോട്ടര്‍മാരുടെ മാത്രം പിന്തുണയുള്ള ഒരു പാര്‍ട്ടിക്ക് ലോക്‌സഭയില്‍ അറുപത് ശതമാനത്തോളം സീറ്റുകള്‍ നേടിയെടുക്കാന്‍ ഈ സമ്പ്രദായത്തിലൂടെ കഴിയും. ചിലപ്പോള്‍ 25 ശതമാനം ജനങ്ങളുടെ പിന്തുണയുള്ള എതിര്‍പാര്‍ട്ടിക്ക് ലോക്‌സഭയില്‍ ഒരു സീറ്റുപോലും കിട്ടിയില്ല എന്നുംവരാം. ഈ ന്യൂനതയുടെ ഗുണം അനുഭവിച്ചാണ് ബി.ജെ.പി. തനിച്ച് ഭൂരിപക്ഷം നേടി രാജ്യം ഭരിക്കുന്നത്. 

ആനുപാതിക പ്രാതിനിധ്യവ്യവസ്ഥ നിലവിലുള്ള ജര്‍മനി പോലുള്ള രാജ്യങ്ങളിലൊന്നും ഇങ്ങനെ സംഭവിക്കില്ല. ഒരു പാര്‍ട്ടിയെ എത്ര ശതമാനം ആളുകളാണോ പിന്തുണക്കുന്നത്, അത്രയും ശതമാനം സീറ്റുകള്‍ മാത്രമേ ആ പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ ലഭിക്കൂ. അതാണ് യഥാര്‍ഥത്തില്‍ ജനാധിപത്യത്തിന്റെ ഒരു അടിസ്ഥാനതത്ത്വം. ഈ തത്ത്വമനുസരിച്ച് ബി.ജെ.പി.ക്ക് കേരളനിയമസഭയില്‍ പ്രാതിനിധ്യത്തിന് ധാര്‍മികമായ അവകാശമുണ്ട്. ഒരു എം.എല്‍.എ. ഉണ്ടാകാനല്ല, ഇരുപതിലധികം എം.എല്‍.എ.മാരുണ്ടാകാനുള്ള ധാര്‍മികാവകാശമുണ്ട്. ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയവാദികളുണ്ടാവാതിരിക്കുകയാണ് വേണ്ടത്. വര്‍ഗീയവാദികള്‍ ഉണ്ടെങ്കില്‍ അവര്‍ക്കും ജനപ്രതിനിധിസഭയില്‍ പ്രാതിനിധ്യം ഉണ്ടാവുന്നത് സ്വാഭാവികം മാത്രം. 

ജനങ്ങള്‍ക്കിടയില്‍ ബി.ജെ.പി.ക്കുള്ള പിന്തുണ വര്‍ദ്ധിക്കുന്നതില്‍ കുഴപ്പമില്ല, അവര്‍ നിയമസഭാഹാളില്‍ എത്തുന്നതുമാത്രമാണ് പ്രശ്‌നം എന്ന കാഴ്ചപ്പാട് എത്രത്തോളം സ്വീകാര്യമാണ്?  ബി.ജെ.പി.യുടെ വോട്ടോഹരി വല്ലാതെയൊന്നും വര്‍ദ്ധിക്കാതിരുന്നപ്പോഴും ബി.ജെ.പി.അനുകൂലമനസ്സുള്ള വോട്ടര്‍മാരുടെ എണ്ണം വര്‍ദ്ധിച്ചുവരികയായിരുന്നു എന്ന യാഥാര്‍ത്ഥ്യം എത്രത്തോളം മതേതര പാര്‍ട്ടികള്‍ യഥാസമയം തിരിച്ചറിഞ്ഞിട്ടുണ്ട്? എന്തു ബദല്‍പരിപാടിയാണ് ഇതിനെ നേരിടാന്‍ അവര്‍ സ്വീകരിച്ചിട്ടുള്ളത്്? 

