കേരളത്തിലും ഗുസ്തി നിര്‍ത്തി ദോസ്തുക്കളാകുമോ അവര്‍ ?

രണ്ടു വട്ടം കോണ്‍ഗ്രസ് വിഭാഗങ്ങള്‍ സി.പി.എം.പക്ഷത്ത് ചേര്‍ന്ന് മത്സരിച്ചതും ഒരിക്കല്‍ ഒപ്പം ഭരിച്ചതും കേരളം മറന്നിട്ടില്ല.
കേരളത്തിലും ഗുസ്തി നിര്‍ത്തി ദോസ്തുക്കളാകുമോ അവര്‍ ?
കേരളത്തിലും ഗുസ്തി നിര്‍ത്തി ദോസ്തുക്കളാകുമോ അവര്‍ ?
Written by:

കേരളരാഷ്ട്രീയം എത്രയോ കാലമായി സി.പി.എം.-കോണ്‍ഗ്രസ് കക്ഷികള്‍ തമ്മിലുള്ള കൊടുംശത്രുതയെ ചുറ്റിപ്പറ്റിയാണ് രൂപപ്പെട്ടുകൊണ്ടിരുന്നത്. പക്ഷേ, ഈ രണ്ട് ശത്രുക്കള്‍ ചില ചരിത്രസന്ധികളില്‍ അധികാരം കിട്ടാന്‍ വഴിയന്വേഷിച്ച് മിത്രങ്ങളായ അനുഭവവും ഉണ്ടായിട്ടുണ്ട്.

രണ്ടു വട്ടം കോണ്‍ഗ്രസ് വിഭാഗങ്ങള്‍ സി.പി.എം.പക്ഷത്ത് ചേര്‍ന്ന് മത്സരിച്ചതും ഒരിക്കല്‍ ഒപ്പം ഭരിച്ചതും കേരളം മറന്നിട്ടില്ല. അടിയന്തരാവസ്ഥയുടെ അന്ത്യത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ അധികാരം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ഇന്ദിരാഗാന്ധിയെ കയ്യൊഴിഞ്ഞ കോണ്‍ഗ്രസ്സുകാര്‍ കേരളത്തില്‍ സി.പി.എമ്മിനൊപ്പം നിന്നാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.

പിന്നെ ഇവര്‍ ഒത്തുഭരിക്കുകയും ചെയ്തു. എ.കെ.ആന്റണിയായിരുന്നു ഈ പക്ഷത്തിന്റെ നേതാവ്. നിത്യശത്രുവായ സി.പി.എമ്മിനൊപ്പം ചേര്‍ന്നതിന് കെ.കരുണാകരന്റെ നേതൃത്വത്തിലുള്ള ഇന്ദിരാപക്ഷം ആന്റണിയുടെ കോണ്‍ഗ്രസ്സിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചുപോന്നിട്ടുണ്ട്. 


 

കുറെ കാലം കഴിഞ്ഞപ്പോള്‍ ഇതിന്റെ വിപരീതം സംഭവിച്ചു. ആന്റണിപക്ഷവുമായി അടിച്ചുപിരിഞ്ഞ ലീഡര്‍ വേറെ വഴിയൊന്നും കാണാതെ കോണ്‍ഗ്രസ് വിട്ടു. ഡി.ഐ.സി എന്ന പേരിലൊരു പാര്‍ട്ടിയുണ്ടാക്കി. സി.പി.എമ്മുമായി കൂടില്ല എന്ന് ആവര്‍ത്തിച്ചു കൊണ്ടിരിക്കെത്തന്നെ മെല്ലെ അവരുമായി അടുത്തുതുടങ്ങി. തദ്ദേശസ്വയംഭരണതിരഞ്ഞെടുപ്പില്‍ ഡി.ഐ.സി.-സി.പി.എം കൂട്ടുകെട്ടുണ്ടായി. നല്ല ഗുണം കിട്ടുകയും ചെയ്തു.

