പിണറായിക്ക് മാറണം, പക്ഷേ പാര്‍ട്ടിക്ക് മാറാനാവുന്നില്ല

തലശ്ശേരിക്കാര്‍ വളരെ ആത്മാര്‍ത്ഥതയുള്ളവരായതുകൊണ്ടാണ് അവര്‍ ഇങ്ങനെ കൊല നടത്തുതെന്ന് ചിന്തകനായ എം.എന്‍. വിജയന്‍ ഒരിക്കല്‍ പറഞ്ഞത് പലരുടെയും നെറ്റി ചുളിപ്പിച്ചിരുന്നു
പിണറായിക്ക് മാറണം, പക്ഷേ  പാര്‍ട്ടിക്ക് മാറാനാവുന്നില്ല
പിണറായിക്ക് മാറണം, പക്ഷേ പാര്‍ട്ടിക്ക് മാറാനാവുന്നില്ല
Written by:

പിണറായി വിജയന്‍ സകലരുടെയും കയ്യടി പ്രതീക്ഷിക്കുന്ന തരം ഗ്ലാമര്‍ രാഷ്ട്രീയക്കാരനല്ല. നിറഞ്ഞ ചിരിയും മധുരവചനങ്ങളും മൃദുലഭാവവും അദ്ദേഹത്തില്‍നിന്നാരും പ്രതീക്ഷിക്കുന്നില്ല. കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ പ്രതീകമാണ് അദ്ദേഹം. മൂന്നുനാല് പതിറ്റാണ്ടുകളായി കൊലയും പ്രതികാരകൊലയും പതിവാക്കിയ ഒരു പ്രദേശത്ത് നിന്ന് ആ കാലത്ത് കൊണ്ടും കൊടുത്തും വളര്‍ന്നുവന്നതാണ് പിണറായി വിജയന്‍. വിജയന് അതിന്റെ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. 

പാര്‍ട്ടിയും പാര്‍ട്ടിയെ പിന്തുടരുന്ന ജനവിഭാഗങ്ങളും മാത്രമായിരുന്നു മുമ്പെല്ലാം പാര്‍ട്ടിയുടെ നിയോജകമണ്ഡലം. ആ മണ്ഡലത്തില്‍ ന്യായീകരിക്കാവുന്ന എന്തും ചെയ്യാന്‍ പാര്‍ട്ടി മടിക്കാറില്ല. പാര്‍ട്ടി വളര്‍ത്തുകയാണ് പ്രവര്‍ത്തകന്റെയും ഭാരവാഹികളുടെയും ആദ്യത്തെയും അവസാനത്തെയും കടമ. പാര്‍ട്ടിയെ ആരാധനാപൂര്‍വം പിന്തുടരുന്ന ലക്ഷോപലക്ഷം അനുഭാവികുടുംബങ്ങള്‍ക്കൊന്നും ഇതിന്റെ ശരിതെറ്റുകള്‍ പ്രശ്‌നമല്ല. ആര്‍.എസ്.എസ്സുകാര്‍ കൊന്നാല്‍ തിരിച്ചുകൊല്ലണം. പൊതുസമൂഹം എന്നൊന്ന് മനസ്സിലില്ല. ആര്‍.എസ്്.എസ്സിന്റെ മനോഭാവവും വ്യത്യസ്തമായിരുന്നില്ല.  

