കുഴപ്പമുണ്ടാകുമ്പോൾ ‘ടി’ എന്ന് ഡയൽ ചെയ്യുക: തരൂർ ഡൽഹി പൊലിസിന്റെ ട്രബ്ൾ ഷൂട്ടർ?

കുഴപ്പത്തിലകപ്പെടുമ്പോഴൊക്കെ സുനന്ദാ പുഷ്‌കർ കേസ് വാർത്തയിൽ കൊണ്ടുവന്ന് ജനശ്രദ്ധ തിരിക്കുകയെന്ന രണ്ടുവർഷമായി തുടരുന്ന തന്ത്രം
കുഴപ്പമുണ്ടാകുമ്പോൾ ‘ടി’ എന്ന് ഡയൽ ചെയ്യുക: തരൂർ ഡൽഹി പൊലിസിന്റെ ട്രബ്ൾ ഷൂട്ടർ?
കുഴപ്പമുണ്ടാകുമ്പോൾ ‘ടി’ എന്ന് ഡയൽ ചെയ്യുക: തരൂർ ഡൽഹി പൊലിസിന്റെ ട്രബ്ൾ ഷൂട്ടർ?
Written by:

ഡിസംബർ 14, ന്യൂഡൽഹി:  യു.പി.എ സർക്കാർ നിയോഗിച്ച പൊലിസ് ഉദ്യോഗസ്ഥരിൽ മിക്കവർക്കും സ്ഥാനഭ്രംശം സംഭവിച്ചതിന് ശേഷം ശക്തമായ ഊഹാപോഹം ഡൽഹി പൊലിസ് കമ്മിഷണറുടെ സ്ഥാനമാറ്റത്തെച്ചൊല്ലിയായിരുന്നു. അദ്ദേഹത്തെ ബ്യൂറോ ഓഫ് പൊലിസ് റിസർച്ച് ആന്റ് ഡവലപ്‌മെന്റ് (ബി.പി.ആർ&ഡി) യുടെ ഡയരക്ടർ ജനറൽ ആയി നിയമിക്കുമെന്നായിരുന്നു അഭ്യൂഹം പരന്നത്. കൃത്യമായും ഒരു ഒതുക്കലിന്റെ സൂചനകൾ നൽകുന്നതായിരുന്നു അത്. 

ആ സന്ദർഭത്തിലാണ് പെട്ടെന്ന് കമ്മിഷണറുടെ പ്രസ്താവന ദൃശ്യമാധ്യമങ്ങൾ സംപ്രേഷണം ചെയ്യുന്നത്. സുനന്ദ പുഷ്‌കറിന്റെ ദുരൂഹമരണത്തിൽ പ്രസക്തമായ സെക്ഷനുകൾക്ക് കീഴിൽ എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തുവെന്ന അറിയിപ്പായിരുന്നു അദ്ദേഹത്തിൽ നിന്നുണ്ടായത്. മരണം സംഭവിച്ച് 350 ദിവസങ്ങൾക്ക് ശേഷമാണ് ഈ നടപടിയുണ്ടായത് എന്നോർക്കണം. അതോടെ പുതിയ പുതിയ വാർത്താ ചോരലുകളും ശശിതരൂരിനെ ചോദ്യം ചെയ്തത് സംബന്ധിച്ച വിവരങ്ങളുടെ പ്രവാഹവും ഉണ്ടായി. 

ശശിതരൂരിന്റെ തലയ്ക്ക് വേണ്ടിയുള്ള മുറവിളി മാധ്യമങ്ങളിൽ നിറഞ്ഞതോടെ ഡൽഹി കമ്മിഷണറെ മാറ്റുന്ന പരിപാടിക്ക് എന്തുസംഭവിച്ചുവെന്ന് ആർക്കുമറിയില്ല. എല്ലാവരും അത് മറന്നു. 

