മുദ്രയടിക്കലുകളിൽ നിന്ന് മുന്നേറാൻ ആദ്യ ആദിവാസി ചലച്ചിത്ര സംവിധായക

ആദിവാസിസംവിധായക എന്ന വിശേഷണത്തിലൊതുങ്ങാൻ ഇഷ്ടപ്പെടാത്ത ലീലാ സന്തോഷ് പുതിയൊരു ഫീച്ചർ ഫിലിമിന്റെ പണിപ്പുരയിലാണ്
മുദ്രയടിക്കലുകളിൽ നിന്ന്   മുന്നേറാൻ ആദ്യ ആദിവാസി ചലച്ചിത്ര സംവിധായക
മുദ്രയടിക്കലുകളിൽ നിന്ന് മുന്നേറാൻ ആദ്യ ആദിവാസി ചലച്ചിത്ര സംവിധായക
Written by:

ലീലാ സന്തോഷ് ആയിരിക്കും ആദിവാസികളിൽ നിന്നുള്ള ആദ്യ ചലച്ചിത്ര സംവിധായക. 28 കാരിയായ ലീല ഡോക്യുമെന്ററിയെടുക്കുന്നയാളും സിനിമാസംവിധായകയുമാണ്. വയനാട്ടിലെ പണിയ ഗോത്രാംഗമാണ് ലീല.

പക്ഷേ ആദിവാസിസംവിധായക എന്ന വിശേഷണത്തിലൊതുങ്ങാൻ ലീല തയ്യാറല്ല. ' ഞങ്ങളുടെ സമുദായത്തിൽ നിന്നുള്ള ആദ്യ സിനിമാസംവിധായക ഞാനായിരിക്കും. പക്ഷേ എന്നെ ഒരു ആദിവാസിസിനിമാക്കാരിയാക്കരുത്. ഞങ്ങൾ മനുഷ്യരാണ്. ഞങ്ങളും സാധാരണ മനുഷ്യരുടെ ഗണത്തിൽ പെടാൻ ആഗ്രഹിക്കുന്നവരാണ്.' 

സിനിമാലോകത്തിന്റെ മാന്ത്രികവലയത്തിൽ 12 വർഷം മുൻപേയാണ് അവർ അകപ്പെടുന്നത്. ഒരു സർക്കാരിതര സംഘടന നടത്തുന്ന ഗുരുകുല എന്ന ബദൽ വിദ്യാഭ്യാസ കേന്ദ്രത്തിൽ പഠിക്കുകയായിരുന്നു അന്ന് ലീല. ' സാമൂഹ്യപ്രവർത്തകനും സിനിമാസംവിധായകനുമായ കെ.ജി.ബാബു നടത്തിയിരുന്ന സ്‌കൂളാണ് അത്. ഫിലിം മേക്കിങ് ഞങ്ങൾ പഠിച്ച വിഷയങ്ങളിലൊന്നായിരുന്നു. ' ലീല പറയുന്നു.

പഠനം പൂർത്തീകരിച്ചശേഷം കേരളത്തിനകത്തും പുറത്തുമായി ചില സിനിമാശില്പശാലകളിൽ ലീല പങ്കെടുത്തു. ' വി.കെ.ജോസഫ് 2005-ൽ സംവിധാനം ചെയ്ത ഗുഡ എന്ന ഡോക്യുമെന്ററിയിൽ സഹസംവിധായകയായിട്ടാണ് ഞാൻ സിനിമ എന്ന കലയിൽ കൈവയ്ക്കുന്നത്. ' ലീല ഓർക്കുന്നു.

പിന്നീട് ചില ഡോക്യുമെന്ററികളിൽ സഹ സംവിധായകയായി ലീല. പണിയ സമുദായത്തെക്കുറിച്ച് സ്വന്തമായി ഒരു ഡോക്യുമെന്ററിയെടുക്കുകയും ചെയ്തു. ലീലയുടെ അവസാനത്തെ പ്രൊജക്ട് ഫഹദ് ഫാസിൽ അഭിനയിക്കുന്ന നാളെ എന്ന ചിത്രമാണ്. 

'എന്നെപ്പോലെ ഒരു തുടക്കക്കാരിയ്ക്ക് അതൊരു വലിയ പ്രൊജക്ടാണ്. ഏതായാലും അതിന്റെ നിർമാണം തൽക്കാലം നിർത്തിവെച്ചിരിക്കുകയാണ്..' ലീല വെളിപ്പെടുത്തുന്നു. ഒരു പുതിയ ഫീച്ചർ ഫിലിമിനുവേണ്ടിയുള്ള തിരക്കഥ ലീല തയ്യാറാക്കിയിട്ടുണ്ട്. സ്വതന്ത്രസംവിധായക എന്ന നിലയ്ക്കുള്ള തന്റെ അരങ്ങേറ്റമായിരിക്കും അതെന്ന് അവർ വിശ്വസിക്കുന്നു.