ഇത് മാര്‍ക്‌സിസ്റ്റ്, ആര്‍.എസ്.എസ് കൂട്ടരുടെ മാത്രം ഭാവമായിരുന്നില്ല. പ്ലാസ്റ്റിക് പൂക്കളുള്ള ഹാരം ചാര്‍ത്തിയ മഹാത്മാ ഗാന്ധിയുടെ ബഹുവര്‍ണ ഫേട്ടോ ചില കോണ്‍ഗ്രസ് ഓഫീസുകളില്‍ കണ്ടെന്നുവരാം, മിക്കപ്പോഴും കാണാതിരിക്കാനാണ് സാധ്യത. കൊല്ലും കൊലയും നടത്താന്‍ കഴിവോ മനസ്സോ ഇല്ലാത്ത വലിയൊരു വിഭാഗം അനുഭാവികുടുംബങ്ങള്‍ ഉള്ളതുകൊണ്ട് അവര്‍ കൊല്ലിനും കൊലയ്ക്കും മടിക്കാറുണ്ടെന്നേ ഉള്ളൂ. അവസരം ഒത്തുവന്നാല്‍ അവരും വ്യത്യസ്തരല്ല. അടിയന്തരാവസ്ഥ അതു തെളിയിച്ചതാണ്. പക്ഷേ, തുടര്‍ച്ചയായി പതിറ്റാണ്ടുകളോളും ഇത് കൊണ്ടുനടക്കാനുള്ള 'സ്റ്റാമിന' കോണ്‍ഗ്രസ്സുകാര്‍ക്ക് ഉണ്ടാകാറില്ല. എന്നുമാത്രം. ആര്‍.എസ്.എസ്സിനും സി.പി.എമ്മിനും അതുണ്ട്്.  

തലശ്ശേരിയില്‍ ജീവിച്ച കാലത്തും കണ്ണൂരില്‍ ലേഖകനായിരുന്ന ഹ്രസ്വകാലത്തും ഇതിന്റെ സൈക്കോളജി കുറച്ചെല്ലാം മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ചിലതെല്ലാം കണ്ട് അത്ഭുതപ്പെട്ടിട്ടുമുണ്ട്. കണ്ണൂരിനും തലശ്ശേരിക്കും മധ്യേ മുഴപ്പിലങ്ങാട്ട്് ഒരു രാഷ്ട്രീയകൊലപാതകം റിപ്പോര്‍ട്ട്് ചെയ്യാന്‍ പോയതോര്‍ക്കുന്നു. കൊല ചെയ്യപ്പെട്ടത് ഒരു കോണ്‍ഗ്രസ്സുകാരന്‍ യുവാവാണ്. മൃതദേഹം വീട്ടില്‍ കിടക്കുന്നു. അമ്മ വാവിട്ടുകരയുന്നു. കോണ്‍ഗ്രസ്സിന്റെ ജില്ലാതലത്തിലുള്ള ഒരു നേതാവ് വന്നപ്പോള്‍ കരയുന്ന അമ്മയുടെ ഭാവം മാറി. അവര്‍ നേതാവിന് നേരെ തിരിഞ്ഞു. മോനെ കൊന്നവനെ കൊന്നിട്ട് എന്റെ പടി കടന്നാല്‍മതി എന്നവര്‍ അലറിപ്പറയുന്നുണ്ടായിരുന്നു. 

തീരാത്ത പ്രതികാരബോധം

പക്ഷേ, ഇതൊരു പൊതു മനസ്സാണ് പല പ്രദേശങ്ങളിലും. പല കൊലകള്‍ക്കുശേഷും, ഇനിയെങ്കിലും കൊലകള്‍ അവസാനിക്കണം എന്ന വികാരം ഉയരുന്നില്ല. ആ അമ്മ ആഗ്രഹിച്ചതുപോലെയൊന്നും കോണ്‍ഗ്രസ്സുകാര്‍ക്ക് പോയി സി.പി.എമ്മുകാരെ കൊല്ലുക എളുപ്പമല്ല. അതിനുള്ള സംഘടനാ സംവിധാനം ഉണ്ടാക്കിയെടുക്കുക ചെറിയ ബാധ്യതയല്ല. ചില നേതാക്കള്‍ അത്തരം സംഘങ്ങള്‍ ഉണ്ടാക്കുകയും പ്രതികാരമായും അല്ലാതെയും കൊല നടത്തുകയും ചെയ്തിട്ടുണ്ട്. പക്ഷേ, അധികകാലം അവര്‍ക്ക് മുമ്പോട്ട്് പോകാന്‍ കഴിയാറില്ല. മന്ത്രിയും പാര്‍ലമെന്റംഗവുമായിരുന്ന കെ.സുധാകരനാണ് കുറെക്കാലം പിടിച്ചുനില്‍ക്കാനുള്ള സ്റ്റാമിന തെളിയിച്ച ഒരു നേതാവ്. അതിന്റെ ചെറിയ ഗുണവും വലിയ ദോഷവും പാര്‍ട്ടിക്കുണ്ട്. 

