ക്വാറി മാഫിയയെ ചെറുക്കാന്‍ ജീവിത സമ്പാദ്യമെടുത്ത് ഭൂമി വാങ്ങിയ ദരിദ്ര വയോധികൻ

എല്ലാവര്‍ക്കും ഭൂമിയാണ് ഈ 'അച്ഛന്റെ' സ്വപ്‌നം
ക്വാറി മാഫിയയെ ചെറുക്കാന്‍ ജീവിത സമ്പാദ്യമെടുത്ത് ഭൂമി വാങ്ങിയ ദരിദ്ര വയോധികൻ
ക്വാറി മാഫിയയെ ചെറുക്കാന്‍ ജീവിത സമ്പാദ്യമെടുത്ത് ഭൂമി വാങ്ങിയ ദരിദ്ര വയോധികൻ
Written by :


ഖനനമാഫിയയുടെ കേരളത്തിലെ പറുദീസയായ പത്തനംതിട്ടയില്‍ ദ ന്യൂസ് മിനുട്ട് നടത്തിയ ഒരന്വേഷണം. ശബരിമല അയ്യപ്പന്റെ ക്ഷേത്രത്താല്‍ പ്രശസ്തമായ ഈ ജില്ല കരിങ്കല്‍ ക്വാറികളുടെ എണ്ണപ്പെരുപ്പത്തിന് കുപ്രസിദ്ധവുമാണ്. പ്രദേശവാസികളുടെ ജീവിതത്തെക്കുറിച്ചും നിയമം ലംഘിച്ചുള്ള ഖനനത്തെക്കുറിച്ചും അന്വേഷിച്ചറിയുന്നതിനായി ജീവന്‍ വകവെയ്ക്കാതെ ഞങ്ങളുടെ പ്രതിനിധി ഹരിതാ ജോണ്‍ അതിരുങ്കല്‍, കോന്നി എന്നീ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഒരു റിപ്പോര്‍ട്ട്

അച്ഛന്‍ എന്നാണ് നടരാജനെന്ന ഈ എണ്‍പതുകാരനെ കോന്നിക്കാര്‍ വിളിക്കുന്നത്. ഒരുപോരാളിയുടെയും വീരനായകന്റേയും പരിവേഷമാണ് നടരാജനിപ്പോള്‍ അവര്‍ക്കിടയ്ക്ക്. ആവുന്ന കാലത്ത്കൂലിപ്പണി ചെയ്തായിരുന്നു ഇ്‌ദ്ദേഹം ജീവിതം കഴിച്ചത്. ദര്‍ശന്‍ ഗ്രാനൈറ്റ്‌സ് എന്നു പേരുള്ള ജില്ലയിലെ ഏറ്റവും വലിയ ഗ്രാനൈറ്റ് ക്രഷിങ് യൂണിറ്റിന് സമീപമാണ് നടരാജന്റെ ജീവിതം. അതുകൊണ്ടുതന്നെ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ക്വാറിവിരുദ്ധ സമരക്കാര്‍ക്കിടയില്‍ ഒരു പ്രധാനമുഖമായി അദ്ദേഹം മാറി. 

ക്വാറി മാഫിയയെ നേരിടാന്‍ തൊട്ടടുത്തുള്ള എല്ലാ ഭൂമിയും വാങ്ങുകയാണ് നടരാജന്‍ ചെയ്തത്. തന്റെ ജീവിതകാലത്തത്രയും സ്വരുക്കൂട്ടിയതെടുത്ത് 50 സെന്റ് (21780 ചതുരശ്ര അടി) സ്ഥലം അദ്ദേഹം വാങ്ങി. 

സ്ഥലം വാങ്ങുക മാത്രമല്ല പ്ത്തുകുടുംബങ്ങള്‍ക്കായി അഞ്ചുസെന്റ് വീതം വെച്ച് ഈ സ്ഥലം സംഭാവന ചെയ്യുകയും ചെയ്തു. അതേസമയം ്്അദ്ദേഹം ഇപ്പോഴും ജീവിക്കുന്നതാകട്ടെ അലുമിനിയം ഷീറ്റുമേഞ്ഞ ഒരൊറ്റ മുറി ഷെഡിലാണെന്നോര്‍ക്കുക. പക്ഷേ, ഈ സ്ഥലം ക്വാറി മാഫിയയുടെ കൈകളിലെത്തിച്ചേര്‍ന്നേക്കാമെന്ന ഭയം കൊണ്ട് ഈ കുടുംബങ്ങള്‍ക്ക് ഭൂമിയുടെ പട്ടയം നല്‍കിയിട്ടുമില്ല. 

