Malayalam

ബി.ജെ.പി.ബദലില്‍ ആര്‍ക്കുണ്ട് പ്രതീക്ഷ?

Written by : NP Rajendran

മധുരിച്ചിട്ട് തുപ്പാനും വയ്യ, കൈച്ചിട്ട് ഇറക്കാനും വയ്യാത്ത വിചിത്രാവസ്ഥയിലാണ് ബി.ജെ.പി.യുടെ കേരളഘടകം. കൊച്ചുമക്കളെ തല്ലിപ്പഠിപ്പിക്കുന്ന രക്ഷിതാവിനെപ്പോലെ അഖിലേന്ത്യാനേതൃത്വമാണ് സംസ്ഥാനഘടകത്തിന്റെ കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത്. 

ആരാകണം സംസ്ഥാനപ്രസിഡന്റ്, ഏത് കക്ഷിയെ എന്‍.ഡി.എ.യില്‍ ചേര്‍ക്കണം, ആരെല്ലാം എവിടെയെല്ലാം മത്സരിക്കണം, ഏതെല്ലാം കമ്മിറ്റികളില്‍ ആരെല്ലാം വേണം തുടങ്ങി കേന്ദ്രനേതൃത്വം കൈവെക്കാത്ത വിഷയമൊന്നുമില്ല. സംസ്ഥാനഘടകത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് മിക്ക കാര്യങ്ങളിലും തീരുമാനമുണ്ടാകുന്നതും. പക്ഷേ, ഒന്നും മിണ്ടാന്‍ നിവൃത്തിയില്ല. പതിറ്റാണ്ടുകളായി നിയമസഭയിലേക്ക് മത്സരിക്കുന്നു. ഇന്നുവരെ ജയിച്ചിട്ടില്ല. ഇത്തവണ ഒരു സീറ്റെങ്കിലും ജയിക്കണം. അതിനുവേണ്ടി എന്തും സഹിക്കും. 

ബി.ജെ.പി.യുടെ മുന്‍ അവതാരമായ ഭാരതീയ ജനസംഘം രൂപവല്‍ക്കരിച്ച കാലം മുതല്‍ പാര്‍ട്ടി മത്സരിക്കുന്നുണ്ട് കേരളത്തില്‍. ബി.ജെ.പി.യുടെ മാതൃസംഘടനയായ ആര്‍.എസ്.എസ്. നാല്പതുകളില്‍ കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. 1951 ഒക്‌ടോബറില്‍ ഭാരതീയ ജനസംഘം രൂപംകൊണ്ട നാളുകളില്‍ത്തന്നെ പ്രസിഡന്റ് ശ്യാംപ്രസാദ് മുഖര്‍ജി കേരളത്തില്‍ നേരിട്ടുവന്ന് ഈഴവ-നായര്‍ വിഭാഗങ്ങളെ കൂടെക്കൂട്ടാന്‍ ശ്രമംനടത്തിയതാണ്. ആര്‍.ശങ്കറും മന്നത്ത് പത്മനാഭനും മുഖര്‍ജിയെ നേരില്‍ കണ്ടത് അന്ന് നായര്‍-ഈഴവ കൂട്ടായ്മക്കായി രൂപവല്‍ക്കരിച്ച ഹിന്ദുമണ്ഡലത്തിന്റെ പ്രതിനിധികളായിട്ടായിരുന്നു. 

ആ ശ്രമം വിജയിച്ചില്ല. കാരണം, അദ്ദേഹത്തേക്കാള്‍ വലിയ 'ഹിന്ദു നേതാവ്' അന്ന് പണ്ഡിറ്റ് നെഹ്‌റുവിന്റെ മന്ത്രിസഭയിലുണ്ടായിരുന്നല്ലോ. സര്‍ദാര്‍ പട്ടേലിന് മുമ്പില്‍ നമിച്ച് അവര്‍ കേരളത്തിലെ കോണ്‍ഗ്രസ്സുമായി പൊരുത്തപ്പെട്ടു പോവുകയായിരുന്നു. പക്ഷേ, ദേശീയരാഷ്ട്രീയത്തില്‍ ബി.ജെ.പി. സാധ്യതകള്‍ എത്രത്തോളമുണ്ട് എന്നവര്‍ എപ്പോഴും ഇടംകണ്ണിട്ട് നോക്കാറുണ്ട്. ഇപ്പോഴും അതു തുടരുന്നു. 