കൊല്ലും കൊലയുമെല്ലാം ഞാനറിയാതെ നടന്നതാണെന്ന് പിണറായി വിജയന്‍ ഒരിക്കലും പറഞ്ഞിട്ടില്ല, പറയാനുമാവില്ല. ഓരോ കൊലയും സംസ്ഥാനക്കമ്മിറ്റിയിലോ ജില്ലാക്കമ്മിറ്റിയിലോ അജന്‍ഡയില്‍ പെടുത്തിയല്ല ചെയ്യുന്നത്. അതിനുള്ള സംവിധാനം പാര്‍ട്ടിക്ക്് താഴെക്കിടയില്‍തെന്നയുണ്ട്. ഇത് നേതൃത്വത്തിനുമറിയാം. ഒരു പ്രധാന സി.പി.എം. പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരകൊല, ന്യായമായ സമയം കഴിഞ്ഞിട്ടും നടക്കാഞ്ഞപ്പോള്‍  ഉടന്‍ അത് നടത്തണം എന്നാവശ്യപ്പെട്ട്് പാര്‍ട്ടിക്കാര്‍ പാര്‍ട്ടിഓഫീസില്‍ സത്യാഗ്രഹം നടത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു കുറച്ചുകാലം മുമ്പ്. 

തലശ്ശേരിക്കാര്‍ വളരെ ആത്മാര്‍ത്ഥതയുള്ളവരായതുകൊണ്ടാണ് അവര്‍ ഇങ്ങനെ കൊല നടത്തുതെന്ന് ചിന്തകനായ എം.എന്‍. വിജയന്‍ ഒരിക്കല്‍ പറഞ്ഞത് പലരുടെയും നെറ്റി ചുളിപ്പിച്ചിരുന്നു. പാര്‍ട്ടിയോടുള്ള ആത്മാര്‍ത്ഥതയാവും വിജയന്‍ മാസ്റ്റര്‍ ഉദ്ദേശിച്ചത് എന്നവര്‍ ആശ്വസിക്കുകയും ചെയ്തിരിക്കാം. പ്രതികാരബുദ്ധി മിക്ക മനുഷ്യനില്‍ ഉള്ളതാണ്. അത്യപൂര്‍വം പേരേ അതിന് കൊല നടത്താറുള്ളൂ. രാഷ്ട്രീയമായ വിരോധം തീര്‍ക്കാന്‍ കൊല നടത്തുന്നത് മൃഗീയതയിലും താഴ്ന്ന സംസ്‌കാരമാണ്. മകന്‍ കൊല ചെയ്യപ്പെട്ടപ്പോള്‍ അമ്മയ്ക്ക് ഉണ്ടായത് പ്രതികാരത്തിനുള്ള താത്കാലികമായ തോന്നല്‍ മാത്രമാണ്. അതു മനസ്സിലാക്കാനാവും. പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല ചെയ്യാപ്പെട്ടാല്‍ ഇതേ പ്രതികാരബോധം ഉണ്ടാക്കുന്ന വിധത്തിലുള്ള പാര്‍ട്ടി മനസ്സും വളര്‍ത്തിയെടുക്കാവുതാണ് എന്നു തലശ്ശേരി തെളിയിച്ചിട്ടുണ്ട്. കൊലയാളിയെ അല്ല പ്രതികാരമായി കൊല്ലുന്നത്, കൊല ചെയ്തവന്റെ പാര്‍ട്ടിയില്‍ പെട്ടുപോയി എന്ന കുറ്റം ചെയ്ത നിരപരാധിയെ ആണ്. ഇങ്ങനെ എത്ര നിരപരാധികള്‍ തലശ്ശേരിയിലെ രക്തസാക്ഷി, ബലിദാനി കുടീരങ്ങളില്‍ അന്ത്യവിശ്രമം കൊള്ളുന്നുണ്ട് എന്നൊരു ഗവേഷണവും ഇതുവരെ കണ്ടത്തെിയതായി അറിയില്ല. 

