രോഹിതിന്റെ മരണത്തെ കുറിച്ച് സ്മൃതി ഇറാനിയുടെ പ്രസ്താവനയെ മെഡിക്കൽ ഓഫിസർ ഖണ്ഡിക്കുന്നു

രോഹിതിന്റെ മരണത്തെ കുറിച്ച്  സ്മൃതി ഇറാനിയുടെ പ്രസ്താവനയെ മെഡിക്കൽ ഓഫിസർ ഖണ്ഡിക്കുന്നു
രോഹിതിന്റെ മരണത്തെ കുറിച്ച് സ്മൃതി ഇറാനിയുടെ പ്രസ്താവനയെ മെഡിക്കൽ ഓഫിസർ ഖണ്ഡിക്കുന്നു
Written by:

ബുധനാഴ്ച വൈകിട്ട് പാർലമെന്റിൽ ചെയ്ത അതിവൈകാരികമായ പ്രസംഗത്തിൽ മാനവവികസനവകുപ്പ് മന്ത്രി സ്മൃതി ഇറാനി അറിയിച്ചത് രോഹിത് വെമുലയുടെ ഭൗതികശരീരത്തിനടുത്തുചെല്ലാൻ രാവിലെ 6.30 വരെ ഒരു ഡോക്ടറേയും അനുവദിച്ചില്ലെന്നാണ് തെലങ്കാന പൊലിസ് ഹൈക്കോടതിയെ ബോധ്യപ്പെടുത്തിയത് എന്നാണ്.  തൊട്ടടുത്ത ദിവസം രാവിലെ 6.30 വരെ രോഹിത് വെമുലയുടെ ഭൗതികശരീരത്തിന് സമീപത്തേക്ക് ഒരു ഡോക്ടറും പോയില്ലെന്ന ആ പ്രസ്താവനയെ മന്ത്രി പാർലമെന്റിൽ സ്ഥിരീകരിക്കുകയും ചെയ്തു. പക്ഷേ, ദ ന്യൂസ്മിനുട്ടിന്റെ പക്കലുള്ള രേഖകൾ പൊലിസ് റിപ്പോർട്ട് ശരിയല്ലെന്നാണ് തെളിയിക്കുന്നത്.

പാർലമെന്റിൽ ഇറാനി ഇങ്ങിനെയാണ് പറഞ്ഞത്:' ഇതാണ് പൊലിസ് പറഞ്ഞത്. ഒരു ഡോക്ടറും ആ കുട്ടിയുടെ അടുത്തേക്ക് പോയില്ല. ജീവൻ രക്ഷിക്കാനുള്ള സാധ്യത പരിശോധിക്കാൻ. പകരം ഒരു രാഷ്ര്ടീയ ഉപകരണമായി അവന്റെ ശരീരം ഉപയോഗപ്പെടുത്തുകയാണ് ഉണ്ടായത്. '

ജനുവരി 17ന് രാവിലെ 6.30നും വൈകിട്ട് 7 മണിക്കുമിടയിൽ ഹൈദരബാദ് യൂണിവേഴ്‌സിറ്റിയിലെ ന്യൂ റിസർച്ച് സ്‌കോളേഴ്‌സ് ഹോസ്റ്റലിലെ 207–ാം നമ്പർ മുറിയിലാണ് മരിച്ച നിലയിൽ രോഹിതിനെ കണ്ടെത്തിയത്. രോഹിതിന്റെ സുഹൃത്തായ ഉമാ മഹേശ്വറിന്റേതായിരുന്നു മുറി. സീലിംഗ് ഫാനിൽ തൂങ്ങിനിൽക്കുന്ന നിലയിൽ രോഹിതിനെ കണ്ടെത്തിയ സെക്യൂരിറ്റി ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലുണ്ടായിരുന്ന ചീഫ് മെഡിക്കൽ ഓഫിസർ ഡോ. എം രാജശ്രീയെ വിളിച്ചുവരുത്തുകയായിരുന്നു.

ഡോ. രാജശ്രീ യൂണിവേഴ്‌സിറ്റിയിലെ ഹെൽത്ത്് ബുക്കിൽ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. ജനുവരി 17ന്റേതാണ് എൻട്രി. അതിൽ മരണസമയം ഏതാണ്ട് 7.30 എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. വി.സി, ഡി.എസ്.ഡബ്‌ള്യു, രെജിസ്ട്രാർ എന്നിവരെ അറിയിക്കുകയും പൊലിസിന് റിപ്പോർട്ട് ചെയ്യുകയും ചെയ്തുവെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. താഴെ ഡോ.രാജശ്രീയുടെ ഒപ്പുമുണ്ട്.

 രോഹിതിന്റെ ശരീരം ഏതവസ്ഥയിലാണ് കണ്ടെത്തിയതെന്ന് വിവരിക്കുന്ന, മരണത്തെ സാക്ഷ്യപ്പെടുത്തിക്കൊണ്ടുള്ള യൂണിവേഴ്‌സിറ്റി ഹെൽത്ത് ബുക്കിലെ പേജ്.

' തണുത്ത ശരീരം, രക്തം നിറഞ്ഞ അടിവയറ്, തുറിച്ച നാക്ക് വായിൽ നിന്ന് പുറത്തേക്ക് തള്ളിനിൽക്കുന്ന നിലയിൽ' എന്നാണ് രേഖയിലുള്ളത്. കൃഷ്ണമണികൾ വികസിച്ചിരുന്നെന്നും ഹൃദയമിടിപ്പോ ശ്വസനശബ്ദമോ ഉണ്ടായിരുന്നില്ലെന്നും അത് പറയുന്നു.

