ഒരു ശരാശരി മലയാളി, അവന്റെ രാഷ്ട്രീയം എന്തുമാകട്ടെ, ഇതുകേട്ട് ഞെട്ടിയിരിക്കും.

Malayalam Kerala2016 Tuesday, May 10, 2016 - 19:09

ബി.ജെ.പി. കേന്ദ്രനേതൃത്വം കേരളത്തെ തല്ലുകയാണോ തലോടുകയാണോ? എന്തായാലും ആശയക്കുഴപ്പമുണ്ടാക്കുന്നതാണ് അവരുടെ വാക്കുകളും ചെയ്തികളും. ദക്ഷിണേന്ത്യയില്‍ പാര്‍ട്ടിക്ക് ഇതുവരെ ഒരു നിയമസഭാസീറ്റോ ലോക്‌സഭാസീറ്റോ ജയിക്കാന്‍ കഴിയാത്തൊരു സംസ്ഥാനമാണ് കേരളം. പ്രീണിപ്പിച്ചും പ്രതീക്ഷ നല്‍കിയും പ്രലോഭിപ്പിച്ചും കേരളത്തെ വരുതിയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത് മനസ്സിലാക്കാം. പക്ഷേ, പ്രധാനമന്ത്രി നരേന്ദ്രമോദിയും പാര്‍ട്ടി പ്രസിഡന്റ് അമിത് ഷായും ഇവിടത്തെ ഇടതുവലത് മുന്നണികളെ അധിക്ഷേപിക്കാന്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ പലതും കേരളത്തെത്തന്നെ അധിക്ഷേപിക്കുന്ന തരത്തിലേക്കെത്തുന്നു.

തിരുവനന്തപുരത്ത് വന്‍ജനാവലിയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി കേരളത്തെ രണ്ട് മുന്നണികളും ഭരിച്ച് നശിപ്പിച്ചതിന്റെ ഒരു ഉദാഹരണം പറഞ്ഞത് ജനക്കൂട്ടം ശ്രദ്ധിച്ചുകാണില്ല. കേരളത്തിലെ ശിശുമരണനിരക്ക് സോമാലിയയേക്കാള്‍ മോശമാണെന്ന് അദ്ദേഹം പറഞ്ഞതുകേട്ട് ഒരു പക്ഷേ ഈ ജനക്കൂട്ടം കൈയടിച്ചുകാണും. പക്ഷേ, ഒരു ശരാശരി മലയാളി, അവന്റെ രാഷ്ട്രീയം എന്തുമാകട്ടെ, ഇതുകേട്ട് ഞെട്ടിയിരിക്കും. ഇരുമുന്നണികളുടെയും മാറിമാറിയുള്ള ഭരണത്തെക്കുറിച്ച് ഉന്നയിക്കാവുന്ന വിമര്‍ശനങ്ങള്‍ ധാരാളമുണ്ട്്. പക്ഷേ, കേരളം ഇപ്പോഴും സോമാലിയയെപ്പോലെയാണ്, അല്ലെങ്കില്‍ അതിനേക്കാള്‍ മോശമാണ് എന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി അലറുമ്പോള്‍ അത് ലോകത്തിനു മുന്നില്‍ കേരളത്തെ അധിക്ഷേപിക്കലാണ്. കണ്ണൂരില്‍ ദലിത് കുട്ടികള്‍ക്ക് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് ഭക്ഷണം ചികഞ്ഞെടുക്കേണ്ടിവരുന്നു എന്ന് പറയുമ്പോള്‍ അത് നമ്മുടെയെല്ലാം മനസ്സാക്ഷിയെ കുത്തിവ്രണപ്പെടുത്തലാവുന്നു. ഇവിടെ പലതും മോശമാണ്, ഒരുപാട് ചെയ്യാന്‍ ബാക്കിയുണ്ട്. പക്ഷേ, ഒരു തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് പ്രാദേശികനേതാക്കള്‍ക്കുപോലും അനുവദിക്കാത്ത അതിശയോക്തിയുടെ അതിര്‍വരമ്പുകളാണ് പ്രധാനമന്ത്രി ലംഘിക്കുന്നത്. കേട്ടിട്ടും കേട്ടില്ലെന്ന് നടിക്കാവുന്നതിന് അപ്പുറമാണ് അത്. 