പറഞ്ഞുതുടങ്ങിയത് പിണറായി വിജയനെക്കുറിച്ചാണല്ലോ. ഒരു കണ്ണൂര്‍ ജില്ലയേ ഉള്ളൂ കേരളത്തില്‍. മറ്റ് പതിമൂന്ന് ജില്ലകളിള്‍ കൂടിയുള്ള പാര്‍ട്ടിയെ ആണ് പിണറായി വിജയന്‍ രണ്ട് പതിറ്റാണ്ടിലേറെ നയിച്ചത്.  വണ്‍, ടു, ത്രീ എെന്നണ്ണി ശത്രുക്കളെ കൊല്ലുന്ന മണിമാര്‍ അവിടെയും ഇവിടെയും ഉണ്ടായേക്കാം. മറ്റു പാര്‍ട്ടികളിലും കണ്ടേക്കാം. പക്ഷേ, ഒരിക്കലും ഇതല്ല കേരളത്തിന്റെ പൊതുഭാവം. കൊല ശരി എന്ന് അംഗീകരിക്കുതല്ല കേരളത്തിന്റെ മനസ്സ്. രാഷ്ട്രീയത്തിന്റെ ശരി തെറ്റുകളെക്കുറിച്ച് അവര്‍ക്ക് ബോധമുണ്ട്. വിരോധം തോന്നുന്നവരെ ആസൂത്രണം ചെയ്തു കൊല്ലുന്നതും വിരോധം തോന്നിയാല്‍ സ്ത്രീകളെപ്പോലും ജയിലടപ്പിക്കുന്നതും ദൃശ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട് സമൂഹത്തിന് നേരെ ആക്രോശിക്കുന്നതും മാന്യമോ സ്വീകാര്യവുമോ ആയ രാഷ്ട്രീയപ്രവര്‍ത്തനമാണ് എന്നവര്‍ കരുതുന്നില്ല.

എങ്ങും മാധ്യമമുണ്ട് 

മാധ്യമവല്‍കൃതമായ സമൂഹമാണ് ഇത്. കുറച്ച് വര്‍ഷം മുമ്പുവരെ ഇങ്ങനെ ചൂണ്ടിക്കാട്ടാറുള്ളത് ടെലിവിഷന്‍ ചാനലുകളെ മാത്രം മനസ്സില്‍ വെച്ചാണ്. പക്ഷേ, അതില്‍നിന്നും കാലം മുന്നോട്ടുപോയിരിക്കുന്നു. ഇന്ന് റോഡിലിറങ്ങുന്നവരുടെ കൈവശം ഒരു മാധ്യമപ്രവര്‍ത്തകന്റെ കൈവശമുള്ളതിലേറെ സ്‌േഫാടനശേഷിയുള്ള ആയുധങ്ങളുണ്ട്. ഒരു ടി.വി.ചാനലിലൂടെ കാണുന്നതിലേറെ ആളുകളിലേക്ക് ഒരു വീഡിയോ ദൃശ്യം എത്തിക്കാന്‍ ആര്‍ക്കും കഴിഞ്ഞേക്കും. ഒരു മാധ്യമപ്രവര്‍ത്തകന്റെയും ക്യാമറ മുന്നിലില്ലല്ലോ എന്നാശ്വസിച്ച്, പറയാന്‍ പാടില്ലാത്തത് വിളിച്ചുപറഞ്ഞ നേതാക്കള്‍ ശരിക്കും കുടുങ്ങിപ്പോയിട്ടുണ്ട്. 

