തീരത്തെ നിയമവിരുദ്ധ കൈയേറ്റങ്ങൾ നഗരപ്രാന്തത്തിലെ ചിലവന്നൂർ കായലിന് ഭീഷണിയാകുന്നു

Malayalam Wednesday, May 25, 2016 - 10:48

കായലോരത്ത് ഒരു അപാർട്‌മെന്റ് പലരുടേയും സ്വപ്‌നമാണ്. അത് കൊച്ചിയിലാണെങ്കിൽ പിന്നെ അതിലുമധികം ഒരാൾ എന്തു ചോദിക്കാനാണ്? ഈ ഒരു അഭിനിവേശത്തെയാണ് റിയൽ എസ്‌റ്റേറ്റ് ഡവലപ്പർമാർ മുതലാക്കുന്നത്. കായൽത്തീരങ്ങളിൽ, നഗരത്തിലും ചുറ്റുവട്ടത്തുമായി നൂറുകണക്കിന് ഭവനനിർമാണ പ്രൊജക്ടുകളാണ് നിർമാണം പൂർത്തീകരിച്ചുകൊണ്ടിരിക്കുന്നത്. 

ഈ ഭൂമിയിലേറെയും യഥാർത്ഥത്തിൽ പ്രദേശത്തെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്നവയാണ്. അതാണ് ഇപ്പോൾ ബിസിനസ് ഗ്രൂപ്പുകളുടെ കൈവശം എത്തിച്ചേർന്നിരിക്കുന്നത്. കാലങ്ങളായി കായലോരങ്ങളിൽ മുളച്ചുപൊന്തുന്ന അസംഖ്യം വലിയ  കെട്ടിടങ്ങളുടെ സാന്നിധ്യം അതാണ് തെളിയിക്കുന്നത്. ഈ നിർമാണങ്ങളിലേറെയും തീരദേശ നിയന്ത്രണനിയമങ്ങൾ ലംഘിച്ചുകൊണ്ടുള്ളവയാണ്. പാരിസ്ഥിതികമായ തകർച്ചക്ക് ഇവ കാരണമാകുന്നുണ്ട്.

അത്തരമൊരു ഭീഷണി നേരിടുന്ന ഒരു ജലാശയം കൊച്ചിയുടെ നഗരപ്രാന്തത്തിലുള്ള ചിലവന്നുർ കായലാണ്. 2011-ലെ തീരദേശ നിയന്ത്രണ മേഖലാ വിജ്ഞാപനമനുസരിച്ച് അതീവ ഭീഷണിയെ അഭിമുഖീകരിക്കുന്ന തീരദേശ മേഖലയാണ് വേമ്പനാട് കായലിന്റെ ഭാഗമായ ചിലവന്നൂർ കായലിനുള്ളത്. 

നേരത്തെ മത്സ്യവൈവിധ്യം കൊണ്ട് സമ്പന്നമായിരുന്ന ഈ കായലോരം ചതുപ്പുകളും നീർത്തടങ്ങളും വൻതോതിൽ നികത്തിയതുമൂലം തകർച്ചയെ അഭിമുഖീകരിക്കുകയാണ്. കായലിലെ ജലപ്രവാഹത്തെ ഈ നിർമാണങ്ങൾ വലിയ തോതിൽ ബാധിച്ചുകഴിഞ്ഞു. കായലിൽ മാലിന്യം തള്ളുന്നതു നിമിത്തം പ്രശ്‌നം കൂടുതൽ വഷളായിരിക്കുകയാണ്. 

നിയമവിരുദ്ധ നിർമാണങ്ങൾ

ചിലവന്നൂർ കായലോരത്ത് തീരദേശ നിയന്ത്രണ നിയമങ്ങൾ (സി.ആർ.ഇസെഡ്) ലംഘിച്ച് നിർമാണപ്രവർത്തനങ്ങൾ നടത്തിയതിന് 19 ബിൽഡർമാർക്ക് 2014 ഡിസംബറിൽ കൊച്ചി കോർപറേഷൻ നോട്ടീസ് നൽകിയിരുന്നു. ഡിസംബറിൽത്തന്നെ കായൽത്തീരത്ത് ഡി.എൽ.എഫ് പണിത ഒരു കെട്ടിടസമുച്ചയം ഇടിച്ചുനിരത്താൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. പ്രാഥമികമായും സി.ആർ.ഇസെഡ് ലംഘനങ്ങൾക്ക് കൊച്ചി കോർപറേഷൻ കൂട്ടുനിന്നുവെന്ന് കോടതി ശക്തമായി കുറ്റപ്പെടുത്തുകയുമുണ്ടായി. 

' 1991-ലെ തീരദേശ നിയന്ത്രണ വിജ്ഞാപനത്തിലെ നിബന്ധനകൾ ലംഘിച്ചുകൊണ്ടാണ് ബിൽഡിങ് പെർമിറ്റുകൾ കൊച്ചി കോർപറേഷൻ അനുവദിച്ചത്. അതുവഴി കൊച്ചി കോർപറേഷൻ രാജ്യത്തെ നിയമങ്ങൾ ലംഘിച്ചിരിക്കുന്നു. സി.ആർ.ഇസെഡ് വിജ്ഞാപനത്തെ ലംഘിച്ചുനടത്തുന്ന ഒരു നിർമാണവും പിന്നീട് നിയമാനുസൃതമാക്കാൻ കഴിയില്ല..' 

