അടിയന്തരാവസ്ഥയെ അനുസ്മരിപ്പിക്കുന്ന തരത്തിൽ കസ്റ്റഡി മരണങ്ങളും പീഢനങ്ങളും പെരുകുകയാണ് കേരളത്തിൽ.

Malayalam Tuesday, June 28, 2016 - 20:37

കേരളത്തിൽ അടിയന്തരാവസ്ഥ എന്നാൽ കസ്റ്റഡിയിലുള്ള പീഡനങ്ങളും മരണങ്ങളുമാണ്. തന്റെ മകൻ പി. രാജനെ കാണാതായ കേസിൽ പ്രതികൾ ശിക്ഷിക്കപ്പെടാതെ പോകരുതെന്ന കാര്യത്തിൽ പിതാവ് ഈച്ചരവാര്യർ പ്രദർശിപ്പിച്ച നിശ്ചയദാർഢ്യത്തിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു ധാരണ ഉണ്ടാകുന്നത്. നാലു പതിറ്റാണ്ടു പിന്നിട്ടിട്ടും ഈച്ചരവാര്യരുടെ അവസ്ഥയാണ് ഇപ്പോഴും കേരളത്തിൽ പലർക്കും.

രണ്ടുമുറിമാത്രമുള്ള തന്റെ വീട്ടിലിരുന്ന് എറണാകുളം സ്വദേശിയായ വേണു ഇപ്പോഴും ഓർമിച്ചെടുക്കാൻ ശ്രമിക്കുന്നത് എപ്പോഴാണ് തന്റെ മകൻ വിനീഷ് മരിച്ചതെന്നാണ്.

'ഊണുകഴിക്കുമ്പോഴാണഅ അവനെ പൊലിസ് പിടിച്ചുകൊണ്ടുപോയത്. അതിന് ശേഷം അവനെ ഞങ്ങൾ ജീവനോടെ കണ്ടിട്ടില്ല..'  കരഞ്ഞുകൊണ്ട് വേണു പറയുന്നു. 

മാർച്ച് 16നാണ് വിനീഷിനെ (32) ഇളമക്കര പൊലിസ് പിടിച്ചുകൊണ്ടുപോയത്. ഒരു പെറ്റി കേസിൽ പിഴയൊടുക്കാത്തതായിരുന്നു കാരണം. മാർച്ച് 20ന് വനീഷ് ഗുരുതരാവസ്ഥയിലാണെന്നും തൃശൂർ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ആലുവ പൊലിസ് അറിയിച്ചു. കുടുംബാംഗങ്ങൾ ആശുപത്രിയിലെത്തിയപ്പോഴേക്കും വിനീഷ് മരിച്ചിരുന്നു. 

'വിനീഷിന് ഹൃദയസ്തംഭനം ഉണ്ടായെന്നാണ് പറയുന്നത്. പക്ഷേ ദേഹം മുഴുവൻ മുറിവുകളും പരുക്കുകളും ഞങ്ങൾ കണ്ടു. എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾ ആശുപത്രി ജീവനക്കാരോട് തിരക്കി. ഒരാളും ഒരുത്തരവും പറഞ്ഞില്ല. പോസ്റ്റ് മോർട്ടം റിപ്പോർട്ട് കിട്ടും വരെ കാത്തുനിൽക്കാനാണ് പറഞ്ഞത്..' വിനീഷിന്റെ ഭാര്യാസഹോദരിയായ അഞ്ജലി പറയുന്നു.

75 കിലോമീറ്റർ അകലെയുള്ള എറണാകുളത്തുവെച്ച് അറസ്റ്റു ചെയ്യപ്പെട്ട വിനീഷ് എങ്ങനെ തൃശുൂർ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിക്കപ്പെട്ടുവെന്നത് സംബന്ധിച്ച് അവർക്ക് ഒരു രൂപവുമില്ല. 'നല്ല ആരോഗ്യമുള്ളയാളും കഠിനമായി അദ്ധ്വാനിക്കുന്നയാളുമായിരുന്നു വിനീഷ്. ഒരാരോഗ്യപ്രശ്‌നവും ഉണ്ടായിരുന്നില്ല.' അഞ്ജലി കൂട്ടിച്ചേർത്തു. 

മൂന്നുമാസത്തിന് ശേഷവും തങ്ങൾക്ക് പോസ്റ്റ് മോർട്ടം റിപ്പോർട്ട് കിട്ടിയില്ലെന്നാണ് വേണു പറയുന്നത്. 'അവന്റെ മുഖത്തും കൈകളിലും രക്തം കട്ടപിടിച്ചിരിക്കുന്നത് ഞങ്ങൾ ശ്രദ്ധിച്ചു. വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു ആശുപത്രിയിലെത്തിയ അവന്റെ ആരോഗ്യനില. ഈ കേസിന് പിന്നാലെ പോകാനുള്ള പണം ഞങ്ങൾക്കില്ല. ഞങ്ങളെപ്പോലെ പാവപ്പെട്ടവർക്ക് കരയുകയല്ലാതെ മറ്റെന്തൊരു വഴി?' വേണു പറയുന്നു.

വിനീഷിന്റെ മരണം വാർത്തയായതിനെത്തുടർന്ന് രാഷ്ട്രീയപാർട്ടികളും പ്രദേശവാസികളും നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ അയാളുടെ കുടുംബത്തോടൊപ്പം അണിചേർന്നിരുന്നു. പക്ഷേ ക്രമേണ, പിന്തുണയുമായെത്തുന്നവരുടെ എണ്ണം കുറഞ്ഞുകുറഞ്ഞുവന്നു. 