എന്തുകൊണ്ട് പഞ്ചായത്തുകള്‍ക്ക് അപ്പുറം വിജയം നേടാന്‍ കഴിയാതെ പോയി എന്നത് അവര്‍ക്കുതന്നെ ഇപ്പോഴും പിടികിട്ടാത്ത സംഗതിയാണ്. തരംകിട്ടുമ്പോഴെല്ലാം ഹിന്ദു വികാരം തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള ശ്രമം അവര്‍ നടത്തിയിട്ടുണ്ട്. അറുപതുകളില്‍ ജനസംഘത്തിന്റെ ദേശീയ സമ്മേളനം കോഴിക്കോട്ട് നടത്തിയതിന്റെ തുടര്‍ച്ചയെന്നോണം പല വിഭാഗത്തില്‍പ്പെട്ട ധാരാളമാളുകള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. 

1967 ലെ സി.പി.എം. നേതൃത്വത്തിലുള്ള സപ്തമുന്നണി മന്ത്രിസഭ മലപ്പുറം ജില്ല രൂപവല്‍ക്കരിക്കാന്‍ തീരുമാനിച്ചപ്പോള്‍ രാജ്യരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തുന്ന ഒരു മുസ്ലിം പ്രീണനനയമായാണ് ജനസംഘം അതിനെ കണ്ടത്. അതൊരു ദേശീയ പ്രശ്‌നമായി അവര്‍ ഏറ്റെടുത്തു. രാജ്യത്തിന്റെ നാനാഭാഗത്തുനിന്ന് വളണ്ടിയര്‍മാര്‍ തുടര്‍ച്ചയായി ഇവിടെ വന്ന് സമരം നടത്തി. അതൊന്നും കാര്യമായി ഏശിയില്ല. തുടര്‍ന്നും ഹിന്ദുക്കളുടെ സംരക്ഷകരായി ചമയാന്‍ അവസരം കിട്ടിയപ്പോഴൊന്നും അതുപാഴാക്കിയിട്ടില്ല. 

എന്നാല്‍, എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികള്‍ എല്ലാ ആനുകൂല്യങ്ങളും ന്യൂനപക്ഷമതക്കാര്‍ക്ക് നല്‍കുന്നുവെന്നും ഹിന്ദുക്കള്‍ തീര്‍ത്തും അവഗണിക്കപ്പെടുന്നുവെന്നുമുള്ള തുടര്‍ച്ചയായ പ്രചാരണം കൊണ്ടു ഫലമില്ലെന്നു പറഞ്ഞുകൂടാ. സാമ്പത്തികനേട്ടമായിരുന്നല്ലോ കേരളത്തിലെ ജാതീയതയുടെയും  വര്‍ഗീയതയുടെയും ഉദ്ദേശ്യം പണ്ടും. ഇപ്പോഴത്തെ ബി.ജെ.പി.-വെള്ളാപ്പള്ളി കൂട്ടുകെട്ടിന്റെ പിറകിലെ വികാരവും ഇതുതന്നെ.

കേന്ദ്രത്തില്‍ ഒറ്റയ്ക്ക് അധികാരം പിടിച്ചതും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉയരുന്ന വ്യക്തിപ്രഭാവവും കേരളത്തില്‍ ബി.ജെ.പി.ക്ക് വെല്ലുവിളിയാണ്. ഇത്രയെല്ലാം അനുകൂല സാഹചര്യമുണ്ടായിട്ടും സീറ്റ് നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ കേന്ദ്രനേതൃത്വത്തിനുമുന്നില്‍ തലയുയര്‍ത്തി നില്‍ക്കാനാവില്ല. 

ബിഹാറോ അസമോ പോലെ ഭരണം പിടിക്കാവുന്ന സാഹചര്യമൊന്നും കേരളത്തിലില്ല എന്ന് അറിയാത്തവരല്ല പാര്‍ട്ടി നേതൃത്വത്തിലുള്ളത്. പക്ഷേ, പത്തു സീറ്റെങ്കിലും പിടിക്കണം എന്നാണ് കേന്ദ്രനേതൃത്വം സംസ്ഥാനത്തിന് കൊടുത്തിട്ടുള്ള ലക്ഷ്യം. പത്തില്ലെങ്കില്‍ അഞ്ചെങ്കിലും നേടാതെ വയ്യ.. 

