
ജിഷ്ണു രാഘവിനോട് വിധി ഒന്നല്ല രണ്ടു തവണയാണ് ക്രൂരമായി പെരുമാറിയത്. 2013ൽ ട്യൂമറിൽ നിന്ന് രക്ഷപ്പെട്ട ജിഷ്ണുവിന് 2015 ൽ വീണ്ടും രോഗം ബാധിക്കുകയായിരുന്നു.
എന്നിരുന്നാലും ജീവിതത്തിന്റെ വിശദീകരിക്കാനാകാത്ത വഴികളെക്കുറിച്ച് ജിഷ്ണു ആവേശത്തോടെയാണ് സംസാരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റുകളിലൊന്നിൽ അദ്ദേഹം കുറിക്കുന്നതിങ്ങനെ
വലിയവലിയ കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങുന്നതല്ല പക്വതയായി എന്നതിന്റെ അടയാളം. ചെറിയ ചെറിയ കാര്യങ്ങൾ മനസ്സിിലാക്കാൻ തുടങ്ങുന്നതോടെയാണ് ഒരാൾ പക്വമതിയാകുന്നത്.
ജീവിതത്തിന്റെ മഹിമയിൽ വിശ്വസിക്കുന്നുവെന്നതുകൊണ്ടുതന്നെയായിരിക്കണം ഐ.സി.യുവിൽ കിടന്നുകൊണ്ട് അന്തരീക്ഷത്തിൽ പുത്തൻ ഊർജം നൽകുന്ന ചിരിയുടെ മാസ്മരികതയെക്കുറിച്ച് ഫേസ്ബുക്കിൽ കുറിയ്ക്കുന്നത്.
ഇടയ്ക്കിടയ്ക്ക് മാത്രം സിനിമയിൽ പ്രത്യക്ഷപ്പെടുന്ന ജിഷ്ണുവിന് ജീവിതത്തോടുള്ള ഈ സമീപനം തന്നെയായിരിക്കണം കൂടുതൽ കൂടുതൽ ആരാധകരെ നേടിക്കൊടുത്തുകൊണ്ടിരിക്കുന്നത്.
ജിഷ്ണുവിന് രോഗമുണ്ടെന്ന് സ്ഥിരീകരിക്കുന്നതിന് മുൻപുതന്നെ സിനിമയിൽ നിന്ന് ഇടയ്ക്കിടക്ക് ജിഷ്ണു ഒഴിഞ്ഞുനിൽക്കുമായിരുന്നു. അത്തരം സന്ദർഭങ്ങൾ അദ്ദേഹം ഗ്രാമീണമേഖലയിൽ ഐ.ടി. പ്രചരിപ്പിക്കുന്നതിന് വിനിയോഗിക്കുമായിരുന്നു. അതുകൊണ്ടുതന്നെ വെറും അഭിനേതാവെന്നതിലുപരി അദ്ദേഹം മറ്റുമേഖലകളിലുള്ള സംഭാവനകൾ കൊണ്ട് അദ്ദേഹം ശ്രദ്ധേയനാണ്.
ക്യാൻസർ ചികിത്സ ആരോഗ്യത്തെ ബാധിച്ചിട്ടുണ്ടെങ്കിലും ജിഷ്ണു വിട്ടുകൊടുക്കാൻ തയ്യാറില്ലാത്ത തന്റെ പ്രകൃതം കൊണ്ട് ഇ്‌പ്പോഴും ആരാധകരെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ചുറ്റുപാടും നടക്കുന്ന കാര്യങ്ങളോട് അദ്ദേഹം കൃത്യമായി പ്രതികരിക്കുന്നു. സമകാലികസംഭവങ്ങളിൽ അഭിപ്രായം പറയുന്നു.
എന്നാൽ സാമൂഹ്യമാധ്യമങ്ങൾ എപ്പോഴും അദ്ദേഹത്തോട് അനുഭാവപൂർവം പെരുമാറുന്നുവെന്ന് പറഞ്ഞുകൂടാ. ജിഷ്ണു മരിച്ചെന്ന വാർത്ത 2015 നവംബറിൽ ഫേസ്ബുക്കിൽ പ്രചരിച്ചിരുന്നു. അന്ന് അത്തരം പോസ്റ്റുകൾക്കെതിരെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളിലൊരാളായ പ്രഥ്വിരാജടക്കമുള്ളവർ രൂക്ഷമായി പ്രതികരിച്ചിരുന്നു.
ഏതായാലും ജിഷ്ണുവിന് ഇനിയും ഒരുപാട് ആഹഌദം നിറഞ്ഞ അവസരങ്ങൾ ജീവിതത്തിൽ ഉണ്ടാകട്ടെ എന്ന് നമുക്ക് ആശംസിക്കാം.