എന്റെ അമ്മ പേസ്മേക്കറിന്റെ സഹായത്താൽ ജീവിക്കുന്ന ആളാണ്, എന്നോട് കരുണ കാണിക്കണം' നിഷാം കോടതിയിൽ അഭ്യർത്ഥിച്ചു

കോടതിയോട് കാരുണമഭ്യര്‍ത്ഥിച്ച് ചന്ദ്രബോസ്
എന്റെ അമ്മ പേസ്മേക്കറിന്റെ സഹായത്താൽ ജീവിക്കുന്ന ആളാണ്, എന്നോട് കരുണ കാണിക്കണം' നിഷാം കോടതിയിൽ അഭ്യർത്ഥിച്ചു
എന്റെ അമ്മ പേസ്മേക്കറിന്റെ സഹായത്താൽ ജീവിക്കുന്ന ആളാണ്, എന്നോട് കരുണ കാണിക്കണം' നിഷാം കോടതിയിൽ അഭ്യർത്ഥിച്ചു

20.01.2016- തൃശൂര്‍ സെഷന്‍സ് കോടതി പരിസരം.

കഴിഞ്ഞ വര്‍ഷം കേരളം ദര്‍ശിച്ചതില്‍ വെച്ച് ഏറ്റവും കോളിളക്കം സൃഷ്ടിച്ച ഒരു കൊലപാതക കേസില്‍ വിധി പറയുന്നത് റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരു ചെറുമാധ്യമസംഘം അവിടെ തമ്പടിച്ചിരിക്കുന്നു.  രാവിലെ 10 മണി കഴിഞ്ഞ് 10 മിനിറ്റ് കൂടി പിന്നിട്ടു. ബന്ധുക്കളോടൊപ്പം സെക്യൂരിറ്റി ഗാര്‍ഡ് ചന്ദ്രബോസിന്റെ അമ്മയും ഭാര്യയും മകനുമടങ്ങുന്ന കുടുംബം കോടതിയിലെത്തുന്നു. പുറത്തുനില്‍ക്കുന്ന ആരോടും സംസാരിക്കാന്‍ മുതിരാതെ കുനിഞ്ഞ ശിരസ്‌സുകളുമായി അവര്‍ കോടതിയിലേക്ക് പ്രവേശിക്കുന്നു.

ഒരു വര്‍ഷം മുമ്പ്, 2015 ജനുവരി 29 ന്റെ രാത്രിയിലാണ് അവരുടെയെല്ലാം ജീവിതത്തെ മാറ്റിമറിച്ചുകൊണ്ടുള്ള ആ ആഘാതമുണ്ടായത്. തന്റെ വീട് സ്ഥിതി ചെയ്യുന്ന ആഡംബരപൂര്‍ണമായ ഹൗസിങ് കോളനിയിലേക്കുള്ള ഗേറ്റ് ഉടനടി തുറക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് സെക്യൂരിറ്റി ഗാര്‍ഡുകളുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് മുഹമ്മദ് നിഷാം ചന്ദ്രബോസിനെ മാരക പരുക്കേല്‍പ്പിക്കും വിധം ആക്രമിക്കുകയായിരുന്നു. ഫെബ്രുവരി 16ന് ചന്ദ്രബോസ് മരിച്ചു. 

ചന്ദ്രബോസിന്റെ കുടുംബം കോടതിയിലെത്തിയതിന്‍ തൊട്ടുപിറകേ ഒരു വെള്ളഷര്‍ട്ടുധാരി കോടതിയില്‍ പ്രവേശിച്ചു.  കാഴ്ചയില്‍ നിഷാമിനെപ്പോലെ തോന്നിക്കുന്ന ഒരാള്‍. നിഷാമിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖ് ആയിരുന്നു അത്. ക്യാമറക്കണ്ണുകളില്‍ നിന്ന് അയാള്‍ പെട്ടെന്ന് വഴുതി മാറി. 

