വലതു നേത്രപടലത്തിന് സാരമായ പരുക്ക്; ഇടതു നേത്രഗോളം അടർന്നുതൂങ്ങി

news Thursday, February 04, 2016 - 15:22

ചാർജ് ചെയ്യാൻ വച്ച ഫോണിൽ വന്ന വിളിക്ക് ഉത്തരം നൽകവേ ഫോൺ പൊട്ടിത്തെറിച്ച് ഒമ്പതുവയസ്സുകാരന് മുഖത്ത് സാരമായി പരുക്കേറ്റു. കാഴ്ചശക്തിയെ സാരമായി ബാധിക്കുകയും ചെയ്തു. 

ചെന്നൈക്ക് സമീപം മധുരാന്തകം സ്വദേശിയും നാലാം ക്ലാസ് വിദ്യാർഥിയുമായ ധനുഷിനാണ് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് പരുക്കേറ്റതെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. ജനുവരി 29-നായിരുന്നു സംഭവം.

കോൾ അറ്റൻഡ് ചെയ്യാൻ മുതിർന്നതും മൊബൈൽ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയിൽ വലതുകൈയിലും മുഖത്തും പൊള്ളലേറ്റു. കണ്ണുകൾക്കും സാരമായ പരുക്കുണ്ടായി.

കുട്ടിയെ മാതാപിതാക്കൾ ആദ്യം ചെങ്കൽപേട്ട് ഗവൺമെന്റ് ആശുപത്രിയിലും പിന്നീട് കിൽപോക്ക് മെഡിക്കൽ കോളേജിലും ചികിത്സക്കായി പ്രവേശിപ്പിച്ചു. 

മുഖത്തും കൈകളിലും സാരമായി പൊള്ളലേറ്റിട്ടുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. 

കുട്ടിയെ പിന്നീട് ഗവൺമെന്റ് ഓഫ്താൽമിക് ആശുപത്രിയിലും വിദഗ്ധ ചികിത്സയ്‌ക്കെത്തിച്ചു. കുട്ടിയുടെ ഇരുകണ്ണുകൾക്കും സാരമായ പരുക്കുണ്ട്. 

കുട്ടിയുടെ വലതുകണ്ണിന്റെ നേത്രപടലത്തിനും ഇടതുകണ്ണിലെ നേത്രഗോളത്തിനും ഫോൺ പിടിച്ച വലതുകൈയിനും  സ്‌ഫോടനത്തിൽ സാരമായ പരുക്കേറ്റിട്ടുണ്ടെന്ന് റീജ്യണൽ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഒഫ്താൽമോളജി ആന്റ് ഗവൺമെന്റ് ഒഫ്താൽമിക് ഹോസ്പിറ്റൽ ഡയരക്ടർ ഡോ. വഹീദാ നസീർ പറഞ്ഞു.

വലതുകണ്ണിൽ തിമിരം രൂപമെടുക്കാൻ കൂടി സ്‌ഫോടനം കാരണമായിട്ടുണ്ട്. ഇപ്പോൾ ആരോഗ്യനിലക്ക് വലിയ കുഴപ്പമില്ലെങ്കിലും മൂന്ന് ആഴ്ചകൂടി ആശുപത്രിയിൽ തുടരേണ്ടിവരുമെന്നും ചോദ്യങ്ങൾക്ക് മറുപടി പറയവേ അവർ കൂട്ടിച്ചേർത്തു.

വ്യാജ ബാറ്ററികളും ചാർജറുകളും ഉപയോഗിക്കുന്നത് ഫോണുകൾ ഇങ്ങിനെ പൊട്ടിത്തെറിക്കുന്നതിന് ഒരു കാരണമാണെന്ന് വിദഗ്ധർ പറയുന്നു.

 

Become a TNM Member for just Rs 999!
You can also support us with a one-time payment.