ഇപ്പോൾ രണ്ടുവർഷം കഴിഞ്ഞു. സുനന്ദാ പുഷ്‌കർ കേസ് ഒരിഞ്ചുപോലും നീങ്ങിയിട്ടില്ല. പക്ഷേ ഇടയ്ക്കിടയ്ക്ക് ചാനലുകളുടെ സ്റ്റുഡിയോകളിൽ വിഷയവ്യതിയാനത്തിനുതകുന്ന ഇഷ്ട വിഭവമായി പുഷ്‌കർ തുടരുന്നു.

ആന്തരികാവയവങ്ങളുടെ സാംപിളുകൾ പരിശോധനക്കായി അയച്ചുകൊടുത്തത് സംബന്ധിച്ച റിപ്പോർട്ടിനുള്ള ദീർഘിച്ച കാത്തിരിപ്പ് അപ്പോൾ തുടങ്ങിയതാണ്. ഇതിനിടയിൽ വമ്പിച്ച ശബ്ദകോലാഹലം സൃഷ്ടിച്ചുകൊണ്ടുള്ള ബിഹാർ തെരഞ്ഞെടുപ്പ് നടന്നു. തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് മാർഗ് ദർശക് മണ്ഡലത്തിലേക്ക് സ്ഥാനമാറ്റം കിട്ടിയ തലമൂത്ത നേടാക്കൾ നിലവിലുള്ള നേതൃത്വത്തിനെതിരെ കലാപവും തുടങ്ങി. 

നവംബറിലെ ആ ശിശിരകാല സായാഹ്നത്തിൽ ഭരണകക്ഷിയിൽ ഒരു കൊട്ടാരവിപ്‌ളവം നടക്കുമെന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ട് മാധ്യമങ്ങളിൽ വാർത്തകൾ നിറഞ്ഞു. പക്ഷേ നിൽക്കൂ. അടുത്ത ദിവസം ഡൽഹിയിലെ പ്രമുഖ ദിനപ്പത്രങ്ങളിൽ നിറഞ്ഞ വാർത്ത അതല്ലായിരുന്നു. സുനന്ദയുടെ ആന്തരികാവയവങ്ങളുടെ സാംപിളുകൾ പരിശോധിച്ചതിന്റെ റിപ്പോർട്ട് അമേരിക്കയിലെ ലാബുകളിൽ നിന്നെത്തിയെന്നതായിരുന്നു അത്. എൺപതുവയസ്സിൽ അധികമുള്ള ഒരാൾ പാർട്ടിയിലുയർത്തിയ കലാപവും ഒരു പേജ ത്രീ വനിതയുടെ മരണത്തെ സംബന്ധിച്ച വാർത്തയും തമ്മിൽ പത്രത്താളുകളിൽ ഇടത്തിന് വേണ്ടി പൊരുതിയാൽ ഏതിനായിരിക്കും പ്രാമുഖ്യം കിട്ടുകയെന്നത് ആർക്കും മനസ്സിലാക്കാവുന്നതാണ്. 

പക്ഷേ എന്തായിരുന്നു ആ റിപ്പോർട്ടിലുണ്ടായിരുന്നത്?  ഇതുവരെയും വെളിപ്പെട്ടിട്ടില്ല്. പ്രകടമായും ്്അത് വളരെ സാങ്കേതികമായ ഒന്നായിരുന്നു. ഓൾ ഇൻഡ്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിലെ വിദഗ്ധ വിശകലനത്തിന് അത് വിധേയമാക്കേണ്ടിയിരുന്നു. 

