മതമൗലികവാദം കേരളത്തില്‍ പുതിയ ഭീഷണികള്‍ ഉയര്‍ത്തുന്നു

പലായനം ഇരുണ്ട ഗര്‍ത്തങ്ങളിലേക്ക്
മതമൗലികവാദം കേരളത്തില്‍   പുതിയ ഭീഷണികള്‍ ഉയര്‍ത്തുന്നു
മതമൗലികവാദം കേരളത്തില്‍ പുതിയ ഭീഷണികള്‍ ഉയര്‍ത്തുന്നു
Written by :

മതതത്ത്വങ്ങളിലേക്കും വിശ്വാസങ്ങളിലേക്കുമുള്ള എല്ലാതരം തിരിച്ചുപോക്കുകളെയും മതമൗലികവാദം എന്നാണ് നാം അടക്കി മുദ്രയടിക്കാറുള്ളത്. എങ്കിലും അടുത്ത കാലം വരെ അത് അത്രയൊന്നും അപകടകാരിയല്ല എന്ന തോന്നല്‍ ഭൂരിപക്ഷത്തിനും ഉണ്ടായിരുന്നു. എല്ലാതരം മതമൗലികവാദങ്ങളും ഭീകരവാദമാകുന്നില്ല. മതത്തിന്റെ തത്ത്വങ്ങളോടും മൂല്യങ്ങളോടുമുള്ള വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധത, അത്ര മോശം കാര്യമൊന്നുമല്ല എന്നുപോലും തോന്നാറുണ്ട്. പക്ഷേ, കേരളത്തില്‍ ഇപ്പോള്‍ വലിയ വാര്‍ത്തയും അതുകാരണം വലിയ ചര്‍ച്ചാവിഷയവും ആയിക്കഴിഞ്ഞ സംഭവവികാസങ്ങള്‍ ഈ ധാരണകള്‍ പൊളിച്ചെഴുതുകയാണ്. 

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വിദേശങ്ങളിലേക്കു കുടുംബസമേതം നാടുവിട്ടുകൊണ്ടിരിക്കുന്നവരെല്ലാം ഐ.എസ്.ഐ.എസ്സിലേക്കു റിക്രൂട്ട് ചെയ്യപ്പെട്ടവരാണ് എന്നതായിരുന്നു തുടക്കത്തിലെ ധാരണ. അതുണ്ടാക്കിയ അമ്പരപ്പും അരക്ഷിതത്ത്വബോധവും മുസ്ലിങ്ങളോടുള്ള അവിശ്വാസവും ചെറുതായിരുന്നില്ല. ഐ.എസ്.ഐ.എസ്സിലേക്കല്ല അവരൊന്നും പോയത് എന്ന പുതിയ അറിവ് ആശ്വാസമുളവാക്കിയിരുന്നു. പക്ഷേ, അതെത്രത്തോളം ആശ്വാസകരമാണ് എന്നതിനെക്കുറിച്ച് രണ്ടഭിപ്രായം ഉണ്ട്. കിരാതമായ ഹിംസാവാഞ്ഛയോടെയുള്ള ഭീകരപ്രവര്‍ത്തകരാകാനല്ല മലയാളി സഹോദരങ്ങള്‍ നാടുവിട്ടത് എന്നറിയുന്നത് ആശ്വാസകരംതന്നെ. പക്ഷേ, അവരെല്ലാം മതമൗലികവാദത്തിന്റെ അപ്രതീക്ഷിതമായ ഒരു വികാസഘട്ടത്തിന്റെ ഇരകളാക്കപ്പെട്ടിരിക്കയാണെന്നത് കൂടുതല്‍ അമ്പരപ്പും ആശങ്കകളും സൃഷ്ടിക്കുകയാണ്. 

