94-ലെ സി.പി.എം അക്രമത്തിന്റെ ഇരയും ഇത്തവണ ബി.ജെ.പി. സ്ഥാനാർത്ഥിയുമായ സി. സദാനന്ദൻ മാസ്റ്റർ സംസാരിക്കുന്നു

"കണ്ണൂരിലെ സി.പി.ഐ (എം) ഫാസിസം അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു"
94-ലെ സി.പി.എം അക്രമത്തിന്റെ ഇരയും ഇത്തവണ ബി.ജെ.പി. സ്ഥാനാർത്ഥിയുമായ സി. സദാനന്ദൻ മാസ്റ്റർ സംസാരിക്കുന്നു
94-ലെ സി.പി.എം അക്രമത്തിന്റെ ഇരയും ഇത്തവണ ബി.ജെ.പി. സ്ഥാനാർത്ഥിയുമായ സി. സദാനന്ദൻ മാസ്റ്റർ സംസാരിക്കുന്നു

വരുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബി.ജെ.പി.സ്ഥാനാർത്ഥികളുടെ ആദ്യപട്ടികയിൽ കണ്ണൂരിലെ രാഷ്ട്രീയഭീകരതയെക്കുറിച്ച് ശരിക്കും അറിയാത്തവർക്ക് കൂത്തുപറമ്പിൽ നിന്ന് മത്സരിക്കുന്ന സി.സദാനന്ദൻ മാസ്റ്റർ എന്ന സ്ഥാനാർത്ഥിക്ക് ഒരു പ്രത്യേകതയും തോന്നാനിടയില്ല. 

രാഷ്ട്രീയചേരിമാറ്റം എന്ന കുറ്റം ചെയ്യുന്നവർക്കുള്ള മുന്നറിയിപ്പെന്ന നിലയിൽ 1994-ൽ രണ്ടുകാലുകളും സി.പി.ഐ (എം)പ്രവർത്തകർ വെട്ടിമാറ്റിയിരുന്നു. മട്ടന്നൂരിലെ പ്രമുഖനായ ആർ.എസ്.എസ് ഭാരവാഹിയായതുകൊണ്ട് ഉടൻ പ്രത്യാക്രമണവുമുണ്ടായി. അന്നേദിവസം തന്നെ വൃദ്ധരായ മാതാപിതാക്കളുടെ കൺമുന്നിൽ വെച്ച് എസ്.എഫ്.ഐ. നേതാവ് കെ.വി.സുധീഷിനെ വെട്ടിക്കൊന്നു.

ചോരയിൽ കുതിർന്ന ഓർമകൾ

'94 ഫെബ്രുവരി 6ന് എന്റെ സഹോദരിയുടെ വിവാഹനിശ്ചയച്ചടങ്ങ് നടക്കേണ്ടിയിരുന്നതുകൊണ്ട് വീടാകെ ആകെ ആഘോഷത്തിമിർപ്പിലായിരുന്നു. അന്ന് ഞാൻ ഒരു എൽ.പി സ്‌കൂളിൽ അധ്യാപകനാണ്. വിവാഹച്ചടങ്ങുമായി ബന്ധപ്പെട്ട് ഞാൻ ജനുവരി 25ന് രാത്രി അമ്മാമന്റെ വീട് സന്ദർശിച്ച് മടങ്ങുകയായിരുന്നു. രാത്രി 8.30 ആയിക്കാണും. ഞാൻ ബസ്സിറങ്ങി വീട്ടിലേക്ക് നടക്കാൻ തുടങ്ങിയതേയുള്ളൂ. പെട്ടെന്ന് ഒരു സംഘം ആളുകൾ എന്റെ മേൽ ചാടിവീണു. ഞാൻ മുഖമടച്ച് റോഡിൽ വീണു..

നിമിഷങ്ങൾക്കുള്ളിൽ എന്റെ രണ്ടുകാലുകളും അവർ വെട്ടിമാറ്റി. എന്നെയവർ വഴിയരികിലേക്ക് നിഷ്‌കരുണം തള്ളി. ഓടിവരുന്ന ആൾക്കൂട്ടത്തെ ഭയപ്പെടുത്തി അകറ്റാനുദ്ദേശിച്ചുള്ള ബോംബ് സ്‌ഫോടനശബ്ദവും  ഒന്നു രണ്ടു തവണ ഞാൻ കേട്ടു. അതൊരു തിരക്കേറിയ അങ്ങാടിയാണ്. ഞാൻ ആകെ രക്തത്തിൽ കുളിച്ചങ്ങനെ നടുക്കത്തോടെ കിടന്നു. ഒരാൾക്കും എന്നെ വന്നുനോക്കാൻ ധൈര്യമുണ്ടായില്ല. ഒരു പതിനഞ്ചുമിനിറ്റൊക്കെ കഴിഞ്ഞിട്ടാകണം പൊലിസുകാർ വന്ന് എന്നെ ആശുപത്രിയിലേക്ക് മാറ്റുന്നത്. അപ്പോഴേക്കും എനിക്ക് ബോധം നശിച്ചിരുന്നു.'