ബി.ജെ.പി.സംസ്ഥാനനേതൃത്വം ഏതെല്ലാം കാലത്ത് ആര്‍ക്കെല്ലാം വോട്ടുവിറ്റു, ആരെല്ലാം വാങ്ങി എന്നത് വോട്ട് വിറ്റവര്‍ക്കും വാങ്ങിയവര്‍ക്കും മാത്രമേ കൃത്യമായി അറിയൂ. പക്ഷേ, രാഷ്ട്രീയം നിരീക്ഷിച്ചുപോന്ന എല്ലാവര്‍ക്കും അറിയുന്ന ഒരു കാര്യമുണ്ട്. ബി.ജെ.പി. അനുകൂല മനസ്സുള്ള എല്ലാവരുടെയുമൊന്നും വോട്ടുകള്‍ സാധാരണയായി ബി.ജെ.പി.യുടെ പെട്ടിയില്‍ വീഴാറില്ല. ഇതിന് പ്രധാനകാരണം ബി.ജെ.പി.ക്ക് ജയസാധ്യത ഉണ്ടായിരുന്നില്ല എന്നതാണ്. ജയിക്കാന്‍ ഇടയില്ലാത്ത സ്ഥാനാര്‍ത്ഥിക്ക് വോട്ടുകുത്തി വോട്ട് പാഴാക്കേണ്ട എന്ന ചിന്തയില്‍ ഓരോ തിരഞ്ഞെടുപ്പിലും അവര്‍ മറ്റുള്ളവര്‍ക്ക് വോട്ട് ചെയ്യാറുണ്ട്. ഇതിന്റെ പ്രധാന  ഗുണഭോക്താവ് കോണ്‍ഗ്രസ് ആയിരുന്നു. ചിലപ്പോഴെങ്കിലും സി.പി.എം. പോലും ഇങ്ങനെ വോട്ട്് നേടിയിട്ടുണ്ട്. ബി.ജെ.പി.യുടെ ജയസാധ്യത വര്‍ദ്ധിക്കുന്നുണ്ട് എന്ന ധാരണ പരന്നുതുടങ്ങിയപ്പോഴാണ് അവരുടെ കള്ളിയില്‍ കുത്തുന്ന വോട്ടിന്റെ എണ്ണവും കൂടിക്കൊണ്ടിരുന്നത്. 

ചാഞ്ചാടിയ ഹിന്ദുത്വ വോട്ട്  

2001 നിയമസഭാതിരഞ്ഞെടുപ്പില്‍ അഞ്ചുശതമാനത്തിന് താഴെ വോട്ട് കിട്ടിയ ബി.ജെ.പി. 2004 ലോക്‌സഭാതിരഞ്ഞെടുപ്പില്‍ ഇരട്ടി- 10.4 ശതമാനം വോട്ടാണ് നേടിയത്. ഇത്് രണ്ടുവര്‍ഷം കഴിഞ്ഞുള്ള നിയമസഭാതിരഞ്ഞെടുപ്പില്‍ 4.8 ശതമാനമായി കുറഞ്ഞു എന്നത് വോട്ടുവില്‍പ്പനയുടെ തെളിവായല്ല, രാഷ്ട്രീയകാലവസ്ഥ മാറുമ്പോഴുണ്ടാകുന്ന അടിയൊഴുക്കിന്റെ  തെളിവായാണ് കാണേണ്ടത്. 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത് 6.3 ആയും 2011 നിയമസഭാതിരഞ്ഞെടുപ്പില്‍  ആറായും നിലനിന്നു. മോദിപ്രതീക്ഷ കത്തിനിന്ന 2014 ല്‍ ഇത് 10.8 ശതമാനമായാണ് കുതിച്ചുയര്‍ന്നത്. 

ലോക്‌സഭാതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. വലിയ നേട്ടങ്ങളുണ്ടാക്കുന്നത് ഇടതു-വലതു മുന്നണികള്‍ വെറുതെ നോക്കി നില്‍ക്കുകയായിരുന്നു. ഒരു വലിയ കോര്‍പ്പറേഷന്‍ ബി.ജെ.പി. പിടിച്ചെടുക്കുന്നതിന്, ഒരു നിയമസഭാസീറ്റ് ജയിക്കുന്ന പ്രാധാന്യം അവരാരും കല്‍പ്പിച്ചില്ല എന്നു വേണം കരുതാന്‍. പാലക്കാട് മുനിസിപ്പാലിറ്റി ബി.ജെ.പി.  യു.ഡി.എഫില്‍നിന്ന് പിടിച്ചെടുത്തു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വലിയ രണ്ടാം കക്ഷിയായി. അനേകം ഗ്രാമപഞ്ചായത്തുകള്‍ ബി.ജെ.പി. കൈവശപ്പെടുത്തി. ലോക്‌സഭാതിരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ടോഹരി പത്തര ശതമാനം, പഞ്ചായത്തില്‍ പതിനാല് ശതമാനത്തിലേക്ക് ഉയര്‍ന്നു.