മുസ്ലിം ഭീകരസംഘടനകളുടെ പ്രവര്‍ത്തനങ്ങളുടെ ഇരകള്‍ അമുസ്ലിങ്ങളാണെന്ന പൊതുധാരണ യാഥാര്‍ത്ഥ്യത്തില്‍നിന്ന് അകലെയാണ്. സിറിയയിലോ ഇറാഖിലോ സുഡാനിലോ ഗള്‍ഫ് രാജ്യങ്ങളിലോ പാകിസ്ഥാനിലോ അഫ്ഗാനിസ്ഥാനിലോ മരിച്ചുവീഴുന്നത് മുഴുവന്‍ അമുസ്ലിങ്ങളല്ല, ഏതാണ്ടു മുഴുവന്‍ മുസ്ലിങ്ങള്‍തന്നെയാണ്. ഇതു പുതിയ ഇനം മതമൗലികവാദത്തിനും ബാധകമാണ്. ഏറ്റവും കൂടുതല്‍ അരക്ഷിതത്ത്വവും ഭീതിയും ഇതുമൂലം ഉണ്ടായിക്കൊണ്ടിരിക്കുന്നത് മുസ്ലിം ജനസാമാന്യത്തിലാണെന്ന വസ്തുത മറന്നുകൂടാ. അവരെല്ലാം മതമൗലികവാദത്തിന്റെ ഗുണഭോക്താക്കളല്ല, ഇരകള്‍ തന്നെയാണ്. 

എത്ര പതിറ്റാണ്ടുകള്‍ക്കു പിന്നിലേക്ക്?

പുതിയ കാലം ആവശ്യപ്പെടുന്ന ഉദാരതകളിലേക്കും മൂല്യങ്ങളുടെയും മനുഷ്യത്വത്തിന്റെയും  നന്മകളുടെ  വ്യാപനത്തിലേക്കും ബഹുസ്വരതയുടെയും സഹിഷ്ണുതയുടെയും ഉയരങ്ങളിലേക്കും മനുഷ്യരാശിയെ നയിക്കുന്ന മതനവീകരണമാണ് ഈ കാലഘട്ടം ആവശ്യപ്പെടുന്നത്. മനുഷ്യരാശി നേരിടുന്ന വെല്ലുവിളി നേരിടാന്‍ ഇതാവശ്യമാണ്. വേര്‍തിരിക്കലിന്റെയും ഭിന്നിപ്പിന്റെയും അധാര്‍മികതകളുടെയും വിത്തുകള്‍ പാകുകയല്ല മതങ്ങള്‍ ചെയ്യേണ്ടത്. പുതിയ കാലത്തിന്റെയും ലോകത്തിന്റെയും വെല്ലുവിളികള്‍ ഇങ്ങനെ കൂട്ടായി നേരിടുന്നതിനുപകരം ഒരു കൂട്ടരിതാ ഒന്നര സഹസ്രാബ്ദത്തിനു പിറകിലേക്ക് ഇസ്ലാം മതത്തെ വലിച്ചുകൊണ്ടുപോകാന്‍ തയ്യാറെടുക്കുന്നു. അന്നത്തെ ഉപജീവനത്തിലേക്കും ജീവിതസൗകര്യങ്ങളിലേക്കും തിരിച്ചുപോകലാണ് ഇന്നത്തെ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമെന്നു കുറെ നിഷ്‌കളങ്കരെയെങ്കിലും വിശ്വസിപ്പിക്കാന്‍ അവര്‍ക്കു കഴിഞ്ഞു എന്നത് പൊതുസമൂഹത്തെ അദ്ഭുതപ്പെടുത്തുകയും ഞെട്ടിക്കുകയും ചെയ്യുന്നു.  

 അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നവരില്‍  ചില പൊതുസ്വഭാവങ്ങള്‍ കാണുന്നുണ്ട്. അവര്‍ എല്ലാം വിദ്യാസമ്പന്നരാണ്. അവരില്‍ മിക്കവരും കുടുംബവുമായാണ് അപ്രത്യക്ഷരായിരിക്കുന്നത്. മൂന്നാമത് അവരില്‍ കുറച്ചുപേരെങ്കിലും അടുത്ത കാലത്ത്  ഹിന്ദു-ക്രിസ്തു മതങ്ങളില്‍നിന്നു മാറിവന്നവരാണ്. 