 

ഡി.ഐ.സി-സി.പി.എം ബന്ധം ജനങ്ങള്‍ അംഗീകരിച്ചതിന് തെളിവാണിത് എന്ന് പാര്‍ട്ടി സിക്രട്ടറി പിണറായി വിജയന്‍ പ്രഖ്യാപിച്ചെങ്കിലും പാര്‍ട്ടി അതംഗീകരിച്ചില്ല. വി.എസ്. അച്യൂതാനന്ദന്‍ കെ.കരുണാകരനുമായി കൂട്ടൂകൂടാന്‍ കൂട്ടാക്കിയില്ല. മുമ്പ് ആന്റണി മടങ്ങിയതുപോലെ നിവൃത്തിയില്ലാതെ ലീഡര്‍ കോണ്‍ഗ്രസ്സിലേക്ക് മടങ്ങിയത് സമീപകാല ചരിത്രമാണ്. 

ഇത്രയുമെല്ലാം പറഞ്ഞത് കേരളത്തില്‍ ഗുസ്തി നിത്യസംഭവം ആണെങ്കിലും നിവൃത്തിയില്ലാതെ വന്നപ്പോഴെല്ലാം കോണ്‍ഗ്രസ്സും സി.പി.എമ്മും ദോസ്തുക്കളായിട്ടുണ്ട് എന്ന് സൂചിപ്പിക്കാന്‍ മാത്രമാണ്. പ.ബംഗാളിലും ഇതേ സംഭവിച്ചിട്ടുള്ളൂ. ഇവിടെ സി.പി.എമ്മിന് നിലനില്‍ക്കാന്‍ നിവൃത്തിയില്ലാത്ത അവസ്ഥയൊന്നും രണ്ട് ഘട്ടത്തിലും ഉണ്ടായിട്ടില്ല.

 

കോണ്‍ഗ്രസ്സില്‍നിന്നാവട്ടെ, മുസ്ലിംലീഗില്‍നിന്നാവട്ടെ, കേരളാ കോണ്‍ഗ്രസ്സില്‍നിന്നാവട്ടെ എന്തിനേറെ, ബി.ജെ.പി.യില്‍ നിന്നുപോലും കഷണങ്ങള്‍ മുറിഞ്ഞുവീണപ്പോള്‍ സി.പി.എം അവയെ പാഞ്ഞുചെന്ന് പെറുക്കിയെടുത്തിട്ടുണ്ട്. ഇങ്ങനെ പെറുക്കിയെടുത്ത എല്ലാ ഗ്രൂപ്പുകളും ഒന്നുകില്‍ സ്വയംമടുത്ത് തിരിച്ചുപോയിട്ടുണ്ട്, അല്ലെങ്കില്‍ അവയെ മടുത്ത് സി.പി.എം വഴിയില്‍ കളഞ്ഞിട്ടുണ്ട് എന്നത് വേറെ കാര്യം. 

 

 

ബംഗാള്‍ അനുഭവ പാഠങ്ങള്‍


 

പ.ബംഗാളില്‍ കോണ്‍ഗ്രസ്സിനേക്കാള്‍ വലിയ നിവൃത്തികേട് സി.പി.എമ്മിനാണുണ്ടായിരുന്നത്. മുപ്പത്തിനാല് വര്‍ഷത്തെ ഭരണത്തിന്റെ അന്ത്യത്തില്‍ തോല്‍പ്പിക്കപ്പെട്ടപ്പോള്‍ ഇനി അഞ്ചുവര്‍ഷം പ്രതിപക്ഷത്തിരിക്കുന്നതുകൊണ്ട് യാതൊരു പ്രശ്‌നവും ഉണ്ടാവില്ല,

 