ഏതറ്റം വരെയും പോകും

ഈ ലക്ഷ്യം നേടാന്‍ എന്തും ചെയ്യാന്‍ മടിക്കില്ല ഇവര്‍. കോണ്‍ഗ്രസ്സോ ബി.ജെ.പി. തന്നെയോ മുമ്പൊരിക്കലും പോയിട്ടില്ലാത്ത ഏത് ഊടുവഴികളിലൂടെയും പോകും. ആരെയും കൂടെക്കൂട്ടാം, എന്തു പ്രതിഫലവും വാഗ്ദാനം ചെയ്യാം. നാലു വോട്ടുകിട്ടാന്‍ ഏതറ്റം വരെയും പോകാം. ബാര്‍കോഴയില്‍ പെട്ട ധനമന്ത്രി കെ.എം. മാണിയുടെ രാജിക്കുവേണ്ടി കേരളത്തിലെ ബി.ജെ.പി. സമരം ചെയ്യുമ്പോള്‍ മാണിയെ കേന്ദ്രത്തിലെ ഉന്നതാധികാര നികുതിക്കമ്മിറ്റിയുടെ തലവനാക്കി. ഇതൊരു നിര്‍ദ്ദോഷ അഡ്മിനിസ്‌ട്രേറ്റീവ് നടപടിയായിരുന്നില്ല. കേരള കോണ്‍ഗ്രസ്സിന് യു.ഡി.എഫില്‍നിന്ന് അടര്‍ത്തിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗംതന്നെയായിരുന്നു.

കേരള ഘടകത്തിന്റെ അഭിപ്രായംപോലും ആരായാതെ വെള്ളാപ്പള്ളി നടേശനെ എന്‍.ഡി.എ ഘടകകക്ഷിയാക്കി. പാര്‍ട്ടി പിന്നീടാണ് ഉണ്ടായത്. ന്യൂനപക്ഷവിരുദ്ധ പ്രസ്താവന ഇറക്കുന്നതിലൊഴികെ മറ്റൊരു കാര്യത്തിലും വെള്ളാപ്പള്ളിയും ബി.ജെ.പി.യും തമ്മില്‍ ഒരു കാലത്തും യോജിപ്പ് കണ്ടിട്ടില്ല. എന്നിട്ടും കേന്ദ്രനേതൃത്വം അദ്ദേഹത്തെ വശത്താക്കി. പുത്രന് രാജ്യസഭാംഗത്വം വാഗ്ദാനം ചെയ്‌തെന്ന വാര്‍ത്തകള്‍ നിഷേധിക്കപ്പെട്ടില്ല.

മുതിര്‍ന്ന നേതാവായ ഒ.രാജഗോപാലന് പോലും നല്‍കാത്ത പരിഗണന സിനിമാനടന്‍ മാത്രമായ സുരേഷ് ഗോപിക്ക് ലഭിച്ചു. കേന്ദ്രമന്ത്രിസ്ഥാനവും ഗവര്‍ണര്‍സ്ഥാനവുമെല്ലാം ഓഫര്‍ ചെയ്യപ്പെട്ട വേറെ പലരുടെയും പേരുകള്‍ കേള്‍ക്കുന്നു. 

തൊണ്ണൂറ്റിയഞ്ചു പിന്നിട്ട കെ.ആര്‍.ഗൗരിയമ്മയെ എന്‍.ഡി.എ.യില്‍ ചേര്‍ക്കാനും ശ്രമംനടന്നു. ഹിന്ദുത്വ അസഹിഷ്ണുതക്കെതിരെ നടന്ന മാനവസംഗമത്തില്‍ പങ്കാളിയായിരുന്ന സി.കെ.ജാനുവിനെ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയാക്കി.   

ഇത്രയുമെല്ലാം ചെയ്‌തെങ്കിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പയറ്റുന്ന തോതിലുള്ള വര്‍ഗീയവത്കരണത്തിന് കേരളത്തില്‍ ശ്രമം നടന്നില്ലെന്നതിന് ദൈവത്തോടേ നന്ദി പറയാനാവൂ. മാറാട് കൂട്ടക്കൊലയ്ക്ക് ശേഷംപോലും ആ തോതിലുള്ള തിരിച്ചടിക്ക് ശ്രമിച്ചിരുന്നില്ല. നേതൃത്വത്തിലുള്ള ചിലരുടെയെങ്കിലും സന്മനസ്സാണ് ഇതിന് കാരണം എന്ന് പറയുന്നവരുണ്ട്. ഇതുമാത്രമാവില്ല കാരണം. 

