കോടതിയിലും നിയമവാഴ്ച ഇല്ലാതാകുമോ?

അഭിഭാഷക സംഘടനയില്‍ അംഗമായാല്‍ ഒരാള്‍ക്ക് അഭിപ്രായപ്രകടനസ്വാതന്ത്ര്യം നഷ്ടപ്പെടും എന്നുവരുന്നത് ഈ സംഘടനകള്‍ എവിടെ നില്‍ക്കുന്നു എന്ന ചോദ്യം ഉയര്‍ത്തുന്നുണ്ട്.
കോടതിയിലും നിയമവാഴ്ച  ഇല്ലാതാകുമോ?
കോടതിയിലും നിയമവാഴ്ച ഇല്ലാതാകുമോ?
Written by:

കഴിഞ്ഞ ദിവസങ്ങളില്‍ ടെലിവിഷന്‍ ചാനലുകളില്‍ കണ്ട മൂന്നു ദൃശ്യങ്ങള്‍ മനസ്സില്‍നിന്നു മായുന്നില്ല.

ജനാധിപത്യവ്യവസ്ഥയിലും അതിന്റെ മൂല്യങ്ങളിലും വിശ്വസിക്കുന്ന പൗരന്മാരുടെ മനസ്സുകളില്‍ ഈ ചിത്രങ്ങള്‍ കടുത്ത ആശങ്കയാണ് ഉയര്‍ത്തുക.

അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഇടപെടുകയും എല്ലാം ഒത്തുതീര്‍പ്പായി എന്ന് അവകാശപ്പെടുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടു ദിവസം കഴിഞ്ഞ കൊച്ചിയില്‍ വന്നപ്പോള്‍ പത്രപ്രവര്‍ത്തകരുമായി സംസാരിക്കുന്നതായിരുന്നു ആദ്യരംഗം.

ഒത്തുതീര്‍പ്പായി എന്നു മുഖ്യമന്ത്രി പറഞ്ഞ പ്രശ്്‌നം അതേപടി നില്‍ക്കുകയാണ്, അഭിഭാഷകസംഘടനകളുടെ സമീപനത്തില്‍ ഒരു മാറ്റവുമുണ്ടായിട്ടില്ലല്ലോ എന്ന് ഒരു റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോള്‍തന്നെ മുഖ്യമന്ത്രിയുടെ മുഖഭാവത്തില്‍ മാറ്റം ദൃശ്യമായിരുന്നു.

കോടതിയില്‍ പോയാല്‍ ഞങ്ങള്‍ ഇനിയും തല്ലുവാങ്ങേണ്ടിവരുമോ എന്ന അടുത്ത ചോദ്യം കൂടി കേട്ടപ്പോള്‍ മുഖ്യമന്ത്രിയുടെ മുഖത്ത് രോഷം അലയടിച്ചു.

ഇതു ചര്‍ച്ച ചെയ്യാനാണോ ഞാന്‍ ഇവിടെ വന്നത്? എനിക്ക് മറുപടി പറയാന്‍ അറിയാഞ്ഞിട്ടല്ല എന്നു തുടങ്ങിയ രണ്ടുമൂന്ന് വാചകങ്ങള്‍ പറഞ്ഞ ശേഷം അദ്ദേഹം ക്ഷുഭിതനായി എഴുന്നേറ്റു. 

മുഖ്യമന്ത്രിയുടെ നിയമ ഉപദേശകന്‍ പദവി സ്വീകരിക്കുന്നില്ല എന്നു പ്രഖ്യാപിച്ച ശേഷം ഏതോ ചടങ്ങിനിടയില്‍ അഡ്വ.എം.കെ.ദാമോദരനെ പത്രക്കാര്‍ കാണുന്നതായിരുന്നു മറ്റൊരു ദൃശ്യം.

അദ്ദേഹം പത്രക്കാരുടെ ഒരു ചോദ്യത്തിനും ഉത്തരം നല്‍കിയില്ല.

