പ്രവാചകന്റെ വംശപാരമ്പര്യം അവകാശപ്പെടുന്നയാളാണ് മലപ്പുറത്തെ ബി.ജെ.പി. സ്ഥാനാർത്ഥി ബാദുഷാ തങ്ങൾ

news Wednesday, March 16, 2016 - 12:16

കേരള നിയമസഭയിലേക്ക് മെയ് 16 ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പ്രവാചകന്റെ വംശപരമ്പരയിലുൾപ്പെടുന്നവരെന്ന് അവകാശപ്പെടുന്ന തങ്ങൾ കുടുംബത്തിൽ നിന്നും സ്ഥാനാർത്ഥി. പാർട്ടിയുടെ ആദ്യപട്ടികയിലാണ് മലപ്പുറത്ത് സ്ഥാനാർത്ഥിയായി ബാദുഷാ തങ്ങളുടെ പേരുള്ളത്. ജയസാധ്യത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പാർട്ടി ഇങ്ങനെയൊരു സ്ഥാനാർത്ഥിയെ കണ്ടെത്തിയിട്ടുള്ളത്. 

മുമ്പും മുസ്ലിം സ്ഥാനാർത്ഥികൾ ബി.ജെ.പിക്കുവേണ്ടി നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. 2011-ൽ പെരിന്തൽമണ്ണയിൽ നിന്ന് അലി ഹാജിയും തിരൂരിൽ നിന്ന് സി.കെ. കുഞ്ഞിമുഹമ്മദും പാർട്ടി സ്ഥാനാർത്ഥികളായിരുന്നു.

കേരളനിയമസഭയിൽ ബി.ജെ.പി ഇതുവരേയും എക്കൗണ്ട് തുറന്നിട്ടില്ലെങ്കിലും മലപ്പുറം ജില്ല പ്രത്യേകിച്ചും പാർട്ടിയെ സംബന്ധിച്ചിടത്തോളം ഒരു ബാലികേറാമലയായിരുന്നു. തങ്ങൾ കുടുംബത്തിൽ പെട്ട പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നയിക്കുന്ന മുസ്ലിം ലീഗിന്റെ പൊന്നാപുരം കോട്ടയായാണ് പൊതുവേ ജില്ല അറിയപ്പെടുന്നത്. 

ജില്ലയിൽ തങ്ങൾ കുടുംബത്തിൽ നിന്നുള്ള ആദ്യ ബി.ജെ.പി സ്ഥാനാർത്ഥിയാണ് ബാദുഷ. തനിക്ക് വിജയപ്രതീക്ഷയുണ്ടെന്നായിരുന്നു ബാദുഷാ തങ്ങൾ ദ ന്യൂസ്മിനുട്ടിനോട് പ്രതികരിച്ചത്. ബി.ജെ.പി ഒരു മതേതരപാർട്ടിയാണെന്ന് അവകാശപ്പെട്ട ബാദുഷാ മറിച്ചുള്ളതെല്ലാം ഇടതുവലതുമുന്നണികളുടെ പ്രചരണമാണെന്നും പറഞ്ഞു.

'ബി.ജെ.പിക്ക് വേണ്ടി എന്തുകൊണ്ട് ഒരു ന്യൂനപക്ഷ സ്ഥാനാർത്ഥി മത്സരിച്ചുകൂടാ?. ഞങ്ങളും വർഗീയവാദത്തിനെതിരെ പ്രവർത്തിക്കുന്നവരാണ്. എന്നെ തുറന്ന മനസ്സോടെയാണ് ബി.ജെ.പിക്കാർ പാർട്ടിയിലേക്ക് സ്വീകരിച്ചത്..' തങ്ങൾ പറഞ്ഞു. ബി.ജെ.പിയുടെ പ്രത്യയശാസ്ത്രമാണ് തന്നെ ആ പാർട്ടിയിലേക്ക് ആകർഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'യഥാർത്ഥത്തിൽ കേരളത്തിൽ വർഗീയവാദം പ്രയോജനപ്പെടുത്തുന്നത് സി.പി.ഐ.എമ്മാണ്. എന്തായാലും ബി.ജെ.പി. ഇത്തവണ നിരവധി സീറ്റുകൾ നേടും..' അദ്ദേഹം തുടർന്നുപറഞ്ഞു.

ബി.ജെ.പി. സ്ഥാനാർത്ഥിയായി മത്സരിക്കാനുളള തന്റെ തീരുമാനത്തോട് പൊതുസമൂഹവും വിശിഷ്യാ മുസ്ലിംസമൂഹവും അനുകൂലമായാണ് പ്രതികരിച്ചതെന്ന് ബാദുഷാ തങ്ങൾ അവകാശപ്പെട്ടു. ന്യൂനപക്ഷ മോർച്ച വൈസ് പ്രസിഡന്റാണ് ബാദുഷാ തങ്ങൾ. 

രണ്ട് വർഷം മുമ്പാണ് ബാദുഷാ ബി.ജെ.പിയിൽ ചേർന്നത്. 2002-ൽ താനൂരിൽ നിന്ന് സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച് തോറ്റിരുന്നു.

'ഇരുമുന്നണികളും നമ്മുടെ രാഷ്ട്രീയമൂല്യങ്ങളുടെ ജീർണതക്ക് കാരണമായിട്ടുണ്ട്. ആകെ മടുത്ത ജനങ്ങൾ ഇപ്പോൾ രാഷ്ട്രീയമാറ്റത്തിന് വേണ്ടി ഉറ്റുനോക്കുകയാണ്. ബി.ജെ.പിക്ക് ജനങ്ങൾക്ക് നൽകാനുള്ള വാഗ്ദാനവും ഈ രാഷ്ട്രീയമാറ്റം തന്നെയാണ്..' ബാദുഷാ പറയുന്നു.

Become a TNM Member for just Rs 999!
You can also support us with a one-time payment.