കേരളത്തിന്റെ മുറവിളി എന്തിന്?

Malayalam Thursday, June 09, 2016 - 17:19

ഇടതുമുന്നണി ഭരണത്തിലെത്തിയാല്‍ ഭരണം ശക്തിപ്പെടുമായിരിക്കും. പക്ഷേ, അതുകൊണ്ട് എങ്ങനെയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ശക്തി കൂടുക? ഈ പരിഹാസം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു കുറച്ചുനാള്‍ മുമ്പുവരെ. പ്രകോപനം മുല്ലപ്പെരിയാര്‍ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശങ്ങള്‍തന്നെ. 

വാസ്തവത്തില്‍ പിണറായി വിജയന്റെ അഭിപ്രായപ്രകടനത്തില്‍ ഈ വിധം പരിഹസിക്കപ്പെടേണ്ടതോ അധിക്ഷേപിക്കപ്പെടേണ്ടതോ ആയി ഒന്നുമില്ലതന്നെ. പക്ഷേ, രണ്ട് ചോദ്യങ്ങളുണ്ട്. പ്രതിപക്ഷത്ത് പിണറായി വിജയനും ഭരണത്തില്‍ ഉമ്മന്‍ചാണ്ടിയുമായിരുന്നെങ്കില്‍ പിണറായി ഇങ്ങനെ പറയുമായിരുന്നുവോ? ഉമ്മന്‍ചാണ്ടി ഇങ്ങനെ പറഞ്ഞിരുന്നുവെങ്കില്‍ എന്താവുമായിരുന്നു സി.പി.എമ്മിന്റെ പ്രതികരണം? പിണറായി അങ്ങനെ പറയുമായിരുന്നില്ല എന്നുതന്നെയാണ് ഒന്നാം ചോദ്യത്തിന്റെ ഉത്തരം. ഇന്ന് പിണറായിക്കെതിരെ ഉയരുന്ന പരിഹാസവും വിമര്‍ശനവുമെല്ലാം ഉമ്മന്‍ചാണ്ടിക്ക് എതിരെ ഉയരുമെന്നത് നിസ്തര്‍ക്കം എന്നതാണ് രണ്ടാം ചോദ്യത്തിന്റെ ഉത്തരം. 

കാര്യം വ്യക്തം. വര്‍ഷങ്ങളായി, കേരളത്തിന്റെ ചില താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണെങ്കിലും പാര്‍ട്ടികള്‍ ഉയര്‍ത്തിപ്പിടിച്ച കുറെ ആവശ്യങ്ങളും അതിന് ശക്തി പകരാന്‍ വേണ്ടി കെട്ടിപ്പൊക്കിയ ശാസ്ത്രീയമെന്ന് അവകാശപ്പെട്ട തെളിവുകളും അതിനനുകൂലമായി പടുത്തുടര്‍ത്തിയ വാദത്തിന്റെ മണ്‍കോട്ടകളും എല്ലാം 2014 മെയില്‍ സുപ്രിം കോടതി പ്രഖ്യാപിച്ച വിധിയോടെ തകര്‍ന്നുതരിപ്പണമായിരിക്കുന്നു. 119 വര്‍ഷം പഴക്കമുള്ള അണക്കെട്ട്് തീര്‍ത്തും സുരക്ഷിതമാണെന്നും അതിന് വേണ്ടി പുതിയ അണക്കെട്ട് പണിയേണ്ട കാര്യമില്ലെന്നും അണക്കെട്ടിലെ ജലനിലവാരം 142 അടി ആക്കാവുന്നതാണെന്നും ആയിരുന്നല്ലോ കോടതിവിധി. ഇത്രയും വ്യക്തമായ ഒരു വിധിക്ക് ശേഷം പത്രപ്രസ്താവനയും സത്യാഗ്രഹവും കൊണ്ട് ഒരു കാര്യവും നേടാന്‍ കഴിയില്ല. പുതിയ വഴികള്‍ തേടിയേ തീരൂ. 