'ആദിവാസി സമൂഹങ്ങളിലെ പ്രായപൂർത്തിയെത്താത്തവരും അവിവാഹിതകളുമായ അമ്മമാരുടെ കഥയാണത്. കഥയിങ്ങനെ പറഞ്ഞ് അവസാനിപ്പിക്കാതെ പ്രേക്ഷകർക്ക് ചിന്താവിഷയം നൽകുകയാണ് എന്റെ സിനിമകളിലൂടെ ഞാൻ ചെയ്യാനുദ്ദേശിക്കുന്നത്..' ലീല വിശദീകരിക്കുന്നു. 

ഈ സിനിമയുടെ പണികൾ ഉടനെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും ലീലയ്ക്ക് ആദിവാസിസമൂഹങ്ങളെ മാത്രം കേന്ദ്രീകരിച്ച് സിനിമയെടുക്കാനല്ല താൽപര്യം.

'ഒരു ആദിവാസി സംവിധായക എന്ന് ചിലരൊക്കെ എന്നെ മുദ്ര കുത്തിയേക്കാം. പക്ഷേ എന്തെങ്കിലും ലേബലുകളില്ലാതെ ഒരു മലയാളം സിനിമാസംവിധായക എന്ന പേരിൽ അറിയപ്പെടാനാണ് എനിക്കിഷ്ടം..' ലീല ആവർത്തിച്ചുപറയുന്നു.

'ആദിവാസി സമൂഹവുമായി ബന്ധമൊന്നുമില്ലാത്ത ഒരു വാണിജ്യസിനിമയായിരിക്കും എന്റെ അടുത്ത ഉദ്യമം...' അവർ കൂട്ടിച്ചേർക്കുന്നു.

ആദിവാസി പശ്ചാത്തലവും ലിംഗപദവിയും മൂലം എന്തെങ്കിലും പ്രശ്‌നങ്ങളെ നേരിടേണ്ടിവന്നോ എന്ന ചോദ്യത്തിന് അവരുടെ ഉത്തരമിങ്ങനെ:

'ഒരു നിലയ്ക്ക് ജനങ്ങളെ കുറ്റം പറയാൻ പറ്റുകയില്ല. തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ടുവന്നവയാണ് ആദിവാസി സമുദായങ്ങളെപ്പറ്റിയുള്ള അവരുടെ ധാരണകളും മുൻവിധികളും. പലരും എന്നെ വിശേഷിപ്പിക്കുന്നത് ഒരു സിനിമാസംവിധായക എന്നതിലുപരി ഒരു ആദിവാസിയെന്ന നിലയിലാണ്. ഞാൻ സംവിധാനം ചെയ്യുന്ന സിനിമകളുടെ ഗുണപരമായ സവിശേഷതകൾ കൊണ്ടേ ഈ മുൻവിധി മാറ്റിക്കിട്ടൂ..'

ഇങ്ങനെ മുദ്രകുത്തപ്പെടുന്നതിൽ നിന്ന് തനിക്ക് ഒഴിവായിപ്പോകാൻ തന്റെ നിശ്ചയദാർഡ്യം കൊണ്ടും ആത്മവിശ്വാസം കൊണ്ടും മാത്രമേ സാധ്യമാകൂവെന്ന് ലീലയ്ക്കുറപ്പുണ്ട്. തന്റെ ആദിവാസിവേരുകൾ കൊണ്ട് സൃഷ്ടിക്കപ്പെട്ട അദൃശ്യമായ തടസ്സങ്ങൾ കുടുംബത്തിന്റെ പിന്തുണയോടെ താൻ തരണം ചെയ്യുമെന്നുതന്നെ അവർ വിശ്വസിക്കുന്നു.

'ശരിയ്ക്കും പറഞ്ഞാൽ എന്റെ സമുദായത്തിൽ നിന്ന് അധികം പേർക്കൊന്നും ഇത്തരമൊരവസരം കിട്ടുകയില്ല. പക്ഷേ ഇക്കാര്യത്തിൽ ഞാൻ ഭാഗ്യവതിയാണ്. എന്റെ ഭർത്താവും കുട്ടികളും എനിക്ക് പരിപൂർണ പിന്തുണ നൽകുന്നുണ്ട്..' മൂന്ന് മക്കളുടെ അമ്മ കൂടിയായ ലീല പറയുന്നു.

Related Stories

No stories found.
The News Minute
www.thenewsminute.com