സീനിയർ വിദ്യാർത്ഥിനികൾ തന്നെ ബലംപ്രയോഗിച്ച് ടോയ്‌ലറ്റ് ക്ലീനർ കുടിപ്പിച്ചെന്ന് കലബുറഗി അൽ ഖമർ കോളേജിലെ വിദ്യാർത്ഥിനി ആരോപിച്ചിരുന്നു.

Malayalam Thursday, June 30, 2016 - 14:44

കലബുറഗി നേഴ്‌സിങ് കോളേജിലെ റാഗിംഗ് ഇര, അശ്വതി എന്ന പത്തൊമ്പതുകാരി  ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന് രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി നിയോഗിച്ച രണ്ടംഗ സമിതി.

അശ്വതി എന്ന പത്തൊമ്പതുകാരിയായ ദലിത് വിദ്യാർത്ഥിനിയെ സീനിയർ വിദ്യാർത്ഥിനികൾ റാഗ് ചെയ്തുവെന്ന ആരോപണത്തെ സംബന്ധിച്ച് അന്വേഷിക്കാനായി  അധികൃതർ നിയോഗിച്ച കമ്മിറ്റി ചൊവ്വാഴ്ചയാണ് യൂണിവേഴ്‌സിറ്റി അധികൃതർക്ക് റിപ്പോർട്ട് സമർപ്പിച്ചത്.

സംഭവം വെളിച്ചത്തുവന്നതിനെ തുടർന്ന് അശ്വതി റാഗ് ചെയ്യപ്പെട്ടിട്ടില്ലെന്നും ആത്മഹത്യക്ക് ശ്രമിച്ചതാണെന്നും കോളേജ് പ്രിൻസിപ്പൽ എസ്‌തേർ പറഞ്ഞിരുന്നു.

എന്നാൽ റിപ്പോർട്ട് വലിയ വിമർശനങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. പ്രിൻസിപ്പലിന്റേയും സ്റ്റാഫിന്റേയും മറ്റ് വിദ്യാർത്ഥികളുടേയും അഭിപ്രായങ്ങളാരാഞ്ഞ പാനൽ ഇരയായ അശ്വതിയുടേയോ, കുടുംബാംഗങ്ങളുടേയോ, മുറിയിൽ ഒരുമിച്ച് താമസിക്കുന്നവരുടേയോ പ്രസ്താവനകൾ ഉൾപ്പെടുത്തിയിട്ടില്ല. 

കോളേജ് മാനേജ്‌മെന്റിന്റെ ഭാഷ്യത്തെ മാത്രം അടിസ്ഥാനപ്പെടുത്തി കോളേജിന് ക്ലീൻ ചിറ്റ് നൽകിയതിനെ സംബന്ധിച്ച് ചോദിച്ചപ്പോൾ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ കെ.എസ്. രവീന്ദ്രനാഥ് പറഞ്ഞത് കലബുറഗി പൊലിസ് കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഒരാഴ്ച മുൻപ് നടത്തിയ പ്രാഥമിക അന്വേഷണത്തെ അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത് എന്നുമാണ്.

മെയ് ഒമ്പതിന് കുളിമുറി വൃത്തിയാക്കാനുപയോഗിക്കുന്ന ഫെനൈൽ തന്നെ ബലംപ്രയോഗിച്ച് കുടിപ്പിച്ചുവെന്ന് മലപ്പുറം സ്വദേശിയായ അശ്വതി ആരോപിച്ചിരുന്നു. സംഭവത്തെ തുടർന്ന് ആദ്യം കർണാടകയിലും ഇപ്പോൾ കേരളത്തിലും ചികിത്സയിൽ കഴിയുകയാണ് ഈ വിദ്യാർത്ഥിനി.  

 

Become a TNM Member for just Rs 999!
You can also support us with a one-time payment.