വിജയന്റെ സ്വരംമാറ്റം

ഇതാവണം പിണറായി വിജയന്റെ സ്വരംമാറ്റത്തിന്റെ ന്യായം. തീര്‍ച്ചയായും, അണയുടെ ദുര്‍ബലാവസ്ഥയെക്കുറിച്ച് രാവും പകലും വിലപിച്ചിട്ടുണ്ട് സി.പി.എമ്മും കേരളത്തിലെ പാര്‍ട്ടികളും. (സി.പി.എം പൊളിറ്റ് ബ്യൂറോവിന് ഇക്കാര്യത്തില്‍ നിലപാട് ഉണ്ടായിരുന്നില്ല. കാരണം കേരള സി.പി.എമ്മിന്റെ നിലപാടിന് തമിഴ്‌നാട് സി.പി.എം. തീര്‍ത്തും എതിരായിരുന്നു. മറ്റുപാര്‍ട്ടികളുടെയും നില വ്യത്യസ്തമല്ല) അന്ന് ഇക്കാര്യത്തില്‍ യു.ഡി.എഫ് എടുക്കുന്ന നിലപാടിന് ശൗര്യം പോര എന്ന പരാതിയും സി.പി.എമ്മിനുണ്ടായിരുന്നു. അണക്കെട്ട് ഇതാ പൊളിയാന്‍ പോകുന്നു, ലക്ഷക്കണക്കിനാളുകള്‍ മുങ്ങിച്ചാകാന്‍ പോകുന്നു എന്ന ഭീതി വളര്‍ത്തുന്നതില്‍ സി,പി.എമ്മും വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നത് സത്യമാണ്. സുപ്രിം കോടതി വിധിക്കു ശേഷവും സി.പി.എമ്മും കേരളവുമെല്ലാം മുമ്പ് പറഞ്ഞതുതന്നെ പറഞ്ഞുകൊണ്ടേയിരിക്കണമെന്ന് വാദിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ലതന്നെ.

സംസ്ഥാനങ്ങള്‍ തമ്മിലുണ്ടാകുന്ന തര്‍ക്കങ്ങളില്‍ സുപ്രിം കോടതി തീരുമാനം പ്രഖ്യാപിച്ചാല്‍ അത് സ്വീകരിക്കുകയല്ലാതെ സംസ്ഥാനങ്ങള്‍ക്ക് വേറെ മാര്‍ഗമില്ല. മുല്ലപ്പെരിയാര്‍ തര്‍ക്കത്തില്‍ വിധി ഉണ്ടായിക്കഴിഞ്ഞു. ഇനി കേരളത്തിന്റെ പരാതികളിലും പരിഭവങ്ങളിലും കോടതിയോ കേന്ദ്രസര്‍ക്കാറോ ഒന്നും ചെയ്യാന്‍ പോകുന്നില്ല. രുപം കൊള്ളാന്‍ പോകുന്ന അണക്കെട്ട് സുരക്ഷാ അതോറിറ്റിക്ക് കേരളത്തിന്റെ കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്നതും കാത്തിരുന്നു കാണേണ്ട കാര്യമാണ്. തമിഴ്‌നാടുമായി ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാം എന്ന ഒരു വഴിയാണ് നമുക്ക് മുന്നിലുള്ളത്. അതിര്‍ത്തിത്തര്‍ക്കങ്ങള്‍ ശത്രുരാജ്യവുമായിപ്പോലും ചര്‍ച്ച ചെയ്യുന്നു. നമ്മുടെ സഹോദരസംസ്ഥാനവുമായി ചര്‍ച്ച പാടില്ലേ? ഇതിലപ്പുറം എന്താണ് മുഖ്യമന്ത്രി പറഞ്ഞത്?

സുപ്രിം കോടതി തീരുമാനം ഒരു ഉന്നതാധികാര സമിതിയുടെ പഠനറിപ്പോര്‍ട്ടിനെക്കൂടി ആധാരമാക്കിയുള്ളതാണ്. നമ്മുടെ നാട്ടുകാരനായ ഒരു ന്യായാധിപന്‍ ഈ സമിതിയില്‍ അംഗമായിരുന്നു. കേരളത്തിന്റെ പ്രശ്‌നങ്ങളും പരാതികളും അദ്ദേഹം സമിതിയില്‍ ഉന്നയിക്കുകയും പുതിയ അണക്കെട്ട് വേണമെന്ന നിഗമനത്തിലേക്ക് സമിതിയെ കൊണ്ടുചെന്നെത്തിക്കുന്നതില്‍ വിജയിക്കുകയും ചെയ്തിരുന്നു. ശാസ്്ത്രീയമായ തെളിവുകളുടെ പഠനത്തിലൂടെ വിദഗ്ദ്ധര്‍ എത്തിച്ചേരുന്ന നിഗമനത്തെ ഒരു ജുഡീഷ്യല്‍ മനസ്സിനും തള്ളിക്കളയാന്‍ കഴിയില്ല. നിരവധി വട്ടം നടത്തിയ ശക്തിപ്പെടുത്തലുകള്‍ അണക്കെട്ടിനെ പൂര്‍വാധികം ബലപ്പെടുത്തിയിട്ടുണ്ടെന്നും പുതിയ ഒരു അണയേക്കാള്‍ ശക്തമാണ് ഇപ്പോള്‍ മുല്ലപ്പെരിയാര്‍ അണ എന്നുമുള്ള വിദഗ്ദ്ധരുടെ അഭിപ്രായവും അങ്ങനെ തിരസ്‌കരിക്കാന്‍ കഴിയുന്നതല്ല. ജസ്റ്റിസ് തോമസ്സിനും സമിതിയിലെ മറ്റംഗങ്ങള്‍ക്കും എതിരെ അവര്‍ തമിഴ്‌നാടിന്റെ പണംപറ്റിയവരാണെന്നും മറ്റും ആരോപിക്കുന്നതിനെക്കുറിച്ചും നമുക്ക്് കൂടുതലൊന്നും പറയാനാവില്ല. എല്ലാവരും തങ്ങളുടെ അതേ സ്വഭാവക്കാരാണെന്ന് ചിലര്‍ക്കെല്ലാം തോന്നുന്നുണ്ടാവാം. 