താന്‍ ഇപ്പോഴിവിടെ ചെയ്യുതൊന്നും വാര്‍ത്തയാവില്ല എന്നാര്‍ക്കും ഉറപ്പിക്കാന്‍ പറ്റില്ല. എല്ലാം ജനങ്ങളിലെത്താം. പുതിയ സമൂഹമാധ്യമ ക്ലിഷേ 'വൈറല്‍' ആണല്ലോ. ഒരാള്‍ ഏഴു പേരോട് ഒരു കാര്യം ഒന്നിച്ചു പറയുകയും അവരത് ഏഴു പേരോട് അപ്പംതന്നെ പറയുകയും ആ ചങ്ങല അങ്ങനെ നീണ്ടുപോവുകയും ചെയ്താല്‍ ഏഴു മിനിട്ടുകൊണ്ട് ആ വിവരം ലോകത്തെല്ലായിടത്തും എത്തും എന്നാരോ പണ്ട് പറഞ്ഞിട്ടുണ്ട്. ആരും പരീ്ക്ഷിച്ചുനോക്കിയതായി അറിയില്ല. അത് പഴയ ഇനം സാമൂഹ്യമാധ്യമമാണ്. പുതിയ മാധ്യമങ്ങള്‍ക്ക് ഏഴു മിനിട്ടുപോലും വേണ്ട ഒരു വീഡിയ ലോകത്തെമ്പാടും എത്തിക്കാന്‍.

ഒരു സംഘര്‍ഷമേഖലയില്‍ പോയി തിരിച്ചുവരുന്ന മന്ത്രി കാറിലിരുന്നുകൊണ്ട് പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്നു. ചാനല്‍ ക്യാമറ ഇത് കാണുന്നുണ്ട് എന്നറിഞ്ഞുകൊണ്ടാണോ അറിയാതെയാണോ അതു ചെയ്തത് എന്നറിഞ്ഞുകൂടാ. രണ്ടായാലും അനുവദനീയമല്ല അത്. പോലീസുകാരന്‍ തെറ്റുചെയ്താലും അത് പറയേണ്ടത് ഈ രീതിയിതല്ല. ജനാധിപത്യ ഭരണസംവിധാനത്തിന്റെ അധികാരപ്രയോഗത്തിന്റെ രീതിയെങ്കിലും രാഷ്ട്രീയപ്രവര്‍ത്തകര്‍, പ്രത്യേകിച്ച് ജനപ്രതിനിധികള്‍ അറിഞ്ഞിരിക്കണം. ആരെയെല്ലാം ശാസിക്കാനും  ശിക്ഷിക്കാനും തനിക്ക് അധികാരമുണ്ട് എന്ന സാമാന്യബോധം പോലും ഇല്ലാത്തതുകൊണ്ടാണ് ഒരു വിനോദസഞ്ചാരവകുപ്പ് മന്ത്രി വഴിയില്‍ കണ്ട പോലീസുകാരനെ ശാസിച്ചത്. മറ്റൊരിടത്ത് എം.എല്‍.എ ചെയ്തതും ഇതുതന്നെ. ഇത് പാര്‍ട്ടി വിദ്യാഭ്യാസത്തിന്റെ ഗൗരവമേറിയ വീഴ്ചയാണ്, രാഷ്ട്രീയ സംസ്‌കാരത്തിന്റെ ശോചനീയമായ നിലവാരമാണ്.

