സ്വതന്ത്ര മദ്യോപയോഗത്തിന്റെ അമ്പതാം വര്‍ഷത്തില്‍ കേരളം ആത്മപരിശോധനയ്ക്ക് സദ്ധമാകേണ്ടതുണ്ട്.

Malayalam Kerala2016 Thursday, April 14, 2016 - 18:25

മദ്യത്തെ എതിര്‍ക്കു നല്ലവരായ യു.ഡി.എഫുകാര്‍. മദ്യവില്പനക്കാരെ വളഞ്ഞ വഴിയിലൂടെ സഹായിക്കാന്‍ വേണ്ടി, മദ്യവര്‍ജനം മതി എന്നു പറയുന്ന ഇടതുപക്ഷക്കാര്‍. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇങ്ങനെയൊരു ചിത്രം ജനമനസ്സിലുണ്ടാക്കാന്‍ യു.ഡി.എഫ്് ശ്രമിക്കുന്നത് സ്വാഭാവികംമാത്രം. ബാര്‍കോഴ വിവാദത്തില്‍ സ്വയംരക്ഷക്ക്് പൊരുതുകയായിരുന്ന യു.ഡി.എഫിന് പെട്ടന്നാണ്് എതിരാളികളെ കേറിയടിക്കാന്‍ പഴുതുകിട്ടിയത്. അവരത് ശരിക്കും ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതുണ്ടാക്കിക്കൊടുത്തതാകട്ടെ എല്‍.ഡി.എഫും. 

എല്‍.ഡി.എഫ് ഒരു കാലത്തും മദ്യനിരോധനം ലക്ഷ്യമായി പ്രഖ്യാപിച്ചിട്ടില്ല. മദ്യവര്‍ജനം പ്രോത്സാഹിക്കുതിനെക്കുറിച്ചേ അവര്‍ മാനിഫെസ്റ്റോയില്‍ പറയാറുന്നുള്ളൂ. അതെല്ലാകാലത്തും പറയാറുമുണ്ട്. യു.ഡി.എഫ് ആകട്ടെ എക്കാലത്തും ഘട്ടം ഘട്ടമായി നടപ്പാക്കാന്‍ പോകുന്ന മദ്യനിരോധനത്തെക്കുറിച്ച് വാഗ്ദാനം പുതുക്കിക്കൊണ്ടിരിക്കാറാണ് പതിവ്. മദ്യവര്‍ജനം പ്രാവര്‍ത്തികമാക്കാന്‍ എല്‍.ഡി.എഫും ഒന്നും ചെയ്യാറില്ല, മദ്യനിരോധനം കൊണ്ടുവരാന്‍ യു.ഡി.എഫും കാര്യമായി ഒന്നും ചെയ്യാറില്ല. ചാരായനിരോധനം പോലും തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പത്തെ ഒരു സ്റ്റണ്ടായിരുന്നു. മദ്യനികുതി സര്‍ക്കാറുകളെ നിലനിര്‍ത്തുന്നു, മദ്യവില്പനക്കാര്‍ രാഷ്ട്രീയപാര്‍ട്ടികളെയും. 