വിദ്യാസമ്പന്നരാണ് എന്നതിനര്‍ത്ഥം അവര്‍ കോളേജില്‍ പഠിച്ചിട്ടുണ്ട്, എന്തെങ്കിലും പ്രൊഫഷണല്‍ ഡിഗ്രിയുള്ളവരാണ് എന്നതുമാത്രമാണ്. എഴുത്തുകാരനായ ഒ.അബ്ദുല്ല ചൂണ്ടിക്കാട്ടിയതുപോലെ അവര്‍ എന്തെങ്കിലും പൊതുകാര്യങ്ങളില്‍ സാമാന്യധാരണയെങ്കിലുമുള്ളവരാണ് എന്നതിന് തെളിവില്ല. ബി.ടെക് പാസ്സായ ബഹുഭൂരിപക്ഷവും ഒരു എല്‍.ഡി.ക്ലാര്‍ക്ക് പരീക്ഷയെങ്കിലും പാസ്സാകാന്‍ മാത്രം സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളില്‍ അറിവുള്ളവരല്ല. മതത്തെക്കുറിച്ചുപോലും സ്വയം അറിഞ്ഞും അന്വേഷിച്ചും മനസ്സിലാക്കിയവരല്ല. മതത്തിന്റെ ശരിതെറ്റുകളെക്കുറിച്ച് ഒരിക്കലെങ്കിലും ചിന്തിച്ചവരുമല്ല. കൊച്ചുന്നാള്‍ മുതല്‍ സ്പൂണില്‍ ഒഴിച്ചുകിട്ടിയതാണ് അവരുടെ എല്ലാ വിദ്യാഭ്യാസവും-മതവിദ്യാഭ്യാസവും ഇങ്ങനെത്തന്നെ. ശാസ്ത്രത്തിന്റെയും ടെക്‌നോളജിയുടെയും വികസിത ഉദ്പാദനസമ്പ്രദായങ്ങളുടെയും വാണിജ്യത്തിന്റെയും എല്ലാ ഗുണങ്ങളും കൈയെത്തിപ്പിടിച്ച ശേഷം ഏഴാം നൂറ്റാണ്ടിലേക്കു തിരിച്ചുപോകാന്‍ വെമ്പുന്നത് മതത്തോടുള്ള അഭിനിവേശമല്ല ഒരു തരം മാനസികവിഭ്രാന്തിയാണുതന്നെയാണ്. 

ചോരപ്പുഴയൊഴുകുന്ന ഇറാഖിലേക്കും സിറിയയിലേക്കും ചാവേറാകാന്‍ വേണ്ടിയാണോ ഇവര്‍ ഭാര്യമാരെയും കൊച്ചുകുഞ്ഞുങ്ങളെയും കൂടെക്കൂട്ടിയിരിക്കുന്നത്? അതുപോലെ അമ്പരപ്പിക്കുന്നതാണ്, മതംമാറിയ കുറച്ചുപേരെങ്കിലും ഇതില്‍ ഉള്‍പ്പെട്ടു എന്നത്.  ജനനം മുതല്‍ ഏതാനും മാസം മുമ്പുവരെ മറ്റൊരു മതത്തില്‍ വിശ്വസിച്ചുപോന്നവര്‍ക്ക് എങ്ങനെയാണ് ഇത്ര എളുപ്പം, സംശയങ്ങളൊന്നുമില്ലാത്ത ഗാഢവിശ്വാസത്തിനു കീഴടങ്ങി സ്വന്തം ജീവനും നൊന്തുപെറ്റ കുഞ്ഞിന്റെ ജീവനും ബലിയര്‍പ്പിക്കാനുള്ള മനസ്സുണ്ടാകുന്നത്? 