നിങ്ങള്‍ എന്നോട് ഉടനീളം അനീതി കാട്ടി എന്ന വാചകം അദ്ദേഹം പലവട്ടം ആവര്‍ത്തിച്ചു. യു വേര്‍ അണ്‍ഫെയര്‍ ടു മി ത്രൂഔട്ട് -. അതുകൊണ്ട് ഒരു ചോദ്യത്തിനും മറുപടി തരില്ല എന്നു പറഞ്ഞില്ലെന്നേയുള്ളൂ, അതായിരുന്നു അര്‍ത്ഥം. പിണറായിയില്‍ നിന്നു വ്യത്യസ്തനായി, ദാമോദരന്‍ മൃദുലഭാവത്തോടെയാണ് സംസാരിച്ചത് എന്നും പറയേണ്ടതുണ്ട്.  

ഇനിയും ഒരു രംഗം, എല്ലാം ഒത്തുതീര്‍പ്പായി എന്ന പ്രഖ്യാപനത്തിനു ശേഷം ഉണ്ടായ മാധ്യമവിലക്കുകളെക്കുറിച്ചു നടന്ന ചാനല്‍ ചര്‍ച്ചയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ.രംകുമാന്റെ പ്രകടനമായിരുന്നു.

പുതിയ വിലക്കുകളെ ന്യായീകരിക്കാന്‍ അദ്ദേഹം പറഞ്ഞ ന്യായങ്ങളിലൊന്ന് ആരെയും ഞെട്ടിക്കും.  

ചില വനിതാറിപ്പോര്‍ട്ടര്‍മാര്‍ ചേമ്പറില്‍ പോയി ജഡ്ജിമാരെ സ്വാധീനിക്കുന്നത് തടയാനാണ് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തിയത് എന്നാണ്. ഇതു മാതൃഭൂമി ചാനലിലാണ് അദ്ദേഹം പറഞ്ഞത്. 

മുഖ്യമന്ത്രിയുടെ ഒളിച്ചോട്ടം

കോടതിത്തര്‍ക്കം പരിഹരിക്കാന്‍ യോഗം വിളിച്ചുചേര്‍ത്തതും എല്ലാം പരിഹരിച്ചു എന്ന് പ്രഖ്യാപിച്ചതും ആര്‍ക്കോ വേണ്ടിയുള്ള ഒരു ഒക്കാനമായിരുന്നു എന്ന് അന്നേ അദ്ദേഹം പെരുമാറ്റംകൊണ്ടു തോന്നിപ്പിക്കുന്നുണ്ടായിരുന്നു.

പത്രപ്രവര്‍ത്തകരും വക്കീലന്മാരും തമ്മില്‍ ശരിക്കുപറഞ്ഞാല്‍ തൊഴില്‍പരമായ ഒരു ബന്ധവുമില്ല, അവര്‍തമ്മില്‍ ഒരു പ്രശ്‌നവുമില്ല. 

വക്കീലന്മാരുടെ ഒരു സൗകര്യങ്ങളിലും റിപ്പോര്‍ട്ടര്‍മാര്‍ ഇടപെടുന്നില്ല. അവരുടെ കോടതിയിലെ ഒരു പ്രവര്‍ത്തനത്തിലും റിപ്പോര്‍ട്ടര്‍മാരുമായി ഒരു കാലത്തും തര്‍ക്കമോ കേസ്സോ ഒന്നും ഉണ്ടായിട്ടില്ല. രണ്ടാള്‍ രണ്ടു വഴിയിലാണ് പ്രവര്‍ത്തിക്കാറുള്ളത്.

കേസ് വിവരങ്ങള്‍ ശേഖരിക്കുന്നതുപോലും വക്കീലന്മാരില്‍നിന്നല്ല. കോടതി മുറിയില്‍നിന്നും ഫയലുകള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥന്മാരില്‍നിന്നുമാണ്.

വിചാരണ നടക്കുമ്പോള്‍ നേരിട്ട് ചെന്നിരുന്നു എഴുതിയെടുക്കുകയും പിന്നീട് ആവശ്യമെങ്കില്‍ സംശയങ്ങള്‍ കോടതി ഓഫീസില്‍ ചെന്നു പരിഹരിക്കുകയുമാണ് ചെയ്തുവരുന്നത്.

വക്കീലന്മാര്‍ അവരുടെ പേരും കേസ് വിവരവും പുറത്തറിയാന്‍ റിപ്പോര്‍ട്ടര്‍മാരെ കാണാറുണ്ട്. അതു ഇരുകൂട്ടര്‍ക്കും ഒരുപോലെ ആവശ്യമുള്ളതുമാണ്. 