കേരളത്തില്‍ മദ്യനിരോധനമില്ലാതായിട്ട അരനൂറ്റാണ്ടുതികയാന്‍ കൃത്യം ഒരു വര്‍ഷം ബാക്കിനില്‍ക്കുന്ന ഈ ഏപ്രിലില്‍ മദ്യനിരോധനം വലിയ ചര്‍ച്ചാവിഷയമായത് യാദൃച്ഛികമാണ്. 1967 ഏപ്രില്‍ 26നാണ്് മദ്യനിരോധനം പിന്‍വലിക്കുന്ന ഉത്തരവ് കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. മദ്യനിരോധനം പിന്‍വലിക്കും എന്നു വാഗ്ദാനം ചെയ്തുകൊണ്ടല്ല സപ്തകക്ഷി മുന്നണി '67ല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നത്. അതുസാധ്യവുമായിരുന്നില്ല. മദ്യത്തെ വിശ്വാസപരമായ കാരണങ്ങളാല്‍ എതിര്‍ക്കുന്ന മുസ്ലിംലീഗ് കൂടി ഉള്‍പ്പെടുതായിരുന്നല്ലോ അന്നത്തെ മുന്നണി. 1966 സപ്തംബറില്‍  സപ്തകക്ഷി മുന്നണി പുറപ്പെടുവിച്ച നയസമീപന രേഖയില്‍ ഇങ്ങനെ പറഞ്ഞിരുന്നു. ''ഇന്നത്തെ മദ്യവര്‍ജനനയം ദയനീയമായി പരാജയപ്പെട്ടിരിക്കുവെന്ന യാഥാര്‍ത്ഥ്യത്തെ പരിഗണിച്ച്, വിഷലിപ്തമായ വ്യാജമദ്യങ്ങളുപയോഗിച്ച് ആരോഗ്യഹാനി വരുത്തുന്നതിന്റെ അപകടത്തെ ഒഴിവാക്കുന്നതിന് മദ്യപാനത്തിന്റെ ദൂഷ്യങ്ങള്‍ പരമാവധി നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിനു പ്രശ്‌നം പുനഃപരിശോധിക്കുന്നതാണ്'. 

മദ്യവര്‍ജനത്തിനും മദ്യനിരോധനത്തിനും അന്നു വിരുദ്ധാര്‍ത്ഥങ്ങള്‍ ഇല്ലാതിരുന്നതിനാലാവാം രേഖയില്‍ മദ്യനിരോധനത്തിനുപകരം മദ്യവര്‍ജനം എന്നുപയോഗിച്ചത്. എന്തായാലും രാഷ്ട്രീയകൗശലത്തിന്റെ കാര്യത്തില്‍ നമ്മുടെ ഗുരുക്കന്മാരാണല്ലോ അവര്‍. തിരഞ്ഞെടുപ്പുകാലത്ത് തര്‍ക്കവും വിവാദവും മുസ്ലിംലീഗിന് ശല്യവും ഉണ്ടാകാതിരിക്കാന്‍ വേണ്ടി മദ്യനിരോധനം എടുത്തുകളയുമെന്നൊന്നും മിണ്ടിയതേ ഇല്ല. അധികാരത്തിലേറി ഏറെയൊന്നും വൈകാതെ അതുചെയ്തു. ആദ്യം കള്ളും ചാരായവും പിന്നെ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും വില്പനക്കെത്തി. 

നാലര പതിറ്റാണ്ടിനു ശേഷം 2011 ലെ നിയമസഭാതിരഞ്ഞെടുപ്പിന് ഇടതുമുന്നണി ഇറക്കിയ മാനിഫെസ്റ്റോ മദ്യനയത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു. 'മദ്യവും മയക്കുമരുന്നുകളും സമൂഹത്തില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. അവ വര്‍ജിക്കുന്നതിന് ആവശ്യമായ ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. മദ്യപാനത്തെ കര്‍ക്കശമായി നിരുത്സാഹപ്പെടുത്തു നയമാണ് മുന്നണിക്കുള്ളത്. .....മദ്യമാഫിയക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കും. ... വിദേശമദ്യഷാപ്പുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും.  വീര്യം കൂടിയ മദ്യങ്ങളെ നിരുത്സാഹപ്പെടുത്തുകയും അതേ സമയം വീര്യം കുറഞ്ഞ കള്ളുപോലുള്ള പരമ്പരാഗതമദ്യം ഗുണനിലവാരം ഉറപ്പുവരുത്തി ലഭ്യമാക്കുകയും ചെയ്യുക എന്നതായിരിക്കും ഇടതുപക്ഷജനാധിപത്യമുന്നണിയുടെ നയം.' 