' ഇതായിരുന്നു എന്റെ ചെറുത്തുനില്‍പ് പ്രകടിപ്പിക്കാനുള്ള എന്റെ മാര്‍ഗം. ചുരുങ്ങിയ പക്ഷം ഒരമ്പതുസെന്റ് സ്ഥലമെങ്കിലും ക്വാറി മാഫിയയില്‍ നിന്ന് സംരക്ഷിക്കാന്‍ എനിക്ക് കഴിഞ്ഞുവെന്നതില്‍ എനിക്കഭിമാനമുണ്ട്. ബുള്‍ഡോസറുകള്‍ എനിക്കുചുറ്റുമുള്ള ഭൂമി കൈയേറുന്നതും കണ്ട് കൈയും കെട്ടി നോക്കിയിരിക്കാന്‍ എനിക്കെങ്ങനെയാണ് കഴിയുക?' അദ്ദേഹം ചോദിക്കുന്നു.

' ഇതുവരെയും ഞാനവര്‍ക്ക് പട്ടയരേഖ കൈമാറിയിട്ടില്ല. അവ എന്റെ കൈയിലുണ്ടെങ്കിലും. ഇതവര്‍ക്ക് കൊടുത്താല്‍ ഭൂമി ക്വാറിമാഫിയയുടെ കൈയിലെത്തിച്ചേരുമെന്ന ഒരൊറ്റപ്പേടികൊണ്ട് മാത്രം-' നടരാജന്‍ കൂട്ടിച്ചേര്‍ക്കുന്നു. എഴുപതുവര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമേ ഭൂമി ലഭിച്ചയാള്‍ക്ക് അത് കൈമാറ്റം ചെയ്യാനാകൂ എന്ന് ആധാരത്തില്‍ നടരാജന്‍ കൃത്യമായി നിഷ്‌കര്‍ഷിക്കുന്നുണ്ട്. 

'ക്വാറി മാഫിയയില്‍ നിന്ന് ഭൂമി സംരക്ഷിക്കുകയാണ് എന്റെ ഉദ്ദേശ്യം-അതുകൊണ്ടാണ്് എഴുപതുവര്‍ഷത്തേക്ക് ബാധകമാകുന്ന ഈ വ്യവസ്ഥ. അതുചെയ്തില്ലെങ്കില്‍ ഈ ഭൂമി നല്‍കാന്‍ ക്വാറി മാഫിയ അവരെ ഭീഷണിപ്പെടുത്തിയേക്കും. ഞാനവര്‍ക്ക് ഈ ആധാരം ഇപ്പോള്‍ നല്‍കിയാല്‍ മാഫിയയുടെ ഗുണ്ടകള്‍ അതും കൈവശപ്പെടുത്തിയെന്നും വരും. അത്രമാത്രം ശക്തമാണ് ക്വാറി മാഫിയ.'- -നടരാജന്‍ പറഞ്ഞു.

ഔപചാരികവിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്തയാളാണ് നടരാജന്‍. അന്നന്ന് കിട്ടുന്നതുകൊണ്ടാണ് ജീവിച്ചുപോന്നത്. ഭാവിക്കുവേണ്ടി എന്തെങ്കിലും കൂട്ടിവെയ്ക്കാന്‍ അദ്ദേഹം ഉദ്ദേശിച്ചിരുന്നില്ല. 

' കുട്ടിക്കാലം മുതല്‍ ഞാന്‍ ഒരൊറ്റമുറിമാത്രമുള്ള കുടിലിലാണ് ജീവിച്ചുപോന്നത്. അത്യാവശ്യം വസ്ത്രങ്ങള്‍ മാത്രമേ എനിക്കുവേണ്ടൂ. ഒരൊറ്റ ചില്ലിക്കാശും ഞാനെനിക്കുവേണ്ടിയെന്ന മട്ടില്‍ കരുതിയിട്ടില്ല..എനിക്കെന്തിനാണ് ഒരുപാട് പണം..?' 

