തങ്ങളുടെ ബന്ധത്തെ നേരത്തെ എതിർത്ത ഭാര്യയുടെ വീട്ടുകാർ തന്നെയായിരിക്കണം തട്ടിക്കൊണ്ടുപോയതെന്ന് വിനയ് സംശയിക്കുന്നു.

Malayalam Thursday, April 28, 2016 - 19:38

മാർച്ച് 28. രാവിലെ 9.50. 28 കാരനായ ബി.വിനയ് ബാബു ജോലിക്ക് പോകാനൊരുങ്ങുകയാണ്. ഒരാഴ്ചയ്ക്കകം ഒരു സദ്‌വാർത്ത കേൾക്കാനൊരുങ്ങിക്കോളൂ എന്ന് 23 കാരിയായ ഭാര്യ മമതാദേവി അപ്പോഴാണ് അയാളോട് പറയുന്നത്. 

എന്തായിരിക്കും ആ ശുഭവാർത്ത എന്ന് ആകാംക്ഷപ്പെട്ടുകൊണ്ട് വിനയ് ഒസ്മാൻഗഞ്ജിലേക്ക് ഓഫിസിലേക്ക് തിരിച്ചു. പോകുംവഴിയിൽ സഹോദരിയായ ബി. വീണയെ ടാങ്ക് ബണ്ടിനരികെ ഇറക്കിവിടുകയും ചെയ്തു. ഈ പ്രഭാതത്തിന് അസാധാരണത്വമൊന്നുമുണ്ടാകേണ്ട കാര്യമൊന്നുമില്ലായിരുന്നു. പക്ഷേ അപ്പോഴാണ് ഭാര്യയെ ആരോ തട്ടിക്കൊണ്ടുപോയെന്ന് വിനയ് ബാബുവിനെ അമ്മ വിളിച്ചുപറയുന്നത്. 

പരിഭ്രാന്തിപൂണ്ട വിനയ് ബാബു ഓൾഡ് ആൾവാളിലുള്ള വീട്ടിലേക്ക് മടങ്ങുകയായിരുന്നു വാർത്ത കേട്ടപാടെ. വീട്ടിലെത്തിയ വിനയ് അമ്മയിൽ നിന്ന് കേട്ടത് ഏഴെട്ടുപേർ വീട്ടിലേക്ക് തള്ളിക്കയറി വന്നെന്നും മമതയെ ബലംപ്രയോഗിച്ച് അവരുടെ കൂടെക്കൊണ്ടുപോയെന്നുമാണ്. 

' ബലംപ്രയോഗിച്ച് അവളെ വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു. വീടിന് സമീപം പൊട്ടിയ കുപ്പിവളകൾ ഞാൻ കണ്ടു. ഞാൻ ആ കുപ്പിവളകളുടെ ദൃശ്യം പകർത്തുകയും ചെയ്തിട്ടുണ്ട്. വലിച്ചിഴച്ചുകൊണ്ടുപോകുകയായതുകൊണ്ട് അവൾ ഫോൺ പോലും എടുത്തിട്ടില്ല..' വിനയ് പറഞ്ഞു.

സംഭവം നടന്നിട്ട് ഒരുമാസം കഴിഞ്ഞു. പക്ഷേ ഭാര്യയെക്കുറിച്ച് വിനയിന് ഒരുവാർത്തയും ഇതുവരെ കിട്ടിയിട്ടില്ല. ' എനിക്ക് അവളെക്കുറിച്ച് ശരിയ്ക്കും വേവലാതിയുണ്ട്. പേടിയുമുണ്ട്. വളരെ സമർത്ഥയായ ഒരു പെൺകുട്ടിയാണ് അവൾ. പ്രതികൂലസാഹചര്യങ്ങളെ എങ്ങനെ കൈകാര്യ ചെയ്യണമെന്ന് നന്നായി അറിയാവുന്നവളുമാണ്. എന്നാൽ അവൾക്ക് കുഴപ്പമൊന്നുമില്ലെങ്കിൽ അവൾ എന്തെങ്കിലുമൊരു സന്ദേശം എനിക്കയയ്‌ക്കേണ്ടതാണ്..' അയാൾ പറഞ്ഞു.

തന്റെ ഭാര്യയുടെ കുടുംബക്കാർ തന്നെയായിരിക്കണം തട്ടിക്കൊണ്ടുപോകലിന് പിറകിലെന്ന് വിനയ് സംശയിക്കുന്നു. മമതയും താനും തമ്മിലുള്ള  ബന്ധത്തോട് അവർക്ക് നേരത്തെ എതിർപ്പുണ്ടായിരുന്നു. 

രാജസ്ഥാനിലെ ജോധ്പൂരുകാരിയാണ് മമത. പിതാവ് ഗോർധൻ രാമിന് ഹൈദരാബാദിൽ ബിസിനസ്സാണ്. ബീഗംപേട്ടിലെ ഒരു ബിപിഒയിൽ നേരത്തെ ജോലിക്കാരിയായിരുന്നു മമത. മമതയെ വിനയ് കാണുന്നത് 2013 സെപ്തംബറിലാണ്. പെട്ടെന്നുതന്നെ ഇരുവരും പ്രണയബദ്ധരാകുകയായിരുന്നു. തുടർന്ന് വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാനും തീരുമാനമെടുത്തു. 