മദ്യം കേരളീയ സമൂഹത്തില്‍ സൃഷ്ടിക്കുന്നത് ഗുരുതരമായ പ്രശ്‌നം ആണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുമ്പോള്‍ത്തന്നെ പരിഹാരനിര്‍ദ്ദേശങ്ങള്‍ വര്‍ജനം, കര്‍ക്കശം, കര്‍ശനം തുടങ്ങിയ അര്‍ത്ഥശൂന്യവാക്കുകളില്‍ ഒതുക്കുകയാണ് ഇടതുമുന്നണി ചെയ്തത്. യു.ഡി.എഫ് ആകട്ടെ, പ്രശ്‌നത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടുകയും ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കുമെന്ന് വാഗ്ദാനം ചെയ്യുകയും പിന്നെ മദ്യവ്യവസായത്തിന് പരമാവധി പ്രോത്സാഹനം നല്‍കുകയുമാണ് ചെയ്തുപോന്നത്. 418 മദ്യഷാപ്പുകള്‍ക്കുള്ള ലൈസന്‍സ് പുതുക്കുന്നത്, കോടതിവിധി പ്രകാരമുള്ള ഗുണനിലവാരത്തിന്റെ പേര് പറഞ്ഞ് നീട്ടിക്കൊണ്ടുപോയത് കോഴ കിട്ടുതിനുള്ള വിലപേശല്‍ ആയിരുന്നു എന്നറിയാത്ത ഒരു കുട്ടിയും കേരളത്തിലില്ല. ഈ നീക്കത്തെ കെ.പി.സി.സി. പ്രസിഡന്റ് ചെറുത്തപ്പോള്‍ അതിനെ തോല്‍പ്പിക്കുന്നതിനാണ് മുഖ്യമന്ത്രി തന്റെ പൂഴിക്കടകന്‍ പ്രയോഗംനടത്തി ബാറുകള്‍ അടപ്പിച്ചതെന്ന് തിരിച്ചറിയാത്തവരും ഇല്ല. അടപ്പിച്ച ബാറുകള്‍ തുറപ്പിക്കാനും തുറപ്പിക്കാതിരിക്കാനും രണ്ട് വിഭാഗം ബാറുകാരില്‍ നിന്ന് ഒരേസമയം കോടികള്‍ ചോദിച്ചുവാങ്ങി എന്ന് ബാറുടമസ്ഥസംഘം ആരോപിച്ചത് അവരുടെ പകപോക്കല്‍ ആരോപണമായിരുന്നു എന്നു പറഞ്ഞൊഴിയാം. പക്ഷേ, ജനങ്ങള്‍ യു.ഡി.എഫ് നേതാക്കളെയല്ല, ബാറുടമകളെയാണ് കൂടുതല്‍ വിശ്വസിച്ചതെന്ന് പറയാതെ നിവൃത്തിയില്ല. 

സി.പി.എം മുന്നണി 1967ല്‍ നടത്തിയ തുറന്നുപറച്ചില്‍ യഥാര്‍ത്ഥത്തില്‍ ഇപ്പോഴാണ് കൂടുതല്‍ പ്രസക്തമാവുന്നത്. '.....ഇന്നത്തെ മദ്യവര്‍ജനനയം ദയനീയമായി പരാജയപ്പെട്ടിരിക്കുവെന്ന യാഥാര്‍ത്ഥ്യത്തെക്കുറിച്ച് അന്നു തുറന്നുപറഞ്ഞ് മദ്യനിരോധനം ഏര്‍പ്പെടുത്തിയവര്‍ അരനൂറ്റാണ്ടുകാലത്തെ തങ്ങളുടെ മദ്യവര്‍ജനനയം വിജയമായിരുന്നോ പരാജയമായിരുന്നോ എന്നുവിലയിരുത്തുകയുണ്ടായോ?  അതുചെയ്യാതെ ഇപ്പോഴും, മദ്യവര്‍ജനമാണ് നയം എന്നുപറയുന്നതിന്റെ അര്‍ത്ഥമെന്താണ്? ഒരു നയം എന്ന നിലയില്‍ മദ്യനിരോധനം അവസാനിപ്പിക്കുകയും മദ്യവര്‍ജനം സ്വീകരിക്കുകയും ചെയ്തത് തെറ്റാണെന്നു  പറഞ്ഞുകൂടാ. പക്ഷേ, അര നൂറ്റാണ്ടിലെ മദ്യവര്‍ജനശ്രമങ്ങള്‍ പ്രയോജനപ്പെട്ടുവോ ഇല്ലയോ എന്നു പറയാതെ മദ്യവര്‍ജനനയം ആവര്‍ത്തിക്കുന്നത് ആത്മവഞ്ചനയാണ് തീര്‍ച്ച. 

