
ഇന്ത്യ മുസ്ലിംകൾ ഇല്ലാത്ത രാജ്യമാക്കണമെന്ന് ഈയിടെ അനുയായികളോട് ആഹ്വാനം ചെയ്ത സാധ്വി പ്രാചിക്കെതിരെ താൻ പൊലിസിൽ പരാതി നൽകുമെന്ന് രാഹുൽ ഈശ്വർ ജൂൺ എട്ടിന് ട്വിറ്ററിൽ കുറിച്ചതിനെ തുടർന്ന് വലിയ കോലാഹലം.
സ്വാഭിമാനമുള്ള ഹിന്ദുവായതുകൊണ്ടാണ്, അല്ലാതെ ഹിന്ദുവിരുദ്ധനായതുകൊണ്ടല്ല താൻ ഇങ്ങനെ ചെയ്യുന്നതെന്ന് ആവർത്തിച്ചുപറഞ്ഞ് തന്റെ പ്രവൃത്തിയെ രാഹുൽ ഈശ്വർ ന്യായീകരിച്ചു.
സാധ്വി പ്രാചിക്കെതിരെ കേസ് ഫയൽ ചെയ്യാൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് തിങ്കളാഴ്ച പൊലിസിന് ഉത്തരവ് നൽകി.
രാഹുൽ ഈശ്വർ നൽകിയ കേസിലെ എഫ്.ഐ.ആർ അടിസ്ഥാനമാക്കിയാണ് ഉത്തരവ്. സാധ്വി പ്രാചിയുടെ പ്രസ്താവന രാജ്യത്തിന്റെ മതേതരസ്വഭാവത്തിന് നിരക്കാത്തതാണെന്നും പ്രകോപനപരമാണെന്നും എഫ്.ഐ.ആർ ചൂണ്ടിക്കാട്ടുന്നു.
തിങ്കളാഴ്ച രാഹുൽ ഈശ്വറിന്റെ ട്വീറ്റുകളിൽ സാധ്വി പ്രാചിയുടെ പ്രസ്താവനയെ അപലപിക്കുന്നത് യഥാർത്ഥ ഹിന്ദു പ്രശ്‌നങ്ങൾ ഉന്നയിക്കുന്നതിന് തനിക്ക് ഉപകാരപ്പെടുമെന്ന് അദ്ദേഹം അവകാശപ്പെടുന്നു.
താൻ നൽകിയ പരാതിയിൽ ഭാഷയുടെയും പ്രദേശത്തിന്റെയും മതത്തിന്റേയും വംശത്തിന്റേയും അടിസ്ഥാനത്തിൽ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്താനും സാമൂഹികസൗഹാർദം തകർക്കാനും ശ്രമിച്ചതിന് ഇന്ത്യൻ ശിക്ഷാനിയമം സെക്ഷൻ 153എ പ്രകാരമാണ് പ്രാചിക്കെതിരെ കേസെടുത്തിട്ടുള്ളതെന്ന് ദ ന്യൂസ്മിനുട്ടിനോട് രാഹുൽ ഈശ്വർ പറഞ്ഞു.
ഹിന്ദുമതം എന്തിന് വേണ്ടി നിലകൊള്ളുന്നുവെന്ന് ശരിയായി മനസ്സിലാക്കാത്തതുകൊണ്ടാണ് സാധ്വി പ്രാചിക്കെതിരെ നിയമനടപടിക്ക് താനൊരുങ്ങിയതിനെ സാമൂഹ്യമാധ്യമങ്ങളിൽ ഹിന്ദുവലതുപക്ഷം കടുത്ത വിമർശനം അഴിച്ചുവിട്ടിരിക്കുന്നതെന്ന് രാഹുൽ കൂട്ടിച്ചേർത്തു.
'ഭാരതമാതാവിന് 130 കോടി സന്താനങ്ങൾ എ്ന്ന് പറയുമ്പോൾ അതിൽ ഹിന്ദുക്കൾ മാത്രമല്ല, മുസ്ലിംകളും മറ്റ് മതന്യൂനപക്ഷങ്ങളും പെടും. ഞാൻ എന്നെത്തന്നെ ഹിന്ദു അനുകൂല മധ്യവലതുപക്ഷമായി വിലയിരുത്തുമ്പോൾ ആ പ്രതിച്ഛായ ദൃഢപ്പെടുത്താൻ എനിക്ക് മുസ്ലിം വിരുദ്ധനാകേണ്ട കാര്യമില്ല. ഈ വർഷം മാർച്ചിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം ബ്രസൽസിൽ വെച്ച് ഭീകരതയേയും മതത്തെയും വേറിട്ടു കാണണമെന്ന് പറഞ്ഞ മോദിയെ എന്തുകൊണ്ട് അവർ പിൻപറ്റുന്നില്ല? എല്ലാ ഹിന്ദുക്കളെയും ഉൻമൂലനം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത അക്ബറുദ്ദീൻ ഒവൈസിയ്‌ക്കെതിരെ എന്തുകൊണ്ട് ഞാൻ കേസുകൊടുക്കുന്നി്ല്ലയെന്നാണ് അവർ ചോദിക്കുന്നത്. എന്നാൾ ഞാനൊരു കേസ് ഫയൽ ചെയ്തിട്ടുണ്ട് ആ രാജ്യദ്രോഹിക്കെതിരെ ഞാൻ ഒരു ഓൺലൈൻ പ്രചരണം തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഇത്തരം കാര്യങ്ങളിൽ ഒരു ഗാന്ധിയൻ സമീപനം അനിവാര്യമാണ്..' അദ്ദേഹം വിശദീകരിക്കുന്നു.
ആർ.എസ്.എസിനോ, ബി.ജെ.പിക്കോ അഭിമതനായിരുന്നില്ല മഹാത്മാഗാന്ധിയെന്ന് ചൂണ്ടിക്കാണിച്ചപ്പോൾ അത് ജനത്തിന്റെ തെറ്റിദ്ധാരണയാണെന്നാണ് രാഹുൽ പ്രതികരിച്ചത്. ' ഭാരതീയ ജനതാപാർട്ടിയുടെ അടിസ്ഥാന തത്ത്വങ്ങളിലൊന്ന് ഗാന്ധിയൻ സോഷ്യലിസമാണെന്ന് നിങ്ങൾക്കറിയാമോ? ആധുനിക ഹിന്ദുത്വത്തിന്റെ പിതാവായ വീർ സവർക്കർ യഥാർത്ഥത്തിൽ യുക്തിവാദിയായിരുന്നു. ഇന്ത്യ പ്രതിനിധാനം ചെയ്യുന്ന സാംസ്‌കാരികബഹുത്വം എന്ന ആശയം പടിഞ്ഞാറിന് പരിചയപ്പെടുത്തിക്കൊടുത്തത് സ്വാമി വിവേകാനന്ദനായിരുന്നെന്ന് ചരിത്രകാരൻ എ.എൽ.ബൽഷാം പറയുന്നു. സുഭാസ് ചന്ദ്രബോസിന്റെ ഐ.എൻ.എ യിലെ മേജർ സൈനുൽ ആബ്ദീൻ ഹസനായിരുന്നു ജയ് ഹിന്ദ് എന്ന മുദ്രാവാക്യം ഉണ്ടാക്കിയതെന്ന് അറിയാമോ എല്ലാവരേയും ഉൾക്കൊള്ളുന്ന സമ്പന്നമായ സാംസ്‌കാരികബഹുത്വത്തിലാണ് രാജ്യം ശക്തിപ്പെടുന്നത്..'