മലയാളത്തിൽ ഹിറ്റായ പ്രേമത്തിന്റെ തെലുഗു റീമേക്ക് ഓഗസ്റ്റ് 12 ന് വെള്ളിത്തിരയിലെത്തും. പ്രധാന റോളുകൾ നാഗ ചൈതന്യയും ശ്രുതി ഹാസനുമാണ് കൈകാര്യം ചെയ്യുന്നത്.
കൗമാരപ്രണയികളുടെ ഈ കഥയിൽ നിവിൻ പോളി കൈകാര്യം ചെയ്ത റോൾ ചൈതന്യയും സായ് പല്ലവിയുടെ മലർ എന്ന ടീച്ചറിന്റെ റോൾ ശ്രുതി ഹാസനുമാണ് കൈകാര്യം ചെയ്യുന്നത്. ചൈതന്യയും ശ്രുതിയും ഇതാദ്യമായാണ് ഒന്നിയ്ക്കുന്നത്. ഇവരുടെ ഒന്നിയ്ക്കൽ പ്രേക്ഷകരിൽ പ്രതീക്ഷയും കൗതുകവുമുണർത്തിയിട്ടുണ്ട്.
ചന്തൂ മൊണ്ടേട്ടി ആണ് സംവിധായകൻ. മലയാളം പ്രേമത്തിൽ വേഷമിട്ട അനുപമാ പരമേശ്വരനും മഡോണാ സെബാസ്റ്റിയനും ഈ സിനിമയിലുണ്ട്.
മലയാളത്തിലെ പ്രേമം സിനിമയെക്കുറിച്ച് പ്രതീക്ഷിക്കാവുന്നതൊക്കെ തെലുഗു പ്രേമത്തിലും പ്രതീക്ഷിക്കാവുന്നതാണെന്ന് ഈയടുത്ത് ഒരു ഇന്റർവ്യൂവിൽ ചന്തൂ പറഞ്ഞിരുന്നു. സിനിമയുടെ റീമേക്കിന് അടിസ്ഥാനമായ മലയാളത്തിലെ പ്രേമത്തോട് നീതിപുലർത്തിക്കൊണ്ടാണ് താൻ സിനിമയെടുത്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വിശാഖ പട്ടണത്തിലെ ആന്ധ്ര യൂണിവേഴ്‌സിറ്റിയിലാണ് കഥയിലെ കോളേജിന്റെ ഭാഗം ചിത്രീകരിച്ചിട്ടുള്ളത്. സിനിമയിലൂടനീളം സാരിയിൽ ഇതാദ്യമായി ശ്രുതി പ്രത്യക്ഷപ്പെടുന്നു.
ജനപ്രീതി കണക്കിലെടുത്ത് ഒന്നുരണ്ടുഗാനങ്ങൾ മലയാളത്തിലേതുപോലെത്തന്നെയാണ്. എന്നാൽ തനിക്ക് ഇവയ്ക്ക് പുതിയൊരു വ്യാഖ്യാനം നൽകാൻ താൽപര്യമുണ്ടായിരുന്നെന്നും ചന്തൂ വെളിപ്പെടുത്തിയിട്ടുണ്ട്.
(കടപ്പാട്: ഡിജിറ്റൽ നേറ്റീവ്)