മദ്യനിരോധനം ലോകത്തെവിടെയും വിജയിച്ചിട്ടില്ലെന്നത് സത്യമായിരിക്കും. ഒരു ജനാധിപത്യരാജ്യത്തും അത് പൂര്‍ണമായി വിജയിപ്പിക്കാന്‍ സാധ്യമാവില്ലെന്നതും ശരിയാണ്. 1920 മുതല്‍ 1933 വരെ മദ്യനിരോധനം പരീക്ഷിച്ച് ഉപേക്ഷിച്ചതാണ് അമേരിക്ക. കനഡയും (1918-20), റഷ്യയും( 1914-1920) ഐസ്‌ലാന്‍ഡും(1925-35, നോര്‍വെയും(1916-1927), ഫിന്‍ലാണ്ടും(1919-1932) ഹ്രസ്വകാലങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തി പിന്‍വാങ്ങിയ രാജ്യങ്ങളാണ്. ഈ രാജ്യങ്ങളിലൊക്കെ ഇന്ന് മദ്യം സുലഭമാണ്. പക്ഷേ, മദ്യംവാങ്ങാന്‍ മണിക്കൂറുകളോളം പൊരിവെയിലില്‍പ്പോലും ക്യൂ നില്‍ക്കേണ്ടിവരുന്ന കേരളത്തില്‍ ഉള്ള ദുരന്തഫലങ്ങളൊന്നും മിക്ക വികസിതരാജ്യങ്ങളിലും മദ്യം കൊണ്ടില്ല. ഏത് കടയില്‍ ചെന്നാലും മദ്യം കിട്ടുന്ന, ഏത് ഹോട്ടലിലിരുന്നും മദ്യപിക്കാവുന്ന അമേരിക്കയില്‍ പതിനൊന്നു ലിറ്ററും ബ്രിട്ടനില്‍ ഒമ്പത് ലിറ്ററുമേ വാര്‍ഷിക ആളോഹരി മദ്യോപയോഗമുള്ളൂ എന്നാണ് ലോകാരോഗ്യസംഘടന ശേഖരിച്ച 2010 ലെ കണക്കുകളില്‍ കാണുന്നത്. കേരളത്തില്‍ എല്ലാ നിയന്ത്രണങ്ങളുമുണ്ടായിട്ടും പത്തുലിറ്റര്‍ ഉണ്ട് 2010 ലെ ആളോഹരി മദ്യോപയോഗം. ഇന്ത്യയിലെ മൊത്തം ഉപയോഗം നാലുലിറ്റര്‍ മാത്രമായിരുന്നു എന്നനും അവിഭക്ത ആന്ധ്രപ്രദേശില്‍ ഇത് മുപ്പത്തിനാല് ലിറ്റര്‍(!) ആണ് എന്നുമോര്‍ക്കണം.  

