വിശ്വാസതീവ്രതയോടെ ആരാധിക്കപ്പെട്ട മൂർത്തികൾ ഇന്ന് അഭയമിരക്കുന്നു

 Pics by Haritha John
news Tuesday, February 16, 2016 - 16:07

എറണാകുളം ജില്ലയിലെ ഉദയംപേരൂർ ഗ്രാമം. ആമേട ക്ഷേത്രത്തിൽ എത്തിപ്പെടുന്നതിന് എനിക്ക് വലിയ ബുദ്ധിമുട്ടുണ്ടായില്ല. ദിനേന നൂറുകണക്കിന് പേർക്ക് ഭക്ഷണം നൽകുന്ന വലിയ ഊട്ടുപുര. ഊട്ടുപുര നിൽക്കുന്ന പറമ്പിന് മധ്യത്തിലായി അമ്പലം. 

ഈ അമ്പലത്തിനിപ്പോൾ എന്താണിത്ര പ്രത്യേകത എന്ന് നിങ്ങൾ ചോദിക്കാം. ശ്രീകോവിലിലെ വിഗ്രഹത്തിന് പുറമേ ക്ഷേത്രത്തിന് പുറത്ത് ആയിരക്കണക്കിന് വിഗ്രഹങ്ങൾ നിരനിരയായി കിടക്കുന്ന കാഴ്ച വേറെയെവിടെയെങ്കിലും കാണാൻ പറ്റില്ല എന്നതുതന്നെ. നിറയെ വിഗ്രഹങ്ങൾ. എല്ലായിടത്തും കാണാം. ഭിത്തികളിൻമേൽ, നിലത്ത്, വഴിയരികെ, മരങ്ങൾക്ക് താഴെ തിരിയുന്നിടത്തെല്ലാം ഞാൻ വിഗ്രഹങ്ങൾ കാണുന്നു.

ഒറ്റ നോട്ടത്തിൽ അവ ശ്രദ്ധയിൽ പെട്ടെന്ന് വരില്ല. തഴച്ചുവളർന്ന വള്ളിപ്പടർപ്പുകളും കുറ്റിച്ചെടികളും അവയെ മൂടിയിരിക്കുന്നു. പക്ഷേ ഒന്നു സൂക്ഷിച്ചുനോക്കിയാൽ എല്ലാ മുക്കിലും മൂലയിലും അവയുണ്ടെന്ന് കാണാം.

വേമ്പനാട്ടുകായൽത്തീരത്ത് നാല് ബ്രാഹ്മണ കുടുംബങ്ങളടങ്ങുന്ന ആമേട മനയുടെ ഉടമസ്ഥതയിലുള്ള ആമേട ക്ഷേത്രം ഇപ്പോൾ നിരവധി നാഗദൈവങ്ങളുടെ അവസാന ' ആശ്രയകേന്ദ്ര' മാണ്. 

പൂർവികഗൃഹവും പറമ്പും വിറ്റുപോകുമ്പോൾ സർപ്പാരാധനയ്ക്ക് പലകാരണങ്ങളാൽ ശ്രദ്ധ കൊടുക്കാനോ ഇടം കൊടുക്കാനോ കഴിയാതെ വരുമ്പോഴാണ് ഈ ദൈവങ്ങൾ വലിച്ചെറിയപ്പെടുന്നത്. 

എന്തുകൊണ്ടാണ് നാഗദൈവങ്ങൾ മാത്രം? കേരളത്തിൽ പരമ്പാരഗത ഹിന്ദു ഇടങ്ങളുടെ ഭാഗമായിരുന്നു എല്ലായ്‌പോഴും സർപ്പക്കാവുകൾ. പരമ്പരാഗത ഹിന്ദു ഗൃഹങ്ങളുടെ അധികമാരും എത്താത്ത കുറച്ചു വന്യമായ ഒരിടത്തായിരിക്കും സ്വാഭാവികമായും ഇത്തരം ആരാധനാകേന്ദ്രങ്ങൾ. അവിടെയാണ് നാഗദൈവങ്ങൾ നിവസിക്കുന്നതെന്നാണ് വിശ്വസിക്കുന്നത്. 

പക്ഷേ വർഷങ്ങളായി അത്തരം കാവുകൾക്കുള്ള ഇടമെല്ലാം ചുരുങ്ങിവരികയാണ്. അതുകൊണ്ട് ഇത്തരം വൃദ്ധമന്ദിരങ്ങളിൽ ഈ വിഗ്രഹങ്ങൾ കൊണ്ടുപോയിത്തള്ളുകയല്ലാതെ മറ്റൊരു വഴിയുമില്ല. 

' കാവുനിൽക്കുന്ന ഇടംകൂടി വാസയോഗ്യമായി എടുക്കുകയല്ലാതെ വേറെ മാർഗമൊന്നുമില്ല. പ്രത്യേകിച്ചും സ്ഥലം ഹിന്ദുവല്ലാത്ത ഒരാൾക്ക് കൈമാറ്റം ചെയ്യപ്പെടുകയോ ബന്ധുക്കൾക്കിടയിൽ സ്ഥലം ഭാഗം വെയ്ക്കപ്പെടുകയോ ചെയ്യുമ്പോൾ. താന്ത്രികവിധിയനുസരിച്ചാണ് നാഗദൈവങ്ങളെ അവിടെ നിന്നും മാറ്റുന്നത്..' ആമേടക്ഷേത്രത്തിലെ ശാന്തിക്കാരനായ വാസുദേവൻ നമ്പൂതിരി ദ ന്യൂസ്മിനുട്ടിനോട് പറഞ്ഞു.

