കഴിഞ്ഞ വർഷങ്ങളിലേതിനേക്കാൾ ഈ വർഷത്തെ താപനില താരതമ്യപ്പെടുത്തുമ്പോൾ ഇത്തവണ അത് സാധാരണയുള്ളതിനേക്കാൾ രണ്ട് ഡിഗ്രി കൂടുതലാണെന്ന് കാണാം.

Vernacular Thursday, April 07, 2016 - 16:15

വരൾച്ച, ജലദൗർലഭ്യം, വൈദ്യുതിക്കമ്മി എന്നിവ സൃഷ്ടിച്ചുകൊണ്ട് അഞ്ച് തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ അന്തരീക്ഷതാപനില ഉച്ചസ്ഥായിയിൽ. ഇക്കാര്യം വ്യക്തമാക്കുന്നതിന് ഈ മാർച്ചിൽ ഓരോ സംസ്ഥാനങ്ങളിലും രേഖപ്പെടുത്തിയ താപനിലയും ഓരോ സംസ്ഥാനത്തെയും ശരാശരി താപനിലയുമായി അവ എങ്ങനെ താരതമ്യപ്പെട്ടിരിക്കുന്നുവെന്നും കാണിക്കുന്ന ചിത്രങ്ങൾ

കേരളം

ഇന്ത്യൻ കാലാവസ്ഥാപഠനകേന്ദ്രത്തിന്റെ കണക്കുകളനുസരിച്ച് സാധാരണയായി കേരളത്തിലെ ചൂട് മാർച്ചിൽ 34.2 ഡിഗ്രി സെൽഷ്യസും ഏപ്രിലിൽ 34.1 ഡിഗ്രി സെൽഷ്യസും മെയ് മാസത്തിൽ 32.9 ഡിഗ്രി സെൽഷ്യസുമാണ്. കഴിഞ്ഞ വർഷങ്ങളിലേതിനേക്കാൾ ഈ വർഷത്തെ താപനില താരതമ്യപ്പെടുത്തുമ്പോൾ ഇത്തവണ അത് സാധാരണയുള്ളതിനേക്കാൾ രണ്ട് ഡിഗ്രി കൂടുതലാണെന്ന് കാണാം. പല ജില്ലകളിലും ഇത് വരുംദിവസങ്ങളിൽ ഇനിയും ഉയർന്നേക്കാമെന്ന് കാലാവസ്ഥാപഠനകേന്ദ്രം റീജ്യണൽ ഡയരക്ടർ കെ സന്തോഷ് പറഞ്ഞു. ഏറ്റവും കുടുതൽ ചൂട് മാർച്ചിൽ രേഖപ്പെടുത്തിയത് പാലക്കാട്ടാണ്. 39.1 ഡിഗ്രി സെൽഷ്യസ്. 37.4 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയ കണ്ണൂരാണ് തൊട്ടുപിറകിലുള്ളത്.

കർണാടക

മാർച്ച് മാസത്തിൽ സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും കൂടിയ ശരാശരി ചൂട് 32.7 ഡിഗ്രി സെൽഷ്യസ് ആണ്. എന്നാൽ സംസ്ഥാനത്തെ ഏറ്റവും ചൂട് കൂടിയ പ്രദേശമായ ബീദാർ മാർച്ചിൽ 40 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി.

കാലാവസ്ഥാപഠനകേന്ദ്രത്തിന്റെ കണക്കനുസരിച്ച് ബാംഗലൂരുവിലെ താപനില 37.4 ഡിഗ്രി സെൽഷ്യസ് സ്പർശിച്ചു. മാർച്ചിൽ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനിലയാണിത്. 1996 മാർച്ചിലാണ് ഇതിന് മുൻപ് ഇതിനോടടുത്ത താപനില രേഖപ്പെടുത്തിയത്. അന്ന് 37.3 ഡിഗ്രി സെൽഷ്യസായിരുന്നു ചൂട്.

താപനിലയിലെ വർധനയെത്തുടർന്ന് ജലാശയങ്ങൾ വറ്റിവരണ്ടുകഴിഞ്ഞു. വൈദ്യുതി ഉത്പാദനത്തെ ബാധിക്കുന്ന രീതിയിൽ ജലവൈദ്യുതിനിലയങ്ങൾക്ക് ആവശ്യമായ ജലം നൽകാനാകാത്ത രീതിയിൽ അണക്കെട്ടുകളിലും ജലനിരപ്പ് താണു. സംസ്ഥാനത്ത് നിലനിൽക്കുന്ന വരൾച്ചാസമാനമായ കാലാവസ്ഥ ഭക്ഷ്യോത്പാദനത്തിൽ കുറവ് സൃഷ്ടിച്ചു.