മദ്യോപയോഗത്തിന്മേല്‍ നിയന്ത്രണമുള്ളതും ഇല്ലാത്തതുമായ മറ്റു ചില രാജ്യങ്ങളിലെ മദ്യോപയോഗക്കണക്കുകള്‍ കൂടി ഓടിച്ചുനോക്കാം. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മദ്യോപയോഗമുള്ള രാജ്യങ്ങള്‍(ബ്രാക്കറ്റില്‍ ആളോഹരി വാര്‍ഷിക മദ്യോപയോഗം) ബെലാറസ്(17.5) ആണ്് ഏറ്റവും മുന്നില്‍. മോള്‍ഡോവ(168), ലിത്വാനിയ(15.4), റഷ്യ(15.1), റുമാനിയ(14.4), ഉക്രൈന്‍(13.9), എന്‍ഡോറ(13.8), ഹംഗറി(13.30), ചെക്ക്്(13), സ്‌ളോവാക്യ(13) എന്നിവയാണ്. (പക്ഷേ, ഇവരൊന്നും ആന്ധ്രപ്രദേശിന്റെ(34.5) അടുത്തൊന്നും എത്തില്ല!) ഈ രാജ്യങ്ങള്‍ തമ്മില്‍ ഒരു ബന്ധമുണ്ട്. ഇവയില്‍, ഒരു ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള ഒരു പ്രിന്‍സിപ്പാലിറ്റി മാത്രമായ എന്‍ഡോറ ഒഴികെയുള്ള രാജ്യങ്ങളെല്ലാം ഒന്നുകില്‍ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നതും 1991 കാലത്ത് വിഘടിച്ചുപോയതുമായ രാജ്യങ്ങളാണ്, അല്ലെങ്കില്‍ സോവിയറ്റ് നിയന്ത്രണങ്ങള്‍ കഴിഞ്ഞുകൂടിയ കിഴക്കന്‍ യൂറോപ്യന്‍ കമ്യൂണിസ്റ്റ് രാജ്യങ്ങളാണ്. റഷ്യയുള്‍പ്പെടെയുള്ള മുന്‍ കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍ മദ്യോപയോഗം എന്തുകൊണ്ട് ലോകറെക്കോഡ് ആയി? പഠനം ആവശ്യപ്പെടുന്ന സാമ്പത്തിക-സാമൂഹ്യശാസ്ത്ര പ്രതിഭാസമാണ് ഇതെന്നുതോന്നുന്നു. 

ലോകത്ത് ഏറ്റവും കുറഞ്ഞ മദ്യോപയോഗമുള്ള രാജ്യങ്ങളേതെന്നുകൂടി നോക്കാം. ഒരു ലിറ്ററില്‍ താഴെ മാത്രം ആളോഹരി വാര്‍ഷിക മദ്യോപയോഗമുള്ള 25 രാജ്യങ്ങള്‍ ലോകത്തുണ്ട്. അല്‍ജീറിയ, ഇറാന്‍, ഒമാന്‍, ബ്രൂണെ, മൊറോക്ക, ജോര്‍ദാന്‍, ഭൂട്ടാന്‍, ഗിനിയ, മ്യാന്‍മാര്‍, അഫ്ഘാനിസ്ഥാന്‍, സെനെഗള്‍, ഇന്‍ഡോനേഷ്യ, ടിമുര്‍, ഇറാഖ്, സോമാലിയ, ഈജിപ്ത്, നൈജര്‍, യെമന്‍, കോമോറോസ്, സൗദി അറേബിയ, ബംഗളാദേശ്, കുവൈത്ത്, ലിബിയ, മൗറിട്ടാനിയ, പാകിസ്താന്‍ എന്നിവയാണ് ഈ രാജ്യങ്ങള്‍. ഒരു ലിറ്ററിനും രണ്ട് ലിറ്ററിനും ഇടയില്‍ മാത്രം ഉപയോഗമുള്ള പതിമൂന്നു രാജ്യങ്ങളില്‍ പന്ത്രണ്ടും മുസ്ലിം രാജ്യങ്ങളാണ്. 

ഫിന്‍ലാണ്ടും ദക്ഷിണ കൊറിയയും ഫ്രാന്‍സും ആസ്‌ത്രേലിയയും അമേരിക്കയും ബ്രിട്ടനും ഡെന്മാര്‍ക്കും ബള്‍ഗേറിയയും സ്‌പെയിനും ദക്ഷിണാഫ്രിക്കയും ന്യൂസീലാണ്ടും അടക്കമുള്ള, ഉയര്‍ന്ന ജീവിത നിലവാരമുള്ള വികസിത രാജ്യങ്ങളില്‍ കേരളത്തോട് അടുത്തുനില്‍ക്കുന്ന മദ്യോപയോഗമുണ്ടെന്നും കാണാം.

