കേരളത്തിലെ ശവപ്പെട്ടി നിർമാണകേന്ദ്രം മരിച്ചവർക്ക് സ്വസ്ഥ നിദ്രയൊരുക്കാൻ ഒരു ഗ്രാമം മുഴുവൻ പണിപ്പെടുമ്പോൾ

മുട്ടുച്ചിറ എന്ന ഈ ഗ്രാമമാണ് തെക്കൻ കേരളത്തിൽ ഏറ്റവുമധികം ശവപ്പെട്ടികൾ നിർമിക്കപ്പെടുന്ന ഇടം.
കേരളത്തിലെ ശവപ്പെട്ടി നിർമാണകേന്ദ്രം  മരിച്ചവർക്ക് സ്വസ്ഥ നിദ്രയൊരുക്കാൻ ഒരു ഗ്രാമം മുഴുവൻ പണിപ്പെടുമ്പോൾ
കേരളത്തിലെ ശവപ്പെട്ടി നിർമാണകേന്ദ്രം മരിച്ചവർക്ക് സ്വസ്ഥ നിദ്രയൊരുക്കാൻ ഒരു ഗ്രാമം മുഴുവൻ പണിപ്പെടുമ്പോൾ
Written by:

ഒരുപക്ഷേ വിതുമ്പലുകൾക്കും തേങ്ങലുകൾക്കും പൊട്ടിക്കരച്ചിലുകൾക്കുമപ്പുറം കേരളത്തിലെ ശവസംസ്‌കാരച്ചടങ്ങുകൾക്ക് പൊതുവായി ഒന്നുകൂടി ഉണ്ട്. കോട്ടയം ജില്ലയിലെ മുട്ടുച്ചിറയിൽ നിർമിച്ച ശവപ്പെട്ടികൾ. 

ഒമ്പതു ശവപ്പെട്ടിക്കടകളാണ് ഈ ചെറിയ ഗ്രാമത്തിലുള്ളത്. അവയിൽ മിക്കതും ഒരേ കുടുംബത്തിൽ നിന്ന് ശാഖോപശാഖകളായി പിരിഞ്ഞവർ നടത്തുന്നവ. 

20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഗ്രാമത്തിലെ പാണക്കുഴി കുടുംബത്തിലെ തുരുമ്പൻ കുര്യാക്കോ ശവപ്പെട്ടി നിർമാണ വൈദഗ്ധ്യം നേടുന്നത്. എവിടെ നിന്നാണ്, എങ്ങനെയാണ് ശവപ്പെട്ടിയുണ്ടാക്കുന്ന വിദ്യ കുര്യാക്കോ പഠിച്ചതെന്ന കാര്യം ആർക്കും അറിഞ്ഞുകൂടാ; എങ്കിലും കഥയിൽ പ്രദേശത്തെ ഇടവകയിലെ ഒരു വൈദികൻ ശവപ്പെട്ടികൾ ലഭിക്കാനുള്ള ബുദ്ധിമുട്ടിനെക്കുറിച്ച് പറഞ്ഞതായുണ്ട്. ഒടുവിൽ, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ആ തൊഴിലേറ്റെടുക്കുകയായിരുന്നു. 

'അപ്പന്റെ അപ്പാപ്പൻ ഈ തൊഴിലേറ്റെടുക്കുന്നതിന് മുൻപ് ദൂരസ്ഥലങ്ങളിൽ നിന്ന് ശവപ്പെട്ടികൾ കൊണ്ടുവരുന്നതായിരുന്നു പതിവ്. അതുകൊണ്ട് മിക്കപ്പോഴും ശവമടക്കുകൾ വൈകി. അപ്പന്റെ അപ്പാപ്പൻ ശവപ്പെട്ടി നിർമാണം മക്കളേയും പഠിപ്പിച്ചു..' കുര്യാക്കോയുടെ പ്രപൗത്രൻ, 65 കാരനായ വിൽസൺ മാത്യു ദ ന്യൂസ്മിനുട്ടിനോട് പറഞ്ഞു. 

ഗ്രാമത്തിലെ ചെറുപുഷ്പം ശവപ്പെട്ടിക്കട വിൽസണിന്റേതാണ്. വിൽസണിന്റെ ചില ബന്ധുക്കൾ മറ്റ് ജില്ലകളിലും കട നടത്തുന്നുണ്ട്. അവരെല്ലാം കാലത്തിനൊത്തുള്ള മാറ്റങ്ങൾ ഉൽപന്നത്തിൽ വരുത്തിയിട്ടുണ്ട്.

