അടുത്ത പ്രകടനം മണിപ്പാലിലും പിന്നീട് ചെന്നൈയിലും നടക്കും.

Malayalam Thursday, June 09, 2016 - 13:55

ഡോക്ടറായ താൻ നീതിക്കുവേണ്ടി പോരാടുകയാണെന്ന് വിളംബരം ചെയ്യുന്ന ഒരു പ്ലക്കാർഡ് കൈകളിലേന്തി മണിക്കൂറുകളോളം അദ്ദേഹം തെരുവിൽ നിന്നു അറിയാവുന്ന ഒരാൾ ബലാത്സംഗം ചെയ്യപ്പെടുമ്പോൾ മാത്രമാണോ അവർക്ക് വേണ്ടി സംസാരിക്കുന്നതെന്ന് ആ പ്ലക്കാർഡുകൾ ചോദിക്കുന്നു.


 

ബലാത്സംഗസംസ്‌കാരത്തിനെതിരെ ബോധവൽക്കരണവുമായി ഒരു മാസത്തെ തന്റെ പോരാട്ടത്തിന്റെ ഭാഗമായി ഡോക്ടർ നോയൽ മാത്യു ഞായറാഴ്ച കാൻഡിൽ ലൈറ്റ് വിജിൽ ആചരിച്ചു. 

ആഴ്ച മുഴുവൻ 24 മണിക്കൂറും ലഭ്യമാകുന്ന ഹെൽപ് ലൈൻ സേവനവും രാജ്യത്തെ എല്ലാ പൊലിസ് സ്റ്റേഷനുകളിലും ബലാത്സംഗവിരുദ്ധ സ്‌ക്വാഡും ആണ് അദ്ദേഹമുയർത്തുന്ന വ്യക്തമായ ആവശ്യങ്ങൾ.


 

രാജ്യത്ത് ബലാത്സംഗങ്ങളുടെ എണ്ണത്തിലുണ്ടായ വർധനയിൽ അസ്വസ്ഥനായ ഈ ഇരുപത്തിയഞ്ചുകാരൻ വിശ്വസിക്കുന്നത് പൊലിസ് സ്റ്റേഷനിൽ ചെന്ന് ഒരു പരാതി നൽകാൻ പോലും സ്ത്രീകൾക്ക് ബുദ്ധിമുട്ടാണെന്നാണ്. പെരുമ്പാവൂരിലെ ജിഷ ബലാത്സംഗത്തിനിരയായി ക്രൂരമായി കൊല്ലപ്പെട്ടതാണ് ബലാത്സംഗത്തിനെതിരെ ഒരു നിൽപുസമരത്തിന് നോയലിനെ പ്രേരിപ്പിച്ചത്. 


 

' രാജ്യത്തെ ബലാത്സംഗങ്ങളുടെ എണ്ണം പെരുകിവരുന്നതിൽ ഞാൻ അസ്വസ്ഥനായിട്ട് കുറച്ചായി. ഇപ്പോൾ ഞാനെന്റെ പഠനം പൂർത്തീകരിച്ച് സ്വന്തം കാലിൽ നിൽക്കാനായതുകൊണ്ട് എന്റെ പോരാട്ടം തുടങ്ങിവെയ്ക്കാൻ ഇതിലും നല്ല സമയം വേറെയില്ല. എന്റെ ചിന്തകളെ പ്രവർത്തനപഥത്തിലെത്തിക്കാൻ ജിഷ കേസ് ഒരു നിമിത്തമായെന്ന് മാത്രം..' നോയൽ പറഞ്ഞു. 

ആദ്യ സമരം തുടങ്ങിയത് കൊച്ചിയിലാണെന്നാൽ പോലും പ്ലക്കാർഡുകളിലൊന്നിൽ #ജസ്റ്റിസ്‌ഫോർജിഷ എന്നെഴുതിയിട്ടുണ്ടെങ്കിലും ഒരൊറ്റക്കേസിൽ മാത്രം തന്റെ പ്രസ്ഥാനം കേന്ദ്രീകരിക്കാനുദ്ദേശിക്കുന്നില്ലെന്ന് നോയൽ പറയുന്നു. 


 

'ഞാൻ പൊതുവായാണ് പ്രശ്‌നത്തെ സമീപിക്കുന്നതും സംസാരിക്കുന്നതും. ഏതെങ്കിലും ഒന്നിൽ കേന്ദ്രീകരിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഇത് ഒരു ദേശീയപ്രശ്‌നമായി ഉയർത്താനാണ് എന്റെ താൽപര്യം. ഒരൊറ്റക്കേസിൽ മാത്രം അത് പരിമിതപ്പെടുന്നില്ല. എന്നാൽ, ബലാത്സംഗവിരുദ്ധ സ്‌ക്വാഡ് രൂപീകരിക്കുന്നത് എത്രമാത്രം എളുപ്പമുള്ള കാര്യമാണ് എന്ന് പലരുമായി ചർച്ച ചെയ്തപ്പോൾ എനിക്ക് മനസ്സിലായത് ഇത് ഏതെങ്കിലും ഒന്നോ രണ്ടോ സംസ്ഥാനങ്ങളിൽ കേന്ദ്രീകരിച്ചുകൊണ്ട് നടപ്പാക്കിയാൽ ഈ ആശയം പ്രാവർത്തികമാകാൻ കൂടുതൽ സാധ്യതയുണ്ട്.' നോയൽ പറയുന്നു.