ബി.ജെ.പി.അധികാരത്തില്‍ എത്തിയ ഗോവ, ഗുജറാത്ത്, ഹരിയാണ, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെപ്പോലെ വര്‍ഗീയ ധ്രുവീകരണം കേരളത്തില്‍ പ്രയോജനം ചെയ്യില്ല എന്ന യാഥാര്‍ത്ഥ്യം കാണാതിരുന്നുകൂടാ. ഈ സംസ്ഥാനങ്ങളിലെല്ലാം ഹിന്ദുസമുദായത്തിന് വന്‍ഭൂരിപക്ഷമാണുള്ളത്. ഗോവയില്‍ എട്ടു ലക്ഷം ഹിന്ദുക്കളുള്ളപ്പോള്‍ മുസ്ലിങ്ങള്‍ ഒരു ലക്ഷം പോലുമില്ല. ഗുജറാത്തില്‍ ഹിന്ദുക്കള്‍ നാലരക്കോടിയും മുസ്ലിങ്ങള്‍ അര കോടിയില്‍ താഴെയും മാത്രമാണ്. ഒമ്പത് കോടിയോളം വരും മഹാരാഷ്ട്രയിലെ ഹിന്ദുസംഖ്യ. ഇതിന്റെ എട്ടിലൊന്നേ വരൂ ന്യൂനപക്ഷസംഖ്യ. രാജസ്ഥാനില്‍ ജനസംഖ്യയുടെ പത്തിലൊന്നുപോലുമില്ല ന്യൂനപക്ഷവിഭാഗക്കാര്‍. 

കേരളത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. പാതിയില്‍ അല്പം കൂടുതലേ വരൂ ഹിന്ദുക്കള്‍. ഹിന്ദുക്കളുടെ പാതി വരും മുസ്ലിങ്ങള്‍. ന്യൂനപക്ഷങ്ങളും ഹിന്ദുക്കളും തമ്മില്‍ ജനസംഖ്യാപരമായി വലിയ അകലമില്ല. അതുകൊണ്ടുതന്നെ ഹിന്ദുവോട്ടിനെ മാത്രം ആശ്രയിച്ച് ഭൂരിപക്ഷം നേടുക എന്നത് കേരളത്തില്‍ ഏതാണ്ട് അസാധ്യംതന്നെ. കേരളത്തിലെ സംഘപരിവാറിന് കുറച്ചെങ്കിലും സ്വയംനിയന്ത്രിച്ചേ വര്‍ഗീയഭ്രാന്ത് പുറത്തുകാണിക്കാനാവൂ എന്നര്‍ത്ഥം. 

2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്ത് ശതമാനത്തില്‍ അല്പം കൂടുതല്‍ വോട്ടുനേടിയ ബി.ജെ.പി. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ പതിമൂന്നര ശതമാനം വോട്ട് നേടിയെന്നാണ് കണക്ക്. ഇത്തവണ അത് അത്രത്തോളം ഉയരാം? പതിനെട്ട് ശതമാനമാണ് ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ ഒരു സര്‍വ്വെ പ്രവചിക്കുന്നത്.

പതിനെറ്റ് ശതമാനം വോട്ടുള്ള കൂട്ടുകെട്ടിന്,ആനുപാതികപ്രാതിനിധ്യസിദ്ധാന്തപ്രകാരം നിയമസഭയില്‍ 25 സീറ്റിന് അര്‍ഹതയുണ്ട്. പക്ഷേ, കിട്ടുക അഞ്ചില്‍ താഴെ സീറ്റ് മാത്രമാവും. ചിലപ്പോള്‍ അത് ഒന്നോ രണ്ടോ പോലും ആയേക്കാം. 