10.30ന് ഒരു കേരളാപൊലീസ് വാഹനം കോടതി പരിസരത്തെത്തി. പുകയിലക്കമ്പനി മുതലാളിയായ നിഷാം ആ വാനില്‍ നിന്ന് പുറത്തിറങ്ങി. വെള്ളഷര്‍ട്ടും ജീന്‍സുമായിരുന്നു അയാളുടെ വേഷം. മുഖം വൃത്തിയായി ക്ഷൗരം ചെയ്തിരുന്നു. ക്യാമറകളെ അവഗണിച്ച് ഒരു കൂസലും കൂടാതെ അയാള്‍ നടന്നു. 

നിഷാം കടന്നുവന്ന കോടതിമുറിയുടെ വലതുവശത്താണ് ചന്ദ്രബോസിന്റെ ഭാര്യ ജമന്തിയും മറ്റ് കുടുംബാംഗങ്ങളും ഇരുന്നിരുന്നത്. സാമീപ്യം ഉണ്ടാക്കുന്ന അസ്വസ്ഥത ഒഴിവാക്കാനായിരിക്കണം അവരോട് ഇടതുവശത്തേക്ക് മാറാന്‍ നിര്‍ദേശിക്കപ്പെട്ടു. 

ജമന്തിയും ചന്ദ്രബോസിന്റെ അമ്മ അംബുജവും മകനും മറ്റൊരു കുടുംബാംഗവും ഒരു ബെഞ്ചിലിരുന്നു. ജമന്തി കണ്ണുകള്‍ മുറുകെയടച്ച് കഴുത്തിലെ മാല തന്റെ കൈകളിലെടുത്ത് പ്രാര്‍ത്ഥനാപൂര്‍വം മന്ത്രിച്ചുകൊണ്ടിരുന്നു. 

കഴിഞ്ഞ കുറേ മാസങ്ങളായി ദിനേനയെന്നോണം വിചാരണ കേട്ടുകൊണ്ടിരുന്ന ജഡ്ജി കെ.പി. സുധീര്‍ വിധി വായിച്ചുതുടങ്ങുമ്പോള്‍ കോടതിയില്‍ പ്രകടമായ പിരിമുറുക്കം. 

അപ്പോള്‍ വിചാരണക്കൂട്ടില്‍, ചുറ്റുവട്ടത്തും കണ്ണോടിച്ച് നിശ്ശബ്ദനായി നിഷാം നിന്നു.  പതറിച്ച വെളിവാക്കും വിധമുള്ള ഒരു നേരിയ ചിരി ചിലപ്പോഴൊക്കെ അയാളുടെ മുഖത്തു കാണാന്‍ കഴിഞ്ഞു. 

ബോക്‌സിന്റെ അങ്ങേയറ്റത്തിരുന്ന നിഷാമിന്റെ അമ്മാവന്‍ അബ്ദുല്‍ഖാദര്‍ ആത്മവിശ്വാസത്തോടെ ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു: “ നിഷാം കുറ്റം ചെയ്തിട്ടില്ല. ഇനി ശിക്ഷ കിട്ടുകയാണെങ്കില്‍ത്തന്നെ അത് മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കുള്ള ശിക്ഷ മാത്രമായിരിക്കും..”

വേറെ മൂന്നുകേസുകള്‍ കൈകാര്യം ചെയ്തശേഷമാണ് ജഡ്ജി നിഷാമിന്റെ കേസിലേക്ക് കടന്നത്. ഒറ്റ വാചകത്തില്‍ തന്നെ നിഷാമിന്റെ വിധിയെന്തെന്ന് വ്യക്തമാക്കി. കൊലപാതകക്കുറ്റം ചെയ്തുവെന്ന് വിധിച്ചുകൊണ്ട്. നിഷാമിനോട് ആദ്യം മുന്നോട്ടുനീങ്ങി നില്‍ക്കാന്‍ ജഡ്ജി ആവശ്യപ്പെട്ടു. പിന്നെ എന്തുപറയാനുണ്ട് എന്നു ചോദിച്ചു. 