പ്രസംഗമെഴുത്തുകാര്‍ ആരോ പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാവും എന്ന വിശദീകരണമോ വ്യാഖ്യാനമോ കേട്ടേക്കാം. ഇല്ല, ഇത് അത്ര ലാഘവമായി എടുക്കാവുന്ന ഒരു സംഗതിയല്ല. ഇത്തരമൊരു അബദ്ധം ഒരു പ്രസംഗമെഴുത്തുകാരില്‍നിന്നും ഉണ്ടാവുകയില്ല. കാരണം, സ്ഥിതിവിവരക്കണക്കുകള്‍ എളുപ്പം ഒരു ക്ലിക്കില്‍ കിട്ടുന്ന കാലമാണിത്. ഇങ്ങനെയൊന്ന് എഴുതി മുന്നിലെത്തിയാല്‍ ഒറ്റ നോട്ടത്തില്‍ അതിലെ അബദ്ധം തിരിച്ചറിയാന്‍ ഒരു പ്രധാനമന്ത്രിക്ക് കഴിയേണ്ടതാണ്.  പ്രധാനമന്ത്രിക്ക് ഇന്ത്യയിലെ ഒരു സംസ്ഥാനത്തെക്കുറിച്ച് ഇത്ര ഭീകരമായ അജ്ഞതയോ എന്നോര്‍ത്ത് ആരും ഞെട്ടാതിരിക്കില്ല. ഡോ.മന്‍മോഹന്‍സിങ്ങില്‍നിന്ന് പ്രതീക്ഷിക്കുന്ന സാമ്പത്തികശാസ്ത്രജ്ഞാനം ആരും നരേന്ദ്രമോദിയില്‍നിന്ന് പ്രതീക്ഷിക്കുന്നില്ല. പ്രധാനമന്ത്രി സാമ്പത്തികശാസ്ത്രജ്ഞനായതുകൊണ്ടുമാത്രം രാജ്യത്തിന് വലിയ പ്രയോജനമുണ്ടാവുകയുമില്ല എന്നും നമുക്കറിയാം. പക്ഷേ, ഒട്ടനവധി ആരോഗ്യ-വിദ്യാഭ്യാസ-ജീവിതനിലവാര സൂചികകളില്‍ ലോകത്തിലെതന്നെ മുന്‍നിരയില്‍ നില്‍ക്കാവുന്ന വികസനം കേരളം നേടിയിട്ടുണ്ട് എന്ന് ഒരു പ്രധാനമന്ത്രി അറിഞ്ഞേതീരൂ. 

എന്താണ് ശിശുമരണനിരക്കിന്റെ അവസ്ഥ? ലോകത്തിലേറ്റവും ഉയര്‍ന്ന ശിശുമരണനിരക്ക് സോമാലിയയിലാണ്. അത് അറിയുന്ന പ്രധാനമന്ത്രി, ഇന്ത്യയിലേറ്റവും കുറഞ്ഞ ശിശുമരണനിരക്കുള്ള സംസ്ഥാനം കേരളമാണെന്നെങ്കിലും അറിയേണ്ടതല്ലേ? കേരളത്തിന്റെ ശിശുമരണനിരക്ക് പന്ത്രണ്ടും ദേശീയ ശരാശരി നാല്പതുമാണ്. 2002 മുതല്‍ 2014 വരെ ബഹുമാന്യനായ നരേന്ദ്ര മോദി മുഖ്യമന്ത്രിസ്ഥാനം വഹിച്ച ഗുജറാത്തിലെ ശിശുമരണനിരക്ക് ദേശീയ ശരാശരിയേക്കാള്‍ ഒന്ന് കൂടുതലായി 41 ആണ്.(ആയിരം ജനനങ്ങളില്‍ ഒരു വര്‍ഷത്തിനകം മരിക്കുന്ന എണ്ണമാണ് ശിശുമരണനിരക്ക്. ഒരുവര്‍ഷത്തെ മരണസംഖ്യയെ ഒരു വര്‍ഷത്തെ ജനനസംഖ്യ കൊണ്ട് പെരുക്കിക്കിട്ടുന്ന സംഖ്യയെ ആയിരം കൊണ്ട് ഹരിച്ചാലുള്ള സംഖ്യയാണ് മരണനിരക്കായി കണക്കാക്കുന്നത്.) കേരളത്തില്‍ പന്ത്രണ്ടും ഇന്ത്യയില്‍ 40 ഉം ഗുജറാത്തില്‍ 41 ഉം ആയ ഈ സംഖ്യ  സോമാലിയയില്‍ 137 ആണ്. ദശകത്തിലേറെയായി ബി.ജെ.പി. ഭരിക്കുന്ന രാജസ്ഥാനില്‍ ഇത് 47 ആണ്. നമ്മുടെ സംസ്ഥാനങ്ങളെക്കുറിച്ച് ഇവിടെ ഉദ്ധരിച്ച് കണക്കുകള്‍ കേന്ദ്രസര്‍ക്കാറിന്റെ ആരോഗ്യവകുപ്പിന്‍കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷനല്‍ ഹെല്‍ത്ത് മിഷന്റെ വെബ്‌സൈറ്റില്‍നിന്ന് ആര്‍ക്കും എടുക്കാവുന്നതേയുള്ളൂ.(nrhm.gov.in)

