കേരളത്തിൽ കന്നിയങ്കത്തിന് ഇൻഡ്യൻ പൈറേറ്റ് പാർട്ടി
കേരളത്തിലെ രാഷ്ട്രീയവേദിയിൽ ഇതുവരെയും സാന്നിധ്യമറിയിക്കാത്ത ഒരേ ഒരു കൂട്ടർ പൈറേറ്റുകൾ ആണെന്ന് പറയാം. പക്ഷേ നമ്മുടെ ഇടയ്ക്ക് ഇപ്പോൾ അവരും ആയി. മെയ് 16ന് നടക്കുന്ന സംസ്ഥാനനിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുത്തുകഴിഞ്ഞു ഇക്കൂട്ടർ.
തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി പ്രവീൺ അരിമ്പ്രത്തൊടിയിലിനെ മത്സരിപ്പിച്ചുകൊണ്ട ഇൻഡ്യൻ പൈറേറ്റ്‌സ് പാർട്ടി കേരളരാഷ്ട്രീയത്തിൽ ആദ്യചുവട് വെയ്ക്കുകയാണ്.
എന്തായാലും നങ്കൂരവും കടൽക്കൊള്ളക്കാരുടെ പതാകയും ഔദ്യോഗിക ചിഹ്നമായി അംഗീകരിച്ചിട്ടുള്ള പൈറേറ്റുകൾ കടലിൽവെച്ചായാലും, കരയിൽ വെച്ചായാലും ആരെയും കൊള്ളയടിക്കുന്നതിൽ തൽപരരല്ല.
ടെക്‌നോളജിയുടെയും ആശയങ്ങളുടെയും ലോകത്ത് പൈറസി എന്ന് വിളിക്കുന്ന അനുമതികൂടാതെയുള്ള പകർപ്പ് സംബന്ധിച്ച പ്രശ്‌നങ്ങൾ, സ്വതന്ത്രവിജ്ഞാനം, ഡിജിറ്റൽ അവകാശങ്ങൾ, പ്രത്യക്ഷ ജനാധിപത്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ എന്നിവ ഉന്നയിക്കുന്ന സ്വീഡനിലും ജർമനിയിലും സജീവമായിട്ടുള്ള പൈറേറ്റ് മൂവ്‌മെന്റിലാണ് ഈ പാർട്ടിയുടെ വേരുകളെന്ന് പാർട്ടി വക്താക്കൾ അവകാശപ്പെടുന്നു.
2013-ൽ പ്രസ്ഥാനത്തിന് തുടക്കമിട്ട അഞ്ച് സുപ്രധാന അംഗങ്ങളിൽ ഒരാളാണ് പാലക്കാട് സ്വദേശിയായ പ്രവീൺ.
'ഒടുവിൽ ഞങ്ങൾ രാഷ്ട്രീയത്തിൽ ഒരു കൈനോക്കാൻ തീരുമാനിച്ചെങ്കിലും, യഥാർത്ഥത്തിൽ പൈറസി മൂവ്‌മെന്റ് ആരംഭിക്കുന്നത് സ്വതന്ത്ര സോഫ്റ്റ് വെയറിനെ പ്രോത്സാഹിപ്പിക്കാനാണ്. സ്വതന്ത്ര സോഫ്റ്റ്‌വെയർ ലോകത്ത് ഞങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കുകയും ഞങ്ങളുടെ വിവിധ പ്രവർത്തനങ്ങൾക്ക് പ്രചാരം നൽകുന്നതിനുള്ള ക്യാംപയിന് നിലമൊരുക്കുകയുമാണ് ഉദ്ദേശ്യം. കേരളത്തിൽ നടത്തിയ ഒരുമാസത്തെ പൈറേറ്റ് സൈക്കഌങ് ക്യാംപയിൻ അത്തരത്തിലൊരു പ്രചരണപരിപാടിയായിരുന്നു..' അദ്ദേഹം പറയുന്നു.
എന്നാൽ, ചില അംഗങ്ങൾ പിന്തുണക്കാതിരുന്നത് കൊണ്ട് പ്രസ്ഥാനം ഗതിവേഗമാർജിച്ചില്ല. പ്രസ്ഥാനത്തെ പുതുക്കിപ്പണിയാനുള്ള രണ്ടാമത്തെ പരിശ്രമവും ഫലവത്തായില്ല. ആറ് മാസം മുൻപാണ് പ്രവീണും ഒരു ഏഴംഗസംഘവും പ്രസ്ഥാനം പുനസംഘടിപ്പിച്ചതും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചതും.
' എല്ലാ രാഷ്ട്രീയപാർട്ടിയിലും നേതാക്കളും അനുയായികളുമുണ്ട്. ഞങ്ങൾ അത്തരത്തിലുള്ള ശ്രേണീബദ്ധതയിൽ വിശ്വസിക്കുന്നില്ല. അതുകൊണ്ട് ഈ പാർട്ടിക്ക് സെക്രട്ടറിയും പ്രസിഡന്റുമില്ല. തീരുമാനങ്ങളെടുക്കുന്നതിൽ നേരിട്ട് പങ്കാളിത്തം വഹിക്കുന്ന സ്ഥിരം അംഗങ്ങൾ ആണ് ഞങ്ങൾ.' പ്രവീൺ പറഞ്ഞു.
