
ദുർഗന്ധം നിമിത്തം ട്രെയിനിലെ പുതപ്പെടുത്ത് ശരീരം മൂടുന്നതിന് മുൻപ് നിങ്ങൾ ഒന്ന് ശങ്കിച്ചുനിൽക്കാറുണ്ടോ?
ഉണ്ടെങ്കിൽ മനസ്സിലാക്കൂ. രണ്ട് മാസം കൂടുമ്പോൾ ഒരുതവണ മാത്രമേ അവ കഴുകാറുള്ളൂവെന്ന്.
വെള്ളിയാഴ്ച റയിൽവേ സഹ മന്ത്രി മനോജ് സിഹ്ന രാജ്യസഭയിൽ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. അവ ആരോഗ്യത്തിന് ദോഷകരമാണെന്നും മന്ത്രി സഭയിൽ സമ്മതിച്ചു. റയിൽവേ വിതരണം ചെയ്യുന്ന പുതപ്പിന്റെ ഗുണനിലവാരത്തെയും ആരോഗ്യസുരക്ഷയെയും കുറിച്ചുള്ള ഒരു ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു മന്ത്രി. എന്നാൽ കമ്പിളിപ്പുതപ്പ് മാത്രമേ എല്ലാദിവസവും കഴുകാത്തതായുള്ളൂ. കിടക്ക വിരികളും തലയിണ കവറുകളും ദിനേന കഴുകാറുണ്ട്-മന്ത്രി കൂട്ടിച്ചേർത്തു. യാത്രക്കാർ ശയനസാമഗ്രികൾ കൂടെക്കരുതുന്നതാണ് നല്ലതെന്ന് ആ സന്ദർഭത്തിൽ സഭാധ്യക്ഷൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി പ്രതികരിച്ചു. നല്ല ഉപദേശമെന്ന് പറഞ്ഞ് അൻസാരിയുടെ പ്രതികരണത്തെ മന്ത്രിയും ശരിവച്ചു.
ഏതായാലും രണ്ടുവർഷത്തിനുള്ളിൽ 85 ശതമാനം യാത്രക്കാർക്കും വൃത്തിയുള്ള പുതപ്പും ശയനസാമഗ്രികളും കിട്ടും. റയിൽവേ അധികമായി 25 യന്ത്രവൽക്കൃത ലോൺഡ്രികൾ ആരംഭിക്കുന്നതോടെയാണിത്. കമ്പിളിപ്പുതപ്പുകൾ ദിനേന കഴുകാനാകില്ലെന്നും അതുകൊണ്ടാണ് പുറമേ ഒരു വിരി കൂടി നൽകുന്നതെന്നും മന്ത്രിയുടെ പ്രസ്താവനയോട് റയിൽവേ പ്രതികരിച്ചു. 15 ദിവസം കൂടുമ്പോൾ അണുക്കളെയും ദുർഗന്ധത്തേയും ഇല്ലാതാക്കാൻ സാനിറ്റൈസ് ചെയ്യാറുണ്ട്. ഒരു ബെഡ്‌റോൾ ടേക് എവേ പദ്ധതിയും യാത്രക്കാർക്കായി ഡിപ്പാർട്‌മെന്റ് നടപ്പാക്കുന്നുണ്ട്. ഇതുപ്രകാരം തലയിണയും വിരിയും പുതപ്പും ഉപയോഗം കഴിഞ്ഞാൽ വീട്ടിൽ കൊണ്ടുപോകാം.