മോദിയോടും സ്മൃതിയോടും രാജ്‌നാഥിനോടുമുളള സഹായാഭ്യർത്ഥനകൾക്ക് പ്രതികരണമില്ല

Malayalam Wednesday, June 15, 2016 - 16:14

സംസ്‌കൃത ഭാഷയിൽ പ്രസിദ്ധീകരിക്കുന്ന ഇന്ത്യയിലെ ഏക ദിനപ്പത്രത്തിന്റെ, 'സുധർമ' യുടെ, പത്രാധിപർ സമ്പത്ത് കുമാർ ആ പത്രത്തിന്റെ എല്ലാമാണ്. രാജ്യത്ത് അങ്ങോളമിങ്ങോളമായി മൂവായിരത്തോളം വരിക്കാരുള്ള, രണ്ടു പേജുള്ള, സുധർമയ്ക്ക്് വേണ്ടി അദ്ദേഹം തന്നെയാണ് വാർത്തകളെഴുതുന്നതും എഡിറ്റ് ചെയ്യുന്നതും, വിതരണം ചെയ്യുന്നതുമെല്ലാം. എല്ലാം സംസ്‌കൃതം എന്ന ഭാഷയോടുള്ള പ്രണയം നിമിത്തം. പക്ഷേ സമ്പത്ത് കുമാറിന്റെ ആത്മസമർപ്പണം ഇപ്പോൾ വൃഥാവിലാകുമെന്ന മട്ടാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ദിനപ്പത്രം നിലനിർത്താൻ അദ്ദേഹം പാടുപെടുകയാണ്. 46 വർഷമായി പത്രം പ്രസിദ്ധീകരണം തുടങ്ങിയിട്ട്്. 

ഇരുപത് ലക്ഷം രൂപ വിലവരുന്ന ഒരു ഓഫ്‌സെറ്റ് പ്രസ് വാങ്ങുന്നതിന് ധനസഹായത്തിനായുള്ള അഭ്യർത്ഥന പത്രത്തിൽ ഈയിടെ പ്രസിദ്ധീകരിച്ചു. ധനസഹായത്തിന് വേണ്ടി പ്രധാനമന്ത്രിക്കും മാനവവിഭവശേഷി വികസന മന്ത്രി സ്മൃതി ഇറാനിക്കും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനും എഴുതിയിരുന്നു. പക്ഷേ ഇതുവരെ ഒരു പ്രതികരണവും ലഭിച്ചിട്ടില്ലെന്ന് മൈസൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സമ്പത്ത് പറഞ്ഞു. 

' ഞങ്ങൾക്ക് പിന്തുണ ആവശ്യമാണ്. വെറും 400 രൂപമാത്രമാണ് പത്രത്തിന്റെ വാർഷിക വരിസംഖ്യ. ഇപ്പോൾ അതിന്റെ വരിക്കാരുടെ എണ്ണം കുറഞ്ഞുവരികയാണ്. എന്നാൽ ഞങ്ങൾക്ക് ഒരു ഓൺലൈൻ പത്രമുണ്ട്. ലോകമെമ്പാടുമായി ഒന്നരലക്ഷത്തോളം വായനക്കാർ ്അതിനുണ്ട്. അച്ചടിക്കടലാസിലുള്ള പത്രത്തിനാകട്ടെ രാജ്യത്തുടനീളം 3000 ലധികം വരിക്കാരുണ്ട്. പത്രം തപാൽമാർഗമാണ് ഞാൻ വരിക്കാർക്ക് എത്തിക്കുന്നത്. ' സമ്പത്ത് പറയുന്നു.

'അഞ്ചുപേരടങ്ങുന്നതാണ് എന്റെ സംഘം. ഭാര്യ ഉൾപ്പെടെ. മിക്കവാറും എഴുതുന്നതും എഡിറ്റ് ചെയ്യുന്നതുമെല്ലാം ഞാൻ തന്നെ. കഴിഞ്ഞ കുറേ വർഷങ്ങളായി പത്രത്തിന് രണ്ടുപേജാണുള്ളത്. ഉള്ളടക്കത്തിനല്ല ക്ഷാമം; പണത്തിനാണ്.' സമ്പത്ത് പറയുന്നു.

' ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഫാൻസി മാസികകളുടേയും ഇക്കാലത്ത് പത്രം നിലനിർത്തിക്കൊണ്ടുപോകുക വലിയ പ്രയാസമാണ്. ഞങ്ങളുടെ വായനക്കാരും അഭ്യുദയകാംക്ഷികളും പ്രചാരം വർധിപ്പിക്കുന്നതിനാവശ്യമായ ആശയങ്ങൾ ഞങ്ങൾക്ക് വേണ്ടത്ര നൽകുന്നുണ്ട്. ' അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

എന്നിരുന്നാലും ഒരു അർധവാർഷിക മാസിക പുറത്തിറക്കുന്നതിൽ നിന്ന് ഇതൊന്നും  അദ്ദേഹത്തെ തടയുന്നില്ല. ' പത്രത്തിന് ഒരു പുതിയ മുഖം നൽകുന്നതിന് ഞങ്ങൾക്ക് പദ്ധതിയുണ്ട്. അർധവാർഷികമായി സുധർമ മാസിക പുറത്തിറക്കുന്നതിനും. പക്ഷേ അതൊക്കെ ചെയ്യുന്നതിന് ആധുനികരീതിയിലുള്ള ഉപകരണങ്ങളും സഹായസംവിധാനങ്ങളും വേണം..' 

' വിദേശനിർമിതമായ ഒരു സിംഗ്ൾ-കളർ ഓഫ്‌സെറ്റ് മെഷിൻ ഞങ്ങൾ വാങ്ങുന്നുണ്ട്. ഇതിന് ഇരുപത് ലക്ഷം രൂപ വിലവരും. ഈ സ്വപ്‌നങ്ങൾ പ്രാവർത്തികമാക്കാൻ ഞങ്ങൾക്ക് നിങ്ങളുടെ സഹായം ആവശ്യമാണ്. നിങ്ങളുടെ സംഭാവനകളാൽ ഞങ്ങളെ സഹായിക്കണമെന്ന് ദയവായി നിങ്ങളോട് അഭ്യർത്ഥിക്കുകയാണ്. കൂടുതൽ പ്രചാരത്തിന് ഞങ്ങളെ സഹായിക്കുക' ഇങ്ങനെയാണ് സുധർമയിലെ അഭ്യർത്ഥന. 

' ഞങ്ങളെ സംബന്ധിച്ചിടത്തോളം സുധർമ ഒരു വരുമാനമാർഗമല്ല. സംസ്‌കൃത്തിനോടും പ്ത്രപ്രവർത്തനത്തോടുമുള്ള ഞങ്ങളുടെ അഭിനിവേശത്തിന്റെ സൃഷ്ടിയാണ് അത്..'  സമ്പത്ത് പറയുന്നു. 

 

Become a TNM Member for just Rs 999!
You can also support us with a one-time payment.