കിട്ടാവുന്നതിന്റെ പരമാവധി വോട്ട് പഞ്ചായത്ത്-മുനി. തിരഞ്ഞെടുപ്പുകാലത്തുതന്നെ പാര്‍ട്ടിക്ക് ലഭിച്ചിരുന്നു. അതേ വേഗതയില്‍ പാര്‍ട്ടി കുതിച്ചുയരുമെന്നും നിയമസഭാതിരഞ്ഞെടുപ്പിലെ വോട്ടോഹരി ഇരുപത് ശതമാനം വരെ ആകുമെന്നുമൊക്കെ അമിത്ഷായും കുമ്മനം രാജശേഖരനും മോഹിച്ചിരുന്നവെങ്കിലും അതൊന്നും സംഭവിച്ചില്ല. സംസ്ഥാനഭരണം ലക്ഷ്യമിട്ട് ബിഹാറിലും അസമിലും നടത്തിയ പ്രചണ്ഡപ്രചാരണരീതി തന്നെയാണ് ആ സാധ്യത ഒട്ടുമില്ലാത്ത കേരളത്തിലും  ബി.ജെ.പി. സ്വീകരിച്ചത്. മൂന്നുവട്ടം പറന്നിറങ്ങിയ പ്രധാനമന്ത്രിയും ദിവസങ്ങളോളം തമ്പടിച്ച കേന്ദ്രമന്ത്രിമാരും വേനല്‍വരള്‍ച്ചയില്‍ പച്ചവെള്ളംപോലെ കുത്തിയൊലിച്ച പണവും സൃഷ്ടിച്ചത് കുറെ മണ്ഡലങ്ങളിലെങ്കിലും  ബി.ജെ.പി.തരംഗം ആഞഞടിച്ചേക്കും എന്ന ആശങ്കയോ പ്രതീക്ഷയോ ആണ്. 

ഏഷ്യാനെറ്റ് സര്‍വ്വെ സൂചിപ്പിച്ചത് അവര്‍ക്ക് പതിനെട്ട് ശതമാനം വോട്ട് ലഭിച്ചേക്കുമെന്നാണ്. പക്ഷേ, വോട്ടോഹരി പതിനാല് ശതമാനത്തില്‍തന്നെ നിന്നു. നേട്ടം ഒരു സീറ്റിലെ വിജയത്തിലൊതുങ്ങി.  ലോക്‌സഭാതിരഞ്ഞെടുപ്പില്‍ കഴക്കുട്ടത്തും വട്ടിയൂര്‍ക്കാവിലും തിരുവനന്തപുരത്തും നേമത്തും ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ബി.ജെ.പി.യെ നേമം ഒഴിച്ച് എല്ലായിടത്തും ഇടത്-വലതു മുന്നണികള്‍ പിന്തള്ളി. ഒ.രാജഗോപാലിന്റെ നേമത്തെ വിജയം ഒട്ടും അഭിമാനകരമായിരുന്നില്ല. യൂ.ഡി.എഫിന്റെ പിടിപ്പുകേടോ കള്ളക്കളിയോ കൊണ്ടാണ് ബി.ജെ.പി.ക്ക് കടിഞ്ഞൂല്‍ വിജയം ഉണ്ടായത്.

ക്ഷേത്രങ്ങള്‍ രാഷ്ട്രീയ കേന്ദ്രങ്ങളാക്കി

ഇനിയും ഇടതുവലതുമുന്നണികള്‍ ശ്രദ്ധിക്കേണ്ടത് നിയമസഭയില്‍ ഇരിക്കുന്ന ഒ.രാജഗോപാലനെയല്ല, പുറത്തുപ്രവര്‍ത്തിക്കുന്ന ബി.ജെ.പി.യെ ആണ്. സംസ്ഥാന ജനസംഖ്യയുടെ അമ്പത്തിനാല് ശതമാനം വരുന്ന ഹിന്ദുജനതയെ, നിരന്തര പ്രചാരണത്തിലൂടെ, നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഒരു ജനവിഭാഗമാണ് തങ്ങള്‍ എന്ന് ബോധ്യപ്പെടുത്തിവരികയായിരുന്നു സംഘപരിവാര്‍ ശക്തികള്‍. മതേതരമുന്നണികള്‍ ഭരിക്കുമ്പോള്‍ ന്യൂനപക്ഷമതക്കാര്‍ സകല ആനുകൂല്യങ്ങളും തട്ടിയെടുക്കുകയായിരുന്നുവെന്നും ഹിന്ദുക്കള്‍ക്ക് കിട്ടേണ്ടതൊന്നും കിട്ടുന്നില്ലെന്നും പ്രചരിപ്പിച്ചത് സംഘപരിവാര്‍ സംഘടനകള്‍ മാത്രമായിരുന്നില്ല. 

