തനിക്ക് കഴിയാവുന്നിടത്തോളം കാലം താൻ ഈ ജോലി ചെയ്യുമെന്നായിരുന്നു വീരത് ഭാരതി മുൻപ് പറഞ്ഞത്

Malayalam Tuesday, June 28, 2016 - 12:44

യൂബറിന്റെ ഇന്ത്യയിലെ ആദ്യ വനിതാഡ്രൈവർ സ്വവസതിയിൽ തൂങ്ങിമരിച്ചനിലയിൽ.

 

തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ അവരെ തൂങ്ങിമരിച്ച നിലയിൽ കണ്ട അയൽക്കാർ പൊലിസ് മേധാവി നോർത്ത് ഡിസിപി ടി.ആർ. സുരേഷിനെ വിവരമറിയിക്കുകയായിരുന്നു.

 

തെലങ്കാനയിലെ വാറംഗൽ സ്വദേശിയായ ഭാരതി വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം.

'ശരീരം പോസ്റ്റ് മോർട്ടത്തിനയച്ചിട്ടുണ്ട്. റിപ്പോർട്ടു കിട്ടിയാലേ എന്താണ് സംഭവിച്ചതെന്ന് പറയാനാകൂ. ആത്മഹത്യാക്കുറിപ്പൊന്നും  ഇതുവരേയും കണ്ടെടുക്കപ്പെട്ടിട്ടില്ല. ബലപ്രയോഗം നടന്നതിന്റെ ലക്ഷണം കാണാനുമില്ല..'  മരണം ഒരു ആത്മഹത്യയാണെന്ന് സൂചിപ്പിച്ചുകൊണ്ട് സുരേഷ് പറഞ്ഞു.


 

ഭാരതിയുടെ മാതാപിതാക്കൾ ബംഗലൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. 


 

2013-ൽ യൂബറിന്റെ ഇന്ത്യയിലെ ആദ്യ വനിതാഡ്രൈവറായത് വാർത്തയായിരുന്നു. 2005ലാണ് തൊഴിലന്വേഷിച്ചത് വാറംഗലിൽ നിന്ന് ഭാരതി ബംഗലൂരുവിലെത്തുന്നത്. ഒരു ട്രാവൽ ഏജൻസിയിൽ ജോലിക്ക് കയറുംമുൻപേ കുറച്ചുകാലം തയ്യൽപ്പണിയും ഭാരതി ചെയ്തിരുന്നു. 


ഒരു സന്നദ്ധസംഘടനയുടെ സഹായത്തോടെയാണ് 2007ൽ അവർ ഡ്രൈവിംഗ് പഠിക്കുന്നത്. പിന്നീട് ഒരു ഫോർഡ് ഫിയെസ്റ്റ വാങ്ങുകയും ചെയ്തു. 


 

ഭാരതിയുമായി ഒരു വിഡിയോ ഇന്റർവ്യൂയെടുക്കുന്നതിന്റെ ഭാഗമായി  ദ ന്യൂസ്മിനുട്ട് ഭാരതിയുമായി കുറച്ച് ആഴ്ചകൾക്ക് മുൻപ് സംസാരിച്ചിരുന്നു. 


 

അപ്പോൾ പുരുഷകേന്ദ്രിതമായ ഈ മേഖലയിൽ അവരുടെ അനുഭവങ്ങൾ അവർ ദ ന്യൂസ്മിനുട്ടുമായി പങ്കുവെയ്ക്കുകയുണ്ടായി. കൂടുതൽ വനിതാഡ്രൈവർമാർ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും അവർ ചൂണ്ടിക്കാട്ടി. 


 

'ഒരു ഉപഭോക്താവിൽ നിന്നും എനിക്ക് മോശപ്പെട്ട അനുഭവം ഉണ്ടായിട്ടില്ല. യാത്രക്കാരുമൊത്തുള്ള എന്റെ സവാരി എപ്പോഴും സുഖകരമായ ഒരനുഭവമാണ്. അവരും യാത്രയെക്കുറിച്ച് നല്ല അഭിപ്രായമേ പറയൂ.'  തന്റെ യാത്രക്കാരെക്കുറിച്ച്  അന്ന് പറഞ്ഞതിങ്ങനെ.


 

ഉച്ചയ്ക്ക് 12 മണി മുതൽ ഒരു മണിവരെയായിരുന്നു ഭാരതി ജോലി ചെയ്തത്. തനിക്ക് അസ്വസ്ഥത സൃഷ്ടിക്കുന്ന പരിസരങ്ങളിൽ കാത്തുനിൽക്കാൻ അവർ തയ്യാറില്ലായിരുന്നു. 


 

'എനിക്ക് കഴിയാവുന്നിടത്തോളം കാലം ഞാൻ ഈ ജോലി ചെയ്യും. എന്നിലൂർജം ഉള്ളിലുള്ളിടത്തോളം കാലം വരെ..'  ഭാവിപരിപാടിയെക്കുറിച്ച് ചോദിപ്പോൾ അന്ന് ഭാരതി പറഞ്ഞു.


 

വ്യക്തിപരമായും സാമ്പത്തികമായും കൂടുതൽ ശക്തിയാർജിക്കാൻ സഹായകമാണെന്നതുകൊണ്ട് മാത്രമല്ല, യാത്രക്കാരായി വരുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സ്ത്രീഡ്രൈവർമാരോടായിരിക്കും കൂടുതൽ താൽപര്യം എന്നുള്ളതുകൊണ്ടാണ് കൂടുതൽ സ്ത്രീകൾ ഈ രംഗത്തേക്ക് കടന്നുവരണമെന്ന് പറയുന്നതെന്നും അവർ കൂട്ടിച്ചേർക്കുകയുണ്ടായി. എന്നിരുന്നാലും ഈ രംഗത്ത് കടന്നുവരുന്ന സ്ത്രീകൾക്ക് കൂടുതൽ പിന്തുണ നൽകുന്ന സംവിധാനം ആവശ്യമാണ്.


 

വാറംഗലിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു ഭാരതിയെന്നും റിപ്പോർട്ടുകളുണ്ട്.


 

(സരയൂ ശ്രീനിവാസൻ നൽകിയ വിവരങ്ങളോടെ)

 

Topic tags,
Become a TNM Member for just Rs 999!
You can also support us with a one-time payment.