അനസ്തേഷ്യ ഓവർഡോസ് ഹൈദരാബാദിൽ ഒമ്പതുവയസ്സുകാരന്റെ ജീവനെടുത്തു? 
Vernacular

അനസ്തേഷ്യ ഓവർഡോസ് ഹൈദരാബാദിൽ ഒമ്പതുവയസ്സുകാരന്റെ ജീവനെടുത്തു?

Written by : Anusha Puppala

മൂന്നാം ക്ലാസ് വിദ്യാർഥിയും ഒമ്പതുവയസ്സുകാരനുമായ ഹാർദിക് ജെന സ്‌കൂൾ ഇടനാഴിയിൽ കളിക്കവേ വാതിൽ ചില്ലിൽ തട്ടി കൈമുറിഞ്ഞ വാർത്തയറിഞ്ഞപ്പോൾ അവന്റെ കുടുംബം ഓർത്തുകാണില്ല ഇങ്ങനെയൊരു ദുരന്തമാണ് വരാൻ പോകുന്നതെന്ന്. കൈയിലെ മുറിവ് ആഴമേറിയതാണെന്നും ഒരു ശസ്ത്രക്രിയ അനിവാര്യമാണെന്നുമുള്ള ഡോക്ടറുടെ ഉപദേശത്തെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായ ഹാർദികിന്റെ നില പിന്നീട് വഷളാകുകയും മരണമടയുകമായിരുന്നു. 

ആശുപത്രിയിലെ ഡോക്ടർമാരുടെ അവഗണനയും കൂടിയ അളവിൽ അനസ്‌തേഷ്യ നൽകിയതുമാണ് മരണകാരണമെന്നാണ് കുട്ടിയുടെ മാതാപിതാക്കൾ ആരോപിക്കുന്നത്. ഹൈദരാബാദ് സൺ സിറ്റിയിലെ ഗ്‌ളെൻഡേൽ അ്ക്കാദമി ഇന്റർനാഷണൽ സ്‌കൂളിലെ വിദ്യാർഥിയാണ് മെഹ്ദിപുരം ഒലിവ് േേഹാസ്പിറ്റലിൽ മരണമടഞ്ഞത്. ജനുവരി 27നായിരുന്നു സംഭവം

കൈത്തണ്ടയിൽ ഒരു ചെറിയ മുറിവാണ് ഹാർദികിന് ഏറ്റത്. ഉടൻ കുട്ടിയെ സ്‌കൂൾ അധികൃതർ ആശുപത്രിയിലെത്തിക്കുകയും രക്ഷിതാക്കളെ വിവരമറിയിക്കുകയും ചെയ്തു. എന്നാൽ ചെറിയ ഒരു മുറിവിന് ശസ്ത്രക്രിയ വേണമെന്നാണ് ഒലിവ് ഹോസ്പിറ്റലിലെ ഡോക്ടർമാർ ഉപദേശിച്ചത്. 

ഐ.ടി. പ്രഫഷണലും ഹാർദികിന്റെ അച്ഛനുമായ ആശിഷ് ജെന ന്യൂസ്മിനുട്ടിനോട് പറഞ്ഞത് അന്നേദിവസം വൈകിട്ട് 7.30-ഓടെ ശസ്ത്രക്രിയക്ക് വിധേയനായ തന്റെ മകന്റെ ആരോഗ്യനില പെട്ടെന്ന് വഷളായിയെന്നും പിന്നീട് ഐ.സി.യുവിലേക്ക് മാറ്റിയെന്നുമാണ്. അപ്പോഴേക്കും അപകടാവസ്ഥയിലായ മകനെ കാണാൻ ഡോക്ടർമാർ അനുവദിച്ചില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. ഐ.സി.യുവിൽ പ്രവേശിപ്പിച്ചതിന് ശേഷം പത്തുമണിക്കൂറോളം ഡോക്ടർമാർ തിരിഞ്ഞുനോക്കിയില്ല. ചികിത്സ നൽകിക്കൊണ്ടിരിക്കേ മകൻ മരിച്ചുപോയിക്കാണുമെന്നും ഹാർദിക് അപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ ഭാവിക്കുകയായിരുന്നുവെന്നും ആശിഷ് ആരോപിക്കുന്നു. 

അനസ്തീഷ്യാനന്തരം ഹൃദയസ്തംഭനം മൂലം കുട്ടി മരിച്ചെന്നാണ് പ്രാഥമിക റിപ്പോർട്ടിലുള്ളത്.

പണത്തിന് വേണ്ടി ആളെക്കൊല്ലാത്ത വേറെ ഏതെങ്കിലും ആശുപത്രിയിലേക്ക് കുട്ടിയെ കൊണ്ടുപോകാൻ കഴിയാതെ വന്നതിൽ ആ പിതാവ് പരിതപിക്കുന്നു. ആശിഷിന്റെ ഏകസന്തതിയാണ് ഹാർദിക്. 

മുറിവ് അത്ര വലുതായിരുന്നില്ലെന്നും. ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് ഹാർദിക് ഫോണിൽ ഗെയിം കളിച്ചിരുന്നെന്നും ഹാർദികിന്റെ പിതാവ് പറയുന്നു.

കുട്ടിയുടെ ഭൗതികശരീരവുമായി ആശുപത്രിയിൽ നിന്ന് വിടുതൽ നേടുന്ന സമയത്ത് കുട്ടിയുടെ മാതാപിതാക്കളിൽ നിന്ന് 1,78,000 രൂപ ആവശ്യപ്പെട്ടതായും പരാതിയുണ്ട്..താൻ അത് അടയ്ക്കാൻ കൂട്ടാക്കിയില്ലെന്നും വെറും 3000 രൂപ മാത്രം നൽകി തിരിച്ചുപോരുകയായിരുന്നെന്നും ആശിഷ് പറഞ്ഞു.

ആശുപത്രിക്കെതിരെ ഹാർദികിന്റെ മാതാപിതാക്കൾ ലാൻഗർ ഹൗസ് പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.  അന്വേഷണം ആരംഭിച്ചതായും ഒസ്മാനിയ ഹോസ്പിറ്റലിൽ നിന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയാലുടൻ അത് ഡൽഹിയിലെ എ.ഐ.ഐ.എം.എസിലേക്ക് അയച്ചുകൊടുക്കുമെന്നും പൊലിസ് പറഞ്ഞു. 

എന്നാൽ ആരോപണം സംബന്ധിച്ച് എന്തെങ്കിലും പറയാൻ ഒലിവ് ഹോസ്പിറ്റൽ അധികൃതർ കൂട്ടാക്കിയില്ല.