തന്നെ ആശ്രയിച്ചുകഴിയുന്ന ഭാര്യയും കുട്ടിയും തനിക്കുണ്ടെന്ന് നിഷാം മറുപടി പറഞ്ഞു. “പേസ്‌മേക്കറിനെ ആശ്രയിച്ചാണ് എന്റെ  അമ്മ ജീവിക്കുന്നത്..”  മറ്റെന്തെങ്കിലും പറയാനുണ്ടോ എന്ന് അപ്പോള്‍ ജഡ്ജി ആരാഞ്ഞു. “ കുറച്ചുകൂടി ദയാപൂര്‍വമുള്ള വിധി ഉണ്ടാകണം.” ഏതാണ്ട് പിറുപിറുക്കുംമട്ടില്‍ നിഷാം പ്രതിവചിച്ചു. “വലിയൊരു കൂട്ടുകുടുംബമായിട്ടാണ് ഞങ്ങള്‍ കഴിയുന്നത്. ഭാരിച്ച ഉത്തരവാദിത്വമാണ് എനിക്കുള്ളത..് ”  അയാള്‍ പറഞ്ഞു. 

നിഷാം വെറും ജീവപര്യന്തമല്ല, വധശിക്ഷ തന്നെയാണ് അര്‍ഹിക്കുന്നതെന്നുള്ള തന്റെ വാദമുഖങ്ങള്‍ പബ്‌ളിക് പ്രോസിക്യൂുട്ടര്‍ ഉദയഭാനു ഏറെ വൈകാരികതയോടെ കോടതിക്കുമുമ്പാകെ നിരത്താനാരംഭിച്ചു. 

അതുവരെയും കോടതിനടപടികള്‍ ഇംഗ്‌ളിഷിലായിരുന്നു. ന്യൂസ് മിനുട്ടിന്റെ റിപ്പോര്‍ട്ടര്‍മാര്‍ ചന്ദ്രബോസിന്റെ കുടുംബത്തിനും നിഷാമിന്റെ അമ്മാമനുമിടയ്ക്കാണ് ഇരുന്നിരുന്നത്. 

നിഷാം കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതായി ഞങ്ങള്‍ രണ്ടാം സാക്ഷിയായ അനീഷിനോട് പറഞ്ഞു. അപ്പോള്‍ അനീഷില്‍ വലിയ ആശ്വാസം കണ്ടു. “ അയാള്‍ എന്നും അകത്തുകിടന്നോട്ടെ..” അനീഷ് പറഞ്ഞു.      

“അയാള്‍ പുറത്തുവരുന്നതിനെ നിങ്ങള്‍ എന്തിനാണ് ഭയക്കുന്നത്?”   ഞങ്ങള്‍ ചോദിച്ചു. തനിക്കുപേടിയില്ലെന്നും ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ എന്റെ മൊഴി മാറ്റിപ്പറഞ്ഞേനെ എന്ന് അനീഷ് അഭിമാനത്തോടെ പ്രതികരിച്ചു. ചന്ദ്രബോസ് ജോലി ചെയ്ത അതേ സെക്യൂരിറ്റി സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അനീഷും. 

അനീഷിന്റെ തൊട്ടടുത്തുതന്നെയാണ് ചന്ദ്രബോസിന്റെ പതിനാറുവയസ്‌സുള്ള മകന്‍ അമല്‍ദേവും ഇരുന്നിരുന്നത്. അമല്‍ദേവിന്റെ മുഖത്ത് പ്രകടമായ ഒരു മാറ്റവും കണ്ടില്ല. ആ വിധി നേരിയ ആശ്വാസം പോലും അവനില്‍ ഉണ്ടാക്കിയതായി തോന്നിയില്ല. മുഖത്തെ പിരിമുറക്കത്തിന് യാതൊരു കുറവും കണ്ടില്ല. 