ഭരിക്കുന്ന പാര്‍ട്ടിയുടെ യോഗ്യതയോ അയോഗ്യതയോ ആണ് സംസ്ഥാനത്തിന്റെ എല്ലാ നേട്ടകോട്ടങ്ങള്‍ക്കും അടിസ്ഥാനം എന്ന് ആരും വാദിക്കില്ല. സാംസ്‌കാരികവും സാമ്പത്തികവും ചരിത്രപരവുമായ ഒരുപാട് ഘടകങ്ങള്‍ ഇതിനെ സ്വാധീനിക്കും. ഇപ്പോള്‍ പറഞ്ഞ ശിശുമരണനിരക്കുതന്നെ എടുക്കാം. മൂന്നുപതിറ്റാണ്ടിലേറെയായി ഇടതുപക്ഷപാര്‍ട്ടികള്‍ ഭരിക്കുന്ന പ.ബംഗാളില്‍ ഈ നിരക്ക് 31 ആണെന്നത് അഭിമാനിക്കാവുന്ന കാര്യമല്ല. പക്ഷേ, വിദ്യാഭ്യാസപരമായും സാമ്പത്തികമായും ചരിത്രപരമായി മുന്നില്‍നില്‍ക്കുന്ന ഗുജറാത്ത് ബംഗാളിനേക്കാള്‍ പിന്നിലാണെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.  

വികസനത്തിന്റെ പ്രവാചകനായി നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്ന പ്രധാനമന്ത്രി നീണ്ട കാലം മുഖ്യമന്ത്രിസ്ഥാനം വഹിച്ച ഗുജറാത്ത് ജീവിതനിലവാരസൂചികയില്‍ പരിഗണിക്കപ്പെടുന്ന മിക്ക കാര്യങ്ങളിലും കേരളത്തേക്കാള്‍ പിന്നിലാണെന്ന് മനസ്സിലാക്കാന്‍ വലിയ സാമ്പത്തികശാസ്ത്രജ്ഞാനമൊന്നും ആവശ്യമില്ല-നരേന്ദ്രമോദി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ വകുപ്പുകള്‍ പ്രസിദ്ധപ്പെടുത്തിയ കണക്കുകള്‍ നോക്കിയാല്‍ മാത്രം മതി. ഏത് ഗവണ്മെന്റിനും ഏതാനും വര്‍ഷത്തെ ശ്രമം മതി ഒരു സാക്ഷരാതാനിരക്ക് ഉയര്‍ത്താന്‍. എന്താണ് സാക്ഷരതയുടെ അവസ്ഥ? 2011 ലെ സെന്‍സസ് അനുസരിച്ച് കേരളമാണ്് 93.91 ശതമാനം സാക്ഷരതനേടി ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. പതിനെട്ടാം സ്ഥാനമേ ഉള്ളൂ നരേന്ദ്ര മോദിജി ഒരു വ്യാഴവട്ടത്തോളം ഭരണനേതൃത്വം വഹിച്ച ഗുജറാത്തിന്. ഇടതുമഹാന്മാര്‍ മൂന്ന് ദശകം ഭരിച്ച പ.ബംഗാളിന് ഇരുപതാം സ്ഥാനവും (77.08 ശതമാനം) കോണ്‍ഗ്രസ്മഹാന്മാര്‍ മിക്കകാലത്തും ഭരിച്ച കര്‍ണാടകയ്ക്ക് 23 ാം സ്ഥാനവും ((25.60 ശതമാനം)  ആണ് എന്നതും അറിഞ്ഞിരിക്കേണ്ടതുണ്ട്.   