തെലങ്കാന പൊലിസിനെ ഉദ്ധരിച്ച് സ്മൃതി ഇങ്ങനെക്കൂടി പറഞ്ഞിരുന്നു: ' ഹൈക്കോടതിയിൽ തെലങ്കാന പൊലിസ് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം രോഹിതിന്റെ ഹോസ്റ്റലിൽ വൈകിട്ട് 7.20നാണ് പൊലിസ് എത്തുന്നത്. മുറി തുറന്നു കിടക്കുന്നതും രോഹിതിന്റെ മൃതശരീരം ഒരു മേശപ്പുറത്ത് കിടത്തിയിരിക്കുന്നതായും അവർ കണ്ടു. കൈപ്പടയിലെഴുതിയ ഒരു ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. ആരെയും കുറ്റപ്പെടുത്താത്തതായിരുന്നു ആ കുറിപ്പ്. ഇത് ഞാൻ സമർപ്പിച്ച റിപ്പോർട്ടല്ല. പൊലിസ് പറഞ്ഞതാണ്..'

അതേ രേഖയെ ഉദ്ധരിച്ചുകൊണ്ട് സ്മൃതി തുടർന്നു: ' ഒരാളും ഒരു ഡോക്ടറേയും കുട്ടിയുടെ ശരീരത്തിനടുത്തേക്ക് പോകാൻ അനുവദിച്ചില്ല., ജീവൻ രക്ഷിക്കാനുള്ള സാധ്യത പരിശോധിക്കാൻ. പകരം ഒരു രാഷ്ര്ടീയ ഉപകരണമായി അവന്റെ ശരീരം ഉപയോഗപ്പെടുത്തുകയാണ് ഉണ്ടായത്. പിറ്റേന്ന്് രാവിലെ 6.30വരെ ആരും അവന്റെ അടുത്തേക്ക് പോയില്ല. ആരാണ് ആ കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചത്. ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ നിയമിച്ചവരല്ലെ കോൺഗ്രസ് പാർട്ടിയുടെ സർക്കാർ നിയോഗിച്ചവരാണ് ഇത് സംബന്ധിച്ച് തീർപ്പ് കൽപിച്ചത്.' (പ്രസംഗത്തിന്റെ പൂർണരൂപം ഇവിടെ കേൾക്കാം. അല്ലെങ്കിൽ ഇവിടെ വായിക്കാം.)

എന്നാൽ രോഹിതിന്റെ ശരീരം താൻ പരിശോധിക്കുമ്പോൾ പൊലിസ് സന്നിഹിതമായിരുന്നു എന്നാണ് ഡോ. രാജശ്രീ പറയുന്നത്. വൈകിട്ട് അവിടെ ഉണ്ടായിരുന്ന വിദ്യാർത്ഥികളും ദ ന്യൂസ്മിനുട്ടിനോട് ഈ വിവരം സ്ഥിരീകരിച്ചു.

' എന്റെ ഡ്യൂട്ടി ഡോക്ടർ രോഹിതിന്റെ ഭൗതികശരീരം കണ്ടെത്തിയ സമയത്ത് അവിടെ തീർത്തും ഉണ്ടായിരുന്നു. ഡോ.രാജശ്രീ അവന്റെ ശരീരം പരിശോധിക്കുകയും രോഹിത് മരിച്ചെന്ന കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. മരണം സ്ഥിരീകരിച്ച സമയത്ത് ആ വിവരം വി.സിയെ വിളിച്ചറിയിക്കാനും ഞാൻ ശ്രമിച്ചു. പക്ഷേ ഒരിയ്ക്കൽ പോലും അദ്ദേഹം ഫോൺ എടുക്കുകയുണ്ടായില്ല.' ചീഫ് മെഡിക്കൽ ഓഫിസർ ഡോ. രവീന്ദ്ര കുമാർ പറഞ്ഞു. 

' രോഹിതിന്റെ ശരീരം എൻ.ആർ.എസ് ഹോസ്റ്റലിൽ കണ്ടെത്തിയ സമയം ഞങ്ങളൊക്കെ അവിടെ ഉണ്ടായിരുന്നു. സെക്യൂരിറ്റി ഉദ്യോഗസ്ഥർ വിവരമറിയിച്ച ഉടനെ രോഹിതിനെ പരിശോധിക്കാനായി ഡ്യൂട്ടി ഡോക്ടർ ഓടിയെത്തുകയു ചെയ്തു. '  രോഹിതിന്റെ സുഹൃത്തും സസ്‌പെന്റ് ചെയ്യപ്പെട്ട നാല് വിദ്യാർത്ഥികളിൽ ഒരാളുമായ ദോന്ത പ്രകാശ് ദ ന്യൂസ്മിനുട്ടിനോട് പറഞ്ഞു. ഇറാനി ലോക്‌സഭയിൽ ചെയ്ത പ്രസ്താവന തീർത്തും അപലപനീയമാണ്' പ്രകാശ് കൂട്ടിച്ചേർത്തു.

Related Stories

No stories found.
The News Minute
www.thenewsminute.com