“ജിഷയ്ക്ക് നീതി” എന്നാൽ കുറ്റവാളിക്ക് വധശിക്ഷ എന്നാണോ അർത്ഥം?

എന്ത് ചെയ്താലാണ് അവൾക്ക് നീതി ലഭ്യമാവുക എന്ന ബോധ്യമില്ലാതെയാണ് “ജിഷയ്ക്ക് നീതി” എന്ന വൈകാരിക പ്രക്ഷോഭങ്ങൾ അരങ്ങേറുന്നത്.
“ജിഷയ്ക്ക് നീതി” എന്നാൽ കുറ്റവാളിക്ക് വധശിക്ഷ എന്നാണോ അർത്ഥം?
“ജിഷയ്ക്ക് നീതി” എന്നാൽ കുറ്റവാളിക്ക് വധശിക്ഷ എന്നാണോ അർത്ഥം?
Written by:

സനൽ കുമാർ ശശിധരൻ

“ജിഷയ്ക്ക് നീതി” എന്നതാണ് എമ്പാടും ഉയർന്നു കേൾക്കുന്ന മുദ്രാവാക്യം. അതിനായുള്ള പ്രതിഷേധങ്ങൾ ലേഖനങ്ങൾ ഒച്ചപ്പാടുകൾ ഒക്കെ എവിടെയും കാണാം. പക്ഷെ എന്താണ് ദാരുണമായി കൊലചെയ്യപ്പെട്ട ആ സ്ത്രീയോട് ഒരു സമൂഹമെന്ന നിലയിൽ നമുക്ക് ചെയ്യാനാവുന്ന നീതി?

ഒരു മനുഷ്യജീവി എന്ന പരിഗണനപോലും കൊടുക്കാതെ ലൈംഗീകാവയവം കുത്തിക്കീറി ആന്തരികാവയവങ്ങൾ വലിച്ചു പുറത്തേക്കിട്ട ഒരു പൈശാചികനായ മനുഷ്യനെ പിടികൂടി തൂക്കിലേറ്റിയാൽ അവളോടുള്ള നീതി പൂർത്തിയാകുമോ?

ക്രൂരനായ കുറ്റവാളിയെ അതേരീതിയിൽ കുത്തിക്കീറിക്കൊന്നാൽ അവളോടുള്ള നീതി നമുക്കു പൂർത്തീകരിക്കാനാവുമോ? അവൾ അനുഭവിച്ച വേദനകൾക്കോ അവളുടെ മരണത്തിനോ അവൾക്ക് നഷ്ടമായ ജീവിതത്തിനോ ഇനി നമുക്ക് ശിക്ഷകൾ കൊണ്ട് ഒരുതരം നീതിയും നടപ്പാക്കാനാവില്ല എന്നതാണ് പരമാർത്ഥം.

കൊല്ലപ്പെട്ട് അഞ്ചുദിവസം കഴിഞ്ഞാണ് സോഷ്യൽ മീഡിയയിലൂടെ ചർച്ചാവിഷയം ആയതുകൊണ്ടുമാത്രം അവളുടെ കൊലപാതകം വാർത്താപ്രാധാന്യം നേടിയതും അവളുടെ നീതിക്കുവേണ്ടിയുള്ള മുറവിളി ഉയർന്നു കേൾക്കുന്നതും.

പക്ഷെ എന്ത് ചെയ്താലാണ് അവൾക്ക് നീതി ലഭ്യമാവുക എന്ന ബോധ്യമില്ലാതെയാണ് “ജിഷയ്ക്ക് നീതി” എന്ന വൈകാരിക പ്രക്ഷോഭങ്ങൾ അരങ്ങേറുന്നത്.

മരണപ്പെട്ട ഒരുവളോടുള്ള നീതി നടപ്പാക്കേണ്ടത് അവളുടെ കൊലപാതകിയുടെ ലിംഗച്ഛേദം ചെയ്തോ തൂക്കിലേറ്റിക്കൊണ്ടോ അല്ല. മറിച്ച്, അവളുടെ അതേ അവസ്ഥയിൽ ജീവിച്ചിരിക്കുന്ന, അവൾ നേരിട്ട അതേ അപകടസാധ്യതകളിലൂടെ ദൈനം ദിനം കടന്നുപോകുന്ന അനേകായിരം സ്ത്രീകളോട് നീതി നടപ്പാക്കിക്കൊണ്ടാവണം.

എന്തുകൊണ്ട് തകര ഷീറ്റുമേഞ്ഞ ഒറ്റമുറിയിൽ അവൾ അരക്ഷിതയായി കഴിയേണ്ടി വന്നുവെന്നും  എന്തുകൊണ്ട് അതിനുള്ളിലേക്ക് ദയാരഹിതനായ ഒരാൾ കടന്നുകയറി അവളെ അക്രമിച്ച് ഇഞ്ചിഞ്ചായി കൊല്ലുമ്പോഴും അവളുടെ വേദനനിറഞ്ഞ നിലവിളി ആരും കേൾക്കാതിരുന്നു എന്നുമുള്ള ചോദ്യങ്ങൾ  അവനവനോട് നിരന്തരം ചോദിച്ചുകൊണ്ടാവണം.

 അവളുടെ കൊലപാതകിയെ പിടികൂടുകയോ വിചാരണ ചെയ്ത് ശിക്ഷ വിധിക്കുകയോ ചെയ്യരുത് എന്നല്ല അതിനർത്ഥം. അവളോടുള്ള നീതി അതിൽ ഒതുങ്ങുന്നതായി തെറ്റിദ്ധരിക്കരുത് എന്നു മാത്രം.