 

കൊച്ചിയിൽ മെയ് 15ന് തുടക്കമിട്ട ഈ പ്രകടനങ്ങളുടെ ഭാഗമായി മെയ് 29ന് മംഗലൂരുവിൽ കാൻഡിൽ നൈറ്റ് വിജില് സംഘടിപ്പിച്ചു. അടുത്ത പ്രകടനം മണിപ്പാലിലും പിന്നീട് ചെന്നൈയിലും നടക്കും.


 

സന്ദേശം ജനങ്ങളിലെത്തിക്കുന്നതിന് കൈകളിൽ പ്ലക്കാർഡുമേന്തി നോയൽ തെരുവിൽ മണിക്കൂറുകളോളം നിൽക്കുന്നതാണ് സമരരീതി. രണ്ടാമതൊന്നു നോക്കാതെ ചിലരൊക്കെ നടന്നകലാറുണ്ടെങ്കിലും ഒരുപാട് പേർ ഈ സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നുണ്ടെന്നും അവിടം വിട്ടുപോകുന്നതിന് മുൻപ് കുറച്ചുനിമിഷങ്ങൾ തന്നോടൊപ്പം നിൽക്കുന്നുണ്ടെന്നും നോയൽ പറയുന്നു.


 

ഇതുവരെയും ഒറ്റയ്ക്കാണ് പ്രകടനങ്ങൾ നോയൽ സംഘടിപ്പിച്ചത്. പ്രകടനത്തിൽ പങ്കുകൊള്ളാനെത്തിയ ചില സുഹൃത്തുക്കൾ സഹായത്തിനെത്തിയെങ്കിലും. പക്ഷേ ഒരുമാസം പിന്നിട്ടിട്ടും ഇപ്പോഴും തന്റെ സമരം വേണ്ടത്ര ജനങ്ങളിൽ എത്തിയിട്ടില്ലെന്നത് അദ്ദേഹത്തെ നിരാശനാക്കുന്നുണ്ട്. 


 

ബലാത്സംഗക്കേസുകൾ തലക്കെട്ടുകൾ പിടിച്ചെടുക്കുന്നെങ്കിലും ആദ്യത്തെ ഒരു ബഹളത്തിന് ശേഷം അത് കെട്ടടങ്ങുന്നുവന്നത് ഈ യുവഭിഷഗ്വരനെ അസ്വസ്ഥനാക്കുന്നു. സോഷ്യൽ മീഡിയാ ആക്്ടിവിസത്തിൽ ആളുകൾ ഒതുങ്ങുന്നതും നോയലിനെ അസ്വസ്ഥനാക്കുന്നു.


 

'തങ്ങളുടെ ആക്ടിവിസം സാമൂഹ്യമാധ്യമങ്ങളിൽ മാത്രം ഒതുക്കുന്നതിന് ഞാൻ അവരെ കുറ്റപ്പെടുത്തുന്നില്ല. ഇങ്ങനെയൊരു പ്രശ്‌നം മുന്നോട്ടുകൊണ്ടുപോകുന്നതിന് വേണ്ട അടിത്തറ പാകാൻ അവർക്ക് സമയം ചെലവിടാനില്ല. ആളുകൾക്ക് അവരുടേതായ വ്യക്തിജീവിതങ്ങളുണ്ട്. മുൻഗണനകളുണ്ട്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഈ പ്രശ്‌നം രാജ്യത്തെ ബലാത്സംഗത്തെക്കുറിച്ചുള്ള മാധ്യമവാർത്തകളെപ്പോലെ കെട്ടടങ്ങുന്നില്ല. മാസത്തിലൊന്നുവീതം അടുത്ത ഏപ്രിൽ വരെ ഞാൻ ഇത്തരത്തിലുള്ള പ്രകടനങ്ങൾ സംഘടിപ്പിക്കുന്നുണ്ട്..'  നോയൽ പറയുന്നു. 

കൊച്ചിയിലെ നിശ്ശബ്ദപ്രകടനത്തിന് അഞ്ചുപേർ മാത്രമാണ് എത്തിച്ചേർന്നതെങ്കിലും മാംഗലൂരുവിൽ നാല്പതുപേരോളം എത്തിച്ചേർന്നു.


 

' എന്റെ പേരിൽ ഈ സമരം അറിയപ്പെടണം എന്നെനിക്കില്ല എന്നതാണ് ഒരു കാര്യം. മുഴുവൻ സമൂഹവും ഏറ്റെടുക്കുന്ന ഒന്നായി ഈ സമരത്തെ  മാറ്റാനാണ് എന്റെ ശ്രമം..' മാധ്യമങ്ങളുടെ സമരത്തോടുള്ള അവഗണനയെക്കുറിച്ച് പ്രതികരിക്കവേ നോയൽ പറയുന്നു.

 

Become a TNM Member for just Rs 999!
You can also support us with a one-time payment.