മന്ത്രി ആരേക്കാളും ചെറുതല്ല 

സാംസ്‌കാരികമന്ത്രിയെ കാണാന്‍ സാഹിത്യഅക്കാദമി ചെയര്‍മാന്‍ വരാം. ചലചിത്രവകുപ്പുനുള്ള മന്ത്രിയെ കാണാന്‍ ചലചിത്ര അക്കാദമി ചെയര്‍മാന്‍ വരാം. കൃഷിമന്ത്രിയെക്കാണാന്‍ കാര്‍ഷികസര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ വരാം. ഇവരെല്ലാം തന്റെ കീഴുദ്യോസ്ഥരാണ്, അവരെ ശാസിക്കുകയും അനുസരിപ്പിക്കാനും തനിക്ക് അധികാരമുണ്ട് എന്ന് മന്ത്രി ധരിക്കുന്നത് ഗുരുതരമായ പ്രശ്‌നമാണ്. ഇവരെല്ലാം മന്ത്രിപോലും ആരാധിക്കുന്നവരോ ആദരിക്കുന്നവരോ ആവുന്ന വിധത്തില്‍ വലിയ വ്യക്തിത്വങ്ങളാവാനും സാധ്യതയുണ്ടല്ലോ. പഴയ മന്ത്രിസഭയിലുള്ളവരുടെ കാലുപിടിച്ച് കേറിവന്നവരാവണമെന്നില്ല അവരെല്ലാം. 

വലിയ സ്ഥാനങ്ങളില്‍ ഇരിക്കുന്നതുകൊണ്ട് ആരും വലിയവരാകുന്നില്ല. മന്ത്രിമാര്‍ ആരേക്കാളും വലിയവരല്ല, ചെറിയവരുമല്ല. ജനങ്ങള്‍ ഏല്‍പ്പിച്ച ഉത്തരവാദിത്തത്തെക്കുറിച്ച് ഒരു ബോധവുമില്ലാത്തതുകൊണ്ടാണ് ഒരു മന്ത്രി അധികാരമേറ്റ് അധികം നാളായിട്ടില്ല, മുഴുവന്‍ കാര്യങ്ങളും തനിക്കറിയില്ല എന്ന എളിമ പോലു ഇല്ലാതെ സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ തലപ്പത്തിരിക്കുന്ന വനിതയെ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ പറ്റെ അഴിമതിയാണെന്നും മറ്റും ആക്ഷേപിച്ചത്. അഴിമതിയുണ്ടെന്ന് പരാതിയുണ്ടെങ്കില്‍ അന്വേഷണം നടത്താന്‍ ഉത്തരവ് നല്‍കി, റിപ്പോര്‍ട്ട് വന്നാല്‍ തുടര്‍ നടപടി എടുക്കുകയും ചെയ്യുക എന്നതാണ് മന്ത്രി പിന്തുടരേണ്ട ഭരണരീതി. പാര്‍ട്ടി കീഴ്ഘടകങ്ങളിലെ സഖാക്കളെ ശാസിച്ചുള്ള ശീലമായിരിക്കാം. പക്ഷേ, അതും മാറാതെ പറ്റില്ലല്ലോ. 