കാവ് നിലനിൽക്കുന്നതിനടുത്ത് പറ്റിയ ഒരിടം വിഗ്രഹങ്ങൾ മാറ്റി പ്രതിഷ്ഠിക്കുന്നതിന് കിട്ടാതെ വരുമ്പോഴാണ് വിഗ്രഹങ്ങൾ ആമേട ക്ഷേത്രത്തിലെത്തുന്നത്. 

' ഒരുപാട് ചടങ്ങുകളുണ്ട് ഇതിന്. കാവ് നിൽക്കുന്നിടത്തേക്ക് ആദ്യം ക്ഷേത്രത്തിലെ പുരോഹിതരെത്തും. സ്ഥലത്തിന്റെ ഉടമക്ക് വിഗ്രഹം വേറെ എവിടെയെങ്കിലും മാറ്റി പ്രതിഷ്ഠിക്കണമെങ്കിൽ അതും ആചാരബദ്ധമായി നിർവഹിച്ചുകൊടുക്കും. മൂർത്തിയെ എടുത്തുകൊണ്ടുപോകലാണ് ആവശ്യമെങ്കിൽ ആദ്യം ഞങ്ങൾ അവിടെ നിന്ന് മാറാൻ തയ്യാറുണ്ടോ എന്നത് സംബന്ധിച്ച് പൂജകളിലൂടെ ദൈവഹിതമറിയും. തയ്യാറാണെങ്കിൽ ഞങ്ങൾ മൂർത്തിയെ ഞങ്ങളുടെ അമ്പലത്തിലേക്ക് മാറ്റും.' -നമ്പൂതിരി പറയുന്നു.

ഇങ്ങനെ അവിടെ എത്ര ദൈവങ്ങളെത്തിയെന്ന് ക്ഷേത്രം അധികൃതർക്കറിയില്ല. പക്ഷേ പതിനായിരക്കണക്കിന് വരുമെന്ന് അവർ തറപ്പിച്ച് പറയും. എന്നിരുന്നാലും ഇത് ശരിയായ ഒരു പ്രവണത ആണെന്ന് അവർക്ക് തോന്നുന്നില്ല.

'വയസ്സുചെല്ലുമ്പോൾ നിങ്ങളുടെ അച്ഛനമ്മമാരെ എവിടെയെങ്കിലും ഉപേക്ഷിക്കുകയെന്നത് ദൈവങ്ങൾ അത്തരമൊരു അവസ്ഥയെയാണ് അഭിമുഖീകരിക്കുന്നത്. അതുകൊണ്ട് അവരെ ഞങ്ങൾക്ക് ഏറ്റെടുക്കുകയെന്നതല്ലാതെ വേറൊരു നിർവാഹവുമില്ല. അല്ലാതെ വേറെ എവിടെപ്പോകാനാണ് അവർ? നമ്പൂതിരി ചോദിച്ചു.

ഈ സ്ഥാനമാറ്റ പ്രക്രിയ നിർവഹിക്കാൻ യോഗ്യതയുള്ള ചുരുക്കം ചില ബ്രാഹ്മണകുടുംബങ്ങളേയുള്ളൂവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

'ആമേടയാണ് ഇവയിൽ ഏറ്റവും വലുത്. മണ്ണാറശ്ശാലയിൽ ഒന്നുണ്ട്. പക്ഷേ ഇപ്പോൾ അവർ ഈ കർമം നിർവഹിക്കുന്നില്ല. നമുക്കും സ്ഥലം കുറഞ്ഞുവരികയാണ്. ' ക്ഷേത്രം പുരോഹിതൻ പറയുന്നു.

അത്തരമൊരാചാരം പ്രോത്സാഹിപ്പിക്കരുത് എന്ന് അവർ പറയുന്നതിന് മറ്റൊരർഥം കൂടിയുണ്ട്. ഒരു കാവ് ഇല്ലാതാകുമ്പോൾ സ്വാഭാവികവനമെന്ന് വിളിക്കാവുന്ന ചെറിയ ഒരു മേഖലയാണ് ഇല്ലാതാകുന്നത്. 

' ഒരു കാവ് അതിനു ചുറ്റുമുള്ള ചെറിയൊരു വനപ്രദേശത്തെകൂടി സംരക്ഷിക്കുന്നു. കാവുമായി ബന്ധപ്പെട്ടതായതുകൊണ്ട് ജനങ്ങൾക്ക് അത് വെട്ടിത്തെളിയ്ക്കാൻ പേടിയുണ്ടാകും.' അദ്ദേഹം പറഞ്ഞു.

Topic tags,
Become a TNM Member for just Rs 999!
You can also support us with a one-time payment.