
തിരുവനന്തപുരം, പാലക്കാട് എന്നീ സീറ്റുകളിൽ ജയിച്ച് നിയമസഭയിൽ എക്കൗണ്ട് തുറക്കുക മാത്രമല്ല, 71ലധികം സീറ്റുകൾ എൻ.ഡി.എക്ക് ലഭിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. പാർട്ടിക്ക് കേരളത്തിൽ കർക്കശമായ ഹിന്ദുത്വ അജൻഡയില്ലെന്നും വികസന അജൻഡ മാത്രമേ ഉള്ളൂവെന്നും ബി.ജെ.പി. നേതാവ് ദ ന്യൂസ്മിനുട്ടിനോട് പറഞ്ഞു. ബംഗലൂരുവിൽ ബി.ജെ.പി. പ്രവർത്തകരായ സാമൂഹ്യമാധ്യമ ടീമിന്റെ യോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
സാമൂഹ്യമാധ്യമങ്ങളിൽ ഇടപെടുന്നവരുടെ എണ്ണം നാട്ടിൻപുറങ്ങളിൽ പോലും വർധിച്ചുവരുന്നതുകൊണ്ട് തെരഞ്ഞെടുപ്പിൽ അവ ഒരു സുപ്രധാന പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ഡി.ജെ.എസിന്റെ സാന്നിധ്യം എൻ.ഡി.എയുടെ വോട്ടർമാർക്കിടയിലെ അടിത്തറ വർധിപ്പിക്കാൻ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയോടുള്ള എൻ.എസ്.എസിന്റെ നയം ഉത്കണ്ഠയൊന്നും ഉണ്ടാക്കുന്നില്ലെന്ന് കുമ്മനം കൂട്ടിച്ചേർത്തു. രാഷ്ട്രീയ പ്രതിഫലനങ്ങൾ സൃഷ്ടിക്കാൻ കഴിയാത്ത ഒരു സാമൂഹ്യസംഘടന മാത്രമാണ് എൻ.എസ്.എസ് എന്നതുകൊണ്ടാണിത്.
ആശയപാപ്പരത്തം അനുഭവിക്കുന്ന മാർക്‌സിസ്റ്റുകാർ കൈയൂക്കുകൊണ്ട് സംസ്ഥാനരാഷ്ട്രീയത്തിൽ ആധിപത്യം നേടാൻ ശ്രമിക്കുുന്നതിന്റെ ഫലമാണ് കണ്ണൂരിലെ രാഷ്ട്രീയസംഘർഷങ്ങൾ. തന്റെ പാർട്ടിയിൽ വിഭാഗീയത ഉണ്ടെന്ന മാധ്യമങ്ങളിൽ വന്ന വാർത്ത അദ്ദേഹം നിഷേധിച്ചു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 10.83 ശതമാനം വോട്ടുകൾ നേടിയിരുന്നു. 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് 6.03 ശതമാനമായിരുന്നു. അന്ന് 139 സീറ്റുകളിൽ മത്സരിച്ച പാർട്ടി മൂന്നിടത്ത് 40,000ത്തിലധികം വോട്ടുനേടി രണ്ടാം സ്ഥാനത്തെത്തി. ഇത്തവണ മുൻ കേന്ദ്രമന്ത്രി ഒ.രാജഗോപാൽ അടക്കം മുതിർന്ന നേതാക്കൾ നിയമസഭയിലേക്ക് മത്സരിക്കുമെന്ന് സൂചനകളുണ്ട്.