തലശ്ശേരിയിലെ ദലിത് വനിതകളെ ജയിലിലിട്ട സംഭവം പോലും ഇതേ മനോഭാവത്തില്‍നിന്ന് ഉദയം കൊണ്ടതാണ്. പെണ്‍കുട്ടികള്‍ ദലിതുകളാണ് എന്നതല്ല പ്രശ്‌നം. അവര്‍ ആത്മഹത്യാശ്രമം നടത്തിയോ എന്നതുമല്ല പ്രശ്‌നം. പാര്‍ട്ടി ഓഫീസില്‍ കയറിവന്ന് പ്രവര്‍ത്തകരെ ചോദ്യം ചെയ്യാന്‍ രണ്ട് പെണ്ണുങ്ങള്‍ ഒരുങ്ങുകയോ എന്ന ചോദ്യത്തില്‍ നിന്നുയരുന്ന അസഹിഷ്ണുതയാണ് പ്രശ്‌നം. അവര്‍ വിറകുകൊള്ളിയുമെടുത്ത് പാര്‍ട്ടി ഓഫീസിലേക്ക് കയറിച്ചെല്ലുമെന്ന് ധരിക്കാന്‍ മാത്രം മൗഡ്യം നമുക്കില്ല. ഇങ്ങനെ രണ്ട് സ്ത്രീകളെ ജയിലിലിടീക്കുന്നത് പാര്‍ട്ടിയെക്കുറിച്ച് എന്തു പ്രതിച്ഛായയാണ് സമൂഹത്തിലുണ്ടാക്കുക എന്ന ബോധമില്ലായ്മയില്‍ നിന്ന് ഉദിക്കുന്നതാണ് പ്രശ്‌നം. എന്തെങ്കിലും ഒന്ന് വീണുകിട്ടിയാല്‍ മണിക്കുറുകള്‍ ചര്‍ച്ച നടത്താന്‍ അരഡസനിലേറെ കണ്ണുതുറന്നിരിക്കുന്നു എന്ന ബോധം വേണം പാര്‍ട്ടിയുടെ പ്രധാന പ്രവര്‍ത്തകര്‍ക്കെങ്കിലും. 

സഹിഷ്ണുത

തലശ്ശേരിയിലെ കാര്യം പോലീസിനോട് ചോദിക്കണം എന്ന ആഭ്യന്തരവകുപ്പ് കൈവശമുള്ള മുഖ്യമന്ത്രിയില്‍ നിന്നുണ്ടായ  പ്രതികരണം ഒരു കാര്യം വ്യക്തമാക്കുന്നു. മറുപടി പറയാന്‍, ന്യായീകരിക്കാന്‍ പറ്റിയ ഒരു സംഭവമല്ല തലശ്ശേരിയിലുണ്ടായത് എന്നു മുഖ്യമന്ത്രി പരോക്ഷമായി സമ്മതിക്കുകയായിരുന്നു. പറഞ്ഞു വഷളാക്കേണ്ട എന്ന ബോധമുള്ളതുകൊണ്ടാണ,് തടിയൂരുകകയാണ് എന്ന് തോന്നിപ്പിച്ചുകൊണ്ടുതന്നെ മുഖ്യമന്ത്രി തടിയീരിയത്. ഇത് വലിയ സാമര്‍ത്ഥ്യമല്ല. 

ജനസമ്മതിയുടെ പ്രതീക്ഷക്കൊപ്പം ഉയരണമെന്നും പ്രാകൃതരീതികളില്‍ നിന്ന് പാര്‍ട്ടി മോചിതമാകണമെന്നും  പരിഷ്‌കൃതസമൂഹത്തിന്റെ നിലവാരത്തിലേക്ക് രാഷ്ട്രീയരീതികളും വളര്‍ത്തണമെന്നുമെല്ലാം മുഖ്യമന്ത്രി ആഗ്രഹിക്കുന്നുണ്ടാവാം. പാര്‍ട്ടിക്കാരും അനുയായികളും വോട്ടു ചെയ്തിട്ടല്ല ഇവിടെ ഒരു പാര്‍ട്ടിയും അധികാരത്തില്‍ വരുന്നതും ഇനി വരാന്‍ പോകുന്നതും. ഇത്തവണ ജയിപ്പിച്ചതും കഴിഞ്ഞ തവണ തോല്‍പ്പിച്ചതും ഒരേ മനുഷ്യരാണ്. അതു മറന്നാല്‍ ഉമ്മന്‍ചാണ്ടിക്കു സംഭവിച്ചതുതന്നെയാണ് പിണറായി വിജയനും സംഭവിക്കുക. സഹിഷ്ണതയുടെ നല്ല മാതൃകകള്‍ കാണിക്കാതെ എങ്ങനെയാണ് നിങ്ങള്‍ മറ്റുള്ളവരുടെ അസഹിഷ്ണതയെ നേരിടാന്‍ പോകുന്നത്്?

Related Stories

No stories found.
The News Minute
www.thenewsminute.com