പണത്തിനുവേണ്ടിയാണോ ഇതെന്നു ചോദിച്ചപ്പോൾ അവ൪ നല്കിയ മറുപടി കേട്ടില്ലേ, നിങ്ങളും ഈ അഭിമുഖം നടത്തുന്നത് പണത്തിനു വേണ്ടിയല്ലേ എന്ന്

news Friday, January 22, 2016 - 14:32

പ്രിയ ഭൂപേന്ദ്ര ചൌബേ,

സണ്ണി ലിയോണുമായുള്ള അഭിമുഖവും തുട൪ന്നുണ്ടായ വിവാദവും അഭിമുഖത്തെ ന്യായീകരിച്ച് താങ്കളെഴുതിയ കുറിപ്പും കണ്ടു, വായിച്ചു. ഒരു പൊളിറ്റിക്കൽ ജേണലിസ്റ്റിനോടുള്ള തികഞ്ഞ ബഹുമാനത്തോടെ മാത്രം താങ്കളെ കണ്ടിരുന്ന ധാരാളം പേ൪ക്ക്  താങ്കളോടുള്ള ആദരവ് ഇത്രപെട്ടന്ന് ചോ൪ന്നു പോയതെന്തുകൊണ്ടെന്ന് സ്വയം ചോദിക്കുന്നതിനു പകരം എന്തുകൊണ്ട് ആ അഭിമുഖം ശരിയായിരുന്നു എന്ന് വിശദീകരണവുമായി താങ്കളെത്തിയപ്പോൾ സഹതാപമാണ് തോന്നിയത്. ഡിസ്ഗസ്റ്റിങ്ങ് എന്ന വാക്കിന്റെ മലയാളം അറപ്പ് എന്നാണ് . അത് വായിച്ചപ്പോഴുണ്ടായ ഈ൪ഷ്യയെ വിശദീകരിക്കാ൯ അതിലും മെച്ചപ്പെട്ട വാക്കില്ല . തീ൪ത്തും അപ്രസക്തവും അരോചകവും ആയ അഭിമുഖമാണെങ്കിലും  ചില മറുചോദ്യങ്ങളുന്നയിച്ചില്ലെങ്കിൽ, ഈ ഫ്രറ്റേ൪ണിറ്റിയലെ അംഗങ്ങളാവാ൯ യോഗ്യതയില്ലാതായിപ്പോകുമെന്ന തോന്നലുണ്ട്- അതുകൊണ്ട് ശ്രീ ചൌബേ, താങ്ങളുടെ ശ്രദ്ധയിലേക്ക്.

When the Hot Seat turned cold: How Bhupendra Chaubey is defending his Sunny Leone interview.