കര്‍ക്കശമായ നിയന്ത്രണത്തിലൂടെ മദ്യോപയോഗം കുറയ്ക്കാനാവും. അങ്ങനെ കുറക്കേണ്ട അവസ്ഥ കേരളത്തിലുണ്ടോ എന്നു് സാമൂഹികശാസ്ത്രവിദഗ്ദ്ധന്മാരും മറ്റും പഠിക്കേണ്ടതുണ്ട്. ഇസ്ലാമിക രാജ്യങ്ങളില്‍ സാധ്യമായ തോതില്‍ കേരളത്തില്‍ നിയന്ത്രണം സാധ്യമാവില്ല, അത് ആശാസ്യവുമല്ല. കുറെ വ്യാജമദ്യോപയോഗം എവിടെയും ഉണ്ടാകും. നീണ്ട കാലമായി മദ്യനിരോധനമുള്ള ഗുജറാത്തിലും അത്യാവശ്യക്കാരന് മദ്യം കിട്ടും. പക്ഷേ, എല്ലാദിവസവും ഏതുനേരത്തും കുടിച്ച് മുട്ടിലിഴയാന്‍ അവിടെ സാധിക്കില്ല. ഒരു അണ്ടര്‍ഗ്രൗണ്ട് വ്യവസായമായി മദ്യം തുടരുന്നുണ്ട്. 2011ലെ ലോക്‌സഭാ തിരഞ്ഞെടുപ്പു കാലത്ത് ഗുജറാത്തില്‍ പന്ത്രണ്ടു കോടി രൂപ വിലവരുന്ന വിദേശമദ്യം ഇലക്ഷന്‍ കമ്മീഷന്‍ ഉത്തരവുസരിച്ചുനടത്തിയ പരിശോധനയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. 

നിരോധനം ഇല്ല, പക്ഷേ, കര്‍ശനനിയന്ത്രണം ഉണ്ട് എന്നു പറയാവുന്ന അവസ്ഥയിലാണല്ലോ കേരളം ഇപ്പോഴുള്ളത്. ഇടതുപക്ഷമുന്നണി അധികാരത്തില്‍ വന്നാലും ഈ അവസ്ഥ തുടരും എന്നാണ് സി.പി.എം.നേതൃത്വം പ്രഖ്യാപിച്ചിരിക്കുന്നത്. ബാറുകള്‍ ഒുന്നം അടയുന്നില്ല. എല്ലാം ബിയര്‍, വൈന്‍ പാര്‍ലറുകളായിത്തുടരും. സര്‍ക്കാര്‍ ഔട്‌ലെറ്റ് വഴിയുള്ള മദ്യവില്പന കത്തുകൊല്ലം തുടരും. ഇതിന്റെ യുക്തി മനസ്സിലാക്കാന്‍ പ്രയാസമുണ്ട്. പത്തുശതമാനം കടകള്‍ ഇല്ലാതായാല്‍ മദ്യോപയോഗം പത്തുശതമാനം കുറയുമോ? പത്തുശതമാനം കടപൂട്ടി, അതുകൊണ്ട്് താന്‍ പത്തുശതമാനം കുറച്ചേ കുടിക്കുന്നുള്ളൂ എന്നാരാണ് തീരുമാനിക്കാന്‍ പോകുന്നത്്? വിചിത്രമായ യുക്തിയാണ് സര്‍ക്കാറിന്റേത്.  പത്തുശതമാനത്തിന്റെ കുറവ് നികത്താന്‍ വിപണി അതിന്റെ വഴി കണ്ടെത്തും. പത്തുവര്‍ഷംകൊണ്ട് മുഴുവന്‍ ബെവ്‌റേജസ് കടകള്‍ അടച്ചുതീരുമ്പോഴും മദ്യോപയോഗം പഴയപടി നില്‍ക്കാനാണ് സാധ്യത. േ