ഇരയോടുള്ള നീതി നടപ്പാക്കലും കുറ്റവാളിക്കുള്ള ശിക്ഷ നടപ്പാക്കലും രണ്ടു ധ്രുവങ്ങളിലുള്ള സംഗതികളാണ്. കണ്ണിനു പകരം കണ്ണ് എന്ന വൈരാഗ്യബുദ്ധി പ്രാകൃതമായ ഒരിടപാടാണെന്നു മാത്രമല്ല അത് സ്വതവേ നമ്മുടെ സമൂഹത്തെ വിഴുങ്ങി നിൽക്കുന്ന വയലൻസിന് കൂടുതൽ ന്യായീകരണം നൽകാനേ സഹായിക്കുകയുള്ളു എന്നതുകൂടി നമ്മൾ തിരിച്ചറിയണം.

ജിഷയോട് കുറ്റവാളി കാണിച്ച വയലൻസും കുറ്റവാളിയോട് തിരിച്ച് കാണിക്കണമെന്ന് പൊതുസമൂഹം ആവശ്യപ്പെടുന്ന വയലൻസും പരസ്പര പൂരകമാണ്.

ചോരകണ്ടാൽ അറപ്പുണ്ടാവാത്ത, നിലവിളികേട്ടാൽ പിടപ്പുണ്ടാവാത്ത ഒരു ജനതയ്ക്ക് ഇരയോടു നിസംഗതയും കുറ്റവാളിയോട് പകരം വീട്ടലിന്റെ ആനന്ദവും മാത്രമേ ഉണ്ടാവുകയുള്ളു.

ജിഷയ്ക്ക് (ജീവിച്ചിരിക്കുന്ന അനേകം ജിഷമാർക്ക്) നീതിലഭ്യമാകണമെങ്കിൽ ഈ നിസംഗതയും പകപൂണ്ട ആനന്ദവുമല്ല ആവശ്യം, സഹജീവി എന്ന കരുതലും  സഹാനുഭൂതിയുമാണ്.

ക്രൂരനായ ഒരു കുറ്റവാളിയിലേക്ക് വിരൽ ചൂണ്ടുകയും അവനെ കൊല്ലൂ എന്ന് ആർത്തുവിളിക്കുകയും ചെയ്യും മുൻപ് “ജിഷയ്ക്ക് നീതി” എന്ന മുദ്രാവാക്യമുയർത്തുന്നവർ ഒരു സ്ത്രീ എന്ന നിലയിൽ അവളെ തങ്ങൾ എവിടെയാണ് പ്രതിഷ്ഠിക്കുന്നതെന്നു കൂടി ആലോചിക്കേണ്ടതുണ്ട്.

അവൾ ഉടുക്കുന്ന വസ്ത്രം മുതൽ അവൾ ഉറങ്ങുന്ന സമയം വരെ സദാചാരത്തിന്റെ കണ്ണിലൂടെ അളന്ന് അവൾ പിഴച്ചവളാണോ അല്ലയോ എന്ന് വിധിക്കുന്ന ഒരാൾ തങ്ങളിൽ ഉണർന്നിരിക്കുന്നുണ്ടോ എന്ന് വീണ്ടും വീണ്ടും അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ട്.

സ്ത്രീ എന്നാൽ ആരാധനാലയങ്ങളെ അശുദ്ധമാക്കാൻ തക്കവിധം കറനിറഞ്ഞ ഒരു നീചജീവിയാണ് എന്ന ധാരണ ഉള്ളിന്റെ ഉള്ളിലെവിടെയെങ്കിലും ഒളിച്ചിരിപ്പില്ലേ എന്ന് നിശിതമായി ചോദ്യം ചെയ്യേണ്ടതുണ്ട്. “അവൾ പിഴച്ചതാണ്“ എന്ന വാചകം ഏതെങ്കിലും രീതിയിൽ സിനിമകളിലും പാട്ടുകളിലും കള്ളുകുടിസദസുകളിലും സ്വകാര്യ തമാശകളിലും കടന്നുവരുമ്പോൾ തങ്ങൾ അത് രഹസ്യമായി ആസ്വദിക്കുന്നുണ്ടോ എന്ന് ജാഗ്രതയോടെ പരിശോധിക്കേണ്ടതുണ്ട്.

പുരുഷനോളം അവകാശവും സ്വാതന്ത്ര്യവും തുല്യതയും അനുഭവിക്കുന്ന സ്ത്രീ എന്ന ആശയത്തെ പൂർണമായും ഉൾക്കൊള്ളാൻ തങ്ങൾക്ക് കഴിയുന്നുണ്ടോ എന്നും സത്യസന്ധതയോടെ വിശകലനം ചെയ്യേണ്ടതുണ്ട്.

 “കുറ്റവാളി” എന്നത് വരുംവരായ്കകൾ ആലോചിക്കാൻ ശേഷിയില്ലാത്തതുകൊണ്ട് ഭൌതീകമായി ഒരു കുറ്റകൃത്യം നടപ്പാക്കുന്ന കഠിനഹൃദയനായ ഒരു മനോരോഗിയെ മാത്രമല്ല സാഹചര്യങ്ങൾ അനുകൂലമല്ലാത്തതുകൊണ്ടുമാത്രം കുറ്റകൃത്യം ഭൌതീകമായി നടപ്പിലാക്കാൻ കഴിയാത്ത ദുർബലഹൃദയരായ ബുദ്ധിമാന്മാരെയും വിശേഷിപ്പിക്കാവുന്ന പദമാണെന്ന് മനസിലാക്കേണ്ടതുണ്ട്.

Related Stories

No stories found.
The News Minute
www.thenewsminute.com