ജസ്റ്റിസ് തോമസ് ചോദിച്ചതുപോലെ, തങ്ങളുടെ അണക്കെട്ട് ഏത് നിമിഷവും തകരാമെന്ന് അറിഞ്ഞുകൊണ്ട് തമിഴ്‌നാട് ആ സത്യം മറച്ചുവെക്കുകയാണോ? തലയ്ക്ക് സമനിലയുള്ള ഏതെങ്കിലും സംസ്ഥാനമോ ഭരണാധികാരിയോ അങ്ങനെ ചെയ്യുമോ? അണക്കെട്ട് തകര്‍ന്നാല്‍ നമുക്കുണ്ടാകുന്നതിനേക്കാള്‍ വലിയ പ്രത്യഘാതം തമിഴ്‌നാട്ടിനല്ലേ ഉണ്ടാവുക?  ഇവിടെ കുറെപ്പേര്‍ മുങ്ങിമരിക്കുമോ എന്നതുപോലും തര്‍ക്കവിഷയമാണ്. പക്ഷേ, തര്‍ക്കമില്ലാത്ത ഒരു സത്യമുണ്ട്. തമിഴ്‌നാട്ടിലെ എത്രയോ ആയിരം കര്‍ഷകര്‍ വരണ്ടുണങ്ങിയ പാടങ്ങളില്‍ ഒരു തുള്ളി വെള്ളം കിട്ടാതെ തളര്‍ന്നുവീഴും.  അണ തകര്‍ന്ന് നുറുകണക്കിന് ആളുകള്‍ കേരളത്തില്‍ മരിച്ചാല്‍ പിന്നെ തമിഴ്‌നാട് എത്ര കേണാലും ഒരു അണ മുല്ലപ്പെരിയാറില്‍ ഉയര്‍ന്നുവരില്ല. അണ ദുര്‍ബലമാണെങ്കില്‍ പുതിയ ഒന്നിന് വേണ്ടി കേരളത്തേക്കാള്‍ തിടുക്കം കൂട്ടേണ്ടത് തമിഴ്‌നാട് അല്ലേ എന്ന ജസ്റ്റിസ് തോമസ്സിന്റെ ചോദ്യം അവഗണിക്കപ്പെടേണ്ടതല്ല. 

കേരളത്തിന്റെ മുറവിളി എന്തിന്?

പിന്നെയെന്തിനാണ് കേരളം ഇങ്ങനെ മുറവിളി കൂട്ടുന്നത്?  അണ വീണ് നമ്മളെല്ലാം ചത്തുപോകും എന്നതല്ല കേരളത്തിന്റെ യഥാര്‍ത്ഥ പ്രശ്‌നം എന്ന് ഈ മുറവിളി കൂട്ടുന്ന രാഷ്ട്രീയക്കാര്‍ക്കും അറിയാം. പറമ്പിക്കുളവും പെരുവാരിപ്പള്ളവും തൂണക്കടവും തമിഴ്‌നാട് കേരളത്തില്‍ പണിത അണക്കെട്ടുകളാണ്. അണക്കെട്ടുകള്‍ കേരളാതിര്‍ത്തിയില്‍ ഉണ്ടാക്കാന്‍ അനുമതി നല്‍കിയതില്‍ നമ്മുടെ ഔദാര്യവും ഉണ്ട്്, യുക്തിബോധവും ഉണ്ട്. വെളളം കൊടുത്തില്ലെങ്കില്‍ തമിഴ്‌നാട് വരണ്ടുണങ്ങിപ്പോകും. വെള്ളം നമ്മുടെ മണ്ണിലൂടെയാണ് പുഴ ഒഴുക്കിക്കൊണ്ടുപോകുന്നതെങ്കിലും മഴ നമ്മുടെ സ്വന്തം വകയല്ല. തമിഴ്‌നാട്ടിലെ ഭൂമിയില്‍ പതിക്കുന്ന മഴയും നമ്മുടെ പുഴയില്‍ വെള്ളമായി എത്തുന്നുണ്ട്്. ഇതൊന്നും തുക്കിയളന്ന് പങ്കുവെക്കാന്‍ കഴിയില്ല. 