തമിഴ്‌നാട്

തമിഴ്‌നാട്ടിലെ ശരാശരി കൂടിയ താപനില മാർച്ചിൽ 33. 2 ഡിഗ്രി സെൽഷ്യസ് ആയിരുന്നുവെന്നാണ് കാലാവസ്ഥാ പഠനകേന്ദ്രത്തിന്റെ കണക്കുകൾ. കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ വേനൽച്ചുടിന്റെ ഏറ്റവും വലിയ ആഘാതമനുഭവിച്ചത് മധുരയാണ്. 41. 1 ഡിഗ്രി സെൽഷ്യസാണ് ഇവിടെ മാർച്ചിൽ രേഖപ്പെടുത്തിയത്. നാലുവരിപ്പാതയ്ക്ക് വേണ്ടി മരങ്ങൾ വൻതോതിൽ വെട്ടിമാറ്റിയത് താപനില കൂടാൻ കാരണമായെന്ന് കരുതപ്പെടുന്നു. കുന്നുകൾ ഇടിച്ചുനിരത്തിയതും മറ്റൊരു കാരണമാണെന്ന് ഒരു മലിനീകരണ ബോർഡ് ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടുന്നു. നാൽപത് ഡിഗ്രി സെൽഷ്യസാണ് വെല്ലൂരിലും സേലത്തും കഴിഞ്ഞദിവസങ്ങളിൽ രേഖപ്പെടുത്തിയത്. 'വൈകുന്നേരങ്ങളിൽ വേനൽമഴക്ക് സാധ്യതയുള്ളതിനാൽ ഏപ്രിൽ പകുതിയോടെ ചെന്നൈയിൽ ചുടിനിത്തിരി ആശ്വാസമുണ്ടാകും.  ചെന്നൈയിലെ കാലാവസ്ഥാപഠനകേന്ദ്രം ഡപ്യൂട്ടി ഡയരക്ടർ എസ്.ബി. തമ്പി പറയുന്നു

ആന്ധ്രാപ്രദേശ്

മാർച്ചിൽ ആന്ധ്രാപ്രദേശിൽ കൂടിയ ശരാശരി ചൂട് 35.4 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. തെക്കുപടിഞ്ഞാറൻ ഇന്ത്യയിൽ ഇത്തവണ ചൂട് കഴിഞ്ഞ വർഷത്തേക്കാൾ ഒരു ഡിഗ്രി കൂടുതലായിരിക്കുമെന്ന് കാലാവസ്ഥാപ്രവചനകേന്ദ്രം ചൂണ്ടിക്കാട്ടുന്നു. സാധാരണയായി വേനൽക്കാലത്ത് കുടിയ ചൂട് രേഖപ്പെടുത്താറുള്ള പ്രദേശങ്ങളിൽ വർധിച്ച ചൂട് ഉണ്ടാകുമെന്ന് ഇത് സൂചിപ്പിക്കുന്നു. എൽ നീനോ പ്രതിഭാസത്തിന്റെ പ്രത്യാഘാതമാണ് ഈ വർധിച്ച ചൂടിന്റെ കാരണങ്ങളിലൊന്ന്. അനന്ത് പൂരിലാണ് ആന്ധ്രാപ്രദേശിൽ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത് 42 ഡിഗ്രി സെൽഷ്യസ്. 41 ഡിഗ്രി സെൽഷ്യ്‌സ് രേഖപ്പെടുത്തി കുർണൂൽ തൊട്ടുപിറകേയുണ്ട്.

തെലങ്കാന

സംസ്ഥാനത്ത് മാർച്ചിൽ രേഖപ്പെടുത്തി ഏറ്റവും കൂടിയ ശരാശരി ചൂട് 39 ഡിഗ്രി സെൽഷ്യസ് ആ്ണ്. താപനിലയിലെ വർധന നിമിത്തം സംസ്ഥാനത്ത് നിന്ന് മരണങ്ങൾ വരെ ഈ വർഷം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സൂര്യാതപത്തെ നേരിടുന്നതിനും ചൂട് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിനും സംസ്ഥാന സർക്കാർ ഒരു കർമപദ്ധതി ഹൈക്കോടതി മുൻപാകെ സമർപ്പിച്ചിട്ടുണ്ട്.

'രാജ്യത്തിന്റെ വടക്കൻ ഭാഗത്ത് നിന്ന് ഉഷ്ണവാതം തള്ളിക്കയറുകയാണ് തെലങ്കാനയിലേക്ക്. ഇത് ഇവിടത്തെ താപനില വർധിപ്പിക്കും.' മുതിർന്ന ഒരു കാലാവസ്ഥാ പഠനകേന്ദ്രം ഉദ്യോഗസ്ഥൻ ഒ. നാഗേന്ദ്ര പറഞ്ഞു. അന്തരീക്ഷത്തിൽ ഈർപ്പം ഒട്ടുമില്ലാത്തത് വരണ്ട ചുടിന് കാരണമാകുംഅദ്ദേഹം ചൂണ്ടിക്കാട്ടി.

Show us some love and support our journalism by becoming a TNM Member - Click here.