സംവിധായകൻ രാജേഷ് പിള്ള അന്തരിച്ചു
ട്രാഫിക്, വേട്ട തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ രാജേഷ് പിള്ള (42) അന്തരിച്ചു. കൊച്ചിയിൽ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
അവസാനചിത്രമായ വേട്ടയുടെ ഷൂട്ടിംഗിനിടെ പല തവണ അദ്ദേഹം കരൾരോഗം ഗുരുതരമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. കരൾമാറ്റ ശസ്ത്രക്രിയ നിർദേശിക്കപ്പെട്ടിരുന്നെങ്കിലും ആരോഗ്യനില തൃപ്തികരമല്ലാത്തതിനാൽ ഡോക്ടർമാർ അത് മാറ്റിവെയ്ക്കുകയായിരുന്നു. തൂക്കം കുറയ്ക്കാനും കരൾമാറ്റ ശസ്ത്രക്രിയ നടത്താനും വിദഗ്‌ധോപദേശം നേരത്തെ ഉണ്ടായിരുന്നെങ്കിലും വേട്ടയുടെ റിലീസ് മൂലം അത് നീട്ടിവെച്ചിരുന്നു. പക്ഷേ അതോടെ ആരോഗ്യനില വല്ലാതെ വഷളായി.
അദ്ദേഹം മരിച്ചെന്ന് ശനിയാഴ്ച രാവിലെ ഒരു സ്വകാര്യ ച.ാനൽ റിപ്പോർട്ട് ചെയ്‌തെങ്കിലും പിന്നീട് ആ വാർത്ത നിഷേധിക്കപ്പെട്ടു.
2011-ൽ രണ്ടാമത്തെ ചിത്രമായ ട്രാഫിക് ആണ് അദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തിയത്. ആദ്യചിത്രം ഹൃദയത്തിൽ സൂക്ഷിക്കാൻ. സ്ത്രീ കേന്ദ്രിതമായ മിലിയും രാജേഷിന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്നാണ്. അവസാനം റിലീസായ വേട്ട അടക്കം അഞ്ചുചിത്രങ്ങൾ രാജേഷ് പിള്ള സംവിധാനം ചെയ്തിട്ടുണ്ട്. വിജി തമ്പി, രാജീവ് അഞ്ചൽ തുടങ്ങിയ സംവിധായകരോടൊപ്പം സഹസംവിധായകനും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.