അനേക പതിറ്റാണ്ടുകളുടെ ബന്ധത്തിലുണ്ടായ സംഘര്‍ഷം തീര്‍ക്കാന്‍ ഇടപെട്ട മുഖ്യമന്ത്രി, തന്റെ ശ്രമത്തിന്റെ വിജയപരാജയങ്ങളെക്കുറിച്ചുള്ള പ്രതികരണത്തില്‍ അതീവ തല്പരനാകേണ്ടതായിരുന്നു, കാര്യങ്ങള്‍ ചോദിച്ചറിയേണ്ടതായിരുന്നു.

തര്‍ക്കത്തിലെ കക്ഷികള്‍ കൂടിയാണ് പത്രലേഖകര്‍ എന്നതുകൊണ്ടു പ്രശ്‌നം പരിഹരിക്കാന്‍ തന്റെ ഭാഗത്തുനിന്ന് കഴിയുന്നതെല്ലാം ഇനിയും ചെയ്യും എന്നുറപ്പു നല്‍കേണ്ടതായിരുന്നു.

കേരളം ഭരിച്ച ഏതു മുഖ്യമന്ത്രിയും -ഇ.എം.എസ് മുതല്‍ ഉമ്മന്‍ചാണ്ടി വരെ ആരും- അങ്ങനെയേ ചെയ്യുമായിരുന്നുള്ളൂ.

എല്ലാം ശരിയാക്കാന്‍ ജനങ്ങള്‍ മുഖ്യമന്ത്രിയാക്കിയ ആള്‍ക്ക് പ്രശ്‌നം ശരിയാക്കാന്‍ കഴിഞ്ഞില്ലെന്നതു പോകട്ടെ, തര്‍ക്കത്തിലെ ഒരു കക്ഷി പറയുന്നതു കേള്‍ക്കാന്‍   മനസ്സില്ല എന്നത് ആരെയും ആശങ്കാകുലരാക്കും. ഇതിനുശേഷം നാലുദിവസം കഴിഞ്ഞ് ഇതേ പ്രശ്‌നത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്, ഇപ്പോള്‍ പ്രതികരിക്കുന്നില്ല എന്നായിരുന്നു എന്നുകൂടി ഓര്‍ക്കണം.

മുഖ്യമന്ത്രി മുഖ്യമന്ത്രിയെത്തന്നെ ഭയപ്പെടുന്നോ എന്നു സംശയിക്കണം. ഒരു ചോദ്യം കേട്ടപ്പോള്‍ തന്നെ ക്ഷോഭിച്ച ആള്‍ ഒരു മുഴുനീള പത്രസമ്മേളനത്തിലിരുന്നാല്‍ എന്താവും സംഭവിക്കുക? ആഴ്ചതോറുമുള്ള പത്രസമ്മേളനങ്ങള്‍ അദ്ദേഹം ഒഴിവാക്കിയത് ആത്മരക്ഷാര്‍ത്ഥമായിരിക്കാം. കുറ്റപ്പെടുത്തിക്കൂടാ! 

ദാമോദരന്റെ പരിഭവം

യു വേര്‍ അണ്‍ഫെയര്‍ ടു മി ത്രൂഔട്ട് എന്ന എം.കെ.ദാമോദരന്റെ പരിഭവം ആരോടായിരുന്നു?

തിരുവനന്തപുരത്തെ മാധ്യമലേഖകന്മാരോട്. അവരാരും ദാമോദരന്റെ നിയമനത്തില്‍ ഇടപെട്ടവരല്ല. അവര്‍ അന്നന്നു നടക്കുന്ന സംഭവങ്ങള്‍ ജനങ്ങളെ അറിയിക്കുന്ന സന്ദേശവാഹകര്‍ മാത്രമാണ്.

 ദാമോദരന്‍ നിയമനം തിരസ്‌കരിച്ചത് മുഖ്യമന്ത്രിയുടെ പാര്‍ട്ടിയില്‍നിന്നു തന്നെ ഉണ്ടായ വിപരീത പ്രതികരണം, ഘടകകക്ഷിയായ സി.പി.ഐ.യുടെ എതിര്‍പ്പ്, ചാനലുകളിലും പുറത്തും രാഷ്ട്രീയനിരീക്ഷകരും പൊതുസമൂഹത്തില്‍നിന്നുള്ളവരും പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍, സാമൂഹ്യമാധ്യമങ്ങളിലെ രൂക്ഷപ്രതികരണങ്ങള്‍, ഏറ്റവുമൊടുവില്‍ ബി.ജെ.പി.പ്രസിഡന്റ് കോടതിയില്‍ ഫയല്‍ചെയ്ത കേസ് എന്നീ കാരണങ്ങള്‍ കൊണ്ടായിരുന്നു.

