പ്രായത്തെ തോല്പിക്കുന്ന ആയോധനപാടവവുമായി മീനാക്ഷി ഗുരുക്കള്‍

ഈ 74 കാരി കേരളത്തിലെ ഏറ്റവും പ്രായമേറിയ കളരിപ്പയറ്റ് വിദഗ്ധ
പ്രായത്തെ തോല്പിക്കുന്ന ആയോധനപാടവവുമായി മീനാക്ഷി ഗുരുക്കള്‍
പ്രായത്തെ തോല്പിക്കുന്ന ആയോധനപാടവവുമായി മീനാക്ഷി ഗുരുക്കള്‍
Written by:

By Supriya Unni Nair

മീനാക്ഷി ഗുരുക്കള്‍ ഒന്നമര്‍ന്ന് വാളുയര്‍ത്തി; മണ്ണുമെഴുകിയ കളരിത്തറയില്‍ എതിരാളിയെ അഭിമുഖീകരിക്കുമ്പോള്‍ അവരുടെ കണ്ണുകള്‍ ഒന്നിമ ചിമ്മിയില്ല. അപ്പോള്‍ മരത്തലപ്പുകളിലെവിടെയോ ഒരു മൈനയുടെ കരച്ചില്‍. അത് ഒരു വാള്‍ കണക്കേ നിശ്ശബ്ദതയെ പിളര്‍ന്നു. നൊടിയിടയില്‍ അവര്‍ വാള്‍ ചുഴറ്റി ആക്രമണോദ്യുക്തയായി. പരിച കൊണ്ട് വാള്‍ തടയപ്പെട്ടപ്പോള്‍ ലോഹസംഘര്‍ഷത്തില്‍ ്ശബ്ദമുയര്‍ന്നു. 

കേരളത്തിലെ പുരാതനമായ ആയോധന കലയിലെ ഈ വിദഗ്ധ ഒരു പക്ഷേ ഏറ്റവും പ്രായം ചെന്ന കളരിപ്പയറ്റുകാരിയായിരിക്കും. കഴിഞ്ഞ 68 വര്‍ഷത്തോളമായി അവര്‍ കളരിപ്പയറ്റ് അഭ്യസിക്കുകയും അഭ്യസിപ്പിക്കുകയും ചെയ്യുന്നു. 

കോഴിക്കോട് വടകരയ്ക്കടുത്ത് ചെറിയൊരു ഗ്രാമത്തില്‍ അവര്‍ നടത്തുന്ന കടത്തനാടന്‍ കളരി സംഘത്തില്‍ 150 ഓളം പേര്‍ കളരിപ്പയറ്റ് പഠിക്കുന്നുണ്ട്. ഓരോവര്‍ഷവും ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ ഉഴിച്ചില്‍ ചികിത്സയുടെയും വടക്കന്‍ ചിട്ടയിലുള്ള കളരിപ്പയറ്റിന്റേയും കഌസുകള്‍ ദിവസത്തില്‍ മൂന്നുതവണ അവിടെ നടക്കുന്നു. നരച്ചുമുഷിഞ്ഞ് പഴക്കമേറെയുള്ള ഒരു കൈപ്പുസ്തകത്തില്‍ എഴുതിയ പ്രകാരമുള്ള വിദ്യകള്‍ തലമുറകളിലേക്ക് ഇവിടെ പകര്‍ന്നുനല്‍കപ്പെടുന്നു. അദ്ധ്യയനകാലം കഴിഞ്ഞാല്‍ മീനാക്ഷി അഭ്യാസപ്രദര്‍ശനങ്ങളില്‍ പങ്കെടുക്കുന്നു. ' ഇപ്പോള്‍ കുറച്ചുകാലമായി ഞാന്‍ കഌസെടുക്കുന്നതിന്  പുറമേ, പ്രദര്‍ശനങ്ങളില്‍ പങ്കെടുക്കുമ്പോള്‍ മാത്രമാണ് കളരിപ്പയറ്റ് ഞാന്‍ പരിശീലിക്കുന്നത്. വലിയ ഗൗരവമൊന്നുമില്ലാത്ത സംഭവമെന്ന മട്ടില്‍ അവര്‍ പറയുന്നത് കേള്‍ക്കുക. ഇത് പറയുന്നത് വര്‍ഷത്തില്‍ 60 പ്രദര്‍ശനങ്ങളില്‍ പങ്കെടുക്കുന്ന ഒരു വയോധികയാണെന്നും മനസ്സിലാക്കുക. 

