മലയാളി പത്രപ്രവർത്തകയുടെ പിതാവ് ഡൽഹിയിലെ വസതിയിൽ കൊല്ലപ്പെട്ട നിലയിൽ 
Malayalam

മലയാളി പത്രപ്രവർത്തകയുടെ പിതാവ് ഡൽഹിയിലെ വസതിയിൽ കൊല്ലപ്പെട്ട നിലയിൽ

കൊലപാതകത്തിന് പൊലിസ് കേസെടുത്തു

Written by : TNM Staff

രാജ്യസഭാ ടിവി യിലെ മാധ്യമപ്രവർത്തക അമ്പിളി വിജയകുമാറിന്റെ പിതാവ് ഡൽഹി മയൂർവിഹാറിലെ സമാചാർ അപാർട്‌മെന്റിൽ കൊല്ലപ്പെട്ട നിലയിൽ. ബുധനാഴ്ചയാണ് അദ്ദേഹത്തെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 

പഴം മുറിക്കാനുപയോഗിക്കുന്ന കത്തിപോലുള്ള മൂർച്ചയേറിയ ആയുധം കൊണ്ട് നിരവധി തവണ ആഴത്തിൽ കുത്തിയതായി ശരീരത്തിലെ മുറിവുകൾ കാണിക്കുന്നുവെന്ന് ഒരു മുതിർന്ന പൊലിസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കൊലപാതകം നടത്തിയത് അറിയാവുന്ന ആരോ ആണെന്നാണ് സൂചനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഗവൺമെന്റ് സർവീസിൽ നിന്നു വിരമിച്ച വിജയകുമാർ 1994ലാണ് ഡൽഹിയിൽ താമസമാക്കുന്നത്. മൂന്നുമാസത്തിന് മുൻപാണ് മകളുടെ ഫ്‌ളാറ്റിന് സമീപമുള്ള മറ്റൊരു ഫ്‌ളാറ്റിലേക്ക് താമസം മാറ്റുന്നത്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥയാണ് ഭാര്യ. വിജയകുമാറിന്റെ 65-ാം പിറന്നാൾ വെള്ളിയാഴ്ച ആഘോഷിക്കാനിരിക്കേയാണ് ദാരുണമായ സംഭവമുണ്ടായത്. 

' ഒരു കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട്ടിലേക്ക് സ്വതന്ത്രമായി കടന്നുവരികയും ചായയും ബിസ്‌കറ്റും നൽകി സൽക്കരിക്കപ്പെടുകയും ചെയ്തതിന് ശേഷമാണ് അക്രമി കൃത്യം നിർവഹിച്ചിട്ടുള്ളത്..' ഡൽഹി (ഈസ്റ്റ്) ഡിവൈ. എസ്.പി. റിഷിപാൽ സിങ് പറഞ്ഞു.

മുറി അലങ്കോലപ്പെടുത്തിയതായി കാണുന്നില്ല. ഒരു ആഭരണവും നഷ്ടപ്പെട്ടിട്ടില്ല. പക്ഷേ, കൊലപാതകത്തിന് എന്തായിരിക്കും പ്രേരിപ്പിച്ചതെന്ന് ഉറപ്പിച്ചുപറയാനാകില്ല. വീട്ടിലെ എൽ.സി.ഡി. ടിവി മെക്കാനിക്കെന്ന ഭാവേന എടുത്തുകൊണ്ടുപോയതായി മനസ്സിലാക്കുന്നു. പ്രകടമായും ഇത് സെക്യൂരിറ്റി ഗാർഡുകളെ തെറ്റിദ്ധരിപ്പിക്കുന്നതിനായിരിക്കണം. 

ഉച്ചയ്ക്ക് 1.30ന് നിരന്തരം ഫോണെടുക്കാത്തതിനെ തുടർന്ന് വീട്ടിലെത്തിയ അമ്പിളിയാണ് കൊലപ്പെട്ട നിലയിൽ വിജയകുമാറിനെ കണ്ടെത്തിയത്. വിജയകുമാറിന്റെ ഭാര്യ അപ്പോൾ ഓഫിസിലായിരുന്നു. അമ്പിളിയും മക്കളും ചിലപ്പോഴൊക്കെ അവിടെ ഉ്ച്ചഭക്ഷണത്തിനെത്തുന്ന പതിവുണ്ടായിരുന്നു. 

പക്ഷേ അന്ന് ഉ്ച്ചയ്ക്ക് പിതാവിന്  സമീപമെത്തിയ അമ്പിളി കിടക്കയിൽ രക്തത്തിൽ കുളിച്ച നിലയിൽ അദ്ദേഹത്തിന്റെ അർധനഗ്നശരീരമാണ് കണ്ടത്. ഉടൻ തന്നെ അവർ ഉറക്കെക്കരയുകയും ശബ്ദം കേട്ടെത്തിയ അയൽക്കാർ പൊലിസിൽ വിളിച്ചറിയിക്കുകയും ചെയ്തു. 

മുപ്പതോടടുത്ത് പ്രായം വരുന്ന ഒരു യുവതിയുടെ ദൃശ്യം അപാർട്‌മെന്റ് കോംപ്ലക്‌സിലെ ഗേറ്റിന് സമീപമുള്ള സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കറുത്ത ടീഷർട്ടും നീല പാന്റ്‌സും ധരിച്ച ഇവരുടെ കയ്യിൽ എൽ.സി.ഡി ടിവി പൊതിഞ്ഞെടുത്ത നിലയിലുണ്ട്. 

ഇവരെ പൊലിസ് അന്വേഷിച്ചുവരികയാണ്.