പ്രശ്‌നം മുഖ്യമന്ത്രിയെ നേരിൽക്കണ്ട് ബോധ്യപ്പെടുത്തിയതായി അഞ്ജു ബോബിജോർജ്

Malayalam Thursday, June 09, 2016 - 14:35

കായിക മന്ത്രി ഇ.പി. ജയരാജൻ തന്നെയും കേരളാ സ്‌പോർട്‌സ് കൗൺസിലിലെ മറ്റംഗങ്ങളെയും ഭീഷണിപ്പെടുത്തിയെന്നും ശകാരിച്ചെന്നും കാണിച്ച് കായികതാരം അഞ്ജു ബോബി ജോർജ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. സംസ്ഥാനത്തിന് വേണ്ടി നിരവധി മെഡലുകൾ നേടിയിട്ടുള്ള യാളാണ് മുഹമ്മദലിയെന്നും അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന് വലിയ നഷ്ടമാണെന്നുമുള്ള പ്രസ്താവന ഏറെ വിവാദമുണ്ടാക്കിയിരുന്നു.

ബംഗലൂരുവിൽ നിന്ന് കേരളത്തിലേക്ക് അഞ്ജു വിമാനമാർഗം സഞ്ചരിച്ചത് അവരടക്കമുള്ള സ്‌പോർട്‌സ് കൗൺസിൽ അംഗങ്ങൾ അഴിമതിക്കാരാണെന്ന് കാണിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ശകാരം. ധനകാര്യവകുപ്പ് നൽകിയ പ്രത്യേക ഉത്തരവിൻപ്രകാരം തനിക്ക് വിമാനയാത്ര ചെയ്യാനാകുമെന്ന് അഞ്ജു വ്യക്തമാക്കി. 

ഒരു ഡിപാർട്‌മെന്റ് തലവനായി ഒരു മന്ത്രി നിയോഗിക്കപ്പെടുമ്പോൾ അദ്ദേഹത്തിന് ചുരുങ്ങിയ അറിവെങ്കിലും ഡിപാർട്‌മെന്റിന്റെ പ്രവർത്തനത്തെക്കുറിച്ചുണ്ടാകണമെന്ന് ദ ന്യൂസ്മിനുട്ടിനോട് അഞ്ജു പറഞ്ഞു. അധികാരത്തിലോ ഗവൺമെന്റിൽ ഏതെങ്കിലും സ്ഥാനമാനങ്ങൾക്കോ തനിക്ക് താൽപര്യമില്ല. 

സ്‌പോർട്‌സ് കൗൺസിൽ ഈയിടെ നടത്തിയ സ്ഥലംമാറ്റങ്ങൾ മന്ത്രി റദ്ദാക്കിയിരുന്നു. ഇത്തരത്തിൽ സ്ഥലംമാറ്റങ്ങൾ റദ്ദാക്കുന്നത് നിരവധി ജീവിതങ്ങളെ ബാധിക്കുമെന്ന് പറഞ്ഞ് ഇക്കാര്യം മന്ത്രിക്ക് മുൻപാകെ അവതരിപ്പിച്ചപ്പോൾ മന്ത്രി തന്നെ ഭീഷണിപ്പെടുത്തുകയായിരുന്നു. 

പ്രശ്‌നം അഞ്ജു മുഖ്യമന്ത്രിയെ നേരിട്ട് ബോധ്യപ്പെടുത്തിയിട്ടുണ്ട്. പ്രശ്‌നത്തിൽ ഉചിതമായ നടപടിയുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകിയതായും അഞ്ജു അറിയിച്ചു.