പുത്രന് സര്‍ക്കാര്‍ പദവിയും സ്വന്തം ആവശ്യത്തിന് സര്‍ക്കാര്‍ഭൂമിയും വരെ നേടിയെടുത്ത വെള്ളാപ്പള്ളി നടേശനാണ് ഇതില്‍ സംഘപരിവാറിന് ഒപ്പം നിന്നത്. വെള്ളാപ്പളളിയുടെ അത്യാഗ്രഹവും ധാര്‍ഷ്ട്യവും സഹിക്കാന്‍ കഴിയാത്തതുകൊണ്ടുമാത്രമാണ് എന്‍.എസ്.എസ് ആ പക്ഷം ചേരാതിരുന്നത്. കേരളത്തില്‍ ന്യൂനപക്ഷക്കാര്‍ എല്ലാം തട്ടിയെടുക്കുന്നു എന്ന പ്രചാരണം യു.ഡി.എഫ് ഭരിച്ച അഞ്ചുവര്‍ഷവും ശക്തമായി നടന്നുപോന്നു.  സംഘപരിവാര്‍ നടത്തിപ്പോന്ന രാഷ്ട്രീയവും മതപരവും വിശ്വാസപരവും ആത്മീയവും കുടുംബപരവും ജാതീയവും വര്‍ഗീയവും എല്ലാമായ ബഹുമുഖ പ്രചാരണതന്ത്രത്തെ നേരിടാന്‍ മതേതരകക്ഷികള്‍ യാതൊന്നും ചെയ്തില്ല. 

കേരളത്തിലെ ക്ഷേത്രങ്ങളിലെ പണമെല്ലാം സര്‍ക്കാര്‍ എടുത്ത് പള്ളികള്‍ക്ക് നല്‍കുകയാണ് എന്ന പ്രചാരണം നടക്കാന്‍ തുടങ്ങിയിട്ട് കാലംകുറെയായി. ഒരു പാര്‍ട്ടിയും ഒരു മാധ്യമവും ഇതിനെക്കുറിച്ച് അന്വേഷിക്കാനേ മെനക്കെട്ടില്ല. ഒടുവില്‍ വി.ഡി.സതീശന്‍ എന്ന യുവ കോണ്‍ഗ്രസ് നേതാവ് ഇതിന്റെ സ്ഥിതിവിവരക്കണക്കുകള്‍ പുറത്തുകൊണ്ടുവന്നത് വ്യക്തിപരമായിട്ടായിരുന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ ചോരയ്ക്ക് വെമ്പുകയായിരുന്നു സംഘപരിവാറുകാരേക്കാളേറെ ഒരു വിഭാഗം ശ്രീനാരായണീയര്‍. സതീശനെതിരെ നീചമായ പ്രചാരണമാണ് എസ്.എന്‍.ഡി.പി.ജനറല്‍ സിക്രട്ടറിയും എന്‍.ഡി.എ നേതാവുമായ വെള്ളാപ്പള്ളി നടേശന്‍ അഴിച്ചുവിട്ടത്. പക്ഷേ, സതീശനെ തോല്‍പ്പിക്കാനായില്ല. 