എല്ലാ കാര്യത്തിലും കേരളത്തിന്റെ നേട്ടങ്ങള്‍ അഭിമാനാര്‍ഹങ്ങളാണ് എന്ന് വാദിക്കുകയല്ല. വീടുകളിലെ ആധുനിക ടോയ്‌ലറ്റ് സൗകര്യങ്ങളുടെ കാര്യത്തില്‍ ലക്ഷദ്വീപിനും ഡല്‍ഹിക്കും സിക്കിമിനും ഗോവയ്ക്കും പിന്നില്‍ എട്ടാം സ്ഥാനത്താണ് കേരളം. ഗുജറാത്ത് പതിനഞ്ചാം സ്ഥാനത്തും പ.ബംഗാള്‍ ഇരുപത്തഞ്ചാം സ്ഥാനത്തുമാണ് എന്നതില്‍ നാമൊട്ടും സന്തോഷിക്കേണ്ടതില്ല. തീര്‍ച്ചയായും വൈദ്യുതിയുല്‍പ്പാദനം, തൊഴില്‍ലഭ്യത, വന്‍കിടവ്യാവസായങ്ങള്‍, മൂലധനനിക്ഷേപം തുടങ്ങിയ നിരവധി മേഖലകളില്‍ ഗുജറാത്ത്, മഹാരാഷ്ട്ര, ഹരിയാണ, പഞ്ചാബ് സംസ്ഥാനങ്ങള്‍ കേരളത്തേക്കാള്‍ എത്രയോ മുന്നില്‍ നില്‍ക്കുന്നുണ്ട്. കണക്കനുസരിച്ച് തൊഴിലില്ലായ്മ ഏറ്റവും കൂടുതലുള്ള സംസഥാനമാണ് കേരളം. പക്ഷേ, കേരളത്തിന്റെ പകുതിപോലും തൊഴിലില്ലായ്മ ഇല്ലാത്ത തമിഴ്‌നാട്ടില്‍ നിന്നും ഒറീസ്സയില്‍നിന്നും ബംഗാളില്‍നിന്നും തൊഴില്‍തേടി യുവാക്കള്‍ പ്രവഹിക്കുന്നത് കേരളത്തിലേക്കാണ് എന്നതിന്റെ വൈരുദ്ധ്യം സാമ്പത്തികശാസ്ത്രജ്ഞര്‍ വിശദീകരിക്കട്ടെ.

സ്വച്ഛ് ഭാരത് എന്ന സമഗ്രമായ ശുചീകരണപദ്ധതിയുടെ കൂടി പ്രചാരകനാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി. വളരെ അഭിനന്ദനാര്‍ഹമായ ഒരു പദ്ധതിയാണ് ഇതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. എന്നാല്‍ ഇക്കാര്യത്തിലും സംസ്ഥാനങ്ങള്‍ നേട്ടമുണ്ടാക്കുന്നത്  ഭരിക്കുന്ന പാര്‍ട്ടിയുടെയോ മുഖ്യമന്ത്രിമാരുടെയേ മാത്രം കഴിവുകൊണ്ടാവണം എന്നില്ല. പൊതുസ്ഥലത്ത് വിസര്‍ജനം നടത്തുന്നതിനെതിരെ ലോകാരോഗ്യസംഘടനയും നമ്മുടെ ആരോഗ്യവകുപ്പുകളും എത്രയോ കാലമായി കാര്യമായ ബോധവല്‍ക്കരണവും മറ്റും നടത്തുന്നുണ്ട്. പ്രധാനമന്ത്രി പ്രത്യേകതാല്പര്യമെടുക്കുന്ന വിഷയവുമാണിത്. എന്നിട്ടും ഗുജറാത്ത് പിന്നിലാണ്. എത്രയോ മുന്നിലാണ് കേരളം. 94.7 ശതമാനം വീടുകള്‍ക്ക് ടോയ്‌ലറ്റ് സൗകര്യം തൊട്ടടുത്തുള്ള കേരളത്തിനാണ് രാജ്യത്ത് ഒന്നാം സ്ഥാനം. ഗുജറാത്ത് പതിനാറാം സ്ഥാനത്താണ്.  