എങ്കിലും, ദീര്‍ഘകാല ജലക്കരാറുകള്‍ പലതും കേരളത്തിന്റെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായല്ല ഉണ്ടാക്കിയത്. വെള്ളവും വൈദ്യുതിയും ഇഷ്ടം പോലെ ഇവിടെ ഉണ്ടെന്നും ആര്‍ക്കുവേണമെങ്കിലും വിട്ടുതരാമെന്നും വീമ്പുപറഞ്ഞിരുന്ന കാലം പോയി മറഞ്ഞിരിക്കുന്നു. ഇന്ന് നമുക്ക് വൈദ്യുതിക്ഷാമമുണ്ട്. കേരളം വൈദ്യുതി വിറ്റിരുന്നത് നൂറ്റാണ്ടുകള്‍ക്ക് മുമ്പല്ല, ഒന്നുരണ്ടു പതിറ്റാണ്ടുകള്‍ക്ക് മാത്രം മുമ്പാണ്. ഇന്ന് കേന്ദ്രത്തോടും വിദൂരസംസ്ഥാനങ്ങളോടുപോലും ഇരന്നുവാങ്ങിയാണ് നമ്മുടെ വിളക്കുകള്‍ തെളിക്കുന്നത്. വെള്ളത്തിന്റെ കാര്യവും ഇങ്ങനെതന്നെ. 

നൂറും ആയിരവും വര്‍ഷങ്ങള്‍ക്ക് എഴുതപ്പെട്ട കരാറുകള്‍ മറികടക്കാനാണ് പുതിയ ഡാം എന്ന് ആവശ്യം നാം മുന്നോട്ട്് വെക്കുന്നത്. പുതിയ ഡാം ഉണ്ടാകണമെങ്കില്‍ പഴയ ഡാം ഉപേക്ഷിക്കപ്പെടണം. ഉപേക്ഷിക്കപ്പെടണമെങ്കില്‍ അത് തകരാന്‍ പോവുകയാണ് എന്ന് സ്ഥാപിക്കണം. എല്ലാം പഴയ മലര്‍പ്പൊടി വില്പനക്കാരന്റെ സ്വപ്നം തന്നെ. കോടതിവിധിയോടെ സ്വപ്‌നങ്ങള്‍ തകര്‍ന്നിരിക്കുന്നു. ഇനിയും അത് ആയിരംവട്ടം ആവര്‍ത്തിച്ചിട്ടെന്തുകാര്യം? 

നിലവിലുള്ള അവസ്ഥകളെക്കുറിച്ച് യാഥാര്‍ത്ഥ്യബോധം ഉണ്ടായേ തീരൂ. എങ്കിലേ പ്രശ്‌നപരിഹാരത്തിനുള്ള പുതിയ തന്ത്രവും നയവും ഉണ്ടാക്കാനാവൂ. ഒരു കാര്യം തെറ്റെന്നു ബോധ്യപ്പെട്ടാല്‍ തിരുത്തുണം. ഒരു നയം കൊണ്ട് ഗുണമില്ല എന്നറിഞ്ഞാല്‍ അത് മാറ്റണം. അഭിപ്രായങ്ങള്‍ ഇരുമ്പുലക്കകളല്ല എന്ന് ഇനിയുമിനിയും പറഞ്ഞുറപ്പിക്കേണ്ട കാര്യമില്ല. ഇല്ലാത്ത പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ഒരിക്കലും നടക്കാത്ത പരിഹാരങ്ങള്‍ വിളിച്ചുപറഞ്ഞ് ഇനിയും എത്ര കാലമാണ് ഇവര്‍ ജനങ്ങളെ കുരങ്ങുകളിപ്പിക്കാന്‍ പോകുന്നതാവോ.

 

Become a TNM Member for just Rs 999!
You can also support us with a one-time payment.