“എന്താണ് ജഡ്ജി പറഞ്ഞത് എന്ന് മനസ്‌സിലായോ..?” ഞങ്ങള്‍ സ്വരം താഴ്ത്തി അമല്‍ദേവിനോട് ചോദിച്ചു. ഇല്ലെന്ന് അവന്‍ പറഞ്ഞു. അച്ഛന്റെ കൊലയാളി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതായി ഞങ്ങള്‍ പറഞ്ഞപ്പോള്‍ അമല്‍ദേവിന്റെ മുഖഭാവം മാറി. ദൈവത്തോട് നന്ദിപറയാനെന്ന മട്ടില്‍ ആ കൗമാരക്കാരന്‍ തെല്ലുനേരം കണ്ണടച്ചിരുന്നു. ഇംഗ്‌ളിഷ് കുറച്ചൊക്കെ ചന്ദ്രബോസിന്റെ  കുടുംബാംഗങ്ങള്‍ക്ക് മനസ്‌സിലാകുമായിരുന്നെങ്കിലും, അതുവരെ എന്താണ് തങ്ങള്‍ക്ക് മുന്‍പില്‍ നടക്കുന്നതെന്ന് അവര്‍ക്കറിയാന്‍ കഴിഞ്ഞിരുന്നില്ല. വിധി പ്രഖ്യാപിച്ചുവെന്നും നിഷാം കുറ്റക്കാരനെന്ന്  കണ്ടെത്തിയതായും അമല്‍ദേവ്  അമ്മയുടെ ചെവിയില്‍ പറഞ്ഞു. അപ്പോഴാണ് അവര്‍ കണ്ണുതുറന്ന് കോടതി നടപടികള്‍ ശ്രദ്ധാപൂര്‍വം വീക്ഷിക്കാനാരംഭിച്ചത്. 

അതേസമയം, ഇത്തരമൊരു കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും നിഷാമിന് അങ്ങേയറ്റത്തെ ശിക്ഷയായ വധശിക്ഷതന്നെ അര്‍ഹിക്കുന്നുണ്ടെന്നും പബ്‌ളിക് പ്രൊസിക്യൂട്ടര്‍ ഉദയഭാനു വാദിച്ചുകൊണ്ടിരിക്കുകയായിരുന്നു. കുറ്റകൃത്യവും പരുക്കേല്‍പ്പിച്ച രീതിയും അദ്ദേഹം കോടതിയുടെ ശ്രദ്ധയില്‍ വീണ്ടും കൊണ്ടുവന്നു. മരിച്ചയാള്‍ നിരായുധനായിരുന്നു. അത്തരമൊരു ആക്രമണത്തിന് യാതൊരു കാരണവുമില്ലായിരുന്നു. 

“സമൂഹത്തിന് ഒരു ശല്യമാണ് പ്രതി. അയാള്‍ ജയിലിന് പുറത്തുകഴിയാന്‍ അര്‍ഹനല്ല. ഇതേകാരണം കൊണ്ടുതന്നെ കേരളാപൊലിസ് ഇയാളില്‍ കാപ്പ ചുമത്തിയിട്ടുണ്ട്..” ഉദയഭാനു പറഞ്ഞു. 

അതുവരെ ഇംഗ്‌ളിഷിലായിരുന്നു വാദം. പൊടുന്നനേ അത്  മലയാളത്തിലേക്ക് ചുവടുമാറി. “ക്രൂരവും പൈശാചികവുമായ ഒരു കുറ്റകൃത്യമായിരുന്നു  അത്. ഒരു പാവപ്പെട്ട മനുഷ്യന്റെ കുടുംബം അനാഥമായി. അങ്ങേയറ്റത്തെ ദാരിദ്ര്യത്തിലേക്ക് അവര്‍ തള്ളിമാറ്റപ്പെട്ടു തന്റെ കാറുകൊണ്ട് ഇടിച്ചുവീഴ്ത്തിയ ശേഷം, വീണ്ടും  അയാള്‍ ചന്ദ്രബോസിന്റെ തലയില്‍ ആഞ്ഞുചവിട്ടുമ്പോള്‍ നിഷാം ചോദിച്ചത് ഈ നായ ഇനിയും ചത്തില്ലേ എന്നാണ്.” 

