നീതി വൈകിയ്ക്കുന്നത് നീതി നിഷേധിക്കലാണ്.

Malayalam Tuesday, July 05, 2016 - 19:45

ഇനിയും വിചാരണക്കെടുക്കാത്ത നിരവധി കേസുകൾ കോടതികളിൽ കെട്ടിക്കിടക്കുമ്പോൾ ജഡ്ജിമാരെ നിയമച്ചിട്ടില്ലെന്ന കാരണത്താൽ ആറ്റിങ്ങലിലെ ഏഴു കോടതികളിൽ നാലെണ്ണത്തിലും പ്രവർത്തനങ്ങളില്ല. 


 

നെയ്യാറ്റിൻകര, നെടുമങ്ങാട്, ആറ്റിങ്ങൽ, വർക്കല, കാട്ടാക്കട തുടങ്ങി പലയിടങ്ങളിലായി തലസ്ഥാന നഗരിയിൽ നിരവധി കോടതികളുണ്ട്.

 

തിരുവനന്തപുരം നഗരപരിധിയിലെ വഞ്ചിയൂരിലാണ് പ്രധാന കോടതി സമുച്ചയം സ്ഥിതി ചെയ്യുന്നതെങ്കിലും മേൽപ്പറഞ്ഞ ഇടങ്ങളിലായി തുല്യ എണ്ണം കോടതികൾ സ്ഥിതി ചെയ്യുന്നു. 


 

ഒരു മോട്ടോർ ആക്‌സിഡന്റ് ക്‌ളെയിംസ് ട്രിബ്യൂണൽ (മാക്ട്), കുടുംബകോടതി, സബ് കോടതി, മുൻസിഫ് കോടതി, മൂന്ന് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതികൾ. അതിലൊന്നു താൽക്കാലിക കോടതിയാണ്. 


 

ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതികളിലും ഒന്നിലും മൂന്നിലും മുൻസിഫ് കോടതിയിലും ഇതുവരേയും ജഡ്ജിമാരെ നിയമിച്ചിട്ടില്ലെന്ന് ജില്ലാ കോടതി രേഖകൾ കാണിക്കുന്നു.  

 

ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി രണ്ടിൽ ജഡ്ജിയുണ്ടെങ്കിലും അവരിപ്പോൾ പ്രസവാവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഫലത്തിൽ ആ തസ്തികയിലും ആളില്ല.


 

'എന്താണ് ഈ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നത് എന്നതിന്റെ കാരണം എനിക്ക് കൃത്യമായി അറിയില്ല. വേനലവധിക്ക് പിരിയുംമുൻപേ ഉണ്ടായ സ്ഥലംമാറ്റം മൂലമൊക്കെ ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ ഇ നിയും നികത്തപ്പെട്ടിട്ടില്ല എന്നതാണ് വസ്തുത.' ആറ്റിങ്ങലിലെ മുൻ മുനിസിപ്പൽ അധ്യക്ഷ അഡ്വ. എസ് കുമാരി പറഞ്ഞു. 


 

കോടതി കലണ്ടർ പ്രകാരം ഈ വർഷം വേനലവധി ഏപ്രിൽ 13 മുതൽ മെയ് 18 വരേയായിരുന്നു. കേരള ഹൈക്കോടതിയിലെ രജിസ്ട്രാർമാരിലൊരാളെ ഈ വിഷയമുന്നയിച്ച് ദ ന്യൂസ്മിനുട്ട് ബന്ധപ്പെട്ടപ്പോൾ ഇത് തന്റെ അധികാരപരിധിയിൽ വരുന്ന കാര്യമല്ലെന്നും മറ്റൊരാളാണ് ഇക്കാര്യം കൈകാര്യം ചെയ്യുന്നതെന്നുമായിരുന്നു മറുപടി.

 

മാധ്യമങ്ങളുമായി സംസാരിക്കുന്നതിന് നിയന്ത്രണം ഉള്ളതിനാൽ അവരുമായി ബന്ധപ്പെട്ട് കാര്യമില്ലെന്നും കോടതിയുടെ പി.ആർ.ഒയുമായി സംസാരിക്കുന്നതായിരിക്കും നല്ലതെന്നും അവർ കൂട്ടിച്ചേർത്തു. 