നിർമമതയോടെ മുപ്പതാം വയസ്സിൽ രണ്ടുകാലുകൾ രാഷ്ട്രീയനിലപാടുകൾക്ക് വിലയായി നൽകേണ്ടിവന്നതിനെക്കുറിച്ച് സദാനന്ദൻ മാസ്റ്റർ പറയുന്നതുകേൾക്കുമ്പോൾ ആർക്കും അദ്ദേഹത്തിന്റെ ഉരുക്കുപോലുള്ള വിപദിധൈര്യത്തെക്കുറിച്ച് ബോധ്യം വരും.

ഒരു ആർ.എസ്.എസ്. പ്രവർത്തകൻ എന്ന നിലയിൽ നിന്ന് കുപ്രസിദ്ധമായ കൂത്തുപറമ്പ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥിയിലേക്കുള്ള വളർച്ചയെക്കുറിച്ച് ആരാഞ്ഞപ്പോൾ 'മാഷ്' -അങ്ങനെയാണ് അദ്ദേഹം അറിയപ്പെടുന്നത്- ഒരു ചെറുചിരിയോടെ ഇങ്ങനെ പ്രതികരിച്ചു:

' എന്റെ പേര് അവർ നിർദേശിച്ചപ്പോൾ ഞാൻ ശരിക്കും അത്ഭുതപ്പെട്ടുപോയി. എന്റെ ഈ ശാരീരികാവസ്ഥയിൽ മണ്ഡലം മുഴുവൻ സഞ്ചരിക്കേണ്ടതുണ്ട് എന്ന ഒരൊറ്റ കാര്യം കൊണ്ടുമാത്രം ഞാൻ ആദ്യം മടിച്ചു.  എന്നാൽ എന്റെ സ്ഥാനാർത്ഥിത്വം കൊണ്ട് എന്റെ നാട്ടിന് ഉണ്ടാകുന്ന പൊതുനൻമ കണക്കിലെടുത്ത് എനിക്ക് സമ്മതിക്കേണ്ടിവന്നു.' അദ്ദേഹം പറഞ്ഞു.

' എന്നെ ജനങ്ങൾ അവർക്കുമുന്നിൽ കാണുമ്പോൽ ഇടതുപക്ഷ അതിക്രമങ്ങളെക്കുറിച്ച് അവർ ഓർക്കും. സമാധാനപരമായ അന്തരീക്ഷമില്ലെങ്കിൽ പ്രദേശത്തെ എല്ലാ വികസനപ്രവർത്തനങ്ങളും തടസ്സപ്പെടുമെന്നുള്ളതുകൊണ്ട് ഹിംസാത്മകരാഷ്ട്രീയത്തിന്റെ നിരർത്ഥകത അവർക്ക് മനസ്സിലാകും. ആ ഒരു ബോധ്യമാണ് എനിക്കിവിടെ ഉണ്ടാക്കേണ്ടത്.' 

ആർ.എസ്.എസ്.പ്രവർത്തകനായത് ഇങ്ങനെ

' ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷമാണ് ഞാൻ സംഘിന്റെ സാമൂഹ്യപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തുതുടങ്ങുന്നത്. എന്നാൽ ബിരുദപഠനകാലത്ത് വീണ്ടും കേരളത്തിലെ മിക്ക യുവാക്കളും ചെയ്തിരുന്നപോലെ കമ്യൂണിസ്റ്റ് ലോകത്തേക്ക് വഴിതെറ്റിയെത്തി. 

പക്ഷേ ആ സമയത്തും നമ്മുടെ നാടിന് ചേർന്നത് ആർ.എസ്.എസിന്റെ സാംസ്‌കാരിക ദേശീയതയാണ് എന്ന തോന്നലുണ്ടായിരുന്നു. എന്തായിരിക്കണം സമൂഹം എന്ന മാർക്‌സിസ്റ്റ് കാഴ്ചപ്പാടിനേക്കാൾ. 

അപ്പോഴാണ് ഞാൻ മഹാകവി അക്കിത്തത്തിന്റെ ഭാരതദർശനങ്ങൾ എന്ന കവിത മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വായിക്കുന്നത്. എന്റെ ഇടതുചായ്‌വ് പാടേ ഉപേക്ഷിച്ച് ആർ.എസ്.എസിലേക്ക് മാറുന്നതിൽ ആ കവിത ഒരു പ്രധാനപങ്കുവഹിച്ചു. തീർച്ചയായും അതൊരു പെട്ടെന്നുള്ള മാറ്റമല്ലായിരുന്നു. 