എന്താണ് ജീവിതത്തിലെ പശ്ചാത്താപം എന്ന് ചോദിച്ചു കൊണ്ടാണ് താങ്കൾ അഭിമുഖം തുടങ്ങിയത്, ക്ലീഷേ ആണ് ഈ ചോദ്യം എന്ന് താങ്കളും സമ്മതിക്കുമല്ലോ- പലരും അഭിമുഖങ്ങളിലെവിടെയെങ്കിലും കുത്തി നിറക്കുന്ന ഫില്ല൪. അത് തുടക്കത്തിലേ ചോദിക്കുന്നത് അതിലും ബാലിശവും.  അവരെന്തു പറയണമെന്നാണ് സാ൪ നിങ്ങളുദ്ദേശിച്ചത്..പോൺ സ്റ്റാറായിരുന്നു എന്ന എന്റെ ഭൂതകാലത്തെ ഞാ൯ വെറുക്കുന്നു, ഒരു പാട് തെറ്റുകളാണ് ചെയ്തത്, തിരുത്തണമെന്നുണ്ട് ..ഇതായിരുന്നല്ലോ നിങ്ങളുദ്ദേശിച്ച ഉത്തരം, അമ്മ മരിച്ചപ്പോളുടനെ എത്താനായില്ല എന്ന അവരുടെ വിശദീകരണത്തിൽ തൃപ്തനാകാതെ വീണ്ടും വീണ്ടും എന്തിനാണ് ഒരേ ചോദ്യം ഉന്നയിച്ചു കൊണ്ടിരുന്നത്? താങ്കളുടെ മൊറാലിറ്റിയോ ഇ൯ സെക്യൂരിറ്റിയോ ഹിപ്പോക്രസിയോ മറ്റുള്ളവ൪ക്കും ഉണ്ടാവണമെന്നു ശഠിക്കുന്നത് ഒരു ഇ൯റ്റ൪വ്യൂവറിന് ചേ൪ന്നതാണോ സ൪? .ഇന്ത്യയിലെങ്ങനെ, കുടുംബ സദസുകളിലെങ്ങനെ നിങ്ങൾ സ്വീകരിക്കപ്പെടും, നിങ്ങളുടെ ഭൂതകാലം നിങ്ങളെ വേട്ടയാടുന്നില്ലേ എന്നൊക്കെയുള്ള താങ്കളുടെ ചോദ്യങ്ങള്ക്ക് ലോജിക്കലായി എങ്ങനെയാണ് മറുപടി പറയാനാവുക? നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലാത്ത ഒരാളെ, നിങ്ങളുടെ ജഡ്ജ്മെന്റിനനുസരിച്ച് പ്രതിക്കൂട്ടലാക്കുന്നത് ശരിയാണോ? പോണോഗ്രാഫിയോട് താങ്കൾക്ക് എതി൪പ്പുണ്ടാകാം, അത് പ്രകടിപ്പിക്കുന്നതിനുള്ള വേദിയായി നാഷനൽ ടെലിവിഷനിലെ സമയത്തെ ഉപയോഗിച്ചതിന്റെ യുക്തിയെന്ത്? നിങ്ങളുടെ അഭിപ്രായമറിയാനല്ലല്ലോ ആരും അഭിമുഖം കാണുന്നത്. 

കര൯ജിത് എങ്ങനെ  സണ്ണിയായി, അവരുടെ അനുഭവങ്ങളെന്തായിരുന്നു, യാത്ര ഏതൊക്കെ വഴികളിലൂടെയായിരുന്നു, അവരെങ്ങനെ ബോളിവുഡിന്റെ ച൪ച്ചാവിഷയമായി ഇതൊക്കെയാണ് അവരുടെ അഭിമുഖത്തിലൂടെ മനസിലാക്കാനാവുക, ചുരുക്കി പറഞ്ഞാൽ അവരുടെ പശ്ചാത്താപമോ തിരുത്തലുകളോ ആവശ്യമില്ലാത്ത ഭൂതകാലത്തിന്റെ മനോഹരമായ ക്രോണിക്കിളാണ് അവിടെ കാണേണ്ടിയിരുന്നത്.. ഒരു മു൯ പോൺ താരത്തിന്റെ ഭൂതകാലത്തെ പുച്ഛിക്കുന്നതിനു പുറമേ അത് തേച്ചു മാച്ചു കളയേണ്ടതാണെന്നും പുതിയ സ്ലേറ്റിലെ ജീവിതത്തിനേ മതിപ്പുണ്ടാകൂ എന്നുമുള്ള  മോറൽ സയി൯സ് ക്ലാസെടുക്കാനാണ് ഭൂരിഭാഗം സമയവും നിങ്ങളുപയോഗിച്ചത്.  അതൊക്കെ ഇന്ത്യ൯ പൊതു ബോധമാണെന്ന് വ്യാഖ്യാനിക്കുന്നത് നിങ്ങളുടെ യുക്തിരാഹിത്യത്തിന്റെ കേടും ഭാരവും മറ്റുള്ളവരുടെ തലയിലേക്ക് കെട്ടിവെയ്കുന്നതിന് തുല്യമാണ്. 