ഈ സംഭവങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തു എന്നതാണ് മാധ്യമലേഖകര്‍ അദ്ദേഹത്തോടു ചെയ്തതായി അദ്ദേഹം കരുതുന്ന അനീതി. 

ഹൈക്കോടതിപ്രശ്‌നവും ദാമോദരന്‍പ്രശ്‌നവുമായി ബന്ധം കാണുന്നവര്‍ നിയമരംഗത്തുതന്നെയുണ്ട്. മുഖ്യമന്ത്രിയുടെ തീര്‍ത്തും നിസ്സംഗവും ഒട്ടും സഹതാപപരല്ലാത്തതുമായ പ്രതികരണവും ദാമോദരന്റെ മാധ്യമങ്ങളോടുള്ള പരിഭവവും തന്നെയാണ് ഇതിനു തെളിവായി എടുത്തുകാട്ടാനാവുക. ഇതാര്‍ക്കും തെളിയിക്കാനാവില്ല, അതുകൊണ്ടുതന്നെ തെറ്റുമാവാം.

രണ്ടായാലും, ഇക്കാര്യത്തില്‍ ഒരു പൊതുനിലപാടാണ് രണ്ടു പേര്‍ക്കും ഉള്ളതെന്നു പറയാതെ നിവൃത്തിയില്ല.

മാധ്യമങ്ങള്‍ തങ്ങളോടു അനീതി കാട്ടി. അതുകൊണ്ട് അവരോട്് ഇങ്ങനെയൊക്കെ പെരുമാറിയാല്‍ മതി എന്നാതാണ് ആ നിലപാട്. 

തന്റെ നിയമനം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ എതിര്‍പ്പൊന്നും പറയാത്തവരും പിന്നീട് എതിര്‍പ്പുമായി രംഗത്തിറങ്ങി എന്നു ദാമോദരന്‍ ഒരു തവണ പറയുകയുണ്ടായി.

അദ്ദേഹത്തോട് ആര്‍ക്കും വ്യക്തിവിരോധം ഉണ്ടായിരുന്നില്ല എന്നതിനു ഇതില്‍പരം തെളിവുവേണ്ട.

വ്യക്തിക്കപ്പുറമുള്ള, രാഷ്ട്രീയവും നിയമപരവും ധാര്‍മികവും പൊതുതാല്പര്യ സംബന്ധവുമായ കാര്യങ്ങളാണ് അവരുടെ നിലപാടുകള്‍ മാറാന്‍ കാരണമെന്നു സമ്മതിക്കുകയാണ് ദാമോദരന്‍ പരോക്ഷമായി ചെയ്തിരിക്കുന്നത്.

അഡ്വക്കറ്റ് ജനറലിനു മേലെ ഉപദേശകസ്ഥാനം നേടുകയും അതിന്റെ ബലത്തില്‍ സര്‍ക്കാര്‍ സംവിധാനത്തെ വരുതിയിലാക്കുകയും എന്നിട്ട് സര്‍ക്കാറിനെതിരെയുള്ള കേസ്സുകളില്‍ സ്വകാര്യവ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വേണ്ടി കോടതിയില്‍ ഹാജരാകുകയും ചെയ്യുന്നതിലായിരുന്നു എല്ലാ എതിര്‍പ്പും. ഇതിലെ കോണ്‍ഫഌക്റ്റ് ഓഫ് ഇന്ററസ്റ്റ് പ്രശ്‌നം ദാമോദരനും അറിയായ്കയല്ല.

പിണറായി വിജയന്‍ സര്‍ക്കാറിന്റെ മധുവിധുകാലത്തു മാധ്യമങ്ങളും പൊതുസമൂഹവും ഇങ്ങനെ പ്രതികരിക്കും എന്നു വിചാരിച്ചതല്ല-അതിലാണ് വിഷമം.

രാംകുമാര്സദാചാര പൊലീസോ?