ഒരു ഇടതുപക്ഷ കുടുംബത്തിൽ നിന്ന് വരുന്നയാളാണ് ഞാനെന്ന് ഓർക്കണം. റിട്ടയേഡ് അധ്യാപകനായ എന്റെ അച്ഛൻ കുഞ്ഞിരാമൻ നമ്പ്യാർ ഒരു ഇടതുപക്ഷ അനുഭാവിയും ജ്യേഷ്ഠസഹോദരൻ ഒരു സി.പി.ഐ(എം) പ്രവർത്തകനുമായിരുന്നു.'

തെറ്റിദ്ധരിക്കപ്പെട്ട ആർ.എസ്.എസ്.

'1948-ലാണ് ആർ.എസ്.എസ്. കണ്ണൂർ ജില്ലയിൽ പ്രവർത്തനം ആരംഭിക്കുന്നത്. സഖാവ് പിണറായി വിജയൻ കൂടി പ്രതിയായ വാടിക്കൽ രാമകൃഷ്ണനാണ് സംഘിന്റെ ആദ്യ ബലിദാനി. 1967-ലായിരുന്നു അത്. 

ഇരുപക്ഷത്തിനും പങ്കുള്ള പ്രതികാരക്കൊലകളെ കാണാതെയല്ല ഞാനിത് പറയുന്നത്. പക്ഷേ ആരാണ് തുടങ്ങിവച്ചത്? ഇത്തരത്തിലുള്ള ഒരു കൊലയ്ക്കും ഒരർധനിമിഷത്തിൽ പോലും ഞാൻ മനസ്സാ മാപ്പുനൽകില്ല. എന്നാൽ എതിരാളികളെ തിരിച്ചടിക്കാൻ നിർബന്ധിതമാക്കുന്ന ഒരു രാഷ്ട്രീയ തന്ത്രമാണ് എപ്പോഴും സി.പി.ഐ. എമ്മിന്റേത്. 

ഏതായാലും കണ്ണൂരിൽ സി.പി.ഐ.എം. രാഷ്ട്രീയഫാസിസം അവസാനിപ്പിക്കേണ്ട സമയം എന്നേ കഴിഞ്ഞു. പ്രാവർത്തിക ജനാധിപത്യം ലഭ്യമാക്കുന്ന രാഷ്ട്രീയ സംവിധാനവും ഫലപ്രദമായ സംവാദവും ഉപയോഗിച്ചുകൊണ്ട് എന്റെ രാഷ്ട്രീയ എതിരാളികളെ തെരഞ്ഞെടുപ്പിൽ ഞാൻ നേരിടും. നിരർത്ഥകമായ രാഷ്ട്രീയ അതിക്രമങ്ങൾ ജനങ്ങൾക്ക് മടുത്തിരിക്കുന്നു. എന്നായാലും ഇതവസാനിച്ചേ മതിയാകൂ..'

1999-മുതൽ തൃശൂർ ജില്ലയിലെ പേരാമംഗലം ശ്രീ ദുർഗാ വിലാസം ഹയർസെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ അധ്യാപകനാണ് സദാനന്ദൻ മാസ്റ്റർ. . കോളേജ് കാലത്ത് തന്റെ മനസ്സിൽ കടന്നുകൂടിയ റാണിയെയാണ് അദ്ദേഹം വിവാഹം കഴിച്ചിരിക്കുന്നത്. അവരും അധ്യാപകവൃത്തി തന്നെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. 

തൃശൂർൃ ഗവൺമെന്റ് എൻജിനിയറിംഗ് കോളേജിൽ ബി.ടെക്കിന് പഠിക്കുന്ന മകൾ യമുനാ ഭാരതി എ.ബി.വി.പി കോളേജ് യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമാണ്. 

നാഷണൽ ടീച്ചേഴ്‌സ് യൂണിയൻ കേരള സംസ്ഥാന വൈസ് പ്രസിഡന്റും സംഘടനയുടെ മുഖപത്രമായ ദേശീയ അധ്യാപക വാർത്തയുടെ എഡിറ്ററുമാണ് സദാനന്ദൻ മാസ്റ്റർ. ആർ.എസ്.എസിന്റെ ധൈഷണികവിഭാഗമായ ഭാരതീയ വിചാര കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളിലും മാസ്റ്റർ സജീവമാണ്.

Related Stories

No stories found.
The News Minute
www.thenewsminute.com