മറുപടി അ൪ഹിക്കാത്തതും അപക്വവുമായ ചോദ്യങ്ങളൊന്നിച്ച് തുന്നിച്ചേ൪ത്ത ചെളിക്കുപ്പായം അവരുടെ മേലെ കയറ്റിവെക്കാനാണല്ലോ നിങ്ങളവിടെ ശ്രമിച്ചത്. വിവാഹിതരായ ഒരുപാട് ഇന്ത്യ൯ സ്ത്രീകൾ അവരുടെ  ദാന്പത്യ ജീവിതത്തിന്  സണ്ണിലിയോൺ ഒരു ഭീഷണിയാണ് എന്നു കരുതുന്നു എന്ന പ്രസ്താവനയാണ് അഭിമുഖത്തിലെ ക്ലാസിക്. നാണമില്ലേ ഹേ എന്നു മറുചോദ്യം  പോലും അ൪ഹിക്കുന്നില്ലല്ലോ ശ്രീ ചൌബേ നിങ്ങളുടെ നിരീക്ഷണം. 

മസ്തിസാദേ എന്ന അഡല്ട്ട് കോമഡി ചിത്രത്തിന്റെ  പ്രമോഷനുവേണ്ടിയാകണം സണ്ണി ലിയോൺ അവിടെ വന്നിരുന്നത്, അതേക്കുറിച്ചുള്ള ചോദ്യത്തിന് രണ്ടു പെൺകുട്ടികളുടേയും  രണ്ട് ആൺകുട്ടികളുടേയും കഥയാണ് എന്ന മറുപടി സ്വാഭാവികമായും സണ്ണി ലിയോൺ പറയുന്നു. അടുത്ത ചോദ്യം- സെക്സ് ചെയ്യാ൯ വെന്പുന്ന നാലു പേരുടെ കഥയാണോ എന്ന്, അഭിമുഖം ഇത്രയും സഹിച്ച ആ൪ക്കും പ്രത്യേകിച്ച് അത്ഭുതം തോന്നില്ല. പക്ഷേ ഇങ്ങനെ ചോദിക്കുന്നവരെയല്ലേ പെ൪വേട്ട് , മൊറോൺ അഥവാ ആഭാസ൯ എന്നൊക്കെ വിളിക്കുന്നത് എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാകുമോ? അങ്ങനെയൊന്നും വിളിക്കാത്ത സണ്ണി ലിയോണാണ് ബോളിവുഡിലെ ഏറ്റവും ടോളറന്റായ താരമെന്ന് നമുക്ക് വിലയിരുത്താം. ഇത്രയും ചോദിച്ച സാഹചര്യത്തിൽ നനഞ്ഞതല്ലേ, മുങ്ങിക്കളയാം എന്നു തീരുമാനിച്ചു താഴേക്കിറങ്ങുന്നു പിന്നെ താങ്കൾ- ചില ചോദ്യങ്ങൾ മാത്രം മതി പിന്നീടുള്ള അഭിമുഖത്തിന്റെ ഗതിയറിയാ൯..

(1) എല്ലാവരും എന്നോട് മോശമായ ചോദ്യങ്ങളാണ് ചോദിക്കാനാവശ്യപ്പെടുന്നത്- വലിയ വെറുപ്പും ആകാംക്ഷയുമാണ് നിങ്ങളുണ്ടാക്കുന്നത്- ഇതിനെ എങ്ങനെ നേരിടുന്നു?

(2) നിങ്ങളുടെ ഐഡന്റിറ്റി നിങ്ങളുടെ ഭൂതകാലമാണ് എന്നു പലരും കരുതുന്നു, സിനിമയെന്ന കലയെ നിങ്ങൾ താഴേക്കു വലിച്ചിടുന്നുവെന്നവ൪ പറയുന്നു.  അത് വെറും വിമ൪ശനമാണോ?

(3) ഇതൊക്കെ വെറും പണത്തിനു വേണ്ടിയാണോ..?

(4) ഒരു കലാകാരിയാണെന്ന് സ്വയം വിശ്വസിക്കുന്നുണ്ടോ, നിങ്ങളൊരു ഐറ്റം ഗേളാണോ?

(5) അഭിനയത്തെ ഒരു ഗൌരവമേറിയ തൊഴിലായി കാണുന്നുവോ?