ഭരണസാധ്യത പൂജ്യം

ഭരണകക്ഷിയാവാന്‍ സാധ്യതയുള്ള കൂട്ടുകെട്ടായി ജനങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കാനുള്ള യോഗ്യത എന്‍.ഡി.എ.ക്ക് കേരളത്തിലില്ല. ആകെ വോട്ടിന്റെ പതിനെട്ട് ശതമാനം കിട്ടണമെങ്കില്‍ത്തന്നെ ഹിന്ദുവോട്ടിന്റെ മുപ്പതുശതമാനമെങ്കിലും നേടണം. വ്യക്തമായ ഒരു ത്രികക്ഷി പോരാട്ടത്തിലൂടെ എന്‍.ഡി.എക്ക് ജയിക്കണമെങ്കില്‍ അവര്‍ക്ക് ആകെ വോട്ടിന്റെ മുപ്പത്തഞ്ച് ശതമാനമെങ്കിലും നേടാന്‍ കഴിയണം. ന്യൂനപക്ഷവോട്ടുകള്‍ പ്രതീക്ഷിക്കാനാവില്ല എന്നതുകൊണ്ടുതന്നെ ഹിന്ദുവോട്ടിന്റ പാതിയെങ്കിലും പിടിച്ചാലേ എന്‍.ഡി.എ.ക്ക് ഒരു നിര്‍ണായകശക്തിയാകാന്‍ കഴിയൂ. 

എഴുപതുശതമാനം ഹിന്ദുവോട്ടുകളും ഇടതുപക്ഷത്തിനൊപ്പമാണ് ഇപ്പോഴും. അതില്‍പാതി പിടിക്കുക എന്നത് അമിത്ഷാ എന്തെല്ലാം നമ്പറുകള്‍ ഇറക്കിയാലും, ഒരിക്കലും നടക്കാത്ത മനോഹരസ്വപ്‌നമായി അവശേഷിക്കുകയേ ഉള്ളൂ. 

മൂല്യബോധമുള്ള ഒന്നോ രണ്ടോ നേതാക്കള്‍ കേരളത്തില്‍ ഉണ്ടായിരിക്കാം. എന്നാല്‍, വ്യത്യസ്തമായ പാര്‍ട്ടി എന്നവകാശപ്പെടാനുള്ള ധാര്‍മികാടിത്തറയൊന്നും ബി.ജെ.പി.ക്കില്ല. മറ്റേതൊരു പാര്‍ട്ടിയിലും ഉള്ള എല്ലാ അധാര്‍മികതകളും അത്രയോ അതിലേറെയോ ഈ പാര്‍ട്ടിയിലുണ്ട്. ഈ പാര്‍ട്ടിയുടെ വര്‍ഗീയത പോലും വ്യാജമാണെന്നുതോന്നിപ്പോകും പാര്‍ട്ടിക്കാര്‍ പറയുന്ന പല കഥകളും കേട്ടാല്‍.

 സംഘപരിവാര്‍ സഹയാത്രികനായിരുന്ന ഹരി എസ്. കര്‍ത്താ 2005 ഡിസംബറില്‍  മലയാളം വാരികയിലെഴുതിയ ആര്‍.എസ്.എസ്  വിശ്വാസ്യതയുടെ ചോര്‍ച്ച എന്ന ലേഖനം സംസ്ഥാനഹിന്ദുത്വനേതൃത്വത്തിലെ കടുത്ത ധാര്‍മികത്തകര്‍ച്ചയുടെ ചിത്രം വരച്ചുകാട്ടുന്നു. ഭീകരപ്രവര്‍ത്തനത്തെ തുറന്നുകാട്ടുന്ന ലേഖനംപോലും നേതൃത്വം ഇടപെട്ട് നിര്‍ത്തിവെപ്പിച്ചിരുന്നതായി, അന്ന് പാര്‍ട്ടി പത്രത്തിന്റെ പത്രാധിപരായിരുന്ന ഹരി എസ്. കര്‍ത്താ ആരോപിക്കുന്നുണ്ട്. വിശാദാംശങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല. 

ഇടതുവലതു മുന്നണികളില്‍നിന്നു പോലും പ്രതീക്ഷിക്കാവുന്ന ജനാധിപത്യബോധമോ ധാര്‍മികാടിത്തറയോ നീതിബോധമോ മൂല്യങ്ങളോടുള്ള പ്രതിബന്ധതയോ പണത്തോടുള്ള ആര്‍ത്തിയില്ലായ്മയോ ജനകീയമായ വികസനനയമോ എന്‍.ഡി.എ നേതൃത്വത്തില്‍നിന്ന് പ്രതീക്ഷിക്കുന്നത് മണ്ടത്തരമാവും എന്നേ ഇപ്പോള്‍ പറയാനുള്ളൂ

Who spread unblurred videos of women? SIT probe on Prajwal Revanna must find

Telangana police closes Rohith Vemula file, absolves former V-C and BJP leaders

BJP could be spending more crores than it declared, says report

Despite a ban, why are individuals still cleaning septic tanks in Karnataka

Building homes through communities of care: A case study on trans accommodation from HCU