അത്ര കാലത്തെ മമതയുടെ ഭരണം ജനങ്ങളെ അവരുടെ ശത്രുക്കളാക്കുമെന്നും അടുത്ത തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ സി.പി.എമ്മിനെ നിസ്സംശയം തിരിച്ചുകൊണ്ടുവരും എന്നുമായിരുന്നു പലരുടെയും ധാരണ. പ.ബംഗാള്‍ തിരഞ്ഞെടുപ്പുകളിലെ സി.പി.എം വിജയത്തെക്കുറിച്ച് 2011ലെ തിരഞ്ഞെടുപ്പുകാലത്ത് കേട്ട ഒരു തമാശയുണ്ട്. മമത എതിര്‍പക്ഷത്തുള്ള കാലത്തോളം സി.പി.എമ്മിന് ഭയപ്പെടേണ്ട കാര്യമില്ല. മമതയെ ജനങ്ങള്‍ക്ക് ഭയമാണ്. അവര്‍ മുഖ്യമന്ത്രി ആകുന്നതൊഴിവാക്കാന്‍ ജനങ്ങള്‍ സി.പി.എമ്മിന് വോട്ടുചെയ്യും എന്ന്.  

 

മമതയെ ജനം ഭരണത്തിലേറ്റി. എന്നുമാത്രമല്ല അഞ്ചുവര്‍ഷത്തിനു ശേഷം വീണ്ടുമിതാ അഞ്ചുവര്‍ഷത്തേക്ക് കൂടി ഭരണത്തിലേറ്റിയിരിക്കുന്നു. 


 

2011 ല്‍ മമതയോടൊപ്പം നിന്ന കോണ്‍ഗ്രസ്സിനെ മമത വഴിയില്‍ ഉപേക്ഷിച്ചതുകൊണ്ട് അവര്‍ക്ക് മിത്രങ്ങളില്ലാത്ത അവസ്ഥയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് അണികള്‍ തനിക്കൊപ്പം ചേരും എന്ന് മമത പ്രതീക്ഷിച്ചു. കോണ്‍ഗ്രസ്-സി.പി.എം വൈരം അരനൂറ്റാണ്ടിലേറെ നീണ്ടുനിന്നിട്ടുണ്ട്. എഴുപതുകളുടെ ആദ്യപകുതിയില്‍ സിദ്ധാര്‍ഥ ശങ്കര്‍ റായിയുടെ ഭരണകാലത്ത് നടന്ന കൊടിയ അതിക്രമങ്ങള്‍ ബംഗാളുകാര്‍ക്ക് മറക്കാനാവില്ല.

 

 കോണ്‍ഗ്രസ്സുകാര്‍ കൊന്ന സി.പി.എമ്മുകാരുടെയും സി.പി.എമ്മുകാര്‍ കൊന്ന കോണ്‍ഗ്രസ്സുകാരുടെയും ശവകുടീരങ്ങള്‍ അവിടെ ഓരോ ഗ്രാമത്തിലുമുണ്ട്. എന്നിട്ടും, അവര്‍ പഴയതെല്ലാം മറന്ന്് കൂട്ടുകൂടി. മമത എന്ന കയ്പ്പ് ഇല്ലാതാക്കാം എന്നതുമാത്രമല്ല, സി.പി.എമ്മുമായി ചേര്‍ന്നാല്‍ ഭരണത്തിലേറാമെന്ന മധുരവും അവരെ ആകര്‍ഷിച്ചിരുന്നു. 


 

രാഷ്ട്രീയത്തില്‍ രണ്ടും രണ്ടും ചേര്‍ന്നാല്‍ നാലല്ല എന്ന് എല്ലായ്‌പ്പോഴും പറയാറുണ്ടെങ്കിലും അമിത ശുഭാപ്തിവിശ്വാസക്കാര്‍ തങ്ങള്‍ക്ക് ശുഭംവരുന്ന കാര്യത്തില്‍ അന്ധമായി വിശ്വസിക്കാറുണ്ട്. കോണ്‍ഗ്രസ് മുന്‍ തിരഞ്ഞെടുപ്പില്‍ മമതക്കൊപ്പമായിരുന്നതുകൊണ്ട് ഇത്തവണ മമതയക്ക് അത്രയും വോട്ടു കുറയും. സി.പി.എമ്മുമായി ധാരണ ഉണ്ടായാല്‍ അത്രയും വോട്ട് ആ പക്ഷത്തേക്ക് നീങ്ങും. രണ്ടും ചേര്‍ന്നാല്‍ സി.പി.എം-കോണ്‍ഗ്രസ് ഭരണമുണ്ടാകും.