ആറിനും 26നുമിടക്ക് വയസ്സുവരുന്ന പെണ്‍കുട്ടികളാണ് അവരുടെ ആകെ വിദ്യാര്‍ത്ഥികളുടെ മൂന്നിലൊന്നിലധികം. ജീവിതത്തിന്റെ ഏതുതുറയില്‍ നിന്നുള്ള കുട്ടികള്‍ക്കും മീനാക്ഷിയുടെ പാഠശാലയിലേക്ക് സ്വാഗതം 'ലിംഗപദവിയോ സമുദായമോ പ്രശ്‌നമല്ല. പക്ഷേ വയസ്സ്് ഒരു ഘടകമാണ്. എത്ര ചെറുപ്രായത്തില്‍ തുടങ്ങുന്നുവോ അത്രയും വൈദഗ്ധ്യം നിങ്ങള്‍ നേടുന്നു' അവര്‍ വിശദീകരിക്കുന്നു.

ഈ പാഠശാലയില്‍ അഭ്യസനം തികച്ചും സൗജന്യമാണ്. വര്‍ഷാവസാനം ശിഷ്യന്‍മാര്‍ ഇഷ്ടമുള്ള ഗുരുദക്ഷിണ സമര്‍പ്പിച്ചിട്ടുപോകും. അവരുടെ വിദ്യാര്‍ത്ഥികളില്‍ ചിലരൊക്കെ ഇന്ന് ഗുരുക്കള്‍മാരാണ്. 

കളരിയുടെ ഭിത്തികളില്‍ ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.- കഠാരകള്‍, പരിചകള്‍, കുന്തങ്ങള്‍, കനമുള്ള മരവടികള്‍, ആനക്കൊമ്പിന്റെ ആകൃതിയിലുള്ള ആയുധങ്ങള്‍, ഉറുമികള്‍-അങ്ങനെ. അവയിലൊരെണ്ണം ഒരു പരിചയാണ്. ഉപയോഗിച്ച് പഴകിയതെങ്കിലും മിനുക്കിവെച്ചിരിക്കുന്നു. ചെറുപ്പത്തില്‍ മീനാക്ഷി പഠനത്തിനുപയോഗിച്ചതാണിത്. 

ആറുവയസ്സുള്ളപ്പോഴാണ് മീനാക്ഷി കളരിപ്പയറ്റ് പഠിക്കാന്‍ തുടങ്ങിയത്. അച്ഛനാണ് സഹോദരിയെയും അവരേയും പ്രദേശത്തുള്ള ഒരു കളരിയില്‍ ചേര്‍ത്തത്. 'ചുരുക്കം പേരേ അവിടെ പെണ്‍കുട്ടികളായി ഉണ്ടായിരുന്നുള്ളൂ. പക്ഷേ അതൊന്നും എന്റെ അച്ഛന് പ്രശ്‌നമായില്ല. ഞങ്ങളെ കളരിപ്പയറ്റ് അഭ്യസിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലായിരുന്നു അദ്ദേഹം.' മീനാക്ഷി പറയുന്നു.

സാധാരണ പെണ്‍കുട്ടികള്‍ പ്രായമറിയിച്ചാല്‍ കളരിയിലെ പഠനം അവസാനിപ്പിക്കുകയാണ് പതിവ്. പക്ഷേ മീനാക്ഷി ജന്‍മവാസനയുള്ളവളായിരുന്നു. അത് കണ്ടറിഞ്ഞ അച്ഛന്‍ തുടര്‍ന്നും പഠിക്കാന്‍ അവരെ പ്രോത്സാഹിപ്പിച്ചു. 