'പഞ്ഞിയും തുണിയുമുപയോഗിച്ചുള്ള ലൈനിംഗുകൾ ആയിരുന്നു മുൻപ് ശവപ്പെട്ടികൾക്കുണ്ടായിരുന്നത്. ഇപ്പോൾ പലതരത്തിലാണ് ട്രെൻഡ്. നാനാവിധത്തിലുള്ള തടികളിൽ അവ നിർമിക്കുന്നു. ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ ഗുണമനുസരിച്ച് വിലയും വ്യത്യാസപ്പെടുന്നു.' വിൽസൺ പറയുന്നു. 

എറണാകുളം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ നിന്നാണ് ശവപ്പെട്ടികൾക്ക് ആവശ്യക്കാരുള്ളത്. ഒരു കൊല്ലം 3000 തൊട്ട് 4000 വരെ ശവപ്പെട്ടികൾ വിൽസൺ വിൽക്കുന്നു. 1500 മുതൽ 30,000 വരെ രൂപ വിലയുള്ളവയാണ് ശവപ്പെട്ടികൾ. 

'മതഭേദമെന്യേ ഇപ്പോൾ ശവപ്പെട്ടിക്ക് ആവശ്യക്കാരുണ്ട്. മുമ്പൊക്കെ ക്രിസ്ത്യാനികൾ മാത്രമേ ശവപ്പെട്ടികളുടെ ആവശ്യക്കാരായിരുന്നുള്ളൂ..' വിൽസൺ പറയുന്നു.

ഇപ്പോൾ നല്ല കച്ചവടം നടക്കുന്നുണ്ടെങ്കിലും ഈ അവസ്ഥ തുടരുമോ എന്ന് വിൽസണ് ഉറപ്പില്ല. ആവശ്യക്കാരുടെ കുറവല്ല പ്രശ്‌നം. കുടുംബത്തിലെ പുതുതലമുറ ഈ തൊഴിലിൽ താൽപര്യം കാണിക്കുന്നില്ലായെന്നതാണ്. 

' ഞാൻ മറ്റു ചില ബിസിനസുകളും നടത്തിയയാളാണ്. പക്ഷേ എന്റെ മുതിർന്ന സഹോദരൻ മരിച്ചപ്പോൾ കുടുംബത്തൊഴിൽ നിലനിർത്താനായി ഞാൻ ഈ വ്യാപാരം ഏറ്റെടുക്കുകയായിരുന്നു.' വിൽസൺ പറഞ്ഞു.

മുൻതൊഴിലാളികളിൽ നിന്ന് നേരിടുന്ന മത്സരമാണ് മുട്ടുച്ചിറയിലെ ശവപ്പെട്ടി വ്യാപാരികളെ ബാധിക്കുന്ന മറ്റൊരു കാര്യം.

' ഞങ്ങളുടെ കൈയിൽ നിന്ന് ഈ വിദ്യ പഠിച്ച മുൻതൊഴിലാളികളിൽ പലരും സ്വന്തം നിലയ്ക്ക് കടകൾ തുടങ്ങി. കുറഞ്ഞ വിലയ്ക്കാണ് അവരിത് വിൽക്കുന്നതും. പക്ഷേ ഞങ്ങൾ നിർമിക്കുന്ന ശവപ്പെട്ടികളുടെ ഗുണമറിയാവുന്നവർ ഇവിടെ വരുന്നു..' അദ്ദേഹം പറഞ്ഞു.

പാണക്കുഴി കുടുംബത്തിലെ ജോർജ് കുട്ടി (36)യുടേതാണഅ അൽഫോൺസാ ശവപ്പെട്ടി വ്യാപാരം. പക്ഷേ അദ്ദേഹത്തിന് മാധ്യമങ്ങളെ പേടിയായതുകൊണ്ട് അധികമൊന്നും പറയാൻ തയ്യാറായില്ല.

'ഞങ്ങളുടെ പൂർവികരിൽ നിന്ന് ഈ വിദ്യ പഠിച്ചതുകൊണ്ട് ഞങ്ങൾ ഈ കച്ചവടത്തിൽ തുടരുന്നു. ഞങ്ങളെ അധിക്ഷേപിക്കുന്ന തരത്തിൽ മാധ്യമങ്ങളിൽ നിരവധി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. അതുകൊണ്ട് മാധ്യമങ്ങളോട് സംസാരിക്കാൻ ഞങ്ങൾക്കിപ്പോൾ താൽപര്യമില്ല..' ജോർജ് കുട്ടി പറഞ്ഞു.

Related Stories

No stories found.
The News Minute
www.thenewsminute.com