 

കേരളത്തിലേ മുഖ്യമന്ത്രി ആരാവും എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നുള്ളൂ.പ.ബംഗാളില്‍ സി.പി.എം. അതും തീരുമാനിച്ച മട്ടിലാണ് പെരുമാറിയത്. വോട്ടെണ്ണിയപ്പോള്‍ മൂന്നു കാര്യങ്ങള്‍ ബോധ്യപ്പെട്ടു. ഒന്ന്. ജനങ്ങള്‍ മമതയെ വെറുത്തുതുടങ്ങിയിട്ടില്ല. രണ്ട്. ജനങ്ങള്‍ സി.പി.എമ്മിന്റെ 34 വര്‍ഷഭരണം മറന്നിട്ടില്ല. മൂന്ന്്്്്, രാഷ്ട്രീയത്തില്‍ രണ്ടും രണ്ടും നാലല്ല.


 

അസ്തമിക്കുന്ന കോണ്‍.പ്രതീക്ഷകള്‍


 

കേരള രാഷ്ട്രീയത്തില്‍ ഇതിനെന്താണ് പ്രസക്തി? പ്രസക്തിയുണ്ട്. കേരളത്തില്‍ കോണ്‍ഗ്രസ്-സി.പി.എം കൂട്ടുകെട്ട് ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നത് കോണ്‍ഗ്രസ്സുകാരോ സി.പി.എമ്മുകാരോ അല്ല. ബി.ജെ.പി.ക്കാരാണ്. അതുണ്ടാവും എന്നവര്‍ പ്രതീക്ഷിക്കുന്നുമുണ്ട്.

 

കോണ്‍ഗ്രസ്സിനും സി.പി.എമ്മിനും ഭീഷണിയായി മൂന്നാം ശക്തി ഉയര്‍ന്നുവന്നപ്പോഴാണ് അതിനെ നേരിടാന്‍ രണ്ടുകൂട്ടരും ഒന്നായത്. കേരളത്തില്‍ അങ്ങനെയൊരു മൂന്നാം ശക്തിയായി ഉയര്‍ന്നുവരണമെന്ന് തീര്‍ച്ചയായും ബി.ജെ.പി.ക്ക് മോഹമുണ്ട്്. അഞ്ചു വര്‍ഷത്തിനിടയില്‍ ആ ഘ

ട്ടവും പിന്നിട്ട് കോണ്‍ഗ്രസ്സിനെ പിന്തള്ളി മുഖ്യപ്രതിപക്ഷമാവണം എന്നും അവര്‍ക്ക് അതിയായ ആഗ്രഹമുണ്ട്.  രണ്ടാം ശക്തി ആവാന്‍ കഴിയുന്ന പാര്‍ട്ടിക്ക് സമയം വരുമ്പോള്‍ ഒന്നാം ശക്തിയാവാന്‍ ഒരു പ്രയാസവുമില്ല. ഈ ലക്ഷ്യം മുന്നില്‍ വെച്ചുള്ള തന്ത്രങ്ങള്‍ക്കാവും ബി.ജെ.പി. ഇപ്പോള്‍ രൂപം നല്‍കുന്നത്.


 

അഞ്ചുവര്‍ഷത്തിനപ്പുറമുള്ള കോണ്‍ഗ്രസ്സിന്റെ സാധ്യതകള്‍ വളരെയൊന്നും പ്രതീക്ഷ ഉണര്‍ത്തുന്നതല്ല. വിശ്വാസ്യതയുള്ള പാര്‍ട്ടിയായി കോണ്‍ഗ്രസ്സിനെ കാണുന്നവരുടെ എണ്ണം ഓരോ തിരഞ്ഞെടുപ്പിലും കുറഞ്ഞുവരികയാണ്. കേരളത്തിലേതിനേക്കാള്‍ ദേശീയതലത്തിലാണ് പാര്‍ട്ടി വലിയ നേതൃത്വപ്രതിസന്ധി നേരിടുന്നത്.