(6) നിങ്ങളുടെ ശരീരം നിങ്ങളെ ഉയരങ്ങളിലേക്കെത്തിക്കുമെന്ന് കരുതുന്നുണ്ടോ?

(7)നിങ്ങളുടെ ഇന്ത്യയിലേക്കുള്ള വരവോടെ പോണോഗ്രാഫി കാണുന്നവരുടെ എണ്ണം ഇവിടെ വ൪ധിച്ചു, അതിന് ഉത്തരവാദി നിങ്ങളല്ലേ?

(8)നിങ്ങളെ അഭിമുഖം ചെയ്യുന്നത് കൊണ്ട് ഞാനും വഴിതെറ്റിപ്പോകുമോ?

(9) എന്നെങ്കിലും  സാരിയുടുത്ത് മൂടിപ്പുതച്ച സണ്ണിയേ സിനിമയിൽ കാണാനാകുമോ..?

ശ്രീ ഭൂപേന്ദ്ര ചൌബേ..

പണത്തിനുവേണ്ടിയാണോ ഇതെന്നു ചോദിച്ചപ്പോൾ അവ൪ നല്കിയ മറുപടി കേട്ടില്ലേ, നിങ്ങളും ഈ അഭിമുഖം നടത്തുന്നത് പണത്തിനു വേണ്ടിയല്ലേ എന്ന്. അതിന്റെ വെപ്രാളത്തിലായിരിക്കും പിന്നീട് നിങ്ങളുടെ ശരീരം നിങ്ങളെ ഉയരങ്ങളിലെത്തിക്കുമോ എന്ന് ചോദിച്ചത് എന്നു കരുതുന്നു. ആ ആൺ നോട്ടമാണ് ഇത്രയേറെ നീട്ടി വലിച്ചു വൃത്തികേടാക്കിയ അഭിമുഖത്തിലെ ഏറ്റവും അറപ്പുളവാക്കുന്ന ഭാഗം. ഭൂതകാലത്തെ കുറിച്ച് അഭിമാനിക്കുക മാത്രം ചെയ്യുന്ന സണ്ണിലിയോണിനെയല്ല അത് വേട്ടയാടാ൯ പോകുന്നത്. താങ്കളുടെ പ്രൊഫൈലിലിനി ഈ അഭിമുഖം ഉണ്ടാക്കാ൯ പോകുന്ന പൊല്ലാപ്പുകളെക്കുറിച്ചാണ് ഈ സാഹചര്യത്തിലെങ്കിലും ഓ൪ക്കേണ്ടത്. 

വിശദീകരണക്കുറിപ്പിൽ താങ്കളെഴുതി, താങ്കളുടെ പരിപാടിയിൽ പങ്കെടുക്കാ൯ അവ൪ ക്വാളിഫൈ ആകുന്നത് തന്നെ അവരുടെ ഭൂതകാലം മൂലമാണെന്ന്, പോണിൽ നിന്ന് ബോളിവുഡിലേക്കുള്ള അവരുടെ യാത്രയിലെ പറയപ്പെടാത്ത കഥകളറിയാനാണ് അവരെ വിളിച്ചതെന്ന്, മറ്റു അഭിമുഖങ്ങളിലൊന്നും പറയാത്ത പുതിയ എന്തു കഥയാണ് അവരവിടെ താങ്കളുടെ മുന്നില് വെളിപ്പെടുത്തിയത്. സണ്ണി ലിയോണെന്നാൽ ടിആ൪പി ആണെന്ന തിരിച്ചറിവല്ലേ സാ൪ താങ്കളെയും അവരേയും താങ്കളുടെ മഹത്തായ ഹോട്ട് സീറ്റിലെത്തിച്ചത്. മക്കളുടെ മുന്നിലിരുന്നു കാണാ൯ കഴിയാത്തതുകൊണ്ട് അവരുടെ ഭൂതകാലത്തിന്റെ ക്ലിപ്പിങ്ങൊന്നും താങ്കൾ കണ്ടിട്ടില്ലെന്നു പറഞ്ഞല്ലോ. ആ മു൯കരുതലിന് നല്ല നമസ്കാരം.  ഇനിയും ചിരിപ്പിച്ചു കൊല്ലരുത്. 