ഒടുവില്‍ കോടതിയില്‍ എന്താണ് സംഭവിക്കുന്നത് എന്ന് മനസ്‌സിലായപ്പോള്‍, ചന്ദ്രബോസിന്റെ മാതാവും ഭാര്യയും വിങ്ങിപ്പൊട്ടി. 

ചന്ദ്രബോസിന്റെ കുടുംബത്തിന് അഞ്ചുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഉദയഭാനു ആവശ്യപ്പെട്ടു. നിഷാമിന് 5,000 കോടി രൂപയുടെ സ്വത്തുണ്ട്. ഒരു അഞ്ചുകോടി അയാള്‍ കൊടുക്കട്ടേ- അദ്ദേഹം പറഞ്ഞു. 

പബ്‌ളിക് പ്രൊസിക്യൂട്ടര്‍ കപടമായ വികാരപ്രകടനങ്ങള്‍ക്ക് കോടതിയെ വേദിയാക്കുകയാണെന്നും നിയമത്തെ വളച്ചൊടിക്കുകയാണെന്നും നിഷാമിന്റെ അഭിഭാഷകന്‍ കുറ്റപ്പെടുത്തി. “ഈ വക വര്‍ത്തമാനമൊക്കെ ചാനലുകളിലെ ടോക് ഷോകളില്‍ മതി. ഇവിടെ നമുക്ക് നിയമം സംസാരിക്കാം.”  

കുടുംബം അനാഥമാക്കപ്പെട്ടുവെന്ന സംഗതിയൊന്നും കോടതിയുടെ പരിഗണനയില്‍ വരുന്നതല്ലയെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാഗ്വാദമുണ്ടായി. വികാരവിക്ഷുബ്ധതയോടെ ഉദയഭാനു പറഞ്ഞു.“ഇങ്ങനെയൊക്കെയാണ് നിങ്ങള്‍ ഒരു പാവപ്പെട്ട മനുഷ്യനെയും കുടുംബത്തെയും അപമാനിക്കുന്നത്.”  

വാദത്തിനിടയില്‍ ഉദയഭാനു പാര്‍ലമെന്റ് ആക്രമണക്കേസും എങ്ങനെയാണ് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചതെന്നും പരാമര്‍ശിച്ചു. തുടര്‍ന്ന് നിഷാമിന്റെ അഭിഭാഷകന്‍ ഇടപെട്ടു. ഈ രണ്ട് കേസുകളും താരതമ്യപ്പെടുത്തുന്നത് വകതിരിവില്ലായ്മയാണെന്നും വിഡ്ഢിത്തമാണെന്നും അദ്ദേഹം വാദിച്ചു. 

“എല്ലാം നിങ്ങള്‍ക്ക് വിഡ്ഢിത്തമായിരിക്കും. അത് പാര്‍ലമെന്റിനെക്കുറിച്ചാണ്. ഇത് അനാഥമാക്കപ്പെട്ട ഒരു കുടുംബം. നിങ്ങള്‍ കളിയാക്കിക്കൊണ്ടിരുന്നോളൂ .” ഉദയഭാനു പ്രതികരിച്ചു,

തുടര്‍ന്ന് വിധി വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന് അറിയിച്ചുകൊണ്ട് ജഡ്ജി വാദങ്ങളവസാനിപ്പിച്ചു. 

ചന്ദ്രബോസിന്റെ കുടുംബമാണ് ആദ്യം കോടതി വിട്ടിറങ്ങിയത്. നിഷാമിന്റെ അമ്മാമനാകട്ടെ പരിക്ഷീണനായും കാണപ്പെട്ടു. നാളെ കോടതിയില്‍ കാണാമെന്നും അദ്ദേഹം ഞങ്ങളോട് പറഞ്ഞു.

Related Stories

No stories found.
The News Minute
www.thenewsminute.com