ഇതിനിടയിൽ മമതയെ വിനയ് ഓഫിസനടുത്ത് വാഹനത്തിൽ കൊണ്ടുപോയിവിടുന്നത് മമതയുടെ ബന്ധുക്കളിൽ ചിലരുടെ ശ്രദ്ധയിൽ പെട്ടു. അവർ മമതയുടെ രക്ഷിതാക്കളെ വിവരമറിയിക്കുകയും ചെയ്തു. വിനയുമായുള്ള ബന്ധമറിഞ്ഞ രക്ഷിതാക്കൾ മമതയെ ശരിയ്ക്കും വീട്ടുതടങ്കലിലാക്കി. 

മമതയുടെ സഹോദരീഭർത്താവ് ജീവരാജ് ബിഷ്‌ണോയ് വിനയിനെതിരെ പിന്നീട് ഭീഷണി മുഴക്കിയിരുന്നു. മമതയെ കാണരുതെന്ന് വിലക്കുകയും ചെയ്തു.

മമതയുടെ തിരോധാനത്തിന് ശേഷം വിനയ് രാവിലെ 11. 30 ഓടെ ആൾവാൾ പൊലിസ് സ്റ്റേഷനിലെത്തി പരാതി നൽകി. ജീവരാജിനെക്കുറിച്ചുള്ള തന്റെ സംശയം അപ്പോൾ തന്നെ പ്രകടിപ്പിക്കുകയും ചെയ്തു. തുടർന്ന് ജീവരാജിനെ കസ്റ്റഡിയിലെടുത്തെങ്കിലും ഒരു ദിവസത്തിന് ശേഷം വിട്ടയച്ചു.

സംഭവത്തിന് ശേഷം മമതയുടെ കുടുംബം സ്ഥലത്ത് നിന്ന് അപ്രത്യക്ഷമായതാണ് മമതയുടെ ബന്ധുക്കളെക്കുറിച്ചുള്ള വിനയിന്റെ സംശയം വർദ്ധിപ്പിക്കുന്നത്. 

'ഹൈദരാബാദിൽ രണ്ടുദിവസം മമതയെക്കുറിച്ച് അന്വേഷിച്ച ശേഷം ഒരു പൊലിസ് ടീമിനെ ജോധ്പൂരിലെ രാംനഗറിലുള്ള മമതയുടെ കുടുംബവീട്ടിലക്കയയ്ച്ചു. വീട് പൂട്ടിക്കിടക്കുന്നതാണ് കണ്ടത്. അവളെക്കുറിച്ച്് ഞങ്ങൾ എല്ലായിടവും അന്വേഷിച്ചു. പക്ഷേ ഒരുവാർത്തയും ഇതുവരെയില്ല. ഹൈദരാബാദിലെ സുചിത്രയിലുള്ള അവരുടെ വീടും അച്ഛൻ നടത്തുന്ന കെമിക്കൽ ഫാക്ടറിയും അടച്ചുകിടപ്പാണ്.മമതയെക്കുറിച്ചുള്ള ഞങ്ങളുടെ അന്വേഷണം ഇപ്പോഴും തുടരുകയാണ്..'  ആൾവാൾ പൊലിസ് പറയുന്നു.

ഫെബ്രുവരി മൂന്നിനാണ് ഹൈദരാബാദിലെ ആര്യസമാജ് ക്ഷേത്രത്തിൽ വെച്ച് മമതയും വിനയും വിവാഹിതരാകുന്നത്. മമതയുടെ രക്ഷിതാക്കളെ പറഞ്ഞുബോധ്യപ്പെടുത്തുന്നത് മടുത്തതുകൊണ്ടാണ് ഇരുവരും അത്തരത്തിലൊരു നടപടിക്ക് മുതിർന്നത്. 

' വലിയ കാർക്കശ്യക്കാരാണ് തന്റെ കുടുംബമെന്ന് മമത എപ്പോഴും പറയുമായിരുന്നു. പക്ഷേ ഇതുപോലെ തട്ടിക്കൊണ്ടുപോകുമെന്നൊന്നും ഞാൻ കരുതിയിരുന്നില്ല. ഒരാഴ്ചയ്ക്കകം ഒരു ശുഭവാർത്ത അറിയിക്കാമെന്ന് അവൾ പറഞ്ഞപ്പോൾ അവൾ ഗർഭിണിയാണെന്നതായിരുന്നു ഞാൻ പ്രതീക്ഷിച്ചത്. അന്നേദിവസം എനിക്ക് വലിയ സന്തോഷം തോന്നുകയും ചെയ്തിരുന്നു. ഇപ്പോൾ എനിക്ക് തോന്നുന്നത് നിസ്സഹായതയാണ്. ആരെങ്കിലും എന്നെ എന്റെ ഭാര്യയെ കണ്ടെത്തുന്നതിന് ദയവായി സഹായിക്കണം. ' വിനയ് പറഞ്ഞുനിർത്തി.

 

News, views and interviews- Follow our election coverage.

Click TN Election Special

Click Kerala Election Special

 

Become a TNM Member for just Rs 999!
You can also support us with a one-time payment.