പലായനം ഇരുണ്ട ഗര്‍ത്തങ്ങളിലേക്ക്   

ഈ ചോദ്യങ്ങളില്‍ ചിലതിനെങ്കിലും ഇപ്പോള്‍ ഉത്തരമാകുന്നുണ്ട്. അപ്രത്യക്ഷമായവരില്‍ ആരെങ്കിലും ഐ.എസ്.ഐ.എസ്സില്‍ ചേര്‍ന്നതായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.അവര്‍ ഇറാഖിലോ സിറിയയിലോ എത്തിയതായും തെളിവില്ല. അപ്രത്യക്ഷമായവര്‍, പൊതുസമൂഹം ഒട്ടും പ്രതീക്ഷിച്ചിട്ടില്ലാത്ത ലക്ഷ്യങ്ങള്‍ നേടുന്നതിനാണ് ഈ തീര്‍ത്ഥാടനങ്ങള്‍ ആരംഭിച്ചിരിക്കുന്നത് എന്നാണ് ഇപ്പോഴത്തെ സൂചനകള്‍. ഇവര്‍ ഭീകരപ്രവര്‍ത്തനത്തിന്റെ മാര്‍ഗത്തിലേക്കല്ല നീങ്ങിയത്, മതമൗലികവാദത്തിന്റെ ഒരു ഇരുണ്ട ഗര്‍ത്തത്തിലാണ്  ചെന്നു പതിച്ചിരിക്കുന്നത്. മതമൗലികവാദപരമായ അന്ധവിശ്വാസങ്ങള്‍ മൂര്‍ച്ഛിച്ചുമൂര്‍ച്ഛിച്ച് സാമാന്യബുദ്ധിക്കു നിരക്കാത്ത തലങ്ങളിലേക്ക് ആളുകള്‍ പോയിക്കൊണ്ടിരിക്കുന്നു എന്നാണ്  ഇപ്പോള്‍ തിരിച്ചറിയുന്നത്. 

ദമ്മാജ് സലഫിസം എന്ന വിചിത്രാചാരങ്ങളുള്ള സന്ന്യാസിവിഭാഗത്തിലേക്കാണ് കേരളത്തില്‍നിന്ന് അപ്രത്യക്ഷരായവരില്‍ നല്ലൊരു വിഭാഗം ആകര്‍ഷിക്കപ്പെട്ടിരിക്കുന്നത്. ഇതിനു മുമ്പു വളരെയൊന്നും അറിയപ്പെടാത്ത വിഭാഗമാണ് ഇത്. ഇവരുടെ ആസ്ഥാനം യെമനിലത്രെ. ശ്രീലങ്കയില്‍ ഇക്കുട്ടരുടെ ചില ചെറിയ കേന്ദ്രങ്ങളുള്ളതുകൊണ്ട് അതുവഴിയാവും മിക്കവരും പോയത് എന്നു കരുതപ്പെടുന്നു. അവര്‍ നൂറ്റാണ്ടുകള്‍ക്കു പിറകിലേക്കു സ്വയം വലിച്ചെറിയുകയാണ് ചെയ്തിരിക്കുന്നത്.  

പ്രത്യക്ഷത്തില്‍ ഇത് അഹിംസാത്മകമോ അപായകരമോ ആയ പ്രവണതയല്ല. സന്ന്യാസികളായി ഹിമാലയത്തിലേക്കും മറ്റും പോകുന്നതുപോലെയല്ലേ ഇതെന്നു ചോദിച്ചേക്കാം. അന്യവിഭാഗക്കാരോടു വൈരമോ വിദ്വേഷമോ ഇവരും പ്രകടിപ്പിച്ചിട്ടില്ല. വിശ്വാസമുള്ള ജീവിതരീതികളിലേക്കു തിരിയുന്നത് തെറ്റാണെന്നു പറയാനാവില്ലല്ലോ. പക്ഷേ, ഇതത്ര ലാഘവത്തോടെ കാണാന്‍ പറ്റില്ല. പൊതുസമൂഹത്തെയും സഹസ്രാബ്ദങ്ങളിലൂടെ മനുഷ്യര്‍ ആര്‍ജിച്ച സാംസ്‌കാരികവും സാമ്പത്തികവും ശാസ്ത്രീയവും വിദ്യാഭ്യാസപരവും ആയ വളര്‍ച്ചയെയും വികാസത്തെയും ഒറ്റവാക്കില്‍ മനുഷ്യസംസ്‌കാരത്തെത്തന്നെ പൂര്‍ണമായി തള്ളിപ്പറയുക എന്ന അതിവിചിത്രമായ വഴി തിരഞ്ഞെടുക്കുന്നതിനും മരണാനന്തരം ഉറപ്പായ സ്വര്‍ഗജീവിതം നേടുന്നതിനുമാണ് ഇവര്‍ ഭാര്യയെയും മക്കളെയും കൂട്ടി നാടുവിട്ടത് എന്നാണ് ഇപ്പോള്‍ തെളിഞ്ഞുവരുന്ന ചിത്രം. 