അഭിമാനത്തോടെ അദ്ദേഹം പറയുന്നു. പരിസ്ഥിതി പ്രവര്‍ത്തനത്തിനും തന്റെ രണ്ട് പെണ്‍കുട്ടികളെ വിവാഹം ചെയ്തയക്കുന്നതിനുമായി തന്റെ കൈയിലുള്ളതെല്ലാം നടരാജന്‍ ചെലവാക്കി. 

ക്വാറിമാഫിയയുടെ ഭീഷണികള്‍ക്ക് നടുവില്‍ 75-കാരിയായ ഭാര്യയ്ക്ക്മൊത്താണ് അദ്ദേഹം അവിടെ ജീവിക്കുന്നത്. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുമെന്ന് കണ്ട്  കൂടുതല്‍ കുടുംബങ്ങള്‍ ആ പ്രദേശത്ത് പാര്‍പ്പുറപ്പിക്കുന്നതിനെ ക്വാറി മാഫിയ എതിര്‍ക്കുന്നു.

' ഇത്ര പ്രായമായ എന്നേയും അവര്‍ ഭീഷണിപ്പെടുത്തുന്നു' അടക്കിപ്പിടിച്ച ചിരിയോടെ നടരാജന്‍ കൂട്ടിച്ചേര്‍ക്കുന്നു. ' എന്നെ കൊല്ലുമെന്നാണ് പറയുന്നത്. എന്നായാലും മരിച്ചല്ലേ പറ്റൂ. അതുകൊണ്ട് എനിക്ക് പേടിയില്ല. ഭൂമി വിതരണം ചെയ്യാതിരിക്കാന്‍ കഴിയുന്നതെല്ലാം ്അവര്‍ ചെയ്യുന്നുണ്ട്. വലിയൊരു തുകയും എനിക്ക്് വാഗ്ദാനം ചെ്യ്യുകയുണ്ടായി. പക്ഷേ എനിക്ക് അതാവശ്യമില്ല. '

' കുന്നുകളാണ്  എന്റെ നാടിന്റെ സവിശേഷത. ആകാശത്തെ ഉമ്മവെയ്ക്കുന്ന ഒരുപാട് കുന്നുകള്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു. ഇപ്പോള്‍ അവയില്‍ കുറച്ചുമാത്രമേ അവശേഷിക്കൂന്നുള്ളൂ. അവയെയൊക്കെ നമ്മള്‍ ഇടിച്ചുനിരത്തുകയാണിപ്പോള്‍. ഇതുകൊണ്ട് എന്തുഫലമാണ് ഉണ്ടാകാന്‍ പോകുന്നത് എന്ന് ശാസ്ത്രീയമായി പറയാന്‍ മാത്രം വിദ്യാഭ്യാസം എനിക്കില്ല. പക്ഷേ ഇത് നല്ലതല്ല എന്നെനിക്കറിയാം. ഇത് നമ്മുടെ ഭൂമിയെ തീര്‍ച്ചയായും കൊന്നുകളയും..' നടരാജന്‍ പറഞ്ഞു. 

ജനങ്ങള്‍ ഇക്കാര്യം മനസ്സിലാക്കാത്തതിലും ഒറ്റക്കെട്ടായി ക്വാറി മാഫിയയെ ചെറുക്കുന്നില്ലായെന്നതിലും നടരാജന് ഖേദമുണ്ട്. ' എന്തുകൊണ്ടാണ് ജനത്തിനിയും കാര്യം മനസ്സിലാകാത്തത്? മാഫിയ വെച്ചുനീട്ടുന്ന പണത്തിലും സമ്മാനങ്ങളിലും അവര്‍ വീണുപോകുന്നു. അത്ര തന്നെ. നമ്മുടെ പേരമക്കളൊക്കെ ഈ നിലയ്ക്ക് പോയാല്‍ ഈ ഭൂമിയില്‍ എങ്ങനെ ജീവിക്കാനാണ്..?' -അ്‌ദ്ദേഹം ചോദിക്കുന്നു.