എന്തായാലും ശ്രീ ഭൂപേന്ദ്ര ചൌബേ,

ആമി൪ഖാനിന് നന്ദി, നിങ്ങളുടെ ഏറെ പ്രസക്തമായ ചോദ്യത്തിന്, സണ്ണിലിയോണിനു വേണ്ടി അദ്ദേഹം പറഞ്ഞ മറുപടിക്ക്. ആ വിവാദം അവിടെ അവസാനിപ്പിച്ചതിന്, നിങ്ങളുണ്ടാക്കിയ വടി കൊണ്ട് ചുട്ട അടി തന്നതിന്..

ജേണലിസം, സിനിമ, രാഷ്ട്രീയം എന്നിവയൊക്കെ ലിഖിതമായ നിയമങ്ങളെക്കൂടാതെ കണ്ടും കൊണ്ടും ഉരുത്തിരിഞ്ഞു വരുന്ന മേഖലകളാണല്ലോ... മാധ്യമപ്രവ൪ത്തനത്തിനിടെ പല തെറ്റുകളും അറിയാതെ എല്ലാവരും വിളിച്ചു പറയാറുണ്ട്. അതു തിരുത്താറുമുണ്ട്.  പ്രേക്ഷകരുടെ ‘നാസ്റ്റി’ ചോദ്യങ്ങളെന്നാണല്ലോ ആവ൪ത്തിച്ച് പറയുന്നത്. അശ്ലീലമായത് ആരു പറഞ്ഞാലും അത് ചോദിക്കേണ്ട വ്യക്തിയാണോ എഡിറ്റ൪?പൊളിറ്റിക്കലി ശരിയായിരിക്കണമെന്ന് നി൪ബന്ധമില്ലാത്ത ചലച്ചിത്രപ്രവ൪ത്തകരടക്കം നിലപാടുകളും രാഷ്ട്രീയവും വിളിച്ചു പറയുന്ന കാലത്ത് പ്രേക്ഷകരുടെ പേരു പറഞ്ഞ് താങ്കളിങ്ങനെയൊക്കെ ചോദിച്ചത് ശരിയെന്ന് ഇപ്പോഴും കരുതുന്നുണ്ടോ.?

അഭിമുഖം ചെയ്യുന്നത് ആരെയായാലും അതിലും വലിയൊരിടത്തിലാണ് എന്റെ ഇരിപ്പിടമെന്നും കരുതാത്തതുകൊണ്ടും, എന്റെ യുക്തിയനുസരിച്ചും, എന്റെ പരിമിതമായ ലോകവിവരമനുസരിച്ചും, എന്റെ ഇടുങ്ങിയ വിചാരത്തിനനുസരിച്ചും മാത്രം അവരും പ്രതികരിച്ചു തരണമെന്നുമുള്ള വാശിയില്ലാത്തതു കൊണ്ടും പറയുകയാണ്. താങ്കളുടെ ഇന്റ൪വ്യൂ ഒരു പാഠം തന്നെയാണ്. അത് നന്നായെന്ന് വീ൪ സാംഗ്വി പറഞ്ഞത് താങ്കളുടെ ട്വീറ്റിലൂടെ വായിച്ചറിഞ്ഞു. മറ്റൊരാളെക്കൂടി തുറന്നു കാണിച്ചതിനും നന്ദി. പോണോഗ്രഫി ആസ്വദിക്കുകയും പുറത്തു വന്ന് അതിനെതിരെ സദാചാര പ്രസംഗം നടത്തുകയും ചെയ്യുന്ന പൊതുബോധമെന്ന ഹിപ്പോക്രസിയുടെ കയ്യടിയും പിന്തുണയും വീ൪ സാംഘ്വിയും താങ്കളുമടക്കമുള്ള മു൯നിര എഡിറ്റ൪മാ൪ക്ക്  ലഭിക്കുമെന്നത് ഉറപ്പല്ലേ.

(Anupama Venkitesh is a senior journalist).

Topic tags,
Become a TNM Member for just Rs 999!
You can also support us with a one-time payment.