ഈ വർഷം ജനുവരി രണ്ടാം വാരമാണ് ഇത് സംബന്ധിച്ച് വിണ്ടും വാർത്തകൾ പൊങ്ങുന്നത്. ആ സമയം പത്താൻകോട്ട് ആക്രമണത്തിന് ഇടനൽകിയ ഗവൺമെന്റ് തന്ത്രങ്ങളിലെ പാളിച്ചകളെ സംബന്ധിച്ച് മാധ്യമങ്ങളിൽ ചർച്ച സജീവമായ സമയത്തായിരുന്നു ഇത്. ആക്രമണശ്രമത്തെ പരാജയപ്പെടുത്താനായെങ്കിലും അതുയർത്തിയ ആവേശം ഒന്നടങ്ങിയപ്പോൾ ഉയർന്നുവന്നത് ശക്തമായ വിമർശനമാണ്. ഇത്തരമൊരു സാഹചര്യത്തെ കൂടുതൽ ഫലപ്രദമായി നേരിടാൻ ആർമിക്ക് കഴിയുമെന്നിരിക്കേ എന്തിന് ദേശീയ സെക്യൂരിറ്റി ഗാർഡുകളെ നിയോഗിച്ചുവെന്ന ചോദ്യം ശക്തിപ്പെട്ടുവരുന്ന സമയമായിരുന്നു ്അത്. അപ്പോഴാണ് ഡൽഹി പൊലിസ് കമ്മിഷണറുടെ ട്വീറ്റ്. സുനന്ദ പുഷ്‌കറിന്റെ കേസിൽ മെഡിക്കൽ ബോർഡിന്റെ ഉപദേശം ലഭിച്ചിരിക്കുന്നുവെന്ന  വിലപ്പെട്ട വിവരം ട്വിറ്ററിലൂടെ കമ്മിഷണർ മാലോകരെ അറിയിക്കുകയായിരുന്നു.

വൈകിട്ടോടെ മെഡിക്കൽ റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്തുവന്നു. പതിവുപോലെ എ്ന്ത് കാരണത്താലാണ് സുനന്ദ മരിച്ചത് എന്ന് സംബന്ധിച്ച് ഒരു സൂചനയും അത് നൽകിയില്ല. 

ഇതാ ഇപ്പോൾ വീണ്ടും തരൂർ പൊങ്ങിവരുന്നു!. ജെ.എൻ.യുവിലെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്ത രീതി മോശപ്പെട്ട പ്രതിഛായ ഉണ്ടാക്കുകയും അത് വലിയ ചർച്ചയാകുകയും ചെയ്ത സന്ദർഭത്തിൽ സൗത്ത് ഡിസ്ട്രിക്ട്  ഡൽഹി പൊലിസ് 'വിഷമിച്ചാണെങ്കിലും' തരൂരിനെ ചോദ്യം ചെയ്യാൻ സമയം കണ്ടെത്തി. ഇതേ സൗത്ത് ഡിസ്ട്രിക്ട് പൊലിസ് ആണ് ജെ.എൻ.യു വിലെ കുഴപ്പങ്ങൾ കൈകാര്യം ചെയ്ത് വഷളാക്കിയത് എന്ന് മനസ്സിൽ കുറിച്ചിട്ടേക്കുക. 

പക്ഷേ അപ്പോഴേക്കും കഥ മാറി. കൊലപാതകത്തിൽ നിന്ന് അത് ആത്മഹത്യാശ്രമം എന്ന സാധ്യതയിലേക്ക് വഴിമാറി. ഭാര്യക്കുവേണ്ടി ശശി തരൂർ എ്ന്തിന് ഉറക്കഗുളികകൾ വാങ്ങി നൽകിയെന്ന നിലയിലേക്ക് അന്വേഷണം ഒരുപാട് വളർന്നു. ഇക്കാലത്ത് ധാരണകൾ മാറ്റുകയെന്നത് കളിയുടെ പേരായിരിക്കേ ഡൽഹി പൊലിസിന് ഇത് വളരെ എളുപ്പം. ട്രബ്ൾ (കുഴപ്പം) മണക്കുമ്പോൾ വെറുതേ ടി (തരൂർ) എന്ന് ഡയൽ ചെയ്യുക. 

പിൻകുറിപ്പ്: ബജറ്റ് സെഷനുമുമ്പേയും ഇത് സംബന്ധിച്ച് എന്തെങ്കിലും ബ്രേക്കിങ് ന്യൂസ് നമുക്ക് പ്രതീക്ഷിക്കാമോ? ആർക്കറിയാം? എന്തായാലും ഈ ഇടം തുടർന്നും ശ്രദ്ധിക്കുക. 

(This is a translated version)

Related Stories

No stories found.
The News Minute
www.thenewsminute.com