കളരിപ്പയറ്റില്‍ താല്‍പര്യമുള്ളയാളും സ്‌കൂള്‍ അദ്ധ്യാപകനുമായ രാഘവന്‍ മാസ്റ്ററെ അതിനിടയിലാണ് അവര്‍ കണ്ടുമുട്ടുന്നതും വിവാഹം കഴിക്കുന്നതും. ഈഴവസമുദായാംഗമായതിനാല്‍ കളരിയില്‍ ചേര്‍ന്ന് പഠിക്കാന്‍ കഴിയാതെ പോയ ആളായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ ആ വാശിക്ക് സ്വന്തമായി ഒരു കളരിപ്പയറ്റ് പരിശീലന കേന്ദ്രം അദ്ദേഹം തുടങ്ങി. 1949-ലാണ് അങ്ങനെ കടത്തനാടന്‍ കളരിപ്പയറ്റ് സംഘം പിറവിയെടുക്കുന്നത്. ആയോധനകലയില്‍ താല്‍പര്യമുള്ള ആര്‍ക്കും ചേരാവുന്ന ഒരു കേന്ദ്രം. 'എല്ലാവര്‍ക്കും കളരിപ്പയറ്റ് പഠിക്കാന്‍ അവസരമുണ്ടാക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഇ്ന്ന് ഞങ്ങളത് നിറവേറ്റിയിരിക്കുന്നു.' മീനാക്ഷി വിശദീകരിക്കുന്നു. വെറും 17 വയസ്സുള്ളപ്പോഴാണ് അവര്‍ ഇവിടെ കളരി അധ്യാപികയാകുന്നത്. 

വടക്കന്‍ കേരളത്തിലെ നാടോടിസാഹിത്യം, വടക്കന്‍ പാട്ടുകള്‍, കളരിപ്പയറ്റ് അഭ്യാസികളുടെ കഥകളാല്‍  സമൃദ്ധമാണ്. വടക്കന്‍ കേരളത്തിലെ ഈഴവസമുദായത്തില്‍ പെട്ട പുത്തൂരം തറവാട്ടുകാരാണ് അവരില്‍ മുഖ്യം. അങ്കത്തില്‍ അഗ്രഗണ്യനായ ആരോമല്‍ ചേകവരെപ്പോലെയും സ്ത്രീകള്‍ക്ക് സുരക്ഷിതരായി നടന്നുപോകുന്നതിന് അധമന്‍മാര്‍ക്കെതിരെ ഒറ്റയ്ക്ക്് യുദ്ധം ചെയ്ത ഉറുമി ഉപയോഗിക്കുന്നതില്‍ വിദഗ്ധയായ ഉണ്ണിയാര്‍ച്ചയുമൊക്കെ അതില്‍ പെടുന്നു. വിരോധാഭാസമെന്ന് പറയട്ടെ, ഈഴവനായ രാഘവന്‍മാസ്റ്റര്‍ക്ക് 40-കളുടെ ഒടുവില്‍ ജാതിവിവേചനത്തിനെതിരെ പടവെട്ടേണ്ടി വന്നു. സ്വന്തമായി ഒരു കളരി പരിശീലനകേന്ദ്രം തുടങ്ങേണ്ടതായും വന്നു. 

മധ്യകാല കേരളത്തില്‍ കളരിപ്പയറ്റ് പ്രചുരപ്രചാരം സിദ്ധിച്ച ഒന്നായിരുന്നെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു.

എ സര്‍വേ ഒഫ് കേരളാ ഹിസ്റ്ററി എന്ന ഗ്രന്ഥത്തില്‍ ചരിത്രകാരന്‍ എ. ശ്രീധരമേനോന്‍ പറയുന്നത് ഓരോ ദേശത്തും ഒരു കളരിയെങ്കിലും ഉണ്ടായിരുന്നതായും അവിടെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും കളരിക്ക് തലവനായ ഒരു ഗുരുക്കളുടെ കീഴില്‍ അഭ്യസനം നടത്തിയിരുന്നതായുമാണ്.  