ഇടതുവലതുപാര്‍ട്ടികള്‍ തീര്‍ത്തും അവഗണിക്കുകയും സംഘപരിവാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്ത ഒരു രംഗമാണ് ക്ഷേത്രങ്ങള്‍. കേരളത്തിലെ ക്ഷേത്രവിശ്വാസികളില്‍ ഒരു ന്യൂനപക്ഷമാണ് ഇപ്പോഴും സംഘപരിവാര്‍ അനുയായികള്‍. പക്ഷേ, കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഭൂരിപക്ഷവും ഇതിനകം സംഘപരിവാര്‍ അനുയായികളുടെ കൈവശത്തിലായിക്കഴിഞ്ഞു. പല രീതികളും തന്ത്രങ്ങളും ഉപയോഗിച്ച് ക്ഷേത്രസമിതികള്‍ പിടിച്ചെടുത്തും ക്ഷേത്രസമിതികളെ സംഘപരിവാര്‍ നിയന്ത്രിത ക്ഷേത്രസംരക്ഷണസമിതിയില്‍ അഫിലിയേറ്റ് ചെയ്തുമാണ് ഈ മേഖലയിലെ സ്വാധീനം ഉറപ്പിച്ചത്. ക്ഷേത്രപ്രഭാഷണങ്ങളില്‍ മതമൂല്യങ്ങളോ ധര്‍മങ്ങളോ അല്ല, രാഷ്ട്രീയവും വര്‍ഗീയതയുമാണ് ഇപ്പോള്‍ കൂടുതല്‍ പരാമര്‍ശിക്കപ്പെടുന്നത്. മറ്റുമതങ്ങളെ അധിക്ഷേപിക്കുക  സാധാരണമായിരിക്കുന്നു. സ്ത്രീകളെയും കുട്ടികളെയും വരുതിയിലാക്കാനുള്ള തന്ത്രങ്ങള്‍ ആസൂത്രണം ചെയ്തുവരുന്നു. വടക്കന്‍ ജില്ലകളിലെ പിന്നാക്ക ജാതിക്കാരുടെ പൗരാണിക കാവുകള്‍ പോലും പഴയ ആചാരങ്ങളും രീതികളും ഉപേക്ഷിച്ച് സവര്‍ണ രീതികളിലേക്ക് മാറുന്നു. ഉത്തരേന്ത്യന്‍ രീതികളിലേക്ക് ക്ഷേത്രാചാരങ്ങള്‍ രൂപാന്തരപ്പെടുത്തുന്നതും കണ്ടുവരുന്നു. ഇതൊന്നും നാട്ടിലെ മതേതരപാര്‍ട്ടികള്‍ കാണുന്നേയില്ല, കണ്ടാലും അവര്‍ക്ക് നാവനക്കാനുള്ള ശേഷി നഷ്ടപ്പെട്ടിരിക്കുന്നു. ഇതിനൊപ്പമാണ് പുത്തന്‍ ആള്‍ദൈവങ്ങളുടെ രംഗപ്രവേശം. ഇവരില്‍ പലരും സംഘപരിവാറിന്റെ പ്രചാരകര്‍ തന്നെയാണ്. 

കോണ്‍ഗ്രസ്സിനെ ദുര്‍ബലമാക്കും

നിയമസഭയില്‍ ഒരു സീറ്റ് നേടിയത് വലിയ നേട്ടമായി കാണുന്ന ബി.ജെ.പി. അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള പരിപാടി ആസൂത്രണം ചെയ്യുന്നുണ്ടാവും. നിയമസഭയിലെ മുഖ്യപ്രതിപക്ഷം കോണ്‍ഗ്രസ് ആണെങ്കിലും പുറത്തെ മുഖ്യപ്രതിപക്ഷമായി മാറാനുള്ള യജ്ഞത്തിലാണ് ബി.ജെ.പി. ഇടതു സര്‍ക്കാറിനെതിരെ വര്‍ഗീയവും അല്ലാത്തതുമായ കടന്നാക്രമണങ്ങള്‍ കേന്ദ്രസര്‍ക്കാറിന്റെ സഹായത്തോടെ അവര്‍ സംഘടിപ്പിച്ചുകൊണ്ടേ ഇരിക്കും. പരമാവധി ഹിന്ദുക്കളെ കോണ്‍ഗ്രസ്സില്‍നിന്ന് അടര്‍ത്തിയെടുക്കാനുള്ള ശ്രമമാണ് സ്വാഭാവികമായും അവര്‍ നടത്തുക. മുസ്ലിം ലീഗിനെയും കേരള കോണ്‍ഗ്രസ്സിനെയും മാത്രം ആശ്രയിച്ചുനില്‍ക്കുന്ന യു.ഡി.എഫില്‍നിന്ന് കേരളാകോണ്‍ഗ്രസ്സിനെ അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പാവുമ്പോഴേക്കും അടര്‍ത്തിയെടുക്കുക എത്ര വിഷമമുള്ള കാര്യമായിരിക്കില്ല. ഇതാണ് ശരിയായ ത്രികോണമത്സരം. ദുര്‍ബലമായ കോണ്‍ഗ്രസ്സും മുസ്ലിം ലീഗും മാത്രമുള്ള യു.ഡി.എഫിനെ മുഖ്യപ്രതിപക്ഷസ്ഥാനത്ത് നിന്ന് മാറ്റാന്‍ കഴിയുന്നതോടെ കേരള രാഷ്ട്രീയം കൈപ്പിടിയിലൊതുക്കാന്‍ കഴിയുമെന്നാവും ബി.ജെ.പി. ആശിക്കുന്നുത്. 

ഇത്തരമൊരു  തന്ത്രത്തെ നേരിടാനുള്ള നിശ്ചയദാര്‍ഢ്യമോ ആശയവ്യക്തതയോ നേതൃശേഷിയോ കോണ്‍ഗ്രസ്സിന് ഉണ്ടാവുന്നതിന്റെ ഒരു സൂചനയും കാണാനില്ല. 

Related Stories

No stories found.
The News Minute
www.thenewsminute.com