ബി.ജെ.പിയെ അധികാരത്തിലേറ്റിയാല്‍ അഞ്ചുവര്‍ഷംകൊണ്ട് കേരളത്തെ അമ്പത് വര്‍ഷം മുന്നിലെത്തിക്കുമെന്ന് ബി.ജെ.പി.ദേശീയനേതാക്കള്‍ വാഗ്ദാനം ചെയ്തതും മാധ്യമങ്ങളിലൂടെ നമ്മളറിയുന്നു. ബി.ജെ.പി. സര്‍ക്കാറുകള്‍ ഭരിക്കുന്ന പല സംസ്ഥാനങ്ങളും കേരളത്തേക്കാള്‍ അമ്പത് വര്‍ഷം പിന്നിലാണ് ഇപ്പോഴുമെന്ന വസ്തുത എഴുത്തും വായനയും അറിയുന്നവരില്‍ നിന്ന് മറച്ചുവെക്കാനാവുമോ? 

കേരളം മുന്നിലെത്തിനില്‍ക്കുന്നത് ഇവിടത്തെ രാഷ്ട്രീയക്കാരുടെ കഴിവുകൊണ്ടുമാത്രമാണെന്ന് ആരും അവകാശപ്പെടുന്നില്ല. മതസംഘടനകളും ബ്രിട്ടീഷ് ഭരണാധികാരികളും രാജക്കന്മാരും സാമൂഹ്യപരിഷ്‌കര്‍ത്താക്കളും നൂറ്റാണ്ടുകളായി നടത്തിപ്പോന്ന കഠിനശ്രമങ്ങളുടെയും ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികളുടെയും ഫലമായാണ് കേരളം പല രംഗങ്ങളിലും  നേട്ടങ്ങളുണ്ടാക്കിയത്. കേരളം സോമാലിയയുടെ അവസ്ഥയിലാണ് എന്ന് പറയുന്നവര്‍ ഈ മഹാന്മാരുടെയെല്ലാം മുഖത്ത് കാര്‍ക്കിച്ചുതുപ്പുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്. 

കേരളവും ഗുജറാത്തും ഒരു കാര്യത്തില്‍ തുല്യഭാഗ്യമുള്ള സംസ്ഥാനങ്ങളാണ്. വിദേശത്ത് പ്രവര്‍ത്തിക്കുന്ന സഹോദരങ്ങള്‍ അയക്കുന്ന പണംകൊണ്ട് വീമ്പ് പ്രകടിപ്പിക്കുന്നവരാണ് നാം രണ്ടുകൂട്ടരും. ഒരുലക്ഷം കോടി രൂപ വര്‍ഷം കിട്ടുന്ന സംസ്ഥാനമാണ് കേരളം. അത്രത്തോളം ഗുജറാത്തിനും കിട്ടുന്നുണ്ട്. ആയിരംകോടിരൂപ വര്‍ഷം ബാങ്ക് നിക്ഷേപം വരുന്ന ഗ്രാമങ്ങളുണ്ട് ഗുജറാത്തില്‍. 

ലോകത്ത് ഏറ്റവും കൂടുതല്‍ വിദേശ മണിയോര്‍ഡര്‍ വരുന്ന രാജ്യം ഇന്ത്യയാണ്. ചൈന പോലും നമുക്ക് പിന്നിലാണ്. എന്നിട്ടും ജീവിതനിലവാര സൂചികയില്‍ ഇന്ത്യയുടെ നില പരിതാപകരമാണ്. ലോകത്തെ 182 രാജ്യങ്ങളില്‍ 134ാം സ്ഥാനമേ ഇന്ത്യക്ക് ഇക്കാര്യത്തിലുള്ളൂ. 2007 ലെ അവസ്ഥയില്‍ നിന്ന് ഇന്ത്യ പിറകോട്ട് പോയിരിക്കയാണ്. വിദ്യാഭ്യാസവും ദാരിദ്ര്യവും അടിസ്ഥാനജീവിത സൗകര്യങ്ങളുമെല്ലാം പരിഗണിച്ച് കണക്കാക്കുന്ന ഈ സൂചികയില്‍ ചൈനയും ശ്രീലങ്കയും മാത്രമല്ല കൊച്ച് അയല്‍വാസിയായ ഭൂട്ടാന്‍ പോലും ഇന്ത്യയുടെ മുന്നിലാണ്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ദേശീയഭരണകൂടത്തിന് ഇക്കാര്യത്തില്‍ തങ്ങളുടെ മുന്‍ഗാമികളെ പിന്നിലാക്കാന്‍ കഴിയട്ടെ എന്ന് ആഗ്രഹിച്ചുപോകുന്നു.

Become a TNM Member for just Rs 999!
You can also support us with a one-time payment.