ഇതുവരെ മാഫിയ ഉയര്‍ത്തിയ എല്ലാ വെല്ലുവിളികളെയും നടരാജന്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്തിട്ടുണ്ട്. 

'ഞാന്‍ ഗവണ്‍മെന്റ് ഭൂമിയില്‍ നിന്ന് അനുമതിയില്ലാതെ തേക്കുമുറിച്ചുവെന്നാരോപിച്ച് ഒരു വില്ലേജ് ഓഫിസര്‍ കുറച്ചു പൊലിസ് ഉദ്യോഗസ്ഥരുമായി ഒരുദിവസം എന്റെയടുത്തുവന്നു. പക്ഷേ ആ ഭൂമി എന്റേതായിരുന്നു. അവരവകാശപ്പെട്ടതുപോലെ ആ തേക്ക് അത്ര വലുതൊന്നുമല്ലായിരുന്നു. കെട്ടിച്ചമച്ച കേസായിരുന്നു അത്. മരം എടുത്തുകൊണ്ടുപോകാന്‍ അവര്‍ ശ്രമിച്ചു. എനിക്ക് പറയാനുള്ളതൊന്നും അവര്‍ക്ക് കേള്‍ക്കേണ്ടായിരുന്നൂ. എന്നെ എന്റെ ഇടത്തുനിന്ന് ഒഴിപ്പിക്കാനുള്ള ശ്രമമായിരുന്നു അതെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്. ഞാന്‍ ദേഹത്ത് കുറേ മണ്ണെണ്ണയൊഴിച്ച്് തടിക്കഷണങ്ങള്‍ക്ക് മുകളില്‍ ഇരിപ്പുറപ്പിച്ചു. എന്തെങ്കിലും നീക്കമുണ്ടായാല്‍ സ്വയം തീ കൊളുത്തുമെന്ന് ഭീഷണിപ്പെടുത്തി. പിന്തിരിയുകയല്ലാതെ അവര്‍ക്ക് വേറെ മാര്‍ഗമില്ലായിരുന്നു.' ഒരു നേര്‍ത്ത ചിരിയോടെ നടരാജന്‍ പറഞ്ഞു. 

'പാവപ്പെട്ടവരും ഭൂമിയില്ലാത്തവരുമായവര്‍ക്ക് വേണ്ടിയാണ് ഞാന്‍ ഈ 50 സെന്റ് സ്ഥലം സംരക്ഷിച്ചുനിര്‍ത്തിയിരിക്കുന്നത്. ഈ ഭൂമിയുടെ മുകളില്‍ എല്ലാവര്‍ക്കും തുല്യാവകാശമാണുള്ളത്. എല്ലാം സ്വന്തമാക്കി വെയ്ക്കാന്‍ ഒരാള്‍ക്കും അവകാശമില്ല.' നടരാജന്‍ പറയുന്നു.

നടരാജന്റെ വീട്ടില്‍ വെള്ളമോ വൈദ്യുതിയോ ഇല്ലായിരുന്നു. അദ്ദേഹത്തിന്റെ ഈ സവിശേഷ പ്രതിരോധത്തെക്കുറിച്ച് കേട്ടറിഞ്ഞ സാമൂഹ്യപ്രവര്‍ത്തകര്‍ ഇടപെട്ടാണ് ആറുമാസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ കിട്ടിയത്. 

പക്ഷേ പാറ ഖനനം മറ്റേത് ഗ്രാമത്തേയും എന്നപോലെ നടരാജന്‍ ജീവിക്കുന്ന പ്രദേശത്തെയും ബാധിച്ചിട്ടുണ്ട്. കടുത്ത ജലക്ഷാമത്തിന്റെ പിടിയിലാണ് അവിടം. വെള്ളം കൊണ്ടുവരാന്‍ ജനങ്ങള്‍ക്ക് കിലോമീറ്ററുകളോളം നടക്കണം. 

പക്ഷേ അതൊന്നും നടരാജന് തന്റെ ഭൂമിയോടുള്ള സ്‌നേഹത്തിന് മങ്ങലേല്‍പ്പിക്കുന്നില്ല. 

(This is a translated version).

Elections 2023

No stories found.
The News Minute
www.thenewsminute.com