
ജനിച്ചപ്പോൾ ആരോഗ്യവാനായ ഒരു കുഞ്ഞിനുണ്ടാകേണ്ട അഞ്ചിലൊന്ന് തൂക്കമേ അവൾക്കുണ്ടായിരുന്നുള്ളൂ.ചുരുങ്ങിയത് 12 ആഴ്ചയെങ്കിലും നേരത്തെ അവൾ ജനിച്ചു. അതിജീവനത്തിനുള്ള സാധ്യത അഞ്ചുശതമാനം മാത്രമാണെന്നാണ് ഡോക്ടർമാർ വിധിയെഴുതിയത്. 12 വർഷം കാത്തിരുന്ന് തുളസീദാസ് - ബിന്ദു ദമ്പതിമാർക്ക് കുഞ്ഞുജനിച്ചപ്പോൾ അവർക്കത് ആഹ്‌ളാദത്തിന്റെ അവസരമായില്ല. പകരം കടുത്ത നിരാശയും സങ്കടവുമാണ് നൽകിയത്,
എന്നാൽ നാല് മാസം പിന്നിട്ടപ്പോൾ ഈ ദമ്പതിമാർക്ക് ആശ്വാസവും ആഹ്‌ളാദവുമാണ്. മീനാക്ഷി സാധാരണ ഒരു ശിശുവിന്റെ ആരോഗ്യനിലയിലേക്കും വലുത്തിലേക്കും തൂക്കത്തിലേക്കുമെത്തി.
ഗർഭകാലം വെറും 25 ആഴ്ചകൾ പിന്നിട്ട അവസരത്തിലാണ് മീനാക്ഷി ജനിക്കുന്നത്. 625 ഗ്രാം മാത്രമായിരുന്നു അപ്പോൾ തൂക്കം. പ്രായമെത്താത്ത നവജാതശിശുക്കൾക്ക് പൊതുവേ രണ്ടുകിലോക്കും മൂന്നുകിലോക്കുമിടയ്ക്ക് തൂക്കമുണ്ടാകും.
നാട്ടിക സ്വദേശികളായ തുളസീദാസും ബിന്ദുവും പലതവണ വന്ധ്യതാ നിവാരണ മാർഗങ്ങൾ പരീക്ഷിച്ചതാണ്. ഒടുവിൽ വിജയകരമാണ് ചികിത്സയെന്ന് കേട്ടറിഞ്ഞ് അവർ സബൈൻ ഹോസ്പിറ്റൽ ആന്റ് റിസർച്ച് സെന്ററിലെത്തി.
ഐ.വി.എഫ് കഴിഞ്ഞ് രണ്ടുമാസത്തിന് ശേഷം ബിന്ദു ഗർഭിണിയായി. അപ്പോഴേ പ്രശ്‌നങ്ങൾ ആരംഭിക്കുകയും ബിന്ദു ശരീരമനക്കാൻ കഴിയാതെ കിടക്കയിലൊതുങ്ങുകയും ചെയ്തു.
പൂർണമായും ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നെങ്കിലും 25 ആഴ്ച കഴിഞ്ഞപ്പോൾ ബിന്ദു പ്രസവിച്ചു. അമിനോട്ടിക് ഫ്‌ളൂയിഡ് വലിയ തോതിൽ നഷ്ടമായതിനെ തുടർന്നായിരുന്നു അത്.
എല്ലാ പ്രതീക്ഷയും അസ്തമിക്കുകയായിരുന്നു. 12 കൊല്ലത്തെ കാത്തിരിപ്പും ചികിത്സയുമെല്ലാം വൃഥാവിലായി എന്ന തോന്നലാണ് ഉണ്ടായത്. ബിന്ദുവാകട്ടെ ആകെ തകർന്നിരുന്നു- തുളസീദാസ് പറയുന്നു.
പക്ഷേ അവസാനം വരെ ഡോക്ടർമാരുടെ സേവനം പ്രയോജനപ്പെടുത്താൻ ഞങ്ങൾ തീരുമാനിച്ചു. എന്റെ കുഞ്ഞിനെ രക്ഷിക്കാൻ ഉള്ള സമ്പാദ്യം മുഴുവൻ ചെലവാക്കാൻ ഞങ്ങൾ തയ്യാറായിരുന്നു.
മീനാക്ഷിയെ ചികിത്സിക്കുന്ന വൈദ്യസംഘത്തിന് തീവ്രമായതും വെല്ലുവിളി യനിറഞ്ഞതുമായ മാസങ്ങളായിരുന്നു തുടർന്നു വന്നതെന്ന് ഡോക്ടർ സബൈൻ പറയുന്നു. നൂറുദിവസത്തോളം നിയോനാറ്റൽ ഇന്റൻസീവ്് കെയർ യൂണിറ്റിൽ മീനാക്ഷി കഴിഞ്ഞു. മീനാക്ഷിക്ക് ഇപ്പോൾ 1700 ഗ്രാം തൂക്കമുണ്ട്. വൈകാതെ ആശുപത്രി വിടും.
തൂക്കത്തിന്റേയും വലുപ്പത്തിന്റേയും അടിസ്ഥാനത്തിൽ ഒരു സാധാരണ കുഞ്ഞിന്റെ ആരോഗ്യനിലയിലേക്ക് വീണ്ടെടുക്കപ്പെട്ട മാസമെത്താത്ത ജനിച്ച രണ്ടാമത്തെ കുഞ്ഞായിരിക്കും മീനാക്ഷി. ഫോർടിസ് ഹോസ്പിറ്റലിൽ ചികിത്സ തേടിയ സീമയുടെയു സുമിത് മല്ലികിന്റെയും കുഞ്ഞാണ് ഡോ.സബൈന്റെ അറിവിൽ ഒന്നാമത്തെ കേസ്.
ഞങ്ങളുടെ എല്ലാ പ്രാർത്ഥനയും ഡോക്ടർമാരുടെ പരിശ്രമങ്ങളും ഒടുവിൽ ഫലവത്തായി. ഡോക്ടർ ജെഗൻതാ ജയരാജിനോ്ട് എല്ലാക്കാലവും എന്റെ നന്ദിയും കടപ്പാടും ഉണ്ടായിരിക്കും..- തുളസീദാസ് പറയുന്നു. ബിന്ദുവും തുളസീദാസും മീനാക്ഷിയുമായി വീട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്.