 

കോണ്‍ഗ്രസ്സിനെ നയിക്കാനുള്ള രാഹുലിന്റെ പ്രാപ്തിയില്‍ കോണ്‍ഗ്രസ്സുകാര്‍ക്കെങ്കിലും വിശ്വാസമുണ്ടോ?  രാഹുല്‍ ഗാന്ധിയെ മുന്നില്‍ നിര്‍ത്തി ഒരു ദേശീയ മതേതര മുന്നണിക്ക് രൂപം നല്‍കാനോ ബി.ജെ.പി.ഭരണനയങ്ങളെ വെല്ലുന്ന ശക്തിയായി അതിനെ വളര്‍ത്തിയെടുക്കാനോ ഉള്ള സാധ്യത ഉണ്ടെന്ന് ആരെങ്കിലും കരുതുന്നുണ്ടോ?  ഇല്ല എന്ന ഉത്തരമാണ് ഈ ചോദ്യങ്ങള്‍ക്ക ലഭിക്കുക. അടുത്ത തിരഞ്ഞെടുപ്പിനെ ലക്ഷ്യംവെച്ചുള്ള മുന്നൊരുക്കങ്ങള്‍ കോണ്‍ഗ്രസ്സിന്റെ അകത്തളങ്ങളില്ല, മറ്റേതെങ്കിലും പാര്‍ട്ടികളുടെ ദേശീയനേതൃത്വത്തിലാണ് രൂപപ്പെടുക എന്നുറപ്പായിട്ടുണ്ട്്.  


 

രണ്ടാം യു.പി.എ ഭരണകാലത്തോ കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പിലോ രണ്ട് സ്‌റ്റേറ്റുകളിലെങ്കിലും സ്വാധീനമുള്ള ഒരു പാര്‍ട്ടി പോലും കോണ്‍ഗ്രസ്സിനൊപ്പം ഉണ്ടായിരുന്നില്ല. യു.പി.എ ഘടകകക്ഷികളുടെ കൂട്ടത്തില്‍ കോണ്‍ഗ്രസ് കഴിഞ്ഞാല്‍ ലോക്‌സഭയില്‍ ഏറ്റവും വലിയ പാര്‍ട്ടി ഏതെന്നറിയുമോ?

 

രണ്ട് സീറ്റുളള മുസ്ലിംലീഗ്! മൂന്നും നാലും സ്ഥാനത്തുള്ളതോ? ഓരോ സീറ്റ് ഉള്ള ആര്‍.എസ്.പി.യും കേരള കോണ്‍ഗ്രസ് (എം)ഉം. ഡി.എം.കെ. മാത്രമാണ് ഒരു സംസ്ഥ.ാനത്തെങ്കിലും രണ്ടാംസ്ഥാനമുള്ള ഏക പാര്‍ട്ടി. ഡി.എം.കെ.ക്കൊപ്പം ചേര്‍ന്ന് തമിഴ്‌നാട്ടിലും സി.പി.എമ്മിനൊപ്പം ചേര്‍ന്ന് പ.ബംഗാളിലും അധികാരത്തില്‍ പങ്കാളികളാകാം എന്ന കോണ്‍ഗ്രസ്സിന്റെ മോഹം ദയനീയമായി തകരുകയാണ് ഉണ്ടായത്. യു.പി.എ സഖ്യത്തില്‍ സി.പി.എം. ഇല്ല.  


 

എല്ലാ സംസ്ഥാനങ്ങളിലും സ്വാധീനമുള്ള ഒരു പാര്‍ട്ടി എന്ന സ്ഥാനം ബി.ജെ.പി. നേടിക്കഴിഞ്ഞു. കേരളവും കര്‍ണാടകയും ഒഴിച്ചുള്ള സംസ്ഥാനങ്ങളില്‍ ഒരിക്കല്‍ തോറ്റാല്‍ പിന്നെ തിരിച്ചുവരില്ല എന്ന ദുര്യോഗം കോണ്‍ഗ്രസ്സിനുണ്ട്. കോണ്‍ഗ്രസ്സിതര പ്രതിപക്ഷപാര്‍ട്ടികളാണ് ഒട്ടനവധി സംസ്ഥാനങ്ങളില്‍ ബി.ജെ.പി.യെ തോല്‍പ്പിക്കാന്‍ സാധ്യതയുള്ള, ഒന്നാം സ്ഥാനത്തോ രണ്ടാംസ്ഥാനത്തോ നില്‍ക്കുന്നത്.

