ജോർജ് ഉയർത്തുന്ന വെല്ലുവിളിയെ നേരിടാനും അദ്ദേഹത്തിന്റെ തോൽവി ഉറപ്പാക്കാനും ഭരണ, പ്രതിപക്ഷ മുന്നണികൾ എല്ലാ അടവുകളും പയറ്റുകയാണ്

Malayalam Monday, April 25, 2016 - 19:44

മുൻ യു.ഡി.എഫ് ചീഫ് വിപ്പും എം.എൽ.എയുമായ പി.സി.ജോർജ് സ്ഥാനാർത്ഥിയാകുന്ന പൂഞ്ഞാറിൽ ഉദ്വേഗമുണർത്തുന്ന ചതുഷ്‌കോണ മത്സരം. അതേസമയം, ജോർജ് ഉയർത്തുന്ന വെല്ലുവിളിയെ നേരിടാനും അദ്ദേഹത്തിന്റെ തോൽവി ഉറപ്പാക്കാനും ഭരണ, പ്രതിപക്ഷ മുന്നണികൾ എല്ലാ അടവുകളും പയറ്റുകയാണ്. 

പി.സി ജോർജിനെ തോൽപ്പിക്കാൻ സകല തന്ത്രവും ഇരുമുന്നണികളും പയറ്റുകയാണെന്ന് പൂഞ്ഞാറുകാർക്കും ്അറിയാം. താൻ സീറ്റ് നിലനിർത്തുമെന്ന അതിരറ്റ ആത്മവിശ്വാസത്തോടെ ജോർജ് ദന്യൂസ്മിനുട്ടിനോട് പറഞ്ഞത് താൻ വിജയിക്കുമെന്ന് ഇരുമുന്നണികൾക്കും അറിയാമെന്നാണ്. അതുകൊണ്ടാണ് മുന്നണികൾ നേതാക്കളെ കൊണ്ടുവരുന്നത്. പക്ഷേ ഒന്നുഞാൻ പറയട്ടെ, ഇതുകൊണ്ടൊന്നും ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഇവരൊക്കെ വന്നുപോയിട്ട് ഒരുകാര്യവുമില്ലെന്ന് വരും..'

1980 മുതൽ പൂഞ്ഞാറുകാർക്ക് സുപരിചിതനായ രാഷ്ട്രീയ പോരാളിയാണ് ജോർജ്. 2011-ലെ തെരഞ്ഞെടുപ്പിന് മുൻപ് അതുവരെ എൽ.ഡി.എഫിന്റെ കൂടെയുണ്ടായിരുന്ന ജോർജ് തന്റെ പാർട്ടിയെ കേരളാ കോൺഗ്രസ് എമ്മിൽ ലയിപ്പിക്കുകയും യു.ഡി.എഫിൽ ചേരുകയും ചെയ്തു. 

ആ തെരഞ്ഞെടുപ്പിൽ വൈക്കവും ഏറ്റുമാനൂരുമൊഴികെ കോട്ടയത്തെ മറ്റ് നിയമസഭാമണ്ഡലങ്ങൾ യു.ഡി.എഫിനൊപ്പം നിന്നു. 

ഈ രണ്ടുമുന്നണികൾക്കൊപ്പമുണ്ടായിരുന്ന ആളായിട്ടുകൂടി ഒരു രാഷ്ട്രീയ കൂട്ടുകെട്ടും ജോർജിനെ ഇത്തവണ സ്ഥാനാർത്ഥിയാക്കാൻ തയ്യാറായില്ല. അദ്ദേഹത്തിന്റെ 'നാക്കാണ് അദ്ദേഹത്തിന്റെ വലിയ ശത്രു' എന്നതായിരുന്നു കാരണം. 

ജോർജ്കുട്ടി അഗസ്തി ആണ് യു.ഡി.എഫ് സ്ഥാനാർത്ഥി. പി.സി. ജോസഫ് എൽ.ഡി.എഫിന് വേണ്ടി മത്സരിക്കുമ്പോൾ എൻ.ഡി.എയുടെ സ്ഥാനാർത്ഥി എം.ആർ. ഉല്ലാസാണ്. 