കായലോരത്തെ ഏറ്റവുമധികം വിവാദം സൃഷ്ടിച്ച നിർമാണപ്രവർത്തനങ്ങളിലൊന്നായിരുന്നു ഡി.എൽ.എറഫിന്റൈ കെട്ടിടസമുച്ചയം. 

' യഥാര്ത്ഥത്തിൽ നെൽവയൽ എന്ന് രേഖപ്പെടുത്തിയ സ്ഥലത്താണ് ഡി.എൽ.എഫ് കെട്ടിടസമുച്ചയം സ്ഥിതിചെയ്തത്. നിയമപ്രകാരം അത്തരം പ്രദേശങ്ങളിൽ യാതൊരുവിധ നിർമാണപ്രവർത്തനങ്ങളും അനുവദനീയമല്ല. നിരോധിച്ചിട്ടുള്ളതുമാണ്. എല്ലാതിനുമുപരിയായി, നിയമവിരുദ്ധ നിർമാണങ്ങൾക്കായി ഡി.എൽ.എഫ് കായലിന്റെ വലിയൊരുഭാഗവും കൈയേറിയിരുന്നു. എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ടാണ് അവർ കെട്ടിടം നിർമിച്ചത്..' പരിസ്ഥിതി പ്രവർത്തകനും ട്രേഡ് യൂണിയൻ നേതാവുമായ അഡ്വ. ചാൾസ് ജോർജ് പറയുന്നു. 

' ഈ കെട്ടിടങ്ങളിൽ ചില സ്വകാര്യവസതികളുണ്ട്, വലിയ ഫ്‌ളാറ്റുകളുണ്ട്, മറ്റ് തരത്തിലുള്ള അപാർട്‌മെന്റുകളുണ്ട്. എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ട് പണി തീർത്ത അത്തരമൊരു കെട്ടിടത്തിൽ ഒരു മുൻ മുഖ്യമന്ത്രിയുടെ ഭാര്യ താമസിക്കാനിടവരികയുമുണ്ടായി. ' ചാൾസ് ജോർജ് ആരോപിക്കുന്നു.

നിയമപ്രകാരം ജലാശയങ്ങൾക്കരികിലുള്ള കെട്ടിടങ്ങൾ ഒരു നിശ്ചിത അകലം പാലിക്കണം. ജലാശയത്തിനും കെട്ടിടത്തിനുമിടയിൽ റോഡുണ്ടാകുകയും വേണം. 

'ചിലവന്നൂരിൽ നിയമലംഘനം നടത്തി ഏതാണ്ട് അത്തരം 23 കെട്ടിടങ്ങൾ നിർമിക്കപ്പെട്ടിട്ടുണ്ട്. അവയിൽ ചിലതൊക്കെ പൊളിച്ചുകളയാൻ കോടതി ഉത്തരവിട്ടിട്ടുമുണ്ട്. ചില കേസുകൾ ഇപ്പോഴും സുപ്രിം കോടതിയിലാണ്..' ചാൾസ് ജോർജ് കൂട്ടിച്ചേർത്തു. 

ഡി.എൽ.എഫിന്റെ കേസ് ഇപ്പോഴും സുപ്രിം കോടതിയുടെ പരിഗണനയിലാണ്. അതേസമയം മറ്റ് കെട്ടിടങ്ങളെല്ലാം കൈയേറ്റ ഭൂമിയിൽ തുടരുകയും ചെയ്യുന്നു. 

'എനിക്ക് എന്റെ അച്ഛനിൽ നിന്ന് കിട്ടിയ കുറച്ച് ഭൂമിയുണ്ടായിരുന്നു ഈ കായൽത്തീരത്ത്. നിലവിലുള്ള നിയമങ്ങൾ പ്രകാരം എനിക്ക് അവിടെ വീടുപണിയാൻ കഴിയില്ലായിരുന്നു. അതുകൊണ്ട അത് വില്ക്കാൻ ഞാൻ നിർബന്ധിതനായി. ഇപ്പോൾ നോക്കൂ, എത്ര കെട്ടിടങ്ങളാണ് ഈ കായലോരത്ത് ഉയരുന്നതെന്ന്...'  കായലിൽ മീൻപിടിക്കാൻ തോണി തയ്യാറാക്കുന്ന ജോലിയിൽ ഏർപ്പെട്ടുകൊണ്ടിരുന്ന ബാലൻ എന്ന മത്സ്യത്തൊഴിലാളി പറഞ്ഞു. 

'മുൻപ് ധാരാളം മത്സ്യം കിട്ടിയിരുന്നു. ഇപ്പോൾ മുഴുവൻ സമയവും ഞങ്ങൾക്ക് വെയിലുകൊള്ളണം. എന്നാൽപോലും മത്സ്യം കിട്ടിയെന്ന് വരില്ല..' ബാലൻ കൂട്ടിച്ചേർത്തു.

 

 

Topic tags,
Become a TNM Member for just Rs 999!
You can also support us with a one-time payment.