 

ബിഹാറിലും യു.പി.യിലും പഞ്ചാബിലും ഉത്തരപ്രദേശിലും തമിഴ്‌നാട്ടിലുംആന്ധ്രയിലും ഒറീസ്സയിലും തെലുങ്കാനയിലും ഇതാണ് സ്ഥിതി. ഹിമാചല്‍ പ്രദേശും, കര്‍ണാടകയും മണിപ്പൂരും മേഘാലയയും മിസോറാമും മാത്രമാണ് കോണ്‍ഗ്രസ്സിന് ഭരണമുള്ള സംസ്ഥാനങ്ങള്‍. ദേശീയ രാഷ്ട്രീയത്തില്‍ ഒരു വിശാല ബി.ജെ.പി. വിരുദ്ധ സഖ്യത്തിന്റെ നേതൃത്വപരമായ പങ്ക് കോണ്‍ഗ്രസ് വഹിക്കുമെന്ന പ്രതീക്ഷ അസ്തമിക്കുകയാണ്. 


 

കേരളത്തിലേക്ക് വരുമ്പോള്‍

ഇത് കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ സാധ്യതകളെ ബാധിക്കാതിരിക്കില്ല. യു.ഡി.എഫിനെ നയിക്കാന്‍ അവകാശമുള്ള, മുന്നണിയിലെ ഏറ്റവും വലിയ കക്ഷി കോണ്‍ഗ്രസ് ആണോ എന്ന ചോദ്യംപോലു വൈകാതെ ഉയര്‍ന്നുവരും. ഇത്തവണ ഒരു സീറ്റിലേ ജയിച്ചുള്ളൂ എന്നത്് ബി.ജെ.പി. സാധ്യതകള്‍ കുറയ്ക്കുകയില്ല. കേന്ദ്രത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വം നിലനില്‍ക്കുന്നേടത്തോളം കേരളത്തിലും ബി.ജെ.പി. വളര്‍ന്നുകൊണ്ടേയിരിക്കും.

 

ബി.ജെ.പി.വളര്‍ച്ചയുടെ നഷ്ടം കേരളത്തില്‍ കോണ്‍ഗ്രസ്സിനാണ് ഏറ്റവും കൂടുതല്‍  ഉണ്ടാവുക എന്നതിന്റെ സൂചന കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നാം കണ്ടു. ഈ പ്രവണത ഇനിയങ്ങോട്ട് ശക്തിപ്പെടുകയേ ഉള്ളൂ. അധികാരനഷ്ടത്തിന്റെ കൂടി ഫലമായി ഇനിയും പ്രവര്‍ത്തനോര്‍ജവും ആത്മവിശ്വാസവും നഷ്ടപ്പെടാന്‍ പോകുന്നത് കോണ്‍ഗ്രസ്സിന് തന്നെയാണ്. ദുര്‍ബലമായ നേതൃത്വം കൂടുതല്‍ ഗ്രൂപ്പ് യുദ്ധങ്ങള്‍ക്ക് വഴിവെക്കും എന്ന സൂചന ഇപ്പോള്‍ത്തന്നെ പ്രകടമായിട്ടുണ്ട്.   