ബഹുസ്വരതയും തെറ്റോ?

ഇന്ത്യ പോലുള്ള ഒരു ബഹുമത സമൂഹത്തില്‍ സമാധാനപരമായ സഹവര്‍ത്തിത്വം ആഗ്രഹിക്കുന്നവരെല്ലാം  ബഹുസ്വരതയെ അംഗീകരിക്കാതിരിക്കില്ല. മതേതരത്വഭരണസംവിധാനത്തെ അംഗീകരിക്കാതിരിക്കില്ല. ഈ പുതിയമാര്‍ഗ വിശ്വാസികള്‍ ഇതിനൊന്നും തയ്യാറല്ല. ഉപജീവനത്തിനു പോലും അന്യമതസ്ഥരുമായി ഇടപെടുന്നത് ഇസ്ലാമികമല്ല എന്നു വിശ്വസിക്കുന്ന മതമൗലികവാദം എങ്ങനെയാണ് ഭീകവാദത്തേക്കാള്‍ മെച്ചപ്പെട്ടതാവുക? എല്ലാ തിന്മകളും അന്യമതക്കാരില്‍നിന്നും മനുഷ്യസംസ്‌കാരത്തിന്റെ വികാസത്തില്‍നിന്നും മനുഷ്യന്‍ കൈവരിച്ച നേട്ടങ്ങളില്‍നിന്നും ഉടലെടുത്തതാണ് എന്നു വിശ്വസിക്കുന്നവര്‍ ഏതെങ്കിലും ഇരുണ്ട ഭൂഖണ്ഡത്തിലെ ആദിമനുഷ്യരല്ല. സാമാന്യ വിദ്യാഭ്യാസം നേടിയ ചിലരെക്കൊണ്ടെങ്കിലും ഇങ്ങനെ വിശ്വസിപ്പിക്കുവാന്‍ മതമൗലികവാദത്തിനു കഴിയുന്നു എന്നതില്‍ വലിയ അപായസൂചനകള്‍ അടങ്ങിയിട്ടുണ്ട്. 

പുറംലോകവുമായി ബന്ധമില്ലാത്ത ഒരു പ്രദേശത്ത്  ജീവിക്കുന്നതിനാണ് ഇവര്‍ നാടുവിട്ടിരിക്കുന്നത്. യെമനിലെ ദമ്മാജ് പ്രദേശത്താണ് ഈ വിശ്വാസികള്‍ തമ്പടിക്കാന്‍ പോകുന്നത്.  തിരിച്ചുവരാന്‍ വേണ്ടിയുള്ള ഒരു തീര്‍ത്ഥാടനമല്ല. അവര്‍ അവിടെ പതിമൂന്നു നൂറ്റാണ്ടുമുമ്പത്തെപ്പോലെ ആടുമേച്ചും പനയുല്‍പ്പന്നങ്ങള്‍ തിന്നും ജീവിക്കാന്‍ ഒരുമ്പെടുകയാണ്. പുതിയ കാലത്തിന്റെ എല്ലാ ഭൗതിക-ബൗദ്ധിക നേട്ടങ്ങളെയും വികാസങ്ങളെയും ഇവര്‍ പാടെ തള്ളിപ്പറയുകയാണ്. പോകുന്നവര്‍ പോയി എങ്ങനെയോ ജീവിച്ചുകൊള്ളട്ടെ, ബാക്കിയുള്ളവര്‍ എന്തിനു വേവലാതിപ്പെടണം എന്നു വേണമെങ്കില്‍ ചോദിക്കാം. ഇതത്ര നിസ്സാരമല്ല. നമ്മുടേതു പോലൊരു സമൂഹത്തില്‍ ഇതു പല രീതിയിലുള്ള പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നു ഭയപ്പെടേണ്ടിയിരിക്കുന്നു. 