കുട്ടികളായിരിക്കുമ്പോള്‍ ദിനേന രണ്ടുതവണ കളരി അഭ്യസിക്കുകയും കാലക്രമേണ മെയ് വഴക്കം സിദ്ധിക്കുകയും ചെയ്യുന്ന വടക്കന്‍ കേരളത്തിലെ വിദ്യാര്‍ത്ഥികളെക്കുറിച്ച് 14-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ ഇവിടം സന്ദര്‍ശിച്ച പോര്‍ച്ചുഗീസ് സഞ്ചാരി ഡ്യുവാര്‍ട് ബാര്‍ബോസ തന്റെ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. 
സാക്ഷാല്‍ പരമശിവനില്‍ നിന്ന് ഈ കല അഭ്യസിച്ച പരശുരാമനാണ് ഐതിഹ്യപ്രകാരം കളരിപ്പയറ്റിന്റെ പിതാവ്. സംഘകാലസാഹിത്യത്തിലാണ് ഇതേ സംബന്ധിച്ച് ആദ്യപരാമര്‍ശം കാണുന്നത്. ചേര-ചോള സംഘര്‍ഷത്തെ തുടര്‍ന്ന് പതിനൊന്നാം നൂറ്റാണ്ടിലാണ് കളരിപ്പയറ്റിന്റെ ഇന്ന് കാണുന്ന വടക്കന്‍ ശൈലി ഉരുവം കൊണ്ടതെന്ന് ചരിത്രകാരന്‍ ഇളംകുളം കുഞ്ഞന്‍ പിള്ള പറയുന്നു. പിന്നീടുവന്ന കൊളോണിയല്‍ ഭരണാധികാരികള്‍ നാട്ടുകാര്‍ അവര്‍ക്ക് ഭീഷണിയുയര്‍ത്തരുതെന്ന് പെട്ടെന്നുതന്നെ ഉറപ്പുവരുത്തി. അവര്‍ നാട്ടുകാര്‍ കളരി അഭ്യസിക്കുന്നതിനെ നിരുത്സാഹപ്പെടുത്തി. പെണ്‍കുട്ടികള്‍ അത്തരം കലകളഭ്യസിക്കുന്നതിന് അവരുടെ സദാചാരസങ്കല്പങ്ങള്‍ തടസ്സമായി വന്നു. 17-ാം നൂറ്റാണ്ടിന് ശേഷം കളരിപ്പയറ്റ് നാശോന്‍മുഖമായെന്ന് ശ്രീധരമേനോന്‍ രേഖപ്പെടുത്തുന്നു. 

ആയുധങ്ങള്‍ കൊണ്ടുനടക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ആയുധങ്ങള്‍ സൂക്ഷിപ്പുകേന്ദ്രങ്ങളില്‍ വിശ്രമിച്ചു. 
1920 കളിലാണ് കളരിപ്പയറ്റ് പുനരുദ്ധരിക്കപ്പെട്ടത്. പക്ഷേ അപ്പോഴും അത് പരിശീലിക്കുന്നവര്‍ക്കും പ്രയോഗിക്കുന്നവര്‍ക്കും അധികാരികളില്‍ നിന്ന് പ്രത്യേക ലൈസന്‍സ് സമ്പാദിക്കേണ്ടിയിരുന്നു. 

'സ്വാതന്ത്ര്യാനന്തരമാണ് കാര്യങ്ങള്‍ നേരെയായിത്തുടങ്ങിയത്. ഇ്‌പ്പോള്‍ കളരി നമുക്ക് ഒരു ജീവിതക്രമമാണ്..' അവരുടെ രണ്ട് ആണ്‍മക്കളും രണ്ടുപെണ്‍മക്കളും ആറാം വയസ്സില്‍ത്തന്നെ കളരി അഭ്യസിക്കാന്‍ തുടങ്ങിയവരാണ്. ഒരു മകന്‍ സജീവ് ഒരു ഗുരുക്കളുമാണ്. 'ശരീരം അനുവദിക്കുന്നിടത്തോളും കാലം ഞാന്‍ കളരിപ്പയറ്റ് അഭ്യസിക്കും.' മീനാക്ഷി കൂട്ടിച്ചേര്‍ത്തു.

വയസ്സ് ഒരു സംഖ്യയുടെ പ്രശ്‌നം മാ്ത്രമാണെന്ന പഴകിയ ചൊല്ല് ശരിയാണെന്ന് തെളിയിക്കാന്‍ വ്രതമെടുത്തിരിക്കുകയാണ് കളരിപ്പയറ്റ് വിദഗ്ധയായ ഈ വയോധിക. 

Related Stories

No stories found.
The News Minute
www.thenewsminute.com