ബാര്‍ അടച്ച ഒരു വര്‍ഷക്കാലം കൊണ്ട് കേരളത്തില്‍ 39.78 ലക്ഷം കെയ്‌സ് അതായത് 4.77 കോടി കുപ്പി മദ്യം കൂടുതല്‍ വിറ്റ കാര്യം ഇടതുപക്ഷപാര്‍ട്ടികളും അവരുടെ മാധ്യമങ്ങളും വിളിച്ചുപറയുന്നുണ്ട്.  തീര്‍ച്ചയായും ഇത് നിരോധനത്തിന്റെ പൊള്ളത്തരം വിളിച്ചുപറയുന്നുണ്ട്. പക്ഷേ, കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മുറുകെപ്പിടിക്കുന്ന മദ്യവര്‍ജനത്തിന്റെ വിജയമാണോ ഇത് തെളിയിക്കുന്നത്? യു.ഡി.എഫിന്റെ മദ്യനിരോധനം എത്ര വലിയ പരാജയമായിരുന്നോ അതിലെറെ വലിയ പരാജയമാണ് എല്‍.ഡി.എഫിന്റെ മദ്യവര്‍ജനവും. ഞങ്ങള്‍ ഭരിക്കുമ്പോള്‍ മാത്രമേ ഞങ്ങള്‍ മദ്യം വര്‍ജിക്കൂ, പ്രതിപക്ഷത്തിരിക്കുമ്പോള്‍ അടിക്കും എന്നൊും വാദിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു. 

രാഷ്ട്രീയക്കാരുടെ പൊള്ളത്തരങ്ങളെ തോല്പ്പിക്കുന്നു മതസ്ഥാപനങ്ങളുടെ പൊള്ളത്തരങ്ങള്‍. സമ്പൂര്‍ണ മദ്യനിരോധനത്തിനു വേണ്ടി വാദിക്കുകയും സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നുണ്ട് വിവിധ കൃസ്ത്യന്‍, മുസ്്‌ലിം, ഹിന്ദു സംഘടനകള്‍. മനുഷ്യനെ നന്നാക്കലാണ് മതത്തിന്റെ ഏക പണി എന്നാണ് മനസ്സിലാക്കിയിരുന്നത്. അതുമാത്രം ചെയ്യാന്‍ മതത്തിന്റെ കൊടി പറപ്പിച്ചു നടക്കുന്ന സംഘടനകള്‍ക്കും പുരോഹിതന്മാര്‍ക്കും വയ്യ. ആ പണിയും ഭരണാധികാരികള്‍ ചെയ്യണം. മദ്യം ഉപേക്ഷിക്കണമെന്ന് അവര്‍ പറഞ്ഞാലും ആരും കേള്‍ക്കില്ല. ക്രിസ്ത്യന്‍പള്ളി മാത്രം വിചാരിച്ചിരുന്നവെങ്കില്‍ കേരളത്തിലെ മദ്യോപയോഗം ഫിന്‍ലാണ്ടിന്റെ നിലവാരത്തില്‍ താഴുമായിരുന്നു. 

സ്വതന്ത്ര മദ്യോപയോഗത്തി അമ്പതാം വര്‍ഷത്തില്‍ കേരളം ആത്മപരിശോധനയ്ക്ക് സദ്ധമാകേണ്ടതുണ്ട്. സമ്പൂര്‍ണ മദ്യനിരോധനം ആവശ്യമുണ്ടോ എന്ന വിഷയത്തില്‍ ഒരു ഹിതപരിശോധന നടത്തുന്നതുപോലും തെറ്റാവില്ല. മദ്യത്തിന്റെ ഉപയോഗമല്ല, ദുരുപയോഗമാണ് വ്യക്തിക്കും സമൂഹത്തിനും ദുരിതമുണ്ടാക്കുന്നത് എന്ന് പല വിദഗ്ദ്ധരും പറഞ്ഞുകേട്ടിട്ടുണ്ട്. നാം മലയാളികള്‍ ദുരുപയോഗം ചെയ്യാത്തതായി വല്ലതുമുണ്ടോ? മനുഷ്യര്‍ മദ്യവും മതവും രാഷ്ട്രീയവും സെക്‌സും എല്ലാം ഉത്തരവാദിത്തബോധത്തോടെ കൈകാര്യം ചെയ്യുന്ന  കാലം ഉണ്ടായേക്കാം. ഇന്ന്, സമൂഹത്തിന്റെ താല്പര്യം സംരക്ഷിക്കുന്നതിന് നിയന്ത്രണം ആവശ്യമാണ്. എത്രത്തോളം എന്നേ തീരുമാനിക്കേണ്ടതുള്ളൂ. 

Become a TNM Member for just Rs 999!
You can also support us with a one-time payment.