ഒന്നര പതിറ്റാണ്ടു മുമ്പ് അമേരിക്കയിലെ ഇരട്ടഗോപുരം വിമാനങ്ങള്‍ കൊണ്ടുപോയിടിച്ചുതകര്‍ത്ത് ആയിരങ്ങളെ കൂട്ടക്കൊല ചെയ്തത് ഒരു ചരിത്രസംഭവമായിരുന്നു. ആ ഭീകരാക്രമണം നടത്തിയവരില്‍ ഒരുപാട് രാജ്യങ്ങളില്‍നിന്നുള്ളവര്‍ ഉള്ളപ്പോള്‍ കേരളത്തില്‍നിന്നോ ഇന്ത്യയില്‍നിന്നോ ആരും ഇല്ലെന്നതില്‍ ഇന്ത്യക്കാര്‍ പൊതുവിലും മുസ്ലിങ്ങള്‍ പ്രത്യേകിച്ചും ആനന്ദിക്കുകുയും അഭിമാനിക്കുകയും ചെയ്തിരുന്നു. ആ അവസ്ഥ ഇന്നില്ല. ഐ.എസ്.ഐ.എസ്സിലേക്ക് വെറും ക്വട്ടേഷന്‍ കൊലയാളികളെപ്പോലെ പോകാന്‍ പോലും ഇവിടെ ആളുകള്‍ സന്നദ്ധരാകുന്നു എന്നാണ് രഹസ്യാന്വേഷകര്‍ കരുതുന്നത്.  ഇവരിതെല്ലാം ചെയ്യുന്നത് മഹാനായ പ്രവാചകന്റെ ചിന്തകളെയും വചനങ്ങളെയും ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടാണ്.  ഈ ദുര്‍വ്യാഖ്യാനങ്ങളിലൂടെയും ദുഷ്‌ചെയ്തികളിലൂടെയും അവര്‍ ലക്ഷ്യം വെക്കുന്നത് സുമനസ്സുകള്‍ക്കുമാത്രം ദൈവം വാഗ്ദാനം ചെയ്ത സ്വര്‍ഗജീവിതമാണ്. 

ബുദ്ധിക്കും യുക്തിക്കും വിട

ബുദ്ധിയുടെയും യുക്തിയുടെയും ബോധത്തിന്റെ തന്നെയും അതിരുകള്‍ ലംഘിക്കുന്ന ഈ പ്രവണതകളില്‍ കടുത്ത അപകടം മണക്കുന്നുണ്ട്. അമിതമായ മതാത്മകത മാത്രമാണ് മതമൗലികവാദമെന്നു ന്യായീകരിച്ചാല്‍പ്പോലും അതിന്റെ പ്രതിഫലനങ്ങള്‍ അതില്‍ ഒതുങ്ങിനില്‍ക്കും എന്നു കരുതാനാവില്ല. അപ്രതീക്ഷിതമായ പുതിയ തലങ്ങളിലേക്കു അതുകടക്കുന്നു. മതവിശ്വാസം രക്ഷിക്കുന്നതിന് എന്ന ന്യായീകരണത്തോടെ എന്തും ചെയ്യാമെന്നും മതവിശ്വാസത്തിന് എതിരെന്നു തോന്നുന്ന എന്തിനെയും തകര്‍ക്കാമെന്നും വരുന്നത്  ആധുനിക സമൂഹനിര്‍മിതിയുടെ എല്ലാ തറക്കല്ലുകളും തൂണുകളും തകര്‍ത്തെറിയുകതന്നെ ചെയ്യും എന്നു ഭയപ്പെടേണ്ടിയിരിക്കുന്നു.  

ഇത്തരം പ്രവണതകള്‍ക്കു വശംവദരായിക്കഴിഞ്ഞവര്‍ വളരെവളരെ ചെറിയ ഒരു വിഭാഗക്കാര്‍ മാത്രമാണ്. ബഹുഭൂരിപക്ഷം മുസ്ലിങ്ങള്‍ക്കും ഇതില്‍ ആശങ്കയും എതിര്‍പ്പും ഉണ്ട്. വ്യക്തികളെന്ന നിലയില്‍ ഇവര്‍ ഇതിനെതിരെ ചിന്തിക്കുമെങ്കിലും, അമിതമായ മതാത്മകത ഒരുതരം മനോരോഗമായി മാറുന്നുണ്ട് എന്നു സമുദായത്തിന്റെ മത-രാഷ്ട്രീയ സംഘടനകള്‍ ഒന്നുകില്‍ തിരിച്ചറിയുന്നില്ല, അല്ലെങ്കില്‍ അറിഞ്ഞിട്ടും അറിയില്ലെന്നു നടിക്കുന്നു. കേരളത്തിലെ അറിയപ്പെടുന്ന മുസ്ലിം സംഘടനകളും ബുദ്ധിജീവികളുമെല്ലാം ഇത്തരം പുതിയ പ്രവണതകളെ തള്ളിപ്പറഞ്ഞിട്ടുണ്ട് എന്നതുശരിയാണ്. പക്ഷേ, ഇവര്‍ക്കൊന്നും ഒറ്റ മനസ്സോടെ ഈ ഭീഷണികള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല, അല്ലെങ്കില്‍ അതിനു ശ്രമിക്കുന്നില്ല. 