 

ഏറെ ശ്രമത്തിന് ശേഷം പി.ആർ.ഒയുമായി ബന്ധപ്പെട്ടപ്പോൾ തനിക്ക് ഇക്കാര്യത്തിൽ അഭിപ്രായം പറയാൻ അധികാരമില്ലെന്നും ബന്ധപ്പെട്ട രജിസ്ട്രാറിനോട് ചോദിക്കുന്നതായിരിക്കും നല്ലതെന്നും പി.ആർ.ഒ പറഞ്ഞു. 


 

ഇതേതുടർന്ന് അഡ്വ. കുമാരി രക്ഷക്കെത്തി. അവർ ആറ്റിങ്ങൽ ബാർ അസോസിയേഷന്ര# പ്രസിഡന്റ് വിജയ മോഹനൻ നായരുമായി സംസാരിക്കുകയും അദ്ദേഹം കേരള ഹൈക്കോടതിയിലെ ബന്ധപ്പെട്ട രജിസ്ടാരുമായി സംസാരിക്കുകയും ചെയ്തു. ഏതാനും മാസങ്ങൾക്കുള്ളിൽ ജഡ്ജിമാർ നിയമിക്കപ്പെടുമെന്ന് അദ്ദേഹം ഉറപ്പുനൽകി. 


 

അടിയന്തരസ്വഭാവമുള്ള കേസുകൾ കൈകാര്യം ചെയ്യുന്നതിന് ഇപ്പോൾ തൽക്കാലം നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയിലെ ജഡ്ജി ചൊവ്വാഴ്ച തോറും ആറ്റിങ്ങൽ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി രണ്ട് നടത്തുന്നു. പല കോടതികളിലായി കേസുകൾ കെട്ടിക്കിടക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഇതെന്തായാലും നേരിയ ആശ്വാസമേ ആകുന്നുള്ളൂ. 


 

അഡ്വ. കുമാരി പറയുന്നതുപോലെ ' ഒന്നരമാസമായി കോടതികൾ നടക്കാതെയായിട്ട് എന്നുള്ളതുകൊണ്ട് തീർച്ചായും കേസുകൾ കെട്ടിക്കിടക്കും.'  കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കൃത്യമായി പറയാൻ കോടതി ജീവനക്കാർക്കേ കഴിയൂവെന്ന് പറഞ്ഞ അവർ ഇവയുടെ എണ്ണം ശരിയായി തരാൻ വിമുഖത കാണിച്ചു.


 

എന്തായാലും ഉറപ്പുനൽകപ്പെട്ട പ്രകാരം തന്നെ ആറ്റിങ്ങലിലെ ജനങ്ങൾക്ക് നീതി നടത്തിക്കിട്ടണമെങ്കിൽ ഒരു മാസമോ അതിലുമധികമോ കഴിയേണ്ടിവരും. ഇനിയും ഇക്കാര്യത്തിൽ വിളംബമുണ്ടായാൽ അത് നീതി നിഷേധമാകും.


 

തിരുവനന്തപുരത്തെ മറ്റു കോടതികൾ


 

പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് കോടതി


 

പുറമേ ഏഴ് അഡീഷണൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് കോടതികൾ


 

ആറ് കീഴ്‌ക്കോടതികൾ അല്ലെങ്കിൽ അസി.സെഷൻസ് കോടതികൾ


 

മൂന്ന് മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലുകൾ (മാക്ട്)


 

നാല് അഡീഷണൽ മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലുകൾ


 

മൂന്ന് കുടുംബ കോടതികൾ.


 

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്കായുള്ള ട്രിബ്യൂണൽ


 

ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി


 

അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി


 

15 ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതികൾ


 

ഒമ്പത് മുൻസിഫ് കോടതികൾ


 

റെന്റ് കൺട്രോൾ കോടതി.


 

എൻക്വയറി കമ്മിഷൻ