'വിനീഷിന്റെ മരണം അവന്റെ അച്ഛനും എനിക്കും മാത്രമാണ് നഷ്ടമാകുന്നത്. ഞങ്ങളെ മാത്രമേ അത് ബാധിക്കുന്നുള്ളൂ. ജൻമം നൽകിയതും വളർത്തിയതു സ്‌നേഹിച്ചതുമെല്ലാം ഞങ്ങൾ മാത്രമല്ലേ..? അധികാരമോ പണമോ ഞങ്ങൾക്കില്ല. ആരാണ് ഞങ്ങളെ സഹായിക്കുക? എങ്ങനെ കോടതിയെ സമീപിക്കണമെന്നതുപോലും ഞങ്ങൾക്കറിയില്ല...' വിനീഷിന്റെ അമ്മ സരോജിനി പറയുന്നു.

സമാനമായ കേസ് കോട്ടയം ജില്ലയിലുമുണ്ടായതായി ഈയിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.  28-കാരനായ ലോറി ഡ്രൈവർ റോബിനെ ശാരീരികാസ്വാസ്ഥ്യം പ്രകടമാക്കിയതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിക്കുകയായിരുന്നു. തൊട്ടു തലേന്ന്, പാലാ പൊലിസ് ഇയാളെ മർദിച്ചെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം. 

എന്നാൽ തങ്ങൾ കസ്റ്റഡിയിലെടുക്കുമ്പോൾ റോബിൻ മദ്യപിച്ചിരുന്നെന്നാണ് പൊലിസ് അവകാശപ്പെടുന്നത്. ' അറസ്റ്റു ചെയ്യുമ്പോൾ തന്നെ അയാൾക്ക് സുഖമുണ്ടായിരുന്നില്ല. പരസ്പരബന്ധമില്ലാതെയാണ് സംസാരിച്ചിരുന്നത്.  അന്നേ ഞങ്ങൾ ഇക്കാര്യം കുടുംബത്തെ അറിയിച്ചിരുന്നതാണ്..' പാലാ സി.ഐ ബാബു സെബാസ്റ്റ്യൻ പറയുന്നു.

പിറ്റേന്ന് റോബിന്റെ അച്ഛനും ഒരു സഹപ്രവർത്തകനും ചേർന്ന് പാലാ പൊലിസ് സ്റ്റേഷനിൽ നിന്ന് റോബിനെ വീട്ടിലേക്ക് കൊണ്ടുവന്നു. അന്നുതന്നെ അയാൾ മരിച്ചു. 

'യാതൊരു രോഗവും റോബിന് ഉണ്ടായിരുന്നില്ല. മരണകാരണം ഇപ്പോഴും അവ്യക്തമാണ്..'  റോബിന്റെ ബന്ധു എബിൻ പറയുന്നു. റോബിന്റെ കുടുംബത്തിനും പോസ്റ്റ് മോർട്ടം റിപ്പോർട്ട് കിട്ടിയിട്ടില്ല. 

റോബിന്റെ ശരീരത്തിൽ കാണപ്പെട്ട മുറിവുകളെ സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ മജിസ്‌ട്രേറ്റിന് എബിൻ പരാതി നൽകിയിട്ടുണ്ട്. നീതികിട്ടുംവരെ റോബിന്റെ കുടുംബം പൊരുതുക തന്നെ ചെയ്യുമെന്നാണ് എബിൻ പറയുന്നത്. 

സിബിയുടെ കുടുംബത്തിന്റെ കാത്തിരിപ്പിന് ഏറെ പഴക്കമുണ്ട്. 2015 ജൂൺ 29നാണ് അയൽവാസിയുമായി വഴക്കിട്ടെന്ന കാരണം പറഞ്ഞ് 40 കാരനായ സിബിയെ മരങ്ങാട്ടുപള്ളി പൊലിസ് പിടിച്ചുകൊണ്ടുപോകുന്നത്.  സിബിയുടെ കുടുംബം പൊലിസ് സ്റ്റേഷനിലെത്തിയപ്പോൾ അയാളെ മഴയത്തുനിർത്തിയിരിക്കുന്നതാണ് കണ്ടത്. ഒരുപാട് അഭ്യർത്ഥിച്ചിട്ടും പൊലിസ് അയാളെ വീട്ടിൽ പോകാൻ അനുവദിച്ചില്ല. അടുത്ത ദിവസം സിബിക്ക് സുഖമില്ലെന്നും കോട്ടയം മെഡിക്കൽ കോളെജിലേക്ക് കൊണ്ടുപോയിരിക്കുകയാണെന്നും പൊലിസ് കുടുംബത്തെ അറിയിച്ചുവെന്നാണ് മാധ്യമറിപ്പോർട്ടുകൾ.

ജൂൺ ഒന്നിനാണ് സിബി മരിക്കുന്നത്. ശരീരത്തിൽ മുറിവുകൾ കാണാമായിരുന്നെന്ന് ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു. പതിനാറുകാരനായ അയൽവാസിയുമായുണ്ടായ അടിപിടിയ്ക്കിടയിലാണ് മുറിവേറ്റതെന്നാണ് പൊലിസ് ഭാഷ്യം. എന്തായാലും പൊലിസ് സ്റ്റേഷനിൽ വെച്ച് പൊലിസ് സിബിയെ ഭീകരമായി മർദിച്ചുവെന്നും അതിനിടയിൽ മർദനം മുലം അയാൾക്ക് മുത്രം പോയെന്നുമാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത്. 

വിവിധ അധികാരകേന്ദ്രങ്ങൾക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് സിബിയുടെ കുടുംബം പറയുന്നത്. 

 

Topic tags,
Become a TNM Member for just Rs 999!
You can also support us with a one-time payment.