കേരളത്തിലെ മുസ്ലിംലീഗ്, ഒരു മതപാര്‍ട്ടിക്കു  സാധ്യമായേടത്തോളം മതേതരപക്ഷത്തെ ശക്തിപ്പെടുത്താന്‍ ശ്രമിച്ചവരാണ്. പക്ഷേ, വളര്‍ന്നുവരുന്ന മതമൗലികവാദ-സ്വത്വവാദ പ്രവണതയ്‌ക്കൊപ്പം പായാനുള്ള മനസ്സാണ് അവരില്‍ പോലും ഈയിടെയായി തെളിഞ്ഞുവരുന്നത്.  പല വിഷയങ്ങളിലും മതമൗലികവാദപരമയ നിലപാടുകളെടുക്കുന്നു. നിലപാട് എടുക്കാന്‍ ആവശ്യമായ വിവരങ്ങള്‍ കിട്ടുന്നതിനുമുമ്പുതന്നെ ചില വ്യക്തികളെയും നടപടികളെയും ന്യായീകരിക്കാനും എതിര്‍ക്കാനും മുന്നിട്ടിറങ്ങുന്നു. ഹിന്ദുത്വ ഫാസിസ്റ്റ് ഭീഷണിയെ ചെറുക്കനെന്ന പേരില്‍ ന്യൂനപക്ഷത്തിന്റെ വ്യതിയാനങ്ങളെ ന്യായീകരിക്കുന്നു. കുറെ ആളുകള്‍ സ്വര്‍ഗം തേടി വിദേശത്തേക്കു പോയതിനേക്കാള്‍ വലിയ അപഭ്രംശം ഇവിടെയുള്ളവര്‍ തങ്ങളുടെ സ്വാര്‍ത്ഥതലക്ഷ്യങ്ങള്‍ നേടാന്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെ കണ്ണടയ്ക്കുന്നതാണ് എന്നു പറയാതെ നിവൃത്തിയില്ല. 

ഫലത്തില്‍, മുസ്ലിം മതമൗലികവാദം ഹിന്ദുത്വ മതമൗലികവാദത്തെയും മറിച്ചും പരിപോഷിപ്പിക്കുന്ന വിചിത്രാവസ്ഥയാണ് ഉണ്ടാകുന്നത്. ഇന്ത്യയില്‍ മറ്റെങ്ങും ഇല്ലാത്ത മതസൗഹാര്‍ദ്ദം നിലനിന്നിരുന്ന ഒരു സംസ്ഥാനമാണ് കേരളം. ഇവിടെയിപ്പോള്‍ ഇരുപക്ഷവും എന്തെങ്കിലും ചില്ലറ പ്രകോപനങ്ങളെ പോലും വലിയ ഭിന്നത സൃഷ്ടിക്കാനുള്ള വെടിമരുന്നായി മാറ്റുകയാണ്. സംയമനത്തിന്റെയും സഹിഷ്ണുതയുടെയും സമാധാനത്തിന്റെയും ശബ്ദങ്ങള്‍ ദുര്‍ബലമായാല്‍ അതിന്റെ അപകടം ഇരുപക്ഷവും നാളെ  അനുഭവിക്കേണ്ടിവരും എ്ന്ന കാര്യത്തില്‍മാത്രം സംശയം വേണ്ട. 

Elections 2023

No stories found.
The News Minute
www.thenewsminute.com