 

യു.ഡി.എഫ് ആണോ അല്ല ബി.ജെ.പി. ആണോ മുഖ്യപ്രതിപക്ഷം എന്ന് തീരുമാനിക്കപ്പെടാന്‍ ഇനി മൂന്നു വര്‍ഷമേ ഉള്ളൂ. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്നത്തെ യു.ഡി.എഫ് ഇതേ രൂപത്തില്‍ ഉണ്ടാകും എന്ന് ആര്‍ക്കെങ്കിലും ഉറപ്പിച്ചു പറയാനാവുമോ? നരേന്ദ്ര മോദിയും അമിത് ഷായും ചൂണ്ടലില്‍ കൊരുത്ത്്്് കെട്ടിത്താഴ്ത്തുന്ന ഇരകളില്‍ ചാടിക്കടിക്കാന്‍ മാത്രം ആര്‍ത്തിയില്ലാത്തവരാണ് ഈ ഘടകകക്ഷികള്‍ എന്നാര്‍ക്കെങ്കിലും പറയാനാവുമോ?

 

 കോണ്‍ഗ്രസ് അല്ലാത്ത ഏതെങ്കിലും പാര്‍ട്ടിയോട് ബി.ജെ.പി.ക്ക് അയിത്തമുണ്ടാകുമോ? അധികാരത്തിലേക്ക് വഴിയൊരുക്കുമെങ്കില്‍ ഏത് പാര്‍ട്ടിയും ആരെയും സ്വീകരിക്കും. ജമ്മു കാശ്മീരിലെ പി.ഡി.പി. എന്ന പാര്‍ട്ടിയെക്കുറിച്ച് ബി.ജെ.പി. പറഞ്ഞുകൊണ്ടിരുന്നത് കേട്ടവര്‍   പി.ഡി.പി. നേതൃത്വത്തിലുള്ള ഒരു മന്ത്രിസഭയില്‍ ബി.ജെ.പി. പങ്കാളിയാകുന്നതിനെക്കുറിച്ച് സങ്കല്‍പ്പിക്കുമോ? പി.ഡി.പി.യെക്കുറിച്ച് ഉപയോഗിച്ച അത്ര കഠിന വിശേഷങ്ങളൊന്നും അവര്‍ കേരളത്തിലെ മുസ്ലിം ലീഗിനെക്കുറിച്ച് ഉന്നയിച്ചിരിക്കില്ല. പി.ഡി.പി.യുമായിച്ചേര്‍ന്ന് ഭരിക്കാമെങ്കില്‍ എന്തിന് ലീഗിനെ ശാശ്വതശത്രുവായി കാണണം? 


 

പഴയ ഇംഗ്ലീഷ് തത്ത്വം മാത്രമാണ് ഇക്കാര്യത്തില്‍ നമുക്കും ബാധകമായിട്ടുള്ളത്. രാഷ്ട്രീയത്തില്‍ സ്ഥിരം ദോസ്തുകളില്ല, സ്ഥിരമായി ആരോടും ഗുസ്തിയും ഇല്ല. ഒരേ സമയം ഒരിടത്ത് ദോസ്തിയും മറ്റൊരിടത്ത് ഗുസ്തിയും ആവാം. അതുകൊണ്ടുതന്നെ കേരളത്തില്‍ നാളെ സി.പി.എം-കോണ്‍ഗ്രസ് കൂട്ടുകെട്ടിനെ ആര്‍ക്കും തള്ളിക്കളയാന്‍ കഴിയില്ല.

 

 

അത് ബി.ജെ.പി. ആഗ്രഹിക്കുന്നുത് ഒരു കാരണം കൊണ്ടുമാത്രം. അതു സംഭവിച്ചാല്‍ കോണ്‍ഗ്രസ്സിലെ അവശേഷിക്കുന്ന മാര്‍ക്‌സിസ്റ്റ് വിരുദ്ധ-മൃദു ഹിന്ദുത്വ മനോഭാവക്കാര്‍ക്ക് കൂടി ബി.ജെ.പി.യിലേക്കുള്ള വഴി എളുപ്പമാകും. ഈ വരുംകാല വിപത്തുകളെ കോണ്‍ഗ്രസ്സും യു.ഡി.എഫും എങ്ങിനെ നേരിടും എന്ന് കണ്ടുതന്നെ അറിയണം.

Related Stories

No stories found.
The News Minute
www.thenewsminute.com