പാർട്ടിയ്ക്ക് ഇതുവരേയും രജിസ്‌ട്രേഷൻ ആയിട്ടില്ല. രാഷ്ട്രീയത്തിലുളള അനുഭവക്കുറവ് കണക്കിലെടുത്തുകൊണ്ട് തെരഞ്ഞെടുപ്പ് വിജയം ഒരു ലക്ഷ്യമായി പ്രവീൺ കണ്ടിട്ടില്ല.
'ഞങ്ങളുടെ പ്രസ്ഥാനത്തെക്കുറിച്ച് നാട്ടുകാരെ അറിയിക്കുന്നതിനുള്ള ഒരു മാധ്യമമായിട്ടാണ് ഞങ്ങൾ ഈ തെരഞ്ഞെടുപ്പിനെ കാണുന്നത്. അതുവഴി പരമാവധി പിന്തുണയാർജിക്കാനും ആത്യന്തികമായി പാർട്ടിയെ ശക്തിപ്പെടുത്താനും..' പ്രവീൺ വിശദീകരിക്കുന്നു.
പൈറസി, ഡിജിറ്റൽ അവകാശങ്ങൾ എന്നിവയിലൂന്നിയാണ് പ്രസ്ഥാനത്തിന് രൂപം നൽകിയതെങ്കിലും സമത്വം, പങ്കാളിത്ത ജനാധിപത്യം, സുതാര്യത എന്നിവ പാർട്ടിയുടെ അടിസ്ഥാന പ്രമാണങ്ങളാണ്.
മറ്റ് രാഷ്ട്രീയപാർട്ടികളിൽ നിന്ന് എങ്ങനെ ഇവർ വ്യത്യസ്തമാകുന്നു?
ഞങ്ങൾ നടത്തുന്ന ചർച്ചകളെല്ലാം പൊതുമണ്ഡലത്തിൽ ലഭ്യമാണ് എന്നതാണ് ഞങ്ങളെ മറ്റുള്ള രാഷ്ട്രീയപാർട്ടികളിൽ നിന്ന് വ്യത്യസ്തരാക്കുന്നതും ഞങ്ങളെ അതുല്യരാക്കുന്നതും. സിദ്ധാന്തപരമായി എല്ലാ അംഗങ്ങളും തുല്യരാണെന്ന് മറ്റ് രാഷ്ട്രീയപാർട്ടികൾ പറയുമ്പോൾ അത് പ്രായോഗികമാക്കാറില്ല. പാർട്ടി ഓഫിസുപോലെയുള്ള സംവിധാനങ്ങളൊന്നുമില്ലാത്ത പാർട്ടിയാണ് ഇത്. അതിനാൽ ഭൗതികമായ സ്ഥലത്തിന്റെ അഭാവം ഞങ്ങൾ മറികടക്കുന്നത് ഓൺലൈൻ ആശയവിനിമയങ്ങളിലൂടെയാണ്..' ഇടതുപക്ഷച്ചായ്‌വുള്ള ഒരു കുടുംബത്തിൽ നിന്നും വരുന്ന പ്രവീൺ പറയുന്നു.
ഇൻഡ്യൻ പൈറേറ്റ് പാർട്ടിക്ക് ഇടതുവലതുമുന്നണികളെപ്പോലെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയൊന്നുമില്ല. പകരം പാർട്ടിയുടെ തത്വങ്ങളും ഭരണഘടനയും അത് പ്രസിദ്ധീകരിക്കും. ' വെറുതേ പൊള്ളയായ വാഗ്ദാനങ്ങൾ നടത്താൻ ഞങ്ങൾ തൽപരരല്ല. ഇത് ഞങ്ങളുടെ ആദ്യ തെരഞ്ഞെടുപ്പാണ്. പകരം പരമാവധി ആളുകളിൽ ഞങ്ങളുടെ സന്ദേശമെത്തിക്കുകയാണ് ലക്ഷ്യം..' അദ്ദേഹം പറഞ്ഞു.
ഏപ്രിൽ 23 ന് പാർട്ടിയുടെ ഔദ്യോഗിക പ്രചാരണം ആരംഭിക്കും. വീടുവീടാന്തരം കയറിയിറങ്ങാനും ലക്ഷ്യങ്ങൾ പ്രചരിപ്പിക്കുന്നതിന് സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്താനും പദ്ധതിയുണ്ട്.
തെരഞ്ഞെടുപ്പ് എല്ലായ്‌പോഴും ചെലവേറിയ ഒരു പ്രക്രിയ ആയതുകൊണ്ട് ക്രൗഡ് ഫണ്ടിങ് രീതി ചെലവുകൾക്ക് പണം കണ്ടെത്താൻ ഉപയോഗിക്കും. ഇത്തരത്തിൽ ഇതിനകം തന്നെ കുറച്ച് രൂപ സംഭരിക്കാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് പ്രവീൺ. പൊതുജനത്തിൽ നിന്ന്, പ്രത്യേകിച്ച് യുവജനങ്ങളിൽ നിന്ന് അനുകൂലപ്രതികരമുണ്ടാക്കാൻ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് പ്രവീൺ.
News, views and interviews- Follow our election coverage.