വനിതാ മാധ്യമപ്രവര്‍ത്തകര്‍ ചേമ്പറുകളില്‍ കയറി ജസ്റ്റിസുമാരെ സ്വാധീനിക്കുന്നതാണ് നിയന്ത്രണം ഉണ്ടാകാന്‍ പ്രധാന കാരണം എന്ന് ഒരു ചാനല്‍ ചര്‍ച്ചയില്‍ സീനിയര്‍ അഭിഭാഷകന്‍ രാം കുമാര്‍ പറഞ്ഞുത് ആര്‍ക്കെതിരെയുള്ള കുറ്റപത്രമാണ്?  

സ്ത്രീവിരുദ്ധവും  ജസ്റ്റിസുമാരെ അവഹേളിക്കുന്നതുമാണ് ഈ അധിക്ഷേപം.  

ഒരു സീനിയര്‍ അഭിഭാഷകന്‍ പോലും ഇത്തരം ചെറിയ തര്‍ക്കങ്ങളിലും  ലക്ഷമണരേഖ കടക്കും എന്നതു വലിയ ഒരു പാഠമാണ്. 

ന്യായവും നീതിയും നോക്കാന്‍ തൊഴില്‍പരമായി -വ്യക്തിപരമായല്ല-അഭിഭാഷകര്‍ ബാധ്യസ്ഥരല്ല.

കക്ഷിക്കു വേണ്ടി വാദിക്കാനുള്ള ലോ പോയന്റുകളും തെളിവുകളും ശേഖരിക്കുന്നതിലാണ് അവരുടെ വൈദഗ്ദ്ധ്യം. ബലാല്‍സംഗപീഡനത്തിനു ഇരയായ പെണ്‍കുട്ടിയെ ക്രോസ് വിസ്താരം ചെയ്യുമ്പോഴും പ്രതിയുടെ അഭിഭാഷകന് അവളോട് സഹതാപമോ മര്യാദ പോലുമോ പ്രകടിപ്പിക്കാനാവില്ല.

അവള്‍ കാശു വാങ്ങി സ്വമേധയാ വ്യഭിചരിക്കുകയായിരുന്നു എന്നു തെളിയിക്കാന്‍തന്നെ അഭിഭാഷകന്‍ ശ്രമിച്ചേക്കാം. 

നേരെ വിരുദ്ധമാണ് മാധ്യമപ്രവര്‍ത്തകനില്‍നിന്ന് തൊഴിലും സമൂഹവും പ്രതീക്ഷിക്കുന്ന ധാര്‍മികത. അവന്‍ സത്യത്തിന്റെയും ശരിയുടെയും നീതിയുടെയും മര്യാദയുടെയും ധാര്‍മികതയുടെയും പക്ഷത്തുനില്‍ക്കണം.

അതാണ് മാധ്യമധര്‍മം എന്ന് എല്ലാവരും പറയും. അതെത്രത്തോളം നടപ്പുണ്ട്് എന്നതുമറ്റൊരു വിഷയമാണ്. 

ശമ്പളം തരുന്ന മുതലാളി പറയുംപോലെ അവന്‍ എഴുതിയാല്‍ അതു മുതലാളിക്കുവേണ്ടി പാദസേവ ചെയ്യലാണ് എന്നു അധിക്ഷേപിക്കപ്പെടും. അഭിഭാഷകന്‍ ഫീസ് വാങ്ങി ബലാല്‍സംഗക്കാരനുവേണ്ടി വാദിച്ചാല്‍  അധിക്ഷേപിക്കപ്പെടില്ല.

രണ്ടു തൊഴിലുകളുടെ ധാര്‍മിതകള്‍ തമ്മില്‍ ഒരുപാടന്തരമുണ്ട്. പക്ഷേ, പൊതുപ്രശ്ങ്ങളും പൊതുതാല്പര്യവും വരുമ്പോള്‍ അവര്‍ ഒരേപോലെ പൊതുതാല്പര്യം ഉയര്‍ത്തിപ്പിടിക്കണം.

അഭിഭാഷകരുടെ ഔന്നത്യം

നമ്മുടെ നാട്ടില്‍ രാഷ്ട്രീയത്തിലും സാമൂഹ്യപ്രശ്‌നങ്ങളിലും മനുഷ്യാവകാശപ്രശ്‌നങ്ങളിലും ഇടപെടുകയും നീതിക്കുവേണ്ടി പൊരുതുകയും ചെയ്യുന്നവരിലേറെ അഭിഭാഷകരാണ് എന്നതും മറക്കാന്‍ പാടില്ല.

നിയമപഠനത്തിലൂടെ ശക്തിപ്പെടുന്നതാണ് അവരുടെ സാമൂഹ്യബോധം.

പൊതുപ്രശ്‌നങ്ങളില്‍ വ്യക്തിപരമായ താല്പര്യമോ സംഘടനാപരമായ താല്പര്യമോ, തൊഴില്‍വിഭാഗം എന്ന നിലയിലുള്ള താല്പര്യവുമോ അല്ല, പൊതുസമൂഹത്തിന്റെ താല്പര്യമാണ് സാമൂഹ്യബോധമുള്ള വ്യക്തികള്‍ പരിഗണിക്കേണ്ടത്.

അഭിഭാഷക-മാധ്യമ തര്‍ക്കത്തില്‍ അത് ഏറെ ഉച്ചത്തില്‍ ധീരമായി ആവര്‍ത്തിച്ചു വിളിച്ചുപറഞ്ഞത് പ്രമുഖരായ കുറെ അഭിഭാഷകര്‍തന്നെയാണ് എന്നത് അഭിഭാഷകര്‍ക്ക്  അഭിമാനിക്കാവുന്ന കാര്യമാണ്.

സെബാസ്റ്റ്യന്‍ പോളും കാളീശ്വരം രാജും സി.പി.ഉദയഭാനുവും ശിവന്‍ മഠത്തിലും എ.ജയശങ്കറും വനിതാ അഭിഭാഷക സംഗീതയും ഉയര്‍ത്തിപ്പിടിച്ചത് തങ്ങള്‍ അംഗങ്ങളായ സംഘടനയുടെ സങ്കുചിതതാല്പര്യങ്ങളല്ല, പൊതുസമൂഹത്തിന്റെ താല്പര്യമാണ്. 

ശരി എന്ത് എന്നു പറയുക മാത്രമാണ് അവര്‍ ചെയ്തത്.

അതിന്റെ പേരിലാണ് അവര്‍ അച്ചടക്കനടപടി നേരിടുന്നത്. അഭിഭാഷക സംഘടനയില്‍ അംഗമായാല്‍ ഒരാള്‍ക്ക് അഭിപ്രായപ്രകടനസ്വാതന്ത്ര്യം നഷ്ടപ്പെടും എന്നുവരുന്നത് ഈ സംഘടനകള്‍ എവിടെ നില്‍ക്കുന്നു എന്ന ചോദ്യം ഉയര്‍ത്തുന്നുണ്ട്.

ഇതു മാധ്യമക്കാരും വക്കീലന്മാരും തമ്മിലുള്ള പ്രശ്‌നമല്ലേ, ജനത്തിനു എന്തുകാര്യം എന്നൊരു ചോദ്യവും ഉയരാം.

അത്രയേ ഉണ്ടായിരുന്നുള്ളൂ മുഖ്യമന്ത്രി ചര്‍ച്ച നടത്തുംവരെ. അതിനു ശേഷമാണ് ജനങ്ങളുടെ കൂടി പ്രശ്‌നമായത്. കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ കയറാതിരിക്കാനുള്ള സെക്യൂറിറ്റി ഗാര്‍ഡിന്റെ പണിയും ഇപ്പോള്‍ ഗൗണിട്ട അഭിഭാഷകര്‍ ഏറ്റെടുത്തിരിക്കുന്നു. ഇത് മഹത്വമുള്ള ആ വേഷത്തെ അപമാനിക്കലാണ്.

 അവര്‍ നിയമം കയ്യിലെടുക്കുകയാണ്. ചിലരുടെ സ്വര്‍ത്ഥതാല്പര്യം സംരക്ഷിക്കുന്നതിനും വാര്‍ത്തയെഴുതിയവരോടുള്ള പ്രതികാരം തീര്‍ക്കുന്നതിനുംവേണ്ടി, ജനങ്ങളുടെ അറിയാനുള്ള അവകാശം നിഷേധിക്കുകയാണ്.  ഇതൊന്നും കണ്ടില്ലെന്നു നടിക്കുകയാണ് എല്ലാം ശരിയാക്കുമെന്നു നമുക്കുറപ്പു നല്‍കിയ മുഖ്യമന്ത്രി. അതേറെ സങ്കടകരമാണ്.

Related Stories

No stories found.
The News Minute
www.thenewsminute.com