ഈ മൂന്നുപേരും രാഷ്ട്രീയ ചുവടുമാറ്റങ്ങൾക്ക് ഖ്യാതി നേടിയവരാണ്. ഒരു പാർട്ടിയിൽ നിന്ന് മറ്റൊരു പാർട്ടിയിലേക്ക് ചാടി്ച്ചാടി നടക്കുന്ന ഇവരുടെ കൂറുമാറ്റങ്ങൾക്ക് നിദാനമായ ആശയപരമായ അഭിപ്രായവ്യത്യാസങ്ങൾ അവ്യക്തവുമാണ്. 

യു.ഡി.എഫ് സ്ഥാനാർത്ഥിയായ ജോർജ്കുട്ടി അഗസ്തി എൻ.ഡി.എയിലായിരുന്നു. 2004-ൽ മൂവാറ്റുപുഴയിൽ മുൻ ധനകാര്യമന്ത്രി മാണിയുടെ മകനായ ജോസ്.കെ. മാണിയെ തോൽപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. കൗതുകരമെന്ന് പറയട്ടേ, ഇത്തവണ അദ്ദേഹം കേരളാ കോൺഗ്രസ് എം ടിക്കറ്റിലാണ് മത്സരിക്കുന്നത്. 

ഏതാനും മാസങ്ങൾക്ക് മുൻപേയാണ് യു.ഡി.എഫ് വിട്ട് ഇപ്പോഴത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ പി.സി. ജോസഫ് ഇടതുമുന്നണിയോടൊപ്പം ചേരുന്നത്. 

എൻ.ഡി.എ. സ്ഥാനാർത്ഥിയായ എം.ആർ ഉല്ലാസ് മുൻ എസ്. എഫ്. ഐ നേതാവാണ്. ഇപ്പോൾ ഈയിടെ രൂപം കൊണ്ട ഭാരതീയ ധർമ ജന സേനയെ പ്രതിനിധീകരിച്ചാണ് എൻ.ഡി.എ സ്ഥാനാർത്ഥിയാകുന്നത്. 

ഏഴുപ്രാവശ്യം മത്സരിച്ച പി.സി. ജോർജ് ആറ് തവണയും ജയിച്ചു. പി.സി.ജോസഫ് ഒരുതവണ നിയമസഭാംഗമായി. അഗസ്തി ഒരു തവണ സ്വതന്ത്രനായി മത്സരിച്ചെങ്കിലും തോറ്റു.  

ഏതാനും ആഴ്ചകൾ തെരഞ്ഞെടുപ്പിന് അവശേഷിച്ചിരിക്കേ പൂഞ്ഞാറിലെ തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചിരിക്കുകയാണ്. താന്താങ്ങളുടെ സ്ഥാനാർത്ഥികൾക്ക് വേണ്ടി പാർട്ടി ഭേദമെന്യേ മുതിർന്ന നേതാക്കൾ പ്രദേശത്തേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. 

എന്നാൽ അത്തരം രാഷ്ട്രീയ കൗശലങ്ങൾക്കപ്പുറത്തേക്ക് കടന്നുകാണാൻ പൂഞ്ഞാറിലെ വോട്ടർമാർക്ക് കഴിയുമെന്നാണ് പി.സി. ജോർജ് വിശ്വസിക്കുന്നത്. ' മാറാപ്പുചുമക്കാൻ മാത്രം അറിയാവുന്ന കഴുതകളായാണ് ഇരുമുന്നണികളും പൂഞ്ഞാറിലെ ജനത്തെക്കുറിച്ച് കരുതുന്നത്. അവിടത്തെ ജനങ്ങളുടെ ആത്മാഭിമാനത്തെയാണ് ഇവർ ചോദ്യം ചെയ്യുന്നത്. അതുകൊണ്ടാണ് എന്റെ നാട്ടുകാർക്ക് ഈ തെരഞ്ഞെടുപ്പ് സുപ്രധാനമാകുന്നത്. എനിക്കൊരുതവണ കൂടി വോട്ട് ചെയ്ത് ഫലം പ്രഖ്യാപിക്കുന്ന മെയ് 19ന് അവർ അവരുടെ ആത്മാഭിമാനം വീണ്ടെടുക്കും. കുതിരകളാണ്, കഴുതകളല്ല ഞങ്ങളെന്ന് പൂഞ്ഞാറിലെ ജനങ്ങൾ തെളിയിക്കും..' ജോർജ് പറഞ്ഞു.

 

 

 

